Cesarean Birth | ഏതൊക്കെ സന്ദര്‍ഭങ്ങളിലാണ് ഗര്‍ഭിണികളില്‍ സിസേറിയന്‍ ആവശ്യമായി വരുന്നത് ?

 


കൊച്ചി: (KVARTHA) ഗര്‍ഭകാലം എന്നത് വളരെ സൂക്ഷിക്കേണ്ട ഒരു കാലമാണ്. ഒരു ജീവന്‍ അല്ല, രണ്ടു ജീവനാണ് ഒരാളെ ആശ്രയിച്ച് കഴിയുന്നത്. ഗര്‍ഭാവസ്ഥയില്‍ അമ്മയ്ക്ക് എന്തെങ്കിലും കുഴപ്പമുണ്ടായാല്‍ അത് ഗര്‍ഭസ്ഥ ശിശുവിനേയും ബാധിക്കുന്നു. അതുകൊണ്ടുതന്നെ പ്രസവം വരെ വളരെ സൂക്ഷ്മതയോടെ വേണം ഓരോ നീക്കവും.

ഗര്‍ഭാവസ്ഥയുടെ തുടക്കം മുതല്‍ നല്ലൊരു ഡോക്ടറെ കണ്ട് ആരോഗ്യ കാര്യങ്ങളില്‍ ഉപദേശം തേടേണ്ടതാണ്. കഴിക്കുന്ന ഭക്ഷണം, കിടക്കുന്ന പൊസിഷന്‍, ജോലി ചെയ്യുന്നത്, തുടങ്ങിയവയെല്ലാം അറിഞ്ഞിരിക്കണം. ആരോഗ്യമുള്ള കുഞ്ഞിനെ ലഭിക്കാന്‍ ഇക്കാര്യങ്ങളെല്ലാം അറിഞ്ഞിരിക്കണം. വീട്ടില്‍ മുതിര്‍ന്നവരുണ്ടെങ്കില്‍ അവര്‍ തന്നെ ഇക്കാര്യത്തില്‍ വേണ്ട ഉപദേശങ്ങള്‍ നല്‍കിയിരിക്കും.

Cesarean Birth | ഏതൊക്കെ സന്ദര്‍ഭങ്ങളിലാണ് ഗര്‍ഭിണികളില്‍ സിസേറിയന്‍ ആവശ്യമായി വരുന്നത് ?
 
ഭൂരിഭാഗം ഗര്‍ഭിണികളും സുഖപ്രസവം നടക്കാനായിരിക്കും ഗര്‍ഭാവസ്ഥയുടെ ഓരോ ഘട്ടത്തിലും ആഗ്രഹിക്കുന്നത്. അതുകൊണ്ടുതന്നെ അവര്‍ ഡോക്ടര്‍മാര്‍ പറയുന്നതുപോലെ അനുസരിക്കുന്നതും പതിവാണ്. എന്നാല്‍ ഒന്നിലധികം ആരോഗ്യ അപകടങ്ങളുള്ള സന്ദര്‍ഭങ്ങളില്‍ സിസേറിയന്‍ നടത്തേണ്ടതായി വരുന്നു.

സാധാരണ അവസ്ഥയില്‍ പ്രസവിക്കാന്‍ പ്രശ്നങ്ങള്‍ ഇല്ലെങ്കില്‍ ഒരിക്കലും ഡോക്ടര്‍മാര്‍ സിസേറിയന്‍ നടത്താന്‍ നിര്‍ബന്ധിക്കാറില്ല. ഗര്‍ഭപാത്രത്തില്‍ നിന്ന് കുഞ്ഞിനെ പുറത്തെടുക്കാന്‍ എന്തെങ്കിലും തരത്തിലുള്ള അപകട സാധ്യതകള്‍ ഉണ്ടാവുകയാണെങ്കില്‍ മാത്രമാണ് ഡോക്ടര്‍മാര്‍ സിസേറിയന്‍ നിര്‍ദേശിക്കുന്നത്. കുഞ്ഞിന്റെ കിടപ്പും, ഗര്‍ഭസ്ഥശിശുവിന്റെ വലിപ്പക്കൂടുതലും എല്ലാം പലപ്പോഴും പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതാണ്. അതുകൊണ്ട് തന്നെ അല്‍പം ശ്രദ്ധിക്കണം. ഇത്തരം സാഹചര്യങ്ങളില്‍ ഡോക്ടര്‍മാര്‍ ചിലപ്പോള്‍ സിസേറിയന്‍ നിര്‍ദേശിക്കാറുണ്ട്.

എന്നാല്‍ ഇത് സുരക്ഷിതമാണ് എന്ന അര്‍ഥത്തില്‍ പലരും ഇന്ന് സ്വന്തം ഇഷ്ടപ്രകാരം ഡോക്ടര്‍മാരോട് സിസേറിയന്‍ നടത്തണമെന്ന് ആവശ്യപ്പെടാറുണ്ട്. വ്യക്തിപരമായ കാരണങ്ങളാണ് ചിലരെ ഇതിന് നിര്‍ബന്ധിക്കുന്നത്. എന്നാല്‍ സാധാരണ പ്രസവം നടക്കാന്‍ സാഹചര്യം ഉണ്ടായിട്ടും സിസേറിയന്‍ തിരഞ്ഞെടുക്കുന്നത് ഭാവിയില്‍ ആരോഗ്യത്തിന് ബുദ്ധിമുട്ടുണ്ടാക്കിയേക്കാം.

സിസേറിയന്‍ നിര്‍ദേശിക്കുന്നത് ഏതൊക്കെ സാഹചര്യങ്ങളിലാണെന്ന് നോക്കാം

*വ്യക്തിപരമായ ചില തീരുമാനങ്ങള്‍

വ്യക്തിപരമായ തീരുമാനങ്ങള്‍ കൊണ്ട് പലരും ഡോക്ടറെ സിസേറിയന് നിര്‍ബന്ധിക്കാറുണ്ട്. ഇത് ഏതെങ്കിലും മെഡികല്‍ കാരണത്താലല്ലെന്ന് മാത്രം. സ്ത്രീകളില്‍ പ്രസവ വേദന ആരംഭിക്കുന്നതിനായി കാത്തിരിക്കുന്നതിന്റെ ഉത്കണ്ഠ കുറയ്ക്കുന്നു എന്നതാണ് ഇവര്‍ ഇതിന് കണ്ടെത്തുന്ന കാരണം.

എന്നാല്‍ ഡോക്ടര്‍ ഇതിന് സമ്മതം മൂളുന്നു എന്നതിനാല്‍, ഇത് സുരക്ഷിതമാണെന്നല്ല അര്‍ഥം. ഇനിയൊരു പ്രസവം നടക്കുന്നുണ്ടെങ്കില്‍ ആ സമയത്തും സിസേറിയന്‍ തന്നെ വേണ്ടി വരുന്ന അവസ്ഥയാണ് ഇതുമൂലം ഉണ്ടാകുന്നത്. ഇത് എത്രത്തോളം പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുണ്ട് എന്ന് പലര്‍ക്കും അറിയുകയില്ല. അതുകൊണ്ടുതന്നെ ഇത്തരം കാര്യങ്ങള്‍ തിരിച്ചറിഞ്ഞ് വേണം ഡോക്ടറോട് സിസേറിയനെപ്പറ്റി പറയുന്നതിന്.

*മെഡികല്‍ കാരണങ്ങള്‍


മിക്ക ഡോക്ടര്‍മാരും അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യം നിലനിര്‍ത്തുന്നതിന് സിസേറിയന്‍ അഥവ സി-സെക്ഷന്‍ ഡെലിവറി ശുപാര്‍ശ ചെയ്യാറുണ്ട്. സാധാരണ പ്രസവം ഒരു സ്ത്രീക്ക് കൂടുതല്‍ അപകടമുണ്ടാക്കുന്ന അവസ്ഥയിലാണ് സിസേറിയന്‍ നടത്താന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്നത്. അവ എന്തൊക്കെയെന്ന് നോക്കാവുന്നതാണ്.

*കുഞ്ഞിന് ഓക്‌സിജന്‍ കിട്ടാത്ത അവസ്ഥ


കുഞ്ഞിന് ഓക്‌സിജന്‍ കിട്ടാത്ത അവസ്ഥ ഉണ്ടാവുന്നുണ്ടെങ്കില്‍ അതും സിസേറിയന്‍ നടത്തുന്നതിനുള്ള പ്രധാന കാരണമാണ്. ഈ സമയത്ത് സ്വാഭാവിക പ്രസവം നടക്കുന്നതിന് ബുദ്ധിമുട്ട് നേരിടുന്നുണ്ട്. അത് സിസേറിയന്‍ നടത്തുന്നതിന് ഡോക്ടറെ പ്രേരിപ്പിക്കുന്നു. അല്ലെങ്കില്‍ കുഞ്ഞിന് ജീവഹാനി സംഭവിക്കുന്നതിനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു. ഇത് കൂടാതെ പൊക്കിള്‍ക്കൊടി കഴുത്തില്‍ ചുറ്റിക്കിടക്കുകയും യോനീ പ്രദേശം ഇടുങ്ങിയതാവുകയും ചെയ്യുമ്പോഴും സിസേറിയന്‍ ആവശ്യമായി വന്നേക്കാം.

*രക്തസ്രാവം വര്‍ധിക്കുമ്പോള്‍

സുഖപ്രസവത്തിന് നിര്‍ദേശിക്കപ്പെട്ട ഗര്‍ഭിണികളില്‍ രക്തസ്രാവം വര്‍ധിക്കുകയും കുഞ്ഞിന് ഹൃദയമിടിപ്പ് കൂടിക്കൊണ്ടിരിക്കുന്ന അവസ്ഥയുണ്ടാവുകയും ചെയ്താല്‍ അത് പലപ്പോഴും സിസേറിയനിലേക്ക് എത്തിക്കുന്നുണ്ട്. ഇത് വളരെയധികം ശ്രദ്ധിക്കേണ്ട ഒരു അവസ്ഥയാണ്.

*ഇരട്ടക്കുട്ടികള്‍ എങ്കില്‍

ഒരു സ്ത്രീ ഒന്നില്‍ കൂടുതല്‍ കുട്ടികളെ ഗര്‍ഭത്തില്‍ വഹിക്കുന്നുണ്ടെങ്കില്‍, സി-സെക്ഷന്‍ ഡെലിവറി ഡോക്ടര്‍ തന്നെ ശുപാര്‍ശ ചെയ്യും. ഒരു സാധാരണ ഡെലിവറി അപകടസാധ്യതയുള്ളതാകാം എന്നതാണ് ഡോക്ടറെ സിസേറിയന്‍ തിരഞ്ഞെടുക്കാന്‍ പ്രേരിപ്പിക്കുന്നത്. ശിശുക്കളുടെ ചലനം പ്രസവം ആരംഭിച്ചുകഴിഞ്ഞാല്‍ സങ്കീര്‍ണതകള്‍ ഉണ്ടാകാനുള്ള സാധ്യത വര്‍ധിപ്പിക്കും. അതുകൊണ്ട് തന്നെ ഇത് അപകടം ഉണ്ടാക്കുന്നു.

*ആദ്യ പ്രസവം സിസേറിയനെങ്കില്‍

ആദ്യ പ്രസവം സിസേറിയന്‍ എങ്കില്‍ 90% സ്ത്രീകളിലും രണ്ടാമത്തെ പ്രസവത്തിലും സിസേറിയന്‍ തന്നെ വേണ്ടി വരാറുണ്ട്. ഇത് പൂര്‍ണമായും ശരിയല്ലെങ്കിലും ചില സന്ദര്‍ഭങ്ങളില്‍ അടുത്ത പ്രസവവും സിസേറിയന്‍ ആവുന്നതിനുള്ള സാധ്യത തള്ളിക്കളയാന്‍ സാധിക്കുകയില്ല. അതുകൊണ്ട് തന്നെ ഗര്‍ഭകാലം വളരെ ശ്രദ്ധയോടെ വേണം മുന്നോട്ടുകൊണ്ടുപോകാന്‍.

*അകാല ജനനം

സി-സെക്ഷന്‍ ഡെലിവറിയുടെ മറ്റൊരു പ്രധാന കാരണം, നിശ്ചിത തീയതിക്ക് മുമ്പായി പ്രസവം നടക്കാനുള്ള സാധ്യതയുണ്ട് എന്നതാണ്. ഇതിന് അടിയന്തര സി-സെക്ഷന്‍ നടപടിക്രമങ്ങള്‍ ആവശ്യമായി വന്നേക്കാം. ഇത് കൂടാതെ പ്ലാസന്റ പ്രീവിയ എന്ന അവസ്ഥയിലും സിസേറിയന്‍ സംഭവിക്കുന്നു. ഗര്‍ഭസ്ഥ ശിശുവിന്റെ മറുപിള്ള ഗര്‍ഭപാത്രത്തില്‍ കുറവാണെങ്കില്‍ ഭാഗികമായോ അല്ലാതെയോ മാതാവിന്റെ സെര്‍വിക്സിനെ മൂടുന്നുവെങ്കില്‍ സി-സെക്ഷന്‍ ഡെലിവറി ആവശ്യമായി വന്നേക്കാം. ഇത് ഗര്‍ഭകാലത്ത് കടുത്ത രക്തസ്രാവത്തിന് കാരണമാകും. അത്തരം സാഹചര്യങ്ങളില്‍, സി-സെക്ഷന്‍ മാത്രമാണ് ഡോക്ടര്‍ക്ക് മുമ്പിലുള്ള ഏക വഴി.

*നീണ്ട് നില്‍ക്കുന്ന പ്രസവ വേദന

പ്രസവ വേദന മണിക്കൂറുകളോളം നീണ്ട് നില്‍ക്കുന്ന ഒന്നാണ്. എന്നാല്‍ പലപ്പോഴും പ്രസവം നടക്കാതെ വേദന മാത്രമായി അവശേഷിക്കുന്ന അവസ്ഥയുണ്ടാകാറുണ്ട്. ഇത് അമ്മക്കും കുഞ്ഞിനും ഒരു പോലെ പ്രശ്‌നം ഉണ്ടാക്കുന്നു. അതിനെ മറികടക്കുന്നതിന് വേണ്ടി ഈ സാഹചര്യത്തില്‍ ഡോക്ടര്‍മാര്‍ സിസേറിയന്‍ നിര്‍ദേശിക്കാറുണ്ട്. 20 മണിക്കൂറില്‍ കൂടുതല്‍ പ്രസവ വേദന നിലനില്‍ക്കുമ്പോള്‍ ഡോക്ടര്‍മാര്‍ തന്നെ സിസേറിയന്‍ നടത്തണം എന്ന് നിര്‍ദേശിക്കുകയാണ് ചെയ്യാറ്. ഇത് പലപ്പോഴും കുഞ്ഞിന്റെ വലിപ്പം കൂടുന്ന അവസ്ഥയിലോ സെര്‍വിക്‌സ് വികസിക്കാത്ത അവസ്ഥയിലോ ഒക്കെ ആയിരിക്കും നടക്കുന്നത്.

*കുഞ്ഞിന്റെ കിടപ്പ് ശരിയല്ലെങ്കില്‍

കുഞ്ഞിന്റെ കിടപ്പ് ശരിയല്ലെങ്കില്‍ അത് പലപ്പോഴും സ്വാഭാവിക പ്രസവത്തിന് തടസം സൃഷ്ടിക്കാറുണ്ട്. ഗര്‍ഭസ്ഥശിശു സുഖപ്രസവത്തിന് തടസം സൃഷ്ടിക്കുന്ന തരത്തില്‍ കുറുകേ കിടക്കുക, കുഞ്ഞിന്റെ തല മുകളിലും കാല്‍ ഭാഗം താഴെയും വരുന്ന പൊസിഷന്‍, കുഞ്ഞിന് ഹൃദയമിടിപ്പ് കുറഞ്ഞ് വരുന്ന അവസ്ഥ എന്നിവയെല്ലാം പലപ്പോഴും സിസേറിയനിലേക്കാണ് അമ്മമാരെ എത്തിക്കുന്നത്. അല്ലെങ്കില്‍ അത് കുഞ്ഞിന്റെ ജീവന് തന്നെ ഭീഷണിയാകുന്ന അവസ്ഥയിലേക്ക് എത്തുന്നുണ്ട്. അതുകൊണ്ട് ഇക്കാര്യങ്ങളെല്ലാം ഗര്‍ഭിണികള്‍ അറിഞ്ഞിരിക്കണം.

Keywords: Medical reasons for a c-section, Kochi, News, Pregnancy Time, Medical Reasons, C-Section, Health Tips, Health, Doctors, Child, Kerala News. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia