Follow KVARTHA on Google news Follow Us!
ad

Diabetes | നോമ്പുകാലത്തും ആരോഗ്യത്തോടെ മുന്‍പോട്ട് പോകാം; പ്രമേഹരോഗികള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്ന് ആരോഗ്യ വിദഗ്ധർ

ഡോക്ടറെ കണ്ട് പരിശോധന നടത്തി നിര്‍ദേശം സ്വീകരിക്കുന്നത് നല്ലതാണ് Diabetes, Health, Lifestyle, ആരോഗ്യ വാർത്തകൾ
കണ്ണൂര്‍: (KVARTHA) ലോകമെമ്പാടുമുള്ള വിശ്വാസികള്‍ വിശുദ്ധമാസത്തെ വരവേല്‍ക്കാന്‍ ഒരുക്കങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു. ആരോഗ്യപ്രശ്‌നങ്ങളുള്ളവര്‍ വിദഗ്ധ ഡോക്ടര്‍മാരെ കണ്ട് ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കുക എന്നതും നോമ്പിനുള്ള ഒരുക്കമായി കാണേണ്ടതുണ്ട്. ഇക്കാര്യത്തില്‍ പ്രമേഹരോഗികള്‍ ഏറെ ശ്രദ്ധിക്കണമെന്നാണ് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. പ്രമേഹരോഗികളില്‍ അധികവും സ്ഥിരമായി ഗുളിക, ഇന്‍സുലിന്‍ ഇന്‍ജക്ഷന്‍ എന്നിവ രണ്ടും മൂന്നും നേരം ഉപയോഗിക്കുന്നവരാണ്. അവര്‍ നോമ്പിന് ഒരാഴ്ച മുമ്പെങ്കിലും വിദഗ്ധ ഡോക്ടറെ കണ്ട് പരിശോധന നടത്തി നിര്‍ദേശം സ്വീകരിക്കുന്നത് നല്ലതാണ്.


പ്രമേഹം നിയന്ത്രണവിധേയമായ ടൈപ് 2 പ്രമേഹരോഗികള്‍ വ്രതമനുഷ്ഠിക്കുന്നതില്‍ കുഴപ്പമില്ല. മരുന്നുകളുടെ സമയക്രമത്തിലുള്ള വ്യത്യാസം, അളവ് എന്നിവയില്‍ കൃത്യമായ ധാരണ വരുത്തണം. ടൈപ് 1 പ്രമേഹരോഗികള്‍ അവരുടെ രക്തത്തിലെ പഞ്ചസാരയുടെ നില നിയന്ത്രണത്തിലായശേഷമേ വ്രതമനുഷ്ഠിക്കാവൂ. ഡോക്ടറുടെ നിര്‍ദേശപ്രകാരമല്ലാതെ ഇന്‍സുലിന്‍, ഗുളിക എന്നിവ നിര്‍ത്തരുത്. ടൈപ് 1 രോഗികളില്‍ ഇന്‍സുലിന്റെ അഭാവം രക്തത്തിലെ പഞ്ചസാരയുടെ നില വര്‍ധിച്ച് ഡയബറ്റിക് കീറ്റോ അസിഡോസിസ് എന്ന അവസ്ഥയിലേക്ക് എത്തിക്കും. ഇത് രോഗിയുടെ ജീവന്‍തന്നെ ആപത്തിലാക്കും.

പ്രമേഹരോഗികള്‍ ഭക്ഷണത്തില്‍ നിയന്ത്രണങ്ങള്‍ പാലിക്കുന്നത് സുഗമമായ വ്രതാനുഷ്ഠാനം സാധ്യമാക്കും. സൂര്യോദയത്തിനു മുമ്പുള്ള അത്താഴം ഒഴിവാക്കരുത്. അത് കുറച്ച് വൈകി കഴിക്കുന്നതാണ് നല്ലത്. അന്നജമടങ്ങിയ ഭക്ഷണമാണ് ഉത്തമം. നോമ്പുതുറ സമയത്ത് ഒന്നോ രണ്ടോ കാരക്കയോ (ഈത്തപ്പഴം) ലഘുഭക്ഷണമോ ആകാം. മധുര പലഹാരങ്ങളും മധുരപാനീയങ്ങളും ജ്യൂസുകളും ഒഴിവാക്കണം. തവിടോടുകൂടിയ അരി, ഗോതമ്പ്, മുത്താറി എന്നിവയോടൊപ്പം പ്രോട്ടീന്‍ ധാരാളം അടങ്ങിയ പയര്‍, കടല, ഗ്രീന്‍പീസ്, മീന്‍, മുട്ട, കോഴിയിറച്ചി എന്നിവ ഉള്‍പ്പെടുത്തേണ്ടതാണ്.

ജ്യൂസുകള്‍ക്കു പകരം മധുരം കുറവുള്ള ആപ്പിള്‍, പേരക്ക, മുസമ്പി, ഓറഞ്ച്, പപ്പായ എന്നിവ ദിവസം 100 ഗ്രാം വരെ കഴിക്കാം. എണ്ണപലഹാരങ്ങളും മൈദകൊണ്ടുള്ള വിഭവങ്ങളും വര്‍ജിക്കണം. മുത്താഴത്തിന് (ഇടത്താഴം) മധുരമില്ലാത്ത തരിക്കഞ്ഞിയോ ഗോതമ്പുകഞ്ഞിയോ ഓട്‌സ് എന്നിവ പാലിനൊപ്പമോ കഴിക്കാം. ഭക്ഷണം ഒറ്റയിരിപ്പിന് കഴിക്കാതെ ഇടവിട്ട് കഴിക്കുക. വ്രതമെടുക്കുമ്പോള്‍ രോഗികള്‍ കൃത്യമായ ഇടവേളകളില്‍ ഗ്ലൂക്കോമീറ്ററിന്റെ സഹായത്തോടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് പരിശോധിക്കേണ്ടതാണ്.

രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി കുറഞ്ഞുപോകാനുള്ള സാധ്യത വ്രതമനുഷ്ഠിക്കുന്നവരില്‍ കൂടുതലാണ്. ടൈപ് 1 പ്രമേഹ രോഗികളിലാണ് ഇത് കൂടുതല്‍ കാണുന്നത്. എന്നാല്‍, ഇന്‍സുലിന്‍ ഉപയോഗിക്കുന്ന ടൈപ് 2 രോഗികളിലും പ്രവര്‍ത്തന ദൈര്‍ഘ്യം കൂടിയ ഗുളികകള്‍ കഴിക്കുന്നവരിലും ഈ അവസ്ഥ ഉണ്ടാകാന്‍ സാധ്യതയുണ്ട്. ചില രോഗികളില്‍ ക്ഷീണം, തലകറക്കം, വിറയല്‍, കൂടുതല്‍ വിയര്‍പ്പ്, തണുപ്പ് എന്നിവ അനുഭവപ്പെടും.


രണ്ടു നേരം ഗുളിക/ഇന്‍സുലിന്‍ കുത്തിവെക്കുന്ന രോഗികള്‍ രാവിലത്തെ ഡോസ്, നോമ്പ് തുറക്കുമ്പോഴും രാത്രിയിലേത് അത്താഴ സമയത്തും ഉപയോഗിക്കേണ്ടതാണ്. നിര്‍ജലീകരണം ഒഴിവാക്കാന്‍ ദിവസവും രണ്ട്- മൂന്ന് ലിറ്റര്‍ വെള്ളമെങ്കിലും കുടിക്കണം. കഠിനമായ വ്യായാമമുറകള്‍ ഒഴിവാക്കുക. പുത്തന്‍ തലമുറയിലെ ചില ഗുളികകളും ഇന്‍സുലിനും രക്തത്തിലെ പഞ്ചസാര നില തീരെ കുറഞ്ഞുപോകാതെയും കൂടിപ്പോകാതെയും സംരക്ഷിക്കുന്നതാണ്. ഇവ ശ്രദ്ധിക്കുകയാണെങ്കില്‍ നോമ്പുകാലം ഹെല്‍ത്തിയായി പ്രമേഹരോഗികള്‍ക്ക് മുന്‍പോട്ടുപോകാം.

Keywords: News, National, New Delhi, Diabetes, Health, Lifestyle, Juice, Patient, Tablet, Insulin, Ramadan, Management of Diabetes During Ramadan.
< !- START disable copy paste -->

Post a Comment