EVM | ഒരു ഇവിഎമ്മിൽ പരമാവധി എത്ര വോട്ട് ചെയ്യാം, വിവരങ്ങൾ എത്രകാലം വരെ സൂക്ഷിക്കാം? വോട്ടിംഗ് മെഷീന്റെ വിശേഷങ്ങൾ അറിയാം!

 


ന്യൂഡെൽഹി: (KVARTHA) ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുകയാണ്. ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീനുകളാണ് (EVM) ഇപ്പോൾ തിരഞ്ഞെടുപ്പിൽ ഉപയോഗിക്കുന്നത്. ഏഴ് ഘട്ടങ്ങളിലായി നടക്കുന്ന തി രഞ്ഞെടുപ്പിൽ ഇവിഎം വഴി പൊതുജനങ്ങൾ പല സ്ഥാനാർത്ഥികളുടെയും ഭാവി തീരുമാനിക്കും. ഇവിഎമ്മുമായി ബന്ധപ്പെട്ട ചില വിശേഷങ്ങൾ അറിയാം.
   
EVM | ഒരു ഇവിഎമ്മിൽ പരമാവധി എത്ര വോട്ട് ചെയ്യാം, വിവരങ്ങൾ എത്രകാലം വരെ സൂക്ഷിക്കാം? വോട്ടിംഗ് മെഷീന്റെ വിശേഷങ്ങൾ അറിയാം!

എന്താണ് ഇവിഎം?

ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീൻ രണ്ട് യൂണിറ്റുകൾ ചേർന്നതാണ്, ഒന്ന് കൺട്രോൾ യൂണിറ്റ്, മറ്റൊന്ന് ബാലറ്റിംഗ് യൂണിറ്റ്. നിങ്ങൾ വോട്ടുചെയ്യാൻ പോകുമ്പോൾ, തിരഞ്ഞെടുപ്പ് ഓഫീസർ ബാലറ്റ് മെഷീൻ വഴി വോട്ടിംഗ് മെഷീൻ ഓണാക്കും, അതിനുശേഷം നിങ്ങൾക്ക് വോട്ടുചെയ്യാം. ബാലറ്റിംഗ് യൂണിറ്റിലാണ് വോട്ടർമാർ വോട്ട് രേഖപ്പെടുത്തുന്നത്. കൺട്രോൾ യൂണിറ്റിന്റെ മേൽനോട്ട അധികാരം ബൂത്തിൽ നിയോഗിച്ചിട്ടുള്ള പോളിംഗ് ഓഫീസർക്കാണ്. ഈ രണ്ട് ഭാഗങ്ങളും അഞ്ച് മീറ്റർ നീളമുള്ള കേബിളിലൂടെ ബന്ധിപ്പിച്ചിരിക്കുന്നു

വോട്ടർ വോട്ട് ചെയ്തതിന് ശേഷം (ബട്ടൺ അമർത്തിയാൽ), ഈ യന്ത്രം യാന്ത്രികമായി ലോക്ക് ആകുന്നതിനാൽ ഒരു വോട്ടർക്ക് വീണ്ടും വോട്ട് ചെയ്യാൻ കഴിയില്ല. ഇതിന് ശേഷം ആരെങ്കിലും വീണ്ടും ബട്ടൺ അമർത്തിയാൽ അത് വോട്ടിൽ ചേർക്കപ്പെടില്ല. ഇതുമൂലം ഒരു വോട്ടർക്ക് ഒന്നിൽ കൂടുതൽ വോട്ട് ചെയ്യാൻ കഴിയില്ല. ഒരു ഇവിഎമ്മിൽ 64 സ്ഥാനാർത്ഥികളുടെ പേരും (16 വീതം നാല് മെഷീനുകൾ) പരമാവധി 3840 വോട്ടുകളും രേഖപ്പെടുത്താം. ഇന്ത്യയിൽ ഒരു പോളിംഗ് ബൂത്തിലെ വോട്ടർമാരുടെ എണ്ണം 1,500 കവിയാറില്ല. അതനുസരിച്ച് ഒരു പോളിങ് ബൂത്തിൽ ഒരു ഇവിഎം മെഷീൻ മതിയാകും.

ബാറ്ററിയിലാണ് ഇവിഎം പ്രവർത്തിക്കുന്നത്, അതിനാൽ വൈദ്യുതി തകരാർ സംഭവിച്ചാലും വോട്ടിംഗ് പ്രക്രിയ തുടരാം. കൂടാതെ, 'നീല ബട്ടൺ' അമർത്തുമ്പോഴോ ഇവിഎം കൈകാര്യം ചെയ്യുമ്പോഴോ വോട്ടർക്കും മറ്റും വൈദ്യുതാഘാതം ഏൽക്കാനുള്ള സാധ്യതയില്ലെന്നും ഇത് ഉറപ്പാക്കുന്നു. പോളിംഗ് അവസാനിച്ചുകഴിഞ്ഞാൽ, പോളിംഗ് ബൂത്തിൽ രജിസ്റ്റർ ചെയ്തിട്ടുള്ള മൊത്തം വോട്ടർമാരുടെ എണ്ണവുമായി ഇവിഎമ്മുകളിലെ വോട്ടിംഗ് നമ്പറുകൾ എണ്ണിനോക്കും. വോട്ടെണ്ണൽ ദിവസം വരെ ഇവിഎമ്മുകൾ നിശ്ചിത സ്ഥലത്ത് സുരക്ഷയോടെ സൂക്ഷിക്കും. വോട്ടിങ് വിവരങ്ങൾ നീക്കുന്നതുവരെ കൺട്രോൾ യൂണിറ്റിറ്റിൽ അവ ശേഖരിച്ച് വെക്കാൻ കഴിയും.

കേരളത്തിൽ ആദ്യമായി ഉപയോഗിച്ചു

1982 മെയ് മാസമാണ് ഇന്ത്യയിൽ ആദ്യമായി ഇവിഎം ഉപയോഗിച്ചത്. കേരളത്തിലെ പറവൂർ നിയമസഭയിലെ 50 പോളിംഗ് ബൂത്തുകളിൽ ഇവിഎം ഉപയോഗിച്ചു. പരാജയപ്പെട്ട സ്ഥാനാർത്ഥി എ.സി.ജോസ് ഇവിഎം തിരഞ്ഞെടുപ്പിനെയും ഫലത്തെയും കോടതിയിൽ ചോദ്യം ചെയ്തിരുന്നു. വീണ്ടും തിരഞ്ഞെടുപ്പ് നടത്താൻ കോടതി ഉത്തരവിട്ടെങ്കിലും യന്ത്രത്തകരാർ ഉണ്ടാകാനുള്ള സാധ്യത ഉയർത്തിയില്ല.

1983ന് ശേഷം കുറച്ച് വർഷങ്ങൾ ഇവിഎമ്മുകൾ ഉപയോഗിച്ചിരുന്നില്ല. ഇതിനുള്ള നിയമസംവിധാനം സുപ്രീം കോടതി നിർദേശിച്ചിരുന്നു. 1988 ഡിസംബറിൽ പാർലമെൻ്റ് നിയമം ഭേദഗതി ചെയ്യുകയും 1951 ലെ ജനപ്രാതിനിധ്യ നിയമത്തിൽ വകുപ്പ് 61എ ചേർക്കുകയും ചെയ്തു. ഈ വകുപ്പ് തെരഞ്ഞെടുപ്പിൽ വോട്ടിംഗ് യന്ത്രങ്ങൾ ഉപയോഗിക്കാനുള്ള അധികാരം തിരഞ്ഞെടുപ്പ് കമ്മീഷന് നൽകി. 1989-90ൽ നിർമിച്ച ഇവിഎമ്മുകൾ 1998 നവംബറിലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചു. മധ്യപ്രദേശിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലും, രാജസ്ഥാനിലെ ആറ്, ദേശീയ തലസ്ഥാന മേഖലയിലെ ആറ് നിയമസഭാ മണ്ഡലങ്ങളിലും ഇത് പരീക്ഷണാടിസ്ഥാനത്തിൽ ഉപയോഗിച്ചു.

2004 ഇവിഎമ്മിൻ്റെ ചരിത്രത്തിലെ വിപ്ലവകരമായ വർഷമാണ്. രാജ്യത്തെ എല്ലാ പോളിങ് ബൂത്തുകളിലുമായി 17.5 ലക്ഷം ഇവിഎമ്മുകൾ ഉപയോഗിച്ചു. ഇവിഎം ഉപയോഗിച്ച് ഇന്ത്യ ഇ-ജനാധിപത്യമായി രൂപാന്തരപ്പെട്ടു. അതിനുശേഷം എല്ലാ തെരഞ്ഞെടുപ്പുകളും ഇവിഎം ഉപയോഗിച്ച് തിരഞ്ഞെടുപ്പ് നടത്താൻ തുടങ്ങി.

ആരാണ് ഇവിഎം നിർമ്മിക്കുന്നത്?

രണ്ട് പൊതുമേഖലാ കമ്പനികളായ ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ് (BEL) ബെംഗളൂരു, ഇലക്ട്രോണിക്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് (ECIL) ഹൈദരാബാദ് എന്നിവയുമായി സഹകരിച്ചാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ ഇവിഎമ്മുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഏറെ നാളത്തെ പരിശ്രമത്തിനൊടുവിലാണ് ഇവിഎം നിർമാണം ആദ്യമായി പൂർത്തിയാക്കിയത്. ഇതിൻ്റെ സാമ്പിളുകൾ പലതവണ പരിശോധിക്കുകയും ട്രയലുകൾ വലിയ തോതിൽ നടത്തുകയും ചെയ്തു. ഇപ്പോൾ ഇവിഎമ്മുകൾ നിർമ്മിക്കുന്നത് ഈ രണ്ട് കമ്പനികളാണ്.

1989-1990ൽ മെഷീനുകൾ വാങ്ങുമ്പോൾ ഒരു ഇവിഎമ്മിന് 5500 രൂപയായിരുന്നു വില. തുടക്കത്തില് വന് തുക ചിലവായെങ്കിലും ബാലറ്റിനേക്കാൾ വില കുറവാണ്. ദശലക്ഷക്കണക്കിന് ബാലറ്റുകൾ അച്ചടിക്കുന്നതിനും സൂക്ഷിക്കുന്നതിനും കൊണ്ടുപോകുന്നതിനും ധാരാളം ചിലവുകൾ വഹിക്കേണ്ടി വന്നു. ലോക്സഭാ തെരഞ്ഞെടുപ്പുകളുടെ ചെലവ് വഹിക്കുന്നത് കേന്ദ്രസർക്കാരാണ്. നിയമസഭാ തെരഞ്ഞെടുപ്പും ലോക്സഭാ തെരഞ്ഞെടുപ്പും ഒരുമിച്ച് നടത്തുമ്പോൾ കേന്ദ്രവും സംസ്ഥാനവും പകുതി പകുതിയായി ചെലവ് വഹിക്കും. തെരഞ്ഞെടുപ്പ് നിരീക്ഷകരുടെ ഓണറേറിയം നൽകുന്നത് തെരഞ്ഞെടുപ്പ് കമ്മീഷനാണ്

വിവിപാറ്റ്

വോട്ടർ വെരിഫയബിൾ പേപ്പർ ഓഡിറ്റ് ട്രയൽ എന്നാണ് വിവിപാറ്റിൻ്റെ (VVPAT) മുഴുവൻ പേര്. വോട്ട് ചെയ്ത സ്ഥാനാർത്ഥിയുടെ പേരും തിരഞ്ഞെടുപ്പ് ചിഹ്നവും പ്രിൻ്റ് ചെയ്ത ഒരു സ്ലിപ്പ് സ്ക്രീനിൽ ദൃശ്യമാകും. ഇവിഎമ്മുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന വിവാദത്തെ തുടർന്നാണിത് ഏർപ്പെടുത്തിയത്. 2013ലെ നാഗാലാൻഡ് നിയമസഭാ തിരഞ്ഞെടുപ്പിലാണ് ഇത് ആദ്യമായി ഉപയോഗിച്ചത്. വോട്ടര്‍മാര്‍ക്ക് തങ്ങള്‍ ഉദ്ദേശിച്ച സ്ഥാനാര്‍ഥിക്ക് തന്നെയാണ് വോട്ട് ലഭിച്ചതെന്ന് ഉറപ്പാക്കുന്ന ഇലക്ട്രോണിക് വോട്ടിങ് മെഷീനാണ് വിവിപാറ്റ്.

ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തിന്റെ ഒരു ഭാഗമാണ് വിവിപാറ്റ്. കണ്‍ട്രോള്‍ യൂണിറ്റും ബാലറ്റ് യൂണിറ്റും ഉള്‍പ്പെട്ടതാണ് ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്‍. ഈ രണ്ടു യൂണിറ്റുമായി വിവിപാറ്റ് ബന്ധിപ്പിച്ചിട്ടുണ്ടാവും.
വോട്ടര്‍ ബൂത്തിലേക്ക് പ്രവേശിക്കുന്നതിന് മുന്‍പ് പോളിങ് ഉദ്യോഗസ്ഥന്‍ കണ്‍ട്രോള്‍ യൂണിറ്റിലെ ബാലറ്റ് ബട്ടണ്‍ അമര്‍ത്തി ബാലറ്റ് യൂണിറ്റ് പ്രവര്‍ത്തനക്ഷമമാക്കും. ബാലറ്റ് യൂണിറ്റില്‍ വോട്ടര്‍ വോട്ട് ചെയ്യാനുദ്ദേശിക്കുന്ന സ്ഥാനാര്‍ഥിയുടെ പേരും ചിഹ്നവും ഫോട്ടോയും ഉണ്ടായിരിക്കും. വോട്ട് ചെയ്യാനുദ്ദേശിക്കുന്ന സ്ഥാനാര്‍ഥിയുടെ പേരിന് നേരെയുള്ള ചിഹ്നത്തിന്റെ നേര്‍ക്കുള്ള നീല ബട്ടണ്‍ അമര്‍ത്തുമ്പോള്‍ ചുവന്ന ലൈറ്റ് തെളിയും.

തുടര്‍ന്ന് വോട്ട് രേഖപ്പെടുത്തിയ സ്ഥാനാര്‍ഥിയുടെ ക്രമനമ്പര്‍, പേര്, ചിഹ്നം എന്നിവ ഏഴു സെക്കന്റ് നേരം വിവിപാറ്റിലെ ഡിസ്പ്ലേ യൂണിറ്റില്‍ തെളിഞ്ഞു കാണാം. അതിനുശേഷം അവയുടെ പ്രിന്റ് താഴെയുള്ള സുരക്ഷാ അറയിലേക്ക് വീഴുകയും അവിടെ സൂക്ഷിക്കപ്പെടുകയും ചെയ്യും. ഇതിനൊപ്പം ബീപ്പ് ശബ്ദം കേള്‍ക്കുന്നതോടെ വോട്ടിംഗ് പൂര്‍ത്തിയാവും. രേഖപ്പെടുത്തുന്ന ഓരോ വോട്ടും പേപ്പര്‍ രൂപത്തില്‍ വിവിപാറ്റിനുള്ളില്‍ സൂക്ഷിക്കപ്പെടും. പിന്നീട് വോട്ടിംഗ് സംബന്ധിച്ച തര്‍ക്കം ഉണ്ടാവുകയാണെങ്കില്‍ വീണ്ടും തിരഞ്ഞെടുപ്പ് നടത്താതെ വിവിപാറ്റിനുള്ളില്‍ സൂക്ഷിച്ചിട്ടുള്ള പേപ്പര്‍ വോട്ടുകള്‍ എണ്ണി സംശയങ്ങള്‍ ദൂരീകരിക്കാവുന്നതാണ്.

ആര്‍ക്കും വോട്ട് ചെയ്യാന്‍ താത്പര്യമില്ലെങ്കില്‍ ബാലറ്റ് യൂണിറ്റില്‍ അവസാനമായി രേഖപ്പെടുത്തിയിരിക്കുന്ന നോട്ട (നൺ ഓഫ് ദ എബോ - NOTA) എന്ന ബട്ടണ്‍ അമര്‍ത്തി വോട്ടര്‍ക്ക് വോട്ടിംഗ് അവസാനിപ്പിക്കാം. നോട്ട ആദ്യമായി അവതരിപ്പിച്ചത് 2013ലെ ഛത്തീസ്ഗഢ് നിയമസഭാ തെരഞ്ഞെടുപ്പിലാണ്.

Keywords: EVM, Electronic Voting Machine, Lok Sabha Election, Politics, Lifestyle, News, News-Malayalam-News, National, National-News, Election-News, Lok-Sabha-Election-2024, New Delhi, Know All About Electronic Voting Machine.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia