Follow KVARTHA on Google news Follow Us!
ad

K Sudhakaran | ടോപ് ഗിയറില്‍ സുധാകരന്റെ പടയോട്ടം; കണ്ണൂര്‍ കോട്ട നിലനിര്‍ത്താന്‍ ജീവന്‍ മരണ പോരാട്ടവുമായി യുഡിഎഫ്!

പ്രതീക്ഷിക്കാവുന്നത് പിണറായി സര്‍കാരിനെതിരെയുള്ള ഭരണവിരുദ്ധ വികാരം Kannur News, Lok Sabha Election, Politics, Party, Congress, KSU, K Sudhakaran, El
കണ്ണൂര്‍: (KVARTHA) വേനല്‍ ചൂടില്‍ പ്രചാരണം തിളയ്ക്കുമ്പോഴും കണ്ണൂരില്‍ ഇക്കുറി ജനവിധി എന്താണെന്ന് പ്രവചനാതീതമാണ്. കെ പി സി സി അധ്യക്ഷനും സിറ്റിങ് എംപിയുമായ കെ സുധാകരന് ഇക്കുറി സീറ്റ് നിലനിര്‍ത്താനാവുമോയെന്ന ചോദ്യമാണ് ഉയരുന്നത്. എതിര്‍പുകളും വെല്ലുവിളികളും തന്റെ ശക്തിയും വളരാനുള്ള അവസരവുമാക്കി മാറ്റുന്ന നേതാവാണ് കെ സുധാകരന്‍. അതുകൊണ്ടുതന്നെ ഏറെ പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്.

പരാജയങ്ങളില്‍നിന്നും ഫീനിക്‌സ് പക്ഷിയെപ്പോലെ പറന്നുയരാനും തിരിച്ചടികളില്‍ നിന്നും അതിജീവിക്കാനും കഴിയുന്ന സുധാകരന്റെ മാജിക്ക് കേരളത്തില്‍ ഇന്നു ജീവിച്ചിരിക്കുന്ന മറ്റൊരു കോണ്‍ഗ്രസ് നേതാവിനും അവകാശപ്പെടാനില്ല. അതുകൊണ്ടുതന്നെയാണ് അണികള്‍ കെഎസെന്ന് ആവേശത്തോടെ വിളിക്കുന്ന കെ സുധാകരനെ കോണ്‍ഗ്രസ് ഇക്കുറിയും കണ്ണൂര്‍ പാര്‍ലമെന്റ് മണ്ഡലത്തില്‍ മത്സരിക്കാനിറക്കിയത്.

എന്നാല്‍ 2019 ലേതുപോലെ അത്ര എളുപ്പമാവില്ല കാര്യങ്ങള്‍. വയനാട്ടില്‍ രാഹുല്‍ ഗാന്ധി ആദ്യം മത്സരിച്ചപ്പോള്‍ ഉണ്ടായ യു ഡി എഫ് അനുകൂല സാഹചര്യം ഇപ്പോഴില്ല. ശബരിമല വിഷയം ഉള്‍പെടെ നിഷ്പക്ഷ വോടര്‍മാരെ സ്വാധീനിക്കുന്ന മറ്റു ഘടകങ്ങളുമില്ല. ആകെ യു ഡി എഫിന് പ്രതീക്ഷിക്കാവുന്നത് പിണറായി സര്‍കാരിനെതിരെയുള്ള ഭരണവിരുദ്ധ വികാരം മാത്രമാണ്. അതാകട്ടെ ക്ഷേമപെന്‍ഷനും സര്‍കാര്‍ ഉദ്യോഗസ്ഥന്‍മാരുടെയും പെന്‍ഷന്‍കാരുടെയും മറ്റും തടഞ്ഞുവെച്ച ആനുകൂല്യങ്ങള്‍ ഇലക്ഷന്‍ പ്രഖ്യാപിക്കുന്നതിന് മുന്‍പേ നല്‍കി പ്രീതി പിടിച്ചു പറ്റിയിരിക്കുകയാണ് പിണറായി സര്‍കാര്‍.

എല്‍ ഡി എഫ് സ്ഥാനാര്‍ഥി എം വി ജയരാജന്‍ തനിക്ക് പറ്റിയ ഒരു എതിരാളിയെ അല്ലെന്ന് പറഞ്ഞ് സുധാകരന്‍ നിസാരവല്‍ക്കരിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും അങ്ങനെയല്ലെന്ന് അദ്ദേഹത്തിനും കോണ്‍ഗ്രസിനും അറിയാം. സി പി എമ്മിന് കണ്ണൂര്‍ ജില്ലയില്‍ ലഭിക്കാവുന്ന മികച്ച സ്ഥാനാര്‍ഥിയാണ് എം വി ജയരാജന്‍. രണ്ടു വട്ടം എടക്കാട് മണ്ഡലം എം എല്‍ എയായ എം വി ജയരാജന്‍ സി പി എം കണ്ണൂര്‍ ജില്ലാ സെക്രടറിയുമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. മണ്ഡലത്തില്‍ വിപുലമായ സൗഹൃദ ബന്ധങ്ങളും രാഷ്ട്രീയ വേരുകളുമുണ്ട്. പൊതു സ്വീകാര്യത വോടാക്കി മാറ്റാന്‍ ജയരാജന് കഴിഞ്ഞെങ്കില്‍ കണ്ണൂര്‍ ഇക്കുറി മറ്റൊരു വിജയ കഥ പറയും.

എന്നാല്‍ തന്റെ ശക്തി ദൗര്‍ബല്യങ്ങള്‍ തിരിച്ചറിഞ്ഞു കൊണ്ടുള്ള ഇലക്ഷന്‍ പ്രചരണമാണ് കെ സുധാകരന്‍ നടത്തുന്നത്. കാംപസുകളും തൊഴില്‍ ഇടങ്ങളും പ്രമുഖരുടെ വീടുകളും കേന്ദ്രീകരിച്ചുള്ള വോടു പിടിത്തമാണ് നടത്തുന്നത്. മത മേലധ്യക്ഷന്‍മാരെയും സമുദായ നേതാക്കളെയും ആദ്യ ദിവസങ്ങളില്‍ സന്ദര്‍ശിച്ചു കഴിഞ്ഞു. യു ഡി എഫ് നിയോജകമണ്ഡലങ്ങളായ ഇരിക്കൂര്‍, പേരാവൂര്‍ എന്നിവിടങ്ങളില്‍ ദിവസങ്ങള്‍ ചിലവഴിച്ചാണ് പര്യടനം നടത്തിയത്. സി പി എം കേന്ദ്രങ്ങളില്‍ കയറി വോടു പിടിക്കാനുള്ള മാസ്മരികത സുധാകരനുണ്ട്. അതുകൊണ്ടുതന്നെ ഇടതു കോട്ടകളില്‍ വിള്ളലുകള്‍ വീഴ്ത്താനുള്ള തന്ത്രങ്ങളാണ് സുധാകരന്‍ മെനയുന്നത്.

2019ല്‍ സുധാകരന് വന്‍ സ്വീകാര്യതയാണ് സി പി എം പാര്‍ടി ഗ്രാമങ്ങളില്‍ നിന്നും ലഭിച്ചത്. സി പി എമ്മിന്റെ കോട്ട കൊത്തളങ്ങള്‍ പോലും യു ഡി എഫ് തരംഗത്തില്‍ ഒലിച്ചു പോയി. ഇക്കുറി അതിന് തടയണയിടാനാണ് സി പി എം പാര്‍ടിക്കുള്ളിലും പുറത്തും സ്വീകാര്യതയുള്ള എം വി ജയരാജനെ കളത്തില്‍ ഇറക്കിയതിലൂടെ ലക്ഷ്യമിടുന്നത്.

ഒരു കാലത്ത് തന്റെ സന്തത സഹചാരിയും മുന്‍ ഡി സി സി ജെനറല്‍ സെക്രടറിയും കോണ്‍ഗ്രസിനായി നിരവധി ഇലക്ഷനുകളില്‍ ചുക്കാന്‍ പിടിക്കുകയും ചെയ്യുന്ന സി രഘുനാഥ് എന്‍ ഡി എ സ്ഥാനാര്‍ഥിയായി മത്സരിക്കുന്നതാണ് സുധാകരനെ അലട്ടുന്ന മറ്റൊരു കാര്യം. അരനൂറ്റാണ്ടിലേറെക്കാലം കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ നിറഞ്ഞുനിന്ന സി രഘുനാഥ് ചെറുതായി പോലും യു ഡി എഫ് വോടുകള്‍ ചോര്‍ത്തിയാല്‍ തന്നെ അത് ദോഷം ചെയ്യുക യു ഡി എഫ് വോടുബാങ്കിനായിരിക്കും.


പൗരത്വ ഭേദഗതിക്കെതിരെയുള്ള സമരത്തിന്റെ മുന്‍പന്തിയില്‍ 'ഉണ്ടെങ്കിലും സുധാകരന്‍ തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ബി ജെ പിയിലേക്ക് പോകുമെന്ന് സി പി എം സമൂഹ മാധ്യമങ്ങലൂടെ നടത്തുന്ന പ്രചാരണം തിരിച്ചടിയാകുമോയെന്ന ആശങ്ക കോണ്‍ഗ്രസിനുണ്ട്. ഇതിനെയൊക്കെ വ്യാജ പ്രചരണമായി കണ്ട് ജനംതള്ളിക്കളയുമെന്ന മറുപടിയാണ് ഉരുളയ്ക്കുപ്പേരി പോലെ സുധാകരന്‍ നല്‍കുന്നത്.

എംപിയെന്ന നിലയില്‍ കണ്ണൂര്‍ പാര്‍ലമെന്റ് മണ്ഡലത്തില്‍ ഒട്ടേറെ കാര്യങ്ങള്‍ ചെയ്യാന്‍ കഴിഞ്ഞിട്ടുണ്ടെന്ന വസ്തുതകള്‍ ചൂണ്ടിക്കാട്ടിയുള്ള ലഘുലേഖകള്‍ വീടുകളില്‍ വിതരണം ചെയ്താണ് കെ സുധാകരന്റെ പ്രചാരണം മുന്നേറുന്നത്.

Keywords: News, Kerala, Kerala-News, Kannur-News, Politics-News, Kannur News, Lok Sabha Election, Politics, Party, Congress, KSU, K Sudhakaran, KPCC President, MP, Election Campaign, Vote, CPM, Rahul Gandhi, Kannur Lok Sabha Election: K Sudhakaran's campaign in top gear.

Post a Comment