Theyyam Stories | ചിറക്കല്‍ പെരുങ്കളിയാട്ടത്തിന്റെ നാല്‍പത് തെയ്യം കഥകള്‍ ലോക ഭൂപടത്തിലേക്ക്; വായിക്കാനും ഒപ്പം ദൃശ്യരൂപത്തില്‍ കാണാനും അവസരമൊരുങ്ങുന്നു

 


കണ്ണൂര്‍: (KVARTHA) ചിറക്കല്‍ പെരുങ്കളിയാട്ടത്തില്‍ അനുഷ്ഠാനപൂര്‍വം കെട്ടിയാടിയ ഒന്നൂറെ നാല്പത് (39) തെയ്യം കഥകള്‍ ലോക ഭൂപടത്തിലേക്ക്. അപൂര്‍വമായി മാത്രം കെട്ടിയാടുന്ന ഈ തെയ്യങ്ങളുടെ പുരാവൃത്ത കഥകള്‍ ദൃശ്യപൊലിമയോടെ കാണാനുള്ള സംവിധാനമൊരുക്കിയതായി ചിറക്കല്‍ കോവിലകം ചാമുണ്ഡിക്കോട്ടം ക്ഷേത്ര ഭാരവാഹികള്‍ കണ്ണൂര്‍ പ്രസ് ക്ലബില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
  
Theyyam Stories | ചിറക്കല്‍ പെരുങ്കളിയാട്ടത്തിന്റെ നാല്‍പത് തെയ്യം കഥകള്‍ ലോക ഭൂപടത്തിലേക്ക്; വായിക്കാനും ഒപ്പം ദൃശ്യരൂപത്തില്‍ കാണാനും അവസരമൊരുങ്ങുന്നു

കണ്ണൂര്‍ ചിറക്കല്‍ കോവിലകം ചാമുണ്ഡിക്കോട്ടം ക്ഷേത്രത്തില്‍ 17 വര്‍ഷത്തിനു ശേഷം നടന്ന പെരുങ്കളിയാട്ടത്തില്‍ കെട്ടിയാടിയ തെയ്യങ്ങളുടെ ദൃശ്യങ്ങളടങ്ങിയ കഥകള്‍ പുസ്തകമായി വായിക്കാനും പ്രത്യേകം ക്യൂ ആര്‍ കോഡുകള്‍ വഴി തനതു രീതിയില്‍ ദൃശ്യ രൂപത്തില്‍ കാണാനുമുള്ള അവസരമാണ് ഉണ്ടാക്കിയിരിക്കുന്നത്. അമേരിക്കന്‍ മലയാളിയും കൂത്തുപറമ്പ് സ്വദേശിയുമായ ഫോക്ലോര്‍ ഗവേഷകന്‍ സജി മാടപ്പാട്ടാണ് ദൃശ്യങ്ങളടങ്ങിയ പുസ്തക രൂപം തയ്യാറാക്കിയത്.

കൃത്യമായ ദൃശ്യചാരുത ലഭിക്കുന്ന അത്യന്താധുനികമായ കാമറകളിലാണ് തെയ്യങ്ങള്‍ ദൃശ്യവല്‍ക്കരിച്ച് കഥകളാക്കി ആവിഷ്‌ക്കരിച്ചിട്ടുള്ളത്. 'ദൈവങ്ങള്‍ നൃത്തം ചെയ്ത ദിനരാത്രങ്ങള്‍' എന്ന ഗ്രന്ഥത്തില്‍ പ്രത്യേക ക്യൂ ആര്‍ കോഡുകളിലൂടെ കഥ വായിച്ച് തെയ്യങ്ങളുടെ നൃത്തങ്ങളും അനുഷ്ഠാന കലാശങ്ങളും കാണാനാകും. തെയ്യം അനുഷ്ഠാനം, വാദ്യം, ആചാര മര്യാദകള്‍, മുഖത്തെഴുത്ത്, ആടയാഭരണങ്ങള്‍ എന്നിവ തെയ്യപ്രേമികളായ സ്വദേശികള്‍ക്കും വിദേശികള്‍ക്കും മനസ്സിലാക്കി ഗവേഷണ പീനത്തിന് വേദിയൊരുക്കാന്‍ ലക്ഷ്യമിട്ടാണ് ഗ്രന്ഥരചനയെന്ന് സജി മാടപ്പാട്ട് പറഞ്ഞു.

ചിറക്കല്‍ ചാമുണ്ഡിക്കോട്ടത്ത് മൂന്ന് ദിനരാത്രങ്ങളിലായി നടക്കുന്ന കളിയാട്ടത്തോടനുബന്ധിച്ച് മാര്‍ച്ച് 29-ന് വൈകിട്ട് 6 മണിക്ക് സജി മാടപ്പാട്ട് തയ്യാറാക്കിയ 'ദൈവങ്ങള്‍ നൃത്തം ചെയ്ത ദിനരാത്രങ്ങള്‍' എന്ന പുസ്തക പ്രകാശന ചടങ്ങ് നടക്കും. പരിപാടിയോടനുബന്ധിച്ചു നടക്കുന്ന സാംസ്‌കാരിക സഭ കെവി സുമേഷ് എംഎല്‍എ ഉദ്ഘാടനം ചെയ്യും. ഫോക് ലോര്‍ പണ്ഡിതന്‍ ഡോ. രാഘവന്‍ പയ്യനാട് പുസ്തക പ്രകാശനം നടത്തും.

ചിത്രകാരന്‍ കെകെ മാരാര്‍ ഏറ്റുവാങ്ങും. കേന്ദ്ര സാംസ്‌കാരിക വകുപ്പ് സീനിയര്‍ ഫെല്ലോ ചന്ദ്രന്‍ മുട്ടത്ത് പുസ്തക പരിചയം നടത്തും. ഫോക് ലോര്‍ അക്കാദമി സെക്രട്ടറി എവി അജയകുമാര്‍, പത്മശ്രീ എസ് ആര്‍ ഡി പ്രസാദ് എന്നിവര്‍ വിശിഷ്ടാതിഥികളാകും. ഉത്രട്ടാതി തിരുനാള്‍ സികെ രാമവര്‍മ്മ വലിയരാജ അധ്യക്ഷത വഹിക്കും. അഡ്വ. എവി കേശവന്‍, ഡോ. സികെ അശോക വര്‍മ്മ തുടങ്ങി നിരവധി പേര്‍ സംസാരിക്കും.



സികെ സുരേഷ് വര്‍മ്മ സ്വാഗതവും പിവി സുകുമാരന്‍ നന്ദിയും പറയും. ബുധനാഴ്ച കലവറ നിറയ്ക്കല്‍, വ്യാഴാഴ്ച പുലര്‍ച്ചെ ഗണപതി ഹോമത്തോടെ കളിയാട്ടം ആരംഭിക്കും. തുടര്‍ന്ന് പൂക്കുട്ടി ശാസ്തപ്പന്‍, വിഷ്ണുമൂര്‍ത്തി, തിരുവര്‍കാട്ട് ഭഗവതി, തോട്ടുങ്കര ഭഗവതി എന്നീ തെയ്യങ്ങളുടെ തോറ്റവും വൈകുന്നേരം 7.30ന് ഡോ.പ്രശാന്ത് വര്‍മ്മയും സംഘവും അവതരിപ്പിക്കുന്ന മാനസ ജപ ലഹരി എന്നിവയും ഉണ്ടാകും.

30-ന് വിവിധ തെയ്യങ്ങളുടെ തോറ്റവും തെയ്യങ്ങളും അരങ്ങേറും. വൈകുന്നേരം 7-ന് പത്മശ്രീ കൈതപ്രം ദാമോദരന്‍ നമ്പൂതിരിയും സംഘവും അവതരിപ്പിക്കുന്ന സംഗീത പരിപാടി. 31ന് വിവിധ തെയ്യക്കോലങ്ങള്‍ കെട്ടിയാടിക്കും. കളിയാട്ട ദിവസങ്ങളില്‍ ഭക്തജനങ്ങള്‍ക്ക് അന്നദാനമുണ്ടാകും. വാര്‍ത്താ സമ്മേളനത്തില്‍ സുരേഷ് വര്‍മ്മ രാജ, രാമവര്‍മ്മ വലിയ രാജ, സജി മാടപ്പാട്ട്, ചന്ദ്രന്‍ മുട്ടത്ത്, പിവി സുകുമാരന്‍ എന്നിവര്‍ പങ്കെടുത്തു.

Keywords: Forty Theiyam stories of Chirakkal Perungaliyattam to the world map, Kannur, News, Theiyam Stories, Book, Press Club, Press Meet, Inauguration, Released, Kerala News.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia