Follow KVARTHA on Google news Follow Us!
ad

Success Tips | മടിയല്ല, ഭയമാണ് പരാജയത്തിന് കാരണം; നേരിടാൻ വഴികൾ ഇതാ

വിജയത്തിലേക്ക് കുത്തിക്കാനാവണം Overcome Failure, Success Tips, Lifestyle, Career
/ മിൻ്റാ സോണി

(KVARTHA) പലരും ജീവിതത്തിൽ വിജയിക്കാൻ പറ്റാഞ്ഞത് അവന്റെ മടി കൊണ്ടാണെന്ന് പൊതുവിൽ പറയാറുണ്ട്. എന്നാൽ അതാണോ യാഥാർഥ്യം? ശരിക്കും ഒന്ന് പരിശോധിച്ചാൽ നമ്മുടെ സമൂഹത്തിലെ 90 ശതമാനം പേർക്കും ചെയ്യാൻ പറ്റുന്ന മേഖല കൂടിയാണെങ്കിലും ഒന്നും ചെയ്യാൻ സാധിക്കാത്തത് മടിയല്ല, ഭയം കൊണ്ടാണെന്ന് മനസിലാകും. മടി എന്നത് വെറുമൊരു പുകമറ മാത്രം. ഭയം എന്നത് ഉയരാൻ ശ്രമിക്കുമ്പോൾ വീഴ്ചകളെയും വിജയിക്കാൻ ശ്രമിക്കുമ്പോൾ പരാജയങ്ങളെയും ജീവിക്കാൻ ശ്രമിക്കുമ്പോൾ മരണത്തേയും ചൂണ്ടുന്നു. നമ്മുടെ സ്വപ്നങ്ങളെയൊക്കെ ഇല്ലാതാക്കുന്ന നിശബ്ദ കൊലയാളിയായ ഭയത്തിന് മനുഷ്യന്റെ എല്ലാ ശേഷികളെയും വിലയ്ക്ക് വാങ്ങാൻ കഴിവുണ്ട്.


വിജയിക്കണം എന്നുണ്ടെങ്കിൽ ആദ്യം ഒഴിവാക്കേണ്ടത് പരാജയപ്പെടുമോ എന്നുള്ള ഭയമാണ്. തെറ്റിപ്പോകുമോ എന്നുള്ള ഭയം അവസാനിക്കുന്നിടത്ത് നിന്നാണ് ജയം ആരംഭിക്കുന്നത്. ഭയത്തെ മറികടന്ന് ചങ്കുറപ്പോടെ ഉറങ്ങിത്തിരിച്ച് ജീവിത വിജയം കൊയ്ത ഒരാളുടെ കഥ പറഞ്ഞു കൊണ്ട് വിഷയത്തിലേക്ക് വരാം. ഇംഗ്ലീഷ് അറിയാത്ത അബ്ദു, അഞ്ചു വര്‍ഷം മുമ്പ് മീന്‍ കച്ചവടമായിരുന്നു തൊഴില്‍. ഇതുകൊണ്ട് മുന്നോട്ടുപോകാൻ സാധിക്കില്ല എന്ന് മനസ്സിലായപ്പോൾ ഗള്‍ഫിലേക്ക് പറന്നു. ആരുടെയോ ശുപാര്‍ശ കൊണ്ട് ഒരു വലിയ കമ്പനിയില്‍ ഓഫീസ് ബോയ് തസ്തികയിലേക്ക് ഇന്റര്‍വ്യൂവിനു വിളിക്കപ്പെട്ടു. മലയാളിയായ എച്ച് ആർ മാനേജരെ കണ്ടപ്പോള്‍ അബ്ദുവിന് സമാധാനമായി.

എന്നാല്‍ 'ടെൽ മി എബൗട്ട് യുവർ സെൽഫ് ഇൻ ഇംഗ്ലീഷ്', പടക്കം പോട്ടുമ്പോലുള്ള എച്ച് ആർ മനജരുടെ ചോദ്യം. അബ്ദു ഒന്ന് പകച്ചു. പിന്നെ സാവധാനം പറഞ്ഞു. 'എനിക്ക് ഇംഗ്ലീഷിന്റെ എ ബി സി ഡി അറിയില്ല സര്‍'. ' സോറി മിസ്റ്റർ അബ്ദു, ഇക്കാലത്ത് അല്‍പസ്വല്‍പം ഇംഗ്ലീഷൊക്കെ അറിയാതെ ഒരു ഓഫീസ് ബോയിയുടെ ജോലി പോലും കിട്ടില്ല, ഇംഗ്ലീഷ് അറിയാത്തൊരാളെ ജോലിക്ക് നിയമിക്കാനും നിര്‍വാഹമില്ല'. എല്ലാ പ്രതീക്ഷയും നഷ്ട്ടപ്പെട്ട അബ്ദു പുറത്തേക്കു നടന്നു. കിട്ടിയിരുന്നെങ്കില്‍ നല്ല ശമ്പളമുള്ള ജോലിയായിരുന്നു. കുടുംബം കരകേറിയേനെ. ഇങ്ങനെയൊക്കെ ആലോചിച്ചാലോചിച്ച് നടന്നു എത്തിയത് ഒരു ഫിഷ്‌ മാര്‍ക്കറ്റിന്റെ മുമ്പിലാണ്.

ചിരപരിചിതമായ ഗന്ധം മൂക്കിലേക്ക് തുളഞ്ഞു കയറി, അതാ കിടക്കുന്നു നമ്മുടെ മത്തിയും അയലയും അയക്കൂറയും. അബ്ദുവിന്റെ കൈ അറിയാതെ പോക്കറ്റിലേക്കു നീങ്ങി. ഇന്നലെ അമ്മായീടെ മോന്‍ തന്ന 100 ദിര്‍ഹം കയ്യില്‍ തടഞ്ഞു. ആദ്യം ചെറിയൊരു ഭയവും അപകർഷതാബോധവും ഉള്ളിൽ തോന്നിച്ചെങ്കിലും അതിനെ പ്രതിരോധിക്കാനാണ് അയാൾ ശ്രമിച്ചത്. ആയതിനാൽ പിന്നെ കൂടുതലൊന്നും ആലോചിക്കാതെ അബ്ദു ആകെയുള്ള 100 ദിര്‍ഹത്തിനു മത്തിയും അയലയും വാങ്ങി പ്ലാസ്റ്റിക്‌ കൂടില്‍ നിറച്ചു. മലയാളികള്‍ താമസിക്കുന്ന ബില്‍ഡിംഗ്‌കള്‍ തേടിപ്പിടിച്ചു ഫ്ലാറ്റ്കള്‍ കയറിയിറങ്ങി വില്‍പ്പന ആരംഭിച്ചു. ഒരു മണിക്കൂറിനുള്ളില്‍ കയ്യിലുള്ള മത്സ്യം മുഴുവനും വിറ്റു തീര്‍ന്നു. മുതല് കഴിച്ചു 60 ദിര്‍ഹം ലാഭം.

അന്ന് തന്നെ രണ്ട് പ്രാവശ്യം കൂടി ഫിഷ്‌ മാര്‍ക്കറ്റില്‍ പോയി വന്നു. അബ്ദുവിന് മനസിലായി ഇതൊരു നല്ല വരുമാന മാര്‍ഗ്ഗമാണെന്ന്. ദിനവും അതിരാവിലെ ഉണരും. മൊത്തക്കച്ചവടക്കാരില്‍നിന്നും നേരിട്ട് മത്സ്യം വാങ്ങി വിൽപന ചെയ്യും. കച്ചവടം അതിവേഗം വളര്‍ന്നു. അഞ്ച് വര്‍ഷത്തിനു ശേഷം മത്സ്യം, മാംസം, പഴം പച്ചക്കറി മൊത്ത വില്‍പ്പനയില്‍ അബ്ദു ഒരു വ്യവസായ സാമ്രാജ്യം തന്നെ തീര്‍ത്തു. ഒരു ദിവസം ഒരു വിദേശ കമ്പനിയുടെ പ്രതിനിധികളുമായുള്ള ചര്‍ച്ചക്കിടയില്‍ അബ്ദു തന്‍റെ ഇംഗ്ലീഷ് പരിഭാഷകനുമായി വന്നപ്പോള്‍ ഒരു പ്രതിനിധി ചോദിച്ചു. 'ഇത്രയും വലിയ ബിസിനസ്‌ സാമ്രാജ്യത്തിന്റെ ഉടമയായ താങ്കളിതുവരെ ഇംഗ്ലീഷ് പഠിച്ചില്ലേ?', അബ്ദു: 'ഇല്ല', പ്രതിനിധി: 'അത്ഭുതം തന്നെ! താങ്കള്‍ ആലോചിട്ടുണ്ടോ ഇംഗ്ലീഷ് പരിജ്ഞാനം തീരെയില്ലാത്ത ഒരാള്‍ ഇത്രയും വലിയ സ്ഥാപനം കെട്ടിപ്പടുക്കുകയാണെങ്കിൽ, ഇംഗ്ലീഷ് പഠിച്ചിരുന്നെങ്കില്‍ താങ്കള്‍ക്ക് ഏതു നിലക്ക് എത്താന്‍ പറ്റുമായിരുന്നെന്നു?'

അബ്ദുവിന് ഉത്തരം പറയാൻ ഒട്ടും ആലോചിക്കേണ്ടിവന്നില്ല, 'അറിയാം, ഞാന്‍ ഇംഗ്ലീഷ് പഠിച്ചിരുന്നെങ്കില്‍ ഇന്നെനിക്കൊരു ഓഫീസ് ബോയ്‌ മാത്രം ആവാന്‍ കഴിയുമായിരുന്നുള്ളു. ഈ നിലയിൽ എന്നെ എത്തിച്ചത് എന്റെ ഭയരഹിതമായ മനസും മറ്റുള്ളവർ എന്നെപ്പറ്റി എന്തുചിന്തിക്കുമെന്നുള്ള അപകർഷതാബോധം ഇല്ലായ്മയുമാണ്'. സുഹൃത്തുക്കളെ, ഇല്ലാത്ത കഴിവിനെ ഓര്‍ത്തു നിരാശപ്പെടാതെ, ധൈര്യപൂർവ്വം ഉള്ള കഴിവിനെ ഫലപ്രദമായി വിനിയോഗിച്ചാല്‍ വിജയം സുനിശ്ചിതം. അതിനുവേണ്ടത് ഭയരഹിതമായ ഒരു മനസാണ്. ഭയത്തിന്റെ കാരണം എന്തു തന്നെയായാലും വ്യക്തിയുടെ ഭാഗത്തു നിന്ന് ആത്മാര്‍ത്ഥമായ ശ്രമം ഉണ്ടായെങ്കില്‍ മാത്രമേ ഭയത്തെ കീഴടക്കാനാകൂ. എങ്ങനെ ഭയത്തെ അകറ്റാം. അതിനുള്ള ചില മാർഗ്ഗങ്ങളാണ് ഇനി സൂചിപ്പിക്കുന്നത്.

1. ഭയമുണര്‍ത്തുന്ന സാഹചര്യവുമായി ദിവസേന ഇടപഴകുക. ഇത് മനസ്സില്‍ ആത്മവിശ്വാസം നിറയ്ക്കും.

2. ആസന്നമായ ഭയത്തെ ഒഴിവാക്കുന്നതിന് പകരം-നേരിടാന്‍ തയ്യാറെടുക്കുക. മനസ്സുകൊണ്ടും ശരീരം കൊണ്ടും സാഹചര്യങ്ങള്‍ കൊണ്ടും സജ്ജമായിരിക്കുക. ഭയമുളവാക്കുന്ന വസ്തുവിനെ അഥവാ സന്ദര്‍ഭത്തെപ്പറ്റി വിശദമായി അറിയാൻ ശ്രമിക്കുക. ശ്വസനക്രമങ്ങള്‍ പഠിക്കുക, പരിശീലിക്കുക. വലിയൊരു പരിധി വരെ സ്വയം നിയന്ത്രണം നേടാന്‍ ഇത് സഹായിക്കും.

3. മനസ്സിനെ കാടുകയറി ചിന്തിക്കാന്‍ വിട്ടു കൊടുക്കാതിരിക്കുക. അതിനായി എപ്പോഴും സന്തോഷമുള്ള കാര്യങ്ങളില്‍ മുഴുകി ജോലിയിൽ സദാ ശ്രദ്ധ കേന്ദ്രീകരിക്കുക.

4. പൊതുവേ കാര്യങ്ങളെ ലഘുവാക്കി മാറ്റുന്നതില്‍ നര്‍മബോധത്തിന് വലിയ സ്ഥാനമുണ്ട്. ചിന്തിച്ചു കൂട്ടുമ്പോള്‍ ഉണ്ടാകുന്ന ഭീകരതയൊന്നും വാസ്തവത്തില്‍ നേരില്‍ ഉണ്ടാവില്ല എന്നതാണ് പൊതുവേയുള്ള അനുഭവം. ഓര്‍ക്കാന്‍ പോലും വയ്യ എന്നു പറഞ്ഞു ഭയത്തോടെ സമീപിച്ചിട്ടുള്ള പലതിനെയും നിസ്സാരമായി നമ്മള്‍ അതിജീവിച്ചിട്ടുണ്ടെന്ന് തിരിച്ചറിയണം.

5. ഭക്ഷണം, വ്യയാമം, ഉറക്കം എന്നിവ ഭയത്തിന് അടിമപ്പെടാതെ ശ്രദ്ധിക്കണം. ശാരീരികമായ ഊര്‍ജവും പ്രസരിപ്പും നഷ്ടമായാല്‍ ഭയത്തെ നേരിടാനുള്ള ആത്മവിശ്വാസവും തകരാറിലാകും.

6. സാന്ത്വനവും സഹായവും ലഭിക്കുന്ന വിശ്വസ്തമായ ഇടങ്ങളില്‍ നിന്ന് അവ സ്വീകരിക്കാന്‍ മടിക്കരുത്. പങ്കുവയ്ക്കുമ്പോള്‍ കുറയുന്ന ഒന്നാണ് ഭയരീതികൾ.

7. മദ്യം, മയക്കുമരുന്ന് തുടങ്ങി മാനസികാരോഗ്യനില വഷളാക്കുന്ന വസ്തുക്കള്‍ ഉപയോഗിച്ച് ഭയത്തെ കീഴ്‌പ്പെടുത്താന്‍ ശ്രമിക്കരുത്.

8. യോഗ, ധ്യാനം എന്നിവ പരിശീലിക്കുന്നത് അകാരണമായ പേടി കുറയ്ക്കാനും മനസ് റിലാക്സ് ആകാനും സഹായകമാണ്.

9. പേടിപ്പെടുത്തുന്ന കാര്യങ്ങള്‍ ആസ്വദിക്കാന്‍ ശ്രമിക്കാം. പേടിയുണ്ടെങ്കിലും ചിലര്‍ ഹോറര്‍ ചിത്രങ്ങള്‍ കാണുന്നത് ഇതിന് ഉദാഹരണമാണ്.


ഇതൊക്കെയാണ് ഭയം കുറയ്ക്കാനുള്ള മാർഗങ്ങൾ. ഓർക്കുക, ഭയം മനസ്സിന്റെ സൃഷ്ടിയാണ്. പലപ്പോഴും നമ്മുടെ ചിന്തകളുടെ ഫലമായാണ് അത് ഉണ്ടാകുന്നത്. അതുകൊണ്ട് നമ്മുടെ ചിന്തകളെ ലഘൂകരിച്ച് ഭയത്തെ മറികടന്ന് വെല്ലുവിളികൾ ഏറ്റെടുത്ത് ജീവിതത്തിൽ മുന്നേറാനാണ് ശ്രമിക്കേണ്ടത്. ഒപ്പം വിജയവും പരാജയവും ജീവിതത്തിന്റെ രണ്ട് ഭാഗങ്ങളാണെന്ന് തിരിച്ചറിയുകയും വേണം. ഇവ രണ്ടും ചേർന്നാലേ ജീവിതത്തിന് കൂടുതൽ മനോഹാരിത കൈവരികയുള്ളൂ.

(കൗൺസിലിംഗ് സൈകോളജിസ്റ്റാണ് ലേഖിക)

Keywords: Article, Editor’s-Pick, Overcome Failure, Success Tips, Lifestyle, Career, Market, Food, Sleep, Excercise,Drugs, Failure is caused by fear, Tips to Overcome Failure, Shamil.
< !- START disable copy paste -->

Post a Comment