SWISS-TOWER 24/07/2023

Leaders | ഉമ്മന്‍ചാണ്ടിയും കോടിയേരിയും കാനവുമില്ലാത്ത തിരഞ്ഞെടുപ്പ്; തരംഗമുണ്ടാക്കിയ വി എസ് രോഗശയ്യയിലുമായി; നേതൃശൂന്യതയില്‍ മുന്നണികള്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

/ ഭാമനാവത്ത്

കണ്ണൂര്‍: (KVARTHA) ഉമ്മന്‍ചാണ്ടിയും കോടിയേരിയും കാനവും കാലയവനികയ്ക്കുളളില്‍ മറഞ്ഞു. ജനക്കൂട്ടത്തെ നീട്ടിയും കുറുക്കിയുമുളള തന്റെ കുറിക്കു കൊളളുന്ന പ്രസംഗത്തിലൂടെ ആവേശത്തിരയിളക്കിയ വി എസ് രോഗശയ്യയിലുമായി. തലയെടുപ്പോടെ മുന്നണികളെ നയിച്ച നേതാക്കളുടെ അഭാവമാണ് ഈ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മുന്നണികള്‍ നേരിടുന്ന പ്രതിസന്ധികളിലൊന്ന്. അത്തരം നേതാക്കളുടെ വിയോഗം എല്‍ഡിഎഫിനും യുഡിഎഫിനും ഒരുപോലെ ക്ഷീണം ചെയ്യുകയാണ്. കല്ലുകടിയില്ലാതെ, എണ്ണയിട്ടയന്ത്രം പോലെ മുന്നണിബന്ധം തുടരണമെങ്കില്‍ അസാമാന്യ മെയ്‌വഴക്കം അനിവാര്യമാണ്. അത്തരത്തില്‍ മുന്നണിക്കപ്പലിനെ ആടിയുലയാതെ മുന്നോട്ടുനയിച്ച നേതാക്കള്‍ തീര്‍ത്ത ശൂന്യത അപരിഹാര്യമാണ്.
  
Leaders | ഉമ്മന്‍ചാണ്ടിയും കോടിയേരിയും കാനവുമില്ലാത്ത തിരഞ്ഞെടുപ്പ്; തരംഗമുണ്ടാക്കിയ വി എസ് രോഗശയ്യയിലുമായി; നേതൃശൂന്യതയില്‍ മുന്നണികള്‍

ആള്‍ക്കൂട്ടങ്ങളാല്‍ യുഡിഎഫിന് എന്നും കരുത്തും കരുതലുമായിരുന്നു ഉമ്മന്‍ചാണ്ടി. 2023 ജൂലൈ 18നായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. തുടര്‍ന്നുള്ള രണ്ടുനാള്‍ ഉമ്മന്‍ചാണ്ടിക്ക് കേരളം നല്‍കിയ ചരമോപചാരം മാത്രം മതി, എത്ര ഗാഢമായിരുന്നു ഉമ്മന്‍ചാണ്ടിയുമായി ഈ നാടിനുള്ള വേറുകൂറ് എന്നറിയാന്‍. മുന്നണി സമവാക്യങ്ങള്‍ നിലനിര്‍ത്തുന്നതിലും തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ മെനയുന്നതിലും ഉമ്മന്‍ചാണ്ടിയോളം കൗശലവും സൂക്ഷ്മതയും പുലര്‍ത്തിയ നേതാക്കള്‍ കോണ്‍ഗ്രസില്‍ അപൂര്‍വം. ഉമ്മന്‍ചാണ്ടിയുള്ളിടത്തൊക്കെ ആവേശത്തുരുത്തായി ആള്‍ക്കൂട്ടം രൂപപ്പെടുന്നത് 2021ലെ നിയമസഭാ തെരഞ്ഞെടുപ്പുവരെ കേരളത്തിലെ സ്ഥിരം കാഴ്ചയായിരുന്നു.

ഘടകകക്ഷികള്‍ക്കിടയിലെ തര്‍ക്കങ്ങളും പിണക്കങ്ങളും രമ്യമായി പരിഹരിക്കുന്നതിലും മുന്നണിയില്‍ ഐക്യത്തിന്റെ രസതന്ത്രം രൂപപ്പെടുത്തുന്നതിലും ഉമ്മന്‍ചാണ്ടിയോളം പോന്ന ഒരാളെ കേരളരാഷ്ട്രീയം കണ്ടില്ലെന്നുതന്നെ പറയാം. ആ ഒരു വന്‍മരത്തിന്റെ തണലില്ലാതെയാണ് ഇത്തവണ യുഡിഎഫ് ലോക്സഭാ തെരഞ്ഞെടുപ്പ് നേരിടുന്നത്. ഉമ്മന്‍ചാണ്ടിക്കുശേഷം വന്ന നേതൃത്വത്തിനുള്ള പരിചയക്കുറവും ഐക്യമില്ലായ്മയും യുഡിഎഫ് ക്യാമ്പുകളില്‍ മുഴച്ചുനില്‍ക്കുന്നുമുണ്ട്.

രൂക്ഷവിമര്‍ശനങ്ങളും മുള്ളുവച്ച ആരോപണങ്ങളും കൊണ്ട് കലുഷിതമാണ് ഓരോ തെരഞ്ഞടുപ്പുകാലവും എല്‍ഡിഎഫിന്. അത്തരം എതിര്‍പ്പുകളെയൊക്ക സംഘാടന മികവുകൊണ്ടും ഉരുളയ്ക്കുപ്പേരി പോലുള്ള മറുപടി കൊണ്ടും അസാമാന്യമായി നേരിട്ട നേതാവായിരുന്നു 2022 ഒക്ടോബര്‍ ഒന്നിന് അന്തരിച്ച കോടിയേരി ബാലകൃഷ്ണന്‍. എംഎല്‍എ, മന്ത്രി, പി ബി അംഗം എന്നീ നിലകളിലൊക്ക തിളങ്ങിയെങ്കിലും സിപിഎം സംസ്ഥാന സെക്രട്ടറി എന്ന നിലയ്ക്കാണ് രാഷ്ട്രീയ കേരളം കോടിയേരിയിലെ നേതാവിനെ അദ്യം അടയാളപ്പെടുത്തുക. 2020 നവംബര്‍ 22 മുതല്‍ 2021 ഡിസംബര്‍ ഒന്നു വരെ സെക്രട്ടറിക്കസേരയിലില്ലെങ്കിലും ഏപ്രിലില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിലും എല്‍ഡിഎഫിന് പ്രത്യേകിച്ച് സിപിഎമ്മിന് തണലായത് കോടിയേരിയുടെ നേതൃപാടവം തന്നെ.

സിപിഎമ്മിലെ സൗമ്യമുഖമായിരുന്നെങ്കിലും വാക്കിലും നിലപാടിലുമുള്ള കോടിയേരിയുടെ സ്ഥൈര്യവും കാര്‍ക്കശ്യവും പല പ്രതിസന്ധികളിലും പാര്‍ട്ടിക്ക് കോട്ടപോലെ കരുത്തായി. ഘടകകക്ഷികളുമായി പ്രത്യേകിച്ച് സിപിഐയുമായി മുന്‍ സെക്രട്ടറിമാരുടെ കാലത്തുണ്ടായിരുന്ന ശീതസമരങ്ങളും മൂപ്പിളമത്തര്‍ക്കങ്ങളും അനൈക്യങ്ങളുമൊക്കെ കോടിയേരിക്കാലത്ത് അലിഞ്ഞില്ലാതായി. കോടിയേരിയുടെ അഭാവം മുഖ്യമന്ത്രി പിണറായി വിജയന്‍ മുതല്‍ ബ്രാഞ്ച് സെക്രട്ടറി വരെയുള്ളവര്‍ അടിമുടി തിരിച്ചറിയുന്ന കഠിനകാലമാണ് സിപിഎമ്മിന് ഈ ലോക്സഭാ തെരഞ്ഞെടുപ്പ്. അത്തരമൊരു കപ്പിത്താന്റെ അഭാവം തന്നെയാണ് നിലവില്‍ എല്‍ഡിഎഫ് അനുഭവിക്കുന്ന പ്രതിസന്ധികളില്‍ ഏറ്റവും വലുത്.

സി അച്യുതമേനോന്‍ മുതല്‍ സി.കെ ചന്ദ്രപ്പന്‍ വരെ തലപ്പൊക്കമുള്ള അരഡസന്‍ പാര്‍ട്ടി സെക്രട്ടറിമാരായിരുന്നു കേരളത്തില്‍ സിപിഐയുടെ കരുത്ത്. പികെവിയും വെളിയം ഭാര്‍ഗവനുമൊക്കെ ആ കണ്ണിയിലെ അതിശക്തരും. അവരൊക്കെ ഇരുന്ന കസേരയിലാണ് 2015 മാര്‍ച്ച് രണ്ടുമുതല്‍ 2023 ഡിസംബര്‍ എട്ടുവരെ കാനം രാജേന്ദ്രന്‍ എന്ന കണിശക്കാരനും ഇരുന്നത്. മറ്റു സെക്രട്ടറിമാരൊക്കെ മുന്നണിയിലെ വല്യേട്ടനുമായി നിരന്തരം കലഹിച്ചപ്പോള്‍ കാനത്തിന്റെ കാലത്ത് ചേര്‍ന്നുപോകലിന്റെയും ചേര്‍ത്തുനിര്‍ത്തലിന്റെയും പുതുവഴിയിലായിരുന്നു സിപിഐയും സിപിഎമ്മും.

സംസ്ഥാന സെക്രട്ടറിയായി ചുമതലയേറ്റതിന്റെ തുടക്കത്തില്‍ നിലമ്പൂര്‍ മാവോയിസ്റ്റ് വെടിവയ്പ്, തോമസ് ചാണ്ടി രാജിവിവാദം, ലോ അക്കാദമി സമരം, കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങള്‍ തുടങ്ങിയവയിലെല്ലാം കാനം സിപിഎമ്മിനെ പ്രതിരോധത്തിലാക്കിയെങ്കിലും പിന്നീട് മഞ്ഞുരുക്കത്തിന്റെയും സമരസപ്പെടലിന്റെയും പുതുവഴിവെട്ടാന്‍ കാനം മടിച്ചില്ല. 2016, 2021 കാലഘട്ടത്തിലെ നിയമസഭാ തെരഞ്ഞെടുപ്പുകള്‍ ഇതിന് മികച്ച ഉദാഹരണം. സിപിഎം നേതൃത്വവുമായി കാലങ്ങളായുള്ള കലഹം അവസാനിച്ചതും കാനത്തിന്റെ കാലത്തുതന്നെ. കഴിഞ്ഞ തവണ എല്‍ഡിഎഫിന് തുടര്‍ഭരണം ഉറപ്പാക്കിയത് കാനത്തിനെപ്പോലൊരു നേതാവ് സിപിഐക്ക് ഉണ്ടായതുകൊണ്ടുകൂടിയാണ്.
Aster mims 04/11/2022
  
Leaders | ഉമ്മന്‍ചാണ്ടിയും കോടിയേരിയും കാനവുമില്ലാത്ത തിരഞ്ഞെടുപ്പ്; തരംഗമുണ്ടാക്കിയ വി എസ് രോഗശയ്യയിലുമായി; നേതൃശൂന്യതയില്‍ മുന്നണികള്‍

Keywords:  Lok Sabha Election, Politics, UDF, LDF, Oommen Chandy, Kodiyeri Balakrishnan, Kannur, Congress, Election, Thomas Chandy, Leaders, Election without popular leaders.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia