Movie | നടി സീമയുടെ 'അവളുടെ രാവുകൾ'ക്ക് പ്രായം 46

 


/ സോണൽ മൂവാറ്റുപുഴ

(KVARTHA) നടി സീമയെന്ന് കേൾക്കുമ്പോൾ പഴയ തലമുറയിലുള്ള മലയാളികളുടെ മനസ്സിൽ ആദ്യം ഓടിയെത്തുന്നത് അവളുടെ രാവുകൾ എന്ന സിനിമയാണ്. 1978 മാർച്ച് മൂന്നിന് ഐ. വി. ശശിയുടെ സംവിധാനത്തിൽ പിറന്ന ഈ സിനിമയിൽ ആരെയും ആകർക്ഷിക്കുന്ന ഒരു സെക്സി കഥാപാത്രമായിട്ടാണ് സീമ പ്രത്യക്ഷപ്പെടുന്നത്. ജയൻ എന്ന് പറയുമ്പോൾ എല്ലാവരും സീമയെ ചേർക്കുന്നതുപോലെ തന്നെ അവളുടെ രാവുകൾ എന്ന സിനിമയെപ്പറ്റി പറയുമ്പോഴും ഓരോ മലയാളിയുടെ മനസിലും സീമ വരാതിരിക്കില്ല. നടി സീമ അത്രമാത്രം പ്രേക്ഷക ശ്രദ്ധയും പ്രശംസയും പിടിച്ചു പറ്റിയ സിനിമയായിരുന്നു അവളുടെ രാവുകൾ. ഇപ്പോൾ ആ സിനിമയ്ക്ക് പ്രായം 46 കവിഞ്ഞിരിക്കുന്നു.
 
Movie | നടി സീമയുടെ 'അവളുടെ രാവുകൾ'ക്ക് പ്രായം 46

മലയാളത്തിൽ ഹിറ്റായതോടെ ചിത്രം തമിഴ്, കന്നട ഭാഷകളിലേക്ക് മൊഴി മാറ്റി റിലീസ് ചെയ്തു. അതും സൂപ്പർ ഹിറ്റായിരുന്നു. ചെന്നൈയിൽ നൂറ് ദിവസം തുടർച്ചയായി തിയേറ്ററിൽ പ്രദർശിപ്പിച്ച മലയാള ചിത്രമായിരുന്നു അവളുടെ രാവുകൾ. കൂടാതെ ചിത്രം ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യപ്പെടുകയുമുണ്ടായി. മലയാളത്തിലെ ആദ്യത്തെ പാൻ ഇന്ത്യൻ സിനിമയായിരുന്നു അവളുടെ രാവുകൾ എന്ന് പറഞ്ഞാൽ അതിൽ അതിശയോക്തിയില്ല. സമൂഹത്തിന്റെ സദാചാര ബോധത്തിനും, കാഴ്ചപ്പാടിനും വിരുദ്ധമായിരുന്നിട്ടും, ആ സബ്ജക്ടിന്റെ സാദ്ധ്യത തിരിച്ചറിഞ്ഞ് സിനിമ യാഥാർത്ഥ്യമാക്കുകയായിരുന്നു സംവിധായകൻ ഐ.വി ശശി. ശരിക്കും അദ്ദേഹത്തിൻ്റെ ഉൾക്കാഴ്ചയിലും ആർജവത്തിലും പിറന്ന ചിത്രമായിരുന്നു അവളുടെ രാവുകൾ.

കടുത്ത സദാചാര ചിന്തകൾ നിലനിന്നിരുന്ന ഒരു ജനതക്ക് മുന്നിൽ സമൂഹത്തിൽ നിലയും വിലയുമുള്ള അഭ്യസ്ഥവിദ്യനായ ഒരു യുവാവ് ലൈംഗിക തൊഴിലാളിയായ ഒരു യുവതിയെ ജീവിത സഖിയാക്കുന്ന സിനിമയുമായി കടന്ന് ചെല്ലുക എന്നത് അൽപം കടന്ന ചിന്തയായതിനാൽ സിനിമാക്കാരാരും തന്നെ കൈ വെക്കാൻ മടിച്ച ഒരു പ്രമേയമാണ് സംവിധായകൻ ഐ.വി ശശി സധൈര്യം ഏറ്റെടുത്തത്. കൂടെയുള്ളവർ നിരുത്സാഹപ്പെടുത്തിയിട്ടും, തന്റെ സിനിമ യാഥാർത്ഥ്യമാക്കാൻ ഇറങ്ങിത്തിരിച്ച ഐ.വി ശശിയുടെ ആർജ്ജവത്തെ പ്രശംസിക്കാതിരിക്കാനാവില്ല. അതുപോലെ തന്നെ ഇത്തരം ഒരു സിനിമയിലെ നായികാവേഷം ചെയ്യാൻ സീമയെന്ന അതുല്യ നടി കാണിച്ച തന്റേടവും എടുത്ത് പറയേണ്ടതാണ്.

മലയാള സിനിമയിലെ കരുത്തുറ്റ അഞ്ച് സ്ത്രീ കഥാപാത്രങ്ങളെടുത്താൽ അതിലൊന്ന് അവളുടെ രാവുകളിലെ രാജിയാണ്. നെറ്റി ചുളിച്ചവർക്ക് മുന്നിൽ എ സർട്ടിഫിക്കറ്റോടെ റിലീസ് ചെയ്ത അവളുടെ രാവുകൾ എ സർട്ടിഫിക്കറ്റ് നേടിയിട്ടും ആ വർഷത്തെ പണം വാരി ചിത്രമായതും, കുടുംബ പ്രേക്ഷകർ പോലും ഏറ്റെടുത്ത ചിത്രമായതും ചരിത്രം. ആലപ്പി ഷെറീഫ് തിരക്കഥയൊരുക്കിയ ചിത്രം നിർമ്മിച്ചത് എം പി രാമചന്ദ്രനായിരുന്നു. ബ്ലാക്ക് ആൻഡ് വൈറ്റിൽ ചിത്രീകരിച്ച സിനിമ ജനങ്ങളുടെ ഉള്ളിൽ പതിഞ്ഞതിൽ വിപിൻദാസ് എന്ന ഛായാഗ്രഹകന്റെ മികവ് ചെറുതല്ല. ചിത്രസംയോജനം നിർവഹിച്ചത് കെ നാരായണനായിരുന്നു.

ബിച്ചു തിരുമല രചിച്ച്, എ. ടി ഉമ്മർ സംഗീതം നൽകിയ അവളുടെ രാവുകളിലെ ഗാനങ്ങൾ വർഷങ്ങൾക്കിപ്പുറവും മലയാളികളുടെ പ്ലേ ലിസ്റ്റിലെ പ്രിയ ഗാനങ്ങളായി തുടരുന്നു. ഐ വി ശശി സിനിമകളിലെ സ്ഥിരം സാന്നിധ്യമായിരുന്ന എം.ഒ. ദേവസ്യയായിരുന്നു ചമയം നിർവ്വഹിച്ചത്. രവികുമാറായിരുന്നു ചിത്രത്തിലെ നായകൻ. കൂടാതെ എം ജി സോമൻ, സുകുമാരൻ, ബഹദൂർ, കുതിരവട്ടം പപ്പു, ശങ്കരാടി, കവിയൂർ പൊന്നമ്മ, ഉഷാറാണി, മീന, മല്ലിക, സത്താർ, മാസ്റ്റർ രഘു എന്നിവരായിരുന്നു മറ്റ് പ്രധാന കഥാപാത്രങ്ങൾ. സൂപ്പർ സ്റ്റാർ കമൽഹാസനും, സംവിധായകൻ ഐ വി ശശിയും ഗസ്റ്റ് റോളിൽ തിരശീലയിലെത്തി. ചിത്രത്തിന്റെ അരങ്ങിലും, അണിയറയിലും പ്രവർത്തിച്ച ഭൂരിഭാഗം പേരും കാലയവനികക്കുള്ളിൽ മറഞ്ഞെങ്കിലും, അവർ ജീവൻ കൊടുത്ത കഥാപാത്രങ്ങൾ അനശ്വരമായി മലയാളികൾക്കുള്ളിൽ നിറഞ്ഞ് നിൽക്കുന്നു.

Movie | നടി സീമയുടെ 'അവളുടെ രാവുകൾ'ക്ക് പ്രായം 46

Keywords:  Movies, Entertainment, Cinema, Avalude Ravukal, Seema, Generation, Malayalam, I V Sasi, Jayan, Tamil, Kannada, Hit, Theater, Chennai, Hindi, Morality, Women,  Family, Audience, Alleppey Sheriff, Screenplay, 46 years of Avalude Ravukal.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia