Old Movie | ജയനെ സൂപ്പർഹീറോയാക്കിയ 'ശരപഞ്ചരം', 45-ാം വർഷത്തിലും മിന്നിത്തിളങ്ങുന്നു!

 


/ സോണി കല്ലറയ്ക്കൽ

(KVARTHA)
നടൻ ജയനെ സൂപ്പർഹീറോയാക്കിയ ശരപഞ്ചരത്തിന് ഇത് 45-ാം വാർഷികം. 1979ൽ രണ്ട് ചിത്രങ്ങളാണ് ആ വർഷം ഹരിഹരന്റേതായി പുറത്തിറങ്ങിയത്. ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ചയും ശരപഞ്ചരവും. ഇരു സിനിമകളും പ്രശസ്ത സാഹിത്യകാരൻമാരായ എം ടിയുടേയും മലയാറ്റൂരിന്റെയും രചനകളായിരുന്നു. രണ്ട് ചിത്രങ്ങളും നിരൂപക പ്രശംസയും പ്രേക്ഷക പ്രീതിയും ഏറ്റുവാങ്ങി. പ്രമേയപരമായി ചില സമാനതകൾ ഉണ്ടെങ്കിലും രണ്ട് ചിത്രങ്ങളും തികച്ചും വ്യത്യസ്ത പശ്ചാത്തലത്തിൽ ഉള്ളവയായിരുന്നു. 'ഡേയ് പയ്യൻ നീയെന്നെ ശരിക്കും മനസിലാക്കിയിട്ടില്ല..' 70കളിലെ യുവത്വം ഏറ്റെടുത്ത ഡയലോഗാണിത്. ഈ ഡയലോഗ് മാത്രമല്ല ഡയലോഗ് പറഞ്ഞയാളെയും മലയാള സിനിമാ പ്രേക്ഷകർ ഹർഷാരവങ്ങളോടെ സ്വീകരിച്ചു.
  
Old Movie | ജയനെ സൂപ്പർഹീറോയാക്കിയ 'ശരപഞ്ചരം', 45-ാം വർഷത്തിലും മിന്നിത്തിളങ്ങുന്നു!

മലയാള സിനിമയിൽ അത് വരെ കേട്ട് കേൾവി പോലുമില്ലാത്ത ഒന്നായിരുന്നു പ്രതിനായക വേഷത്തിലൂടെ ഒരാൾ സൂപ്പർ താര പദവി കൈവരിക്കുന്നത്. അത് മറ്റാരുമല്ല മലയാളി ഇന്നും മനസിൽ കൊണ്ടാടുന്ന മാസ് ഹീറോ ജയൻ തന്നെ, ചിത്രം ശരപഞ്ചരം. കുതിരക്കാരൻ വീട്ടുകാരനായ കഥ. അതായിരുന്നു ശരപഞ്ചരം എന്ന ചിത്രം. യൂറോപ്പിലും അമേരിക്കയിലുമെല്ലാം വിവാദ കൊടുകാറ്റ് സൃഷ്ടിച്ച, ഡി.എച്ച് ലോറൻസിന്റെ 'ലേഡി ചാറ്റർലിയുടെ കാമുകൻ' എന്ന കൃതിയിൽ നിന്നും പ്രചോദനമുൾക്കൊണ്ടാണ് പ്രശസ്ത സാഹിത്യകാരൻ മലയാറ്റൂർ രാമകൃഷ്ണൻ ശരപഞ്ചരത്തിന്റെ രചന നിർവഹിക്കുന്നത്.

ധനാഢ്യയായ സൗദാമിനിയുടെ വീട്ടിൽ കുതിരക്കാരനായി വന്ന് ഒടുവിൽ ഗൃഹനാഥനായി മാറുന്ന ചന്ദ്രശേഖരനെന്ന ഒറ്റയാന്റെ കഥയാണ് ഹരിഹരൻ ദൃശ്യവൽക്കരിച്ചത്. സ്വന്തം സുഖത്തിനും ഉന്നമനത്തിനും വേണ്ടി ഏതറ്റം വരെയും പോകാൻ മടിയില്ലാത്ത ചന്ദ്രശേഖരൻ തന്നെയാണ് ശരപഞ്ചരത്തിലെ നായകനും പ്രതിനായകനും. ശരപഞ്ചരത്തിൽ ജയന്റെ ചന്ദ്രശേഖരൻ എന്ന കഥാപാത്രത്തിനൊപ്പം തന്നെ പ്രാധാന്യമുള്ള വേഷമാണ് ഷീല അവതരിപ്പിക്കുന്ന സൗദാമിനിയുടേതും. താരപദവിയിൽ തിളങ്ങി നിൽക്കുന്ന വേളയിൽ അൽപ്പം നെഗറ്റീവ് ഷേഡുള്ള ഇത്തരം കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതിന് ഷീല മുമ്പും മടി കാണിച്ചിട്ടില്ല. സത്താറും ശ്രദ്ധ പിടിച്ചു പറ്റി.

ചിത്രത്തിലുടനീളമുള്ള കഥാപാത്രമായിരുന്നു ഒടുവിൽ ഉണ്ണികൃഷ്ണന്റേത്. പക്ഷേ ചിത്രം ഒടുവിലിന് ബ്രേക്ക് നൽകിയില്ല. പിന്നെയും വർഷങ്ങൾ കഴിഞ്ഞാണ് അദ്ദേഹം ശ്രദ്ധേയനാകുന്നത്. പി കെ എബ്രഹാം, നെല്ലിക്കോട് ഭാസ്ക്കരൻ, കോട്ടയം ശാന്ത തുടങ്ങിയവരോടൊപ്പം ജൂനിയർ ആർട്ടിസ്റ്റുകളായി 80കളുടെ തുടക്കത്തിൽ മലയാളത്തിലും തമിഴിലും നായക വേഷങ്ങൾ ചെയ്ത ശങ്കറും ശരത് ബാബുവും ഉണ്ടായിരുന്നു. 1986ൽ അൻജാം എന്ന പേരിൽ ശരപഞ്ചരം ഹിന്ദിയിൽ ഹരിഹരൻ തന്നെ റീമേക്ക് ചെയ്യുകയുണ്ടായി. ഷീലയുടെ റോൾ ചെയ്ത ഹേമമാലിനി തന്റെ വേഷം ഭംഗിയാക്കി എങ്കിലും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ഇനാം ദാരിന് ജയന്റെ നിഴലാകാനേ സാധിച്ചുള്ളൂ. 1976ൽ പഞ്ചമിയിലൂടെ ജയന് ബ്രേക്ക് നൽകിയ ഹരിഹരൻ, ശരപഞ്ചരത്തിലൂടെ ജയന് താരപരിവേഷവും നൽകി.

1974ൽ ജേസിയുടെ ശാപമോക്ഷം എന്ന ചിത്രത്തിലൂടെ അരങ്ങേറിയ ജയൻ തിരിച്ചറിയപ്പെടുന്ന ഒരു നടനാകുന്നത് പഞ്ചമിയിലെ വേഷത്തിലൂടെയാണ്. തുടർന്ന് പ്രേംനസീർ, മധു, സോമൻ തുടങ്ങി അന്നത്തെ പ്രമുഖ താരങ്ങളുടെയെല്ലാം ചിത്രങ്ങളിൽ വില്ലനായോ സഹനടനായോ ജയൻ വേഷമിട്ടു. പ്രേംനസീർ നായകനായി അഭിനയിച്ച ചിത്രങ്ങളിലെ ഉപനായക വേഷങ്ങളിലൂടെ ജയന് പതിയെ ജനപ്രീതി കൈവന്നു. തച്ചോളി അമ്പു, കണ്ണപ്പനുണ്ണി, ലിസ, ഇരുമ്പഴികൾ എന്നീ ചിത്രങ്ങൾ ജയന്റെ താരപദവിയിലേക്കുള്ള യാത്രയിൽ നിർണ്ണായകമായിരുന്നു. ഇരുമ്പഴികളിൽ ഏറ്റവുമധികം കയ്യടി നേടിയത് ജയനായിരുന്നു. അമിതാഭ് ബച്ചന് ഷോലെ എങ്ങനെയായിരുന്നോ അതേ പോലെയാണ് ജയന് ഇരുമ്പഴികൾ.

ജൂനിയർ ആർട്ടിസ്റ്റിൽ നിന്നും വില്ലൻ വേഷങ്ങളിലേക്കും തുടർന്ന് ഉപനായക വേഷങ്ങളിലേക്കും ക്രമാനുഗതം വളർച്ച പ്രാപിച്ച ജയൻ ശരപഞ്ചരത്തിലെ പ്രതിനായക വേഷത്തിലൂടെ അക്ഷരാർത്ഥത്തിൽ സൂപ്പർ താരമായി മാറുകയായിരുന്നു. ജയന്റെ ഡയലോഗ് ഡെലിവറിയും ബോഡി ലാംഗ്വേജും സ്റ്റൈലൻ ഡ്രസ്സ് സെൻസും സർവ്വോപരി സാഹസികതയും യുവജനങ്ങൾ ഏറ്റെടുത്തു. ഒരു യുഗം അവിടെ ആരംഭിക്കുകയായിരുന്നു. മലയാളത്തിൽ സോമനും സുകുമാരനും നിഷേധ യൗവനങ്ങളെ അവതരിപ്പിച്ച് കയ്യടി നേടിയെങ്കിലും പ്രേഷകർക്ക് ഒരു പൂർണ്ണത കൈവരുന്നത് ജയന്റെ കഥാപാത്രങ്ങളിലൂടെയാണ്. ജയന്റെ ശരീര സൗന്ദര്യത്തെ പരമാവധി ചൂഷണം ചെയ്ത ചിത്രമാണ് ശരപഞ്ചരം.
  
Old Movie | ജയനെ സൂപ്പർഹീറോയാക്കിയ 'ശരപഞ്ചരം', 45-ാം വർഷത്തിലും മിന്നിത്തിളങ്ങുന്നു!

ജയന്റെ ഫിസിക്കിനോട് കിടപിടിക്കത്തക്ക നായക നടൻമാർ ദക്ഷിണേന്ത്യൻ സിനിമയിൽ അന്നില്ലായിരുന്നു താനും. ഇന്ത്യൻ സിനിമയിൽ തന്നെ ധർമ്മേന്ദ്ര മാത്രമായിരുന്നു ഇക്കാര്യത്തിൽ ജയനോട് താരതമ്യപ്പെടുത്താൻ അന്നുണ്ടായിരുന്നത്. കരിയറിലെ നിർണ്ണായക വിജയങ്ങൾ തന്ന ഹരിഹരനുമായി ജയന് ശരപഞ്ചരത്തിന് ശേഷം പിന്നീടൊരിക്കലും ഒരുമിക്കാനായില്ല. ജയൻ എന്ന് കേൾക്കുമ്പോൾ ഇന്നും പഴയ കാലത്തെ ആളുകളിലേയ്ക്ക് ഓടിയെത്തുന്ന സിനിമ ശരപഞ്ചരം തന്നെ ആയിരിക്കും. അത്രമാത്രം മാറ്റ് ഉണ്ട് ആ സിനിമയ്ക്ക്. ജയനും ഷീലയും തകർത്ത് അഭിനയിച്ച സിനിമ എന്നു വേണമെങ്കിൽ ശരപഞ്ചരത്തെ വിശേഷിപ്പിക്കാം. ഈ സിനിമയ്ക്ക് ഈ മാർച്ചിൽ 45 വയസ് തികഞ്ഞിരിക്കുകയാണ്..
45 years of Sarapancharam Movie.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia