Lok Sabha Election | രാഹുൽ ഗാന്ധി റായ്ബറേലിയിലും, പ്രിയങ്കാ ഗാന്ധി അമേഠിയിലും മത്സരിക്കുമോ?

 


_കെ ആർ ജോസഫ് മുണ്ടക്കയം_

(KVARTHA) സോണിയാ ഗാന്ധി ഇനി പാർലമെൻ്റ് സീറ്റിൽ മത്സരിക്കില്ല. അവർ രാജ്യസഭയിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. ഇപ്പോൾ കേൾക്കുന്നത് സോണിയ ഇതുവരെ പ്രതിനിധാനം ചെയ്ത റായ്ബറേലി സിറ്റിൽ മകൻ രാഹുൽ ഗാന്ധി മത്സരിക്കുമെന്നാണ്. കഴിഞ്ഞ തവണ രാഹുൽ ഗാന്ധി മത്സരിച്ചു തോറ്റ യു.പി യിലെ അമേഠിയിൽ നിന്നും രാഹുൽ ഗാന്ധിയുടെ സഹോദരി പ്രിയങ്കാ ഗാന്ധി കോൺഗ്രസിന് വേണ്ടി ജനവിധി തേടുമെന്നാണ് അറിയുന്നത്. ഇവിടെ ബി.ജെ.പി യുടെ സ്‌മൃതി ഇറാനിയാണ് നിലവിലെ എം.പി. കഴിഞ്ഞ തവണ രാഹുൽ ഗാന്ധിയെയാണ് സ്‌മൃതി ഇറാനി പരാജയപ്പെടുത്തിയത്. അതിനാൽ തന്നെ വനിതയായ സ്‌മൃതി ഇറാനിക്കെതിരെ ഒരു വനിതയെ തന്നെ ഇറക്കി മത്സരിപ്പിക്കാനാണ് കോൺഗ്രസ് നീക്കം. അത് പ്രിയങ്ക ആകുമ്പോൾ കൂടുതൽ നല്ലതാകുമെന്ന് നേതാക്കൾ വിശ്വസിക്കുന്നു.
  
 Lok Sabha Election | രാഹുൽ ഗാന്ധി റായ്ബറേലിയിലും, പ്രിയങ്കാ ഗാന്ധി അമേഠിയിലും മത്സരിക്കുമോ?

അമേഠി എക്കാലവും ഒരു കോൺഗ്രസ് ചായ്‌വ് ഉള്ള മണ്ഡലം തന്നെയായിരുന്നു. അതിന് ഒരു മാറ്റം സംഭവിച്ചത് കഴിഞ്ഞ തവണയാണ്. ഇനി ഗാന്ധി കുടുംബത്തിൽ നിന്നുള്ള ഒരാളല്ല ഇവിടെ മത്സരിക്കുന്നതെങ്കിൽ മറ്റ് എല്ലാ പാർലമെൻ്റ് മണ്ഡലങ്ങളും പോലെ അമേഠിയും ക്രമേണ ബി.ജെ.പി യുടെ ചൊൽപ്പടിയിലാകുമെന്ന് കോൺഗ്രസ് നേതൃത്വം കണക്ക് കൂട്ടുന്നു. രാജീവ് ഗാന്ധി, സോണിയാ ഗാന്ധി, ക്യാപ്റ്റൻ സതീഷ് ശർമ്മ തുടങ്ങിയ കോൺഗ്രസ് നേതാക്കളൊക്കെ തന്നെ വൻ ഭൂരിപക്ഷത്തിൽ വിജയിച്ച മണ്ഡലം കൂടിയാണ് അമേഠി. ഇവിടെ കഴിഞ്ഞ തവണ രാഹുൽ ഗാന്ധിയ്ക്കാണ് കാലിടറിയത്. അമേഠിയിലും വയനാട്ടിലും മത്സരിച്ചതിനാൽ വയനാട്ടിലെ ജയം കൊണ്ട് രാഹുൽ ഗാന്ധിയ്ക്ക് എം.പി ആകാൻ സാധിച്ചു.

 Lok Sabha Election | രാഹുൽ ഗാന്ധി റായ്ബറേലിയിലും, പ്രിയങ്കാ ഗാന്ധി അമേഠിയിലും മത്സരിക്കുമോ?
  
ഇനി അമേഠി പോയാൽ പിന്നെ ഒരിക്കലും തിരിച്ചു കിട്ടിയെന്ന് വരില്ല. പ്രിയങ്കയിലാണ് ഇപ്പോൾ ഏവരുടെയും പ്രതീക്ഷ. ഇന്ദിരാഗാന്ധി കൊല്ലപ്പെട്ട്
രാജീവ് ഗാന്ധി കോൺഗ്രസ് പ്രസിഡൻ്റായും പ്രധാനമന്ത്രിയായും അധികാരമേറ്റ ശേഷം നടന്ന ആദ്യ തെരഞ്ഞെടുപ്പിൽ രാജീവ് ഗാന്ധി മത്സരിക്കാൻ തെരഞ്ഞെടുത്തത് അമേഠി ലോക്സഭാ മണ്ഡലം ആയിരുന്നു. അത്രയ്ക്കും സുരക്ഷിതമായിരുന്നു കോൺഗ്രസിന് ഈ അമേഠി. രാജീവ് ഗാന്ധി കൊല്ലപ്പെടും വരെ അദ്ദേഹം സ്ഥിരമായി മത്സരിച്ചത് അമേഠി മണ്ഡലത്തിൽ തന്നെ ആയിരുന്നു. തൻ്റെ സഹോദര ഭാര്യയെ പോലും ഈ മണ്ഡലത്തിൽ തോൽപ്പിച്ച ചരിത്രമുണ്ട് രാജീവിന്.

ഒരു സമയത്ത് രാജീവ് ഗാന്ധിയുടെ സഹോദരൻ സഞ്ജയ് ഗാന്ധിയുടെ പത്നി മനേക ഗാന്ധി ആയിരുന്നു ഇവിടെ രാജീവിൻ്റെ എതിരാളി. എന്നിട്ട് പോലും രാജീവിന് ചുവട് പിഴച്ചില്ലെന്ന് വേണം പറയാൻ. സഞ്ജയ് ഗാന്ധി വിമാനാപകടത്തിൽ കൊല്ലപ്പെടുന്നതിന് മുൻപ് ഇന്ത്യൻ നാഷണൽ കോൺഗ്രസിൻ്റെ ദേശീയ ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ചയാളാണ്. ഈ മണ്ഡലത്തിൽ അദ്ദേഹത്തിന് വലിയ ബന്ധങ്ങളാണ് ഉണ്ടായിരുന്നത്. എന്നിട്ട് പോലും അദേഹത്തിൻ്റെ ഭാര്യ രാജീവ് ഗാന്ധിയുടെ എതിരാളിയായി വന്നപ്പോൾ ഇവിടെ വലിയ ഭൂരിപക്ഷത്തിന് തോൽക്കുകയാണ് ചെയ്തത്. അത്രമാത്രം ഉണ്ട് ഈ മണ്ഡലത്തിന് കോൺഗ്രസിനോടുള്ള താല്പര്യം.

രാജീവ് ഗാന്ധി മരിച്ചതിനു ശേഷം അമേഠിയിൽ മത്സരിച്ചത് അദേഹത്തിൻ്റെ ഭാര്യ സോണിയാ ഗാന്ധി ആയിരുന്നു. സോണിയായെയും അമേഠിക്കാൻ വൻ ഭൂരിപക്ഷത്തിൽ പാർലമെൻ്റിലേയ്ക്ക് തെരഞ്ഞെടുത്തു വിട്ടു. പിന്നീട് സോണിയാ ഗാന്ധി ഈ മണ്ഡലം മകൻ രാഹുൽ ഗാന്ധിയ്ക്ക് വേണ്ടി ഒഴിഞ്ഞു കൊടുക്കുകയാണ് ചെയ്തത്. പിന്നീട് അവർ മത്സരിക്കാൻ റായ്ബറേലി തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യ തവണ രാഹുൽ വലിയ ഭൂരിപക്ഷത്തിൽ ജയിച്ചെങ്കിലും പിന്നീട് അമേഠി മണ്ഡലം രാഹുലിനെ കൈവിടുന്നതാണ് കണ്ടത്. കോൺഗ്രസ് ഭൂരിപക്ഷ മണ്ഡലമായ വയനാട്ടിൽ വന്ന് മത്സരിച്ചതുകൊണ്ട് എന്ത് നേട്ടമാണ് രാഹുൽ ഗാന്ധിയ്ക്ക് കോൺഗ്രസിന് ഉണ്ടാക്കിക്കൊടുക്കാൻ പറ്റുന്നതെന്ന ചോദ്യം ഇപ്പോൾ ശക്തമാണ്. ആ നിലയിൽ ആണ് വയനാട് മാറി ഒരു ചിന്തയ്ക്ക് രാഹുൽ ഗാന്ധിയെ പ്രേരിപ്പിക്കുന്നത്.

അങ്ങനെ വന്നാൽ രാഹുൽ മത്സരിക്കാൻ തെരഞ്ഞെടുക്കുക റായ്ബറേലി ആകും. സോണിയയെ മാത്രമല്ല, ഇന്ദിരാഗാന്ധിയെ കൂടി ജയിപ്പിച്ചു വിട്ട മണ്ഡലമാണ് റായ്ബറേലി. തുടർച്ചയായി ഇന്ദിരാഗാന്ധി ഇവിടെ നിന്ന് പാർലമെൻ്റിലേയ്ക്ക് ജയിച്ചിരുന്നു. അതുകൊണ്ട് തന്നെ അമേഠി പോലെ തന്നെ കോൺഗ്രസുകാർക്ക് പ്രധാനപ്പെട്ടത് ആണ് റായ്ബറേലിയും. വയനാട്ടിൽ രാഹുൽ ഗാന്ധി മത്സരിച്ചില്ലെങ്കിൽ സീനിയർ കോൺഗ്രസ് നേതാവ് കെ. സി.വേണുഗോപാൽ വയനാട്ടിൽ നിന്ന് മത്സരിക്കുമെന്ന് സൂചനയുണ്ട്.

വേണുഗോപാൽ വയനാട്ടിൽ മത്സരിച്ചില്ലെങ്കിൽ എം.എം. ഹസന് വയനാട്ടിൽ നറുക്ക് വീഴുമെന്നും അറിയുന്നു. ആരുമത്സരിച്ചാലും യു.ഡി.എഫ് സ്ഥാനാർത്ഥിക്ക് പാട്ടും പാടി ജയിക്കാൻ പറ്റുന്ന മണ്ഡലമാണ് വയനാട്. രാഹുലിന് മുൻപ് അന്തരിച്ച എം.ഐ ഷാനവാസ് ആയിരുന്നു ഇവിടുത്തെ എം.പി. കെ.സി.വേണുഗോപാൽ ആലപ്പുഴയിൽ നിന്ന് മത്സരിക്കണമെന്ന് മുറവിളി കൂട്ടുന്നവർ ധാരാളം കോൺഗ്രസിലുണ്ട്. അതുകൊണ്ട് വേണുഗോപാൽ അവസാന നിമിഷം ആലപ്പുഴയിലെ യു.ഡി.എഫ് സ്ഥാനാർത്ഥിയായി എത്തിയാൽ പോലും അത്ഭുതപ്പെടാനില്ല.


Keywords:  News, News-Malayalam-News, National, National-News, Election-News, Lok-Sabha-Election-2024, Rahul Gandhi, Priyanka Gandhi, Congress, BJP, Politics, Will Rahul Gandhi and Priyanka Gandhi contest from Amethi, Rae Bareli. < !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia