Budget | കേന്ദ്രബജറ്റിൽ സാധാരണക്കാരന് കിട്ടിയതെന്ത്?

 


/ സോണി കല്ലറയ്ക്കൽ

(KVARTHA) രണ്ടാംമോദി സര്‍ക്കാരിന്‍റെ അവസാന ബജറ്റ് ലോക് സഭയിൽ അവതരിപ്പിച്ചിരിക്കുകയാണ് കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ. വമ്പൻ അവകാശവാദങ്ങളൊന്നും ഇല്ലാതെ 58 മിനിറ്റുകൾകൊണ്ട് അവതരിപ്പിച്ച ഈ ബജറ്റ് ഇപ്പോൾ തുറന്ന ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ്. 2019ന് ശേഷമുള്ള ഏറ്റവും ചെറിയ ബജറ്റ് പ്രസംഗം ആണിത് എന്ന് പറയാം. മോദി സർക്കാർ 10 വർഷം കൊണ്ട് ചെയ്ത നേട്ടങ്ങളെ പ്രകീർത്തിക്കാൻ ആണ് ബജറ്റിൽ പൂർണമായും മന്ത്രി ശ്രദ്ധിച്ചത്. 10 വര്‍ഷത്തെ പ്രകടനം മുന്‍നിര്‍ത്തി ജനങ്ങള്‍ വീണ്ടും മോദി സര്‍ക്കാരിനെ അനുഗ്രഹിക്കുമെന്ന് പറയാനും കേന്ദ്ര ധനമന്ത്രി മുതിർന്നു എന്നതും ശ്രദ്ധേയമാണ്.

Budget | കേന്ദ്രബജറ്റിൽ സാധാരണക്കാരന് കിട്ടിയതെന്ത്?

ബജറ്റിൽ പ്രധാനമായി പറഞ്ഞ കാര്യങ്ങൾ ഇതാണ്. പ്രധാനമന്ത്രി ആവാസ യോജനയിലൂടെ രണ്ട് കോടി വീടുകള്‍ കൂടി യാഥാര്‍ത്ഥ്യമാകും. തൊഴിലിടത്തിലെ സ്ത്രീ പങ്കാളിത്തം കൂട്ടി, 2047 ല്‍ രാജ്യത്തെ വികസിത രാജ്യമാക്കും, 35 ലക്ഷം തൊഴില്‍ അവസരങ്ങള്‍ ഉടന്‍ സാധ്യമാക്കും. ഇന്‍റഗ്രേറ്റഡ് മത്സ്യ പാര്‍ക്കുകള്‍ യാഥാര്‍ത്ഥ്യമാക്കും. രാഷ്ടീയ ഗോകുല്‍ മിഷന്‍ വഴി പാല്‍ ഉല്‍പ്പാദനം കൂട്ടും. ജനസംഖ്യ വര്‍ധന പഠിക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിക്കും. ഇടത്തരക്കാര്‍ക്ക് സ്വന്തമായി വീട് നിര്‍മ്മിക്കാന്‍ സഹായം. ഒരു കോടി വീടുകള്‍ക്ക് 300 യൂണിറ്റ് സൗരോര്‍ജ്ജ പദ്ധതി. സംസ്ഥാനങ്ങള്‍ക്ക് ദീര്‍ഘകാല അടിസ്ഥാനത്തില്‍ വായ്പ നല്‍കും, പലിശ രഹിത വായ്പ ഈ വര്‍ഷവും തുടരും.

ലക്ഷദ്വീപ് അടക്കമുള്ള ദ്വീപുകളില്‍ അടിസ്ഥാന സൗകര്യവികസനം. സ്വയം സഹായ സംഘങ്ങളില്‍ 9 കോടി വനിതകള്‍ക്ക് സഹായം നല്‍കാനുള്ള പദ്ധതി സര്‍ക്കാര്‍ തുടരും. യുവാക്കളുടെ ഗവേഷണത്തിന് ധനസഹായം നല്‍കും. മൂന്ന് പ്രധാന റെയില്‍വേ സാമ്പത്തിക ഇടനാഴി പദ്ധതികള്‍ നടപ്പാക്കും. കൂടുതല്‍ മെഡിക്കല്‍ കോളജുകള്‍ തുടങ്ങും. 11 ലക്ഷംകോടി രൂപയാണ് അടിസ്ഥാന സൗകര്യ വികസനത്തിന്, പുതിയ വിമാനത്താവളങ്ങള്‍ക്ക് അനുമതി നല്‍കും. സെര്‍വിക്കല്‍ ക്യാന്‍സര്‍ തടയാനുള്ള കുത്തിവയ്പ്പിന് സര്‍ക്കാര്‍ ധനസഹായം. ആദായ നികുതി സ്ലാബുകളിലും, നികുതി നിരക്കുകളിലും മാറ്റമില്ല തുടങ്ങിയവയൊക്കെയാണ്.

ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിച്ച ബജറ്റ് ഒരര്‍ഥത്തില്‍ സര്‍പ്രൈസ് ആയിരുന്നു. വരാനിരിക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പിനെ ലാക്കാക്കിയുള്ള ജനപ്രിയ പ്രഖ്യാപനങ്ങള്‍ നിറഞ്ഞതാവും ബജറ്റ് എന്ന പ്രതീക്ഷകളെ അസ്ഥാനത്താക്കുന്നതായിരുന്നു സീതാരാമന്റെ ആറാമത്തെ ബജറ്റ്. ബി.ജെ.പി വീണ്ടും അധികാരത്തിൽ തിരിച്ചെത്തും എന്ന ആത്മവിശ്വാസത്തിലൂന്നിയതായിരുന്ന ഈ ബജറ്റ്. മോദി സർക്കാരിൻ്റെ ഗുണഗണങ്ങളെ വർണ്ണിക്കാൻ മാത്രമായിരുന്നു ബജറ്റിലൂടനീളവും മന്ത്രി ശ്രമിച്ചത്. ജനങ്ങളുടെ ജീവല്‍ പ്രശ്‌നങ്ങള്‍ക്ക് ഒരു പരിഹാരവും ബജറ്റിലില്ല. വിവിധ പദ്ധതികള്‍ക്കായുള്ള കേന്ദ്രവിഹിതത്തില്‍ കാര്യമായ വര്‍ധനവുണ്ടായില്ല. പെട്രോളിയം ഉത്പന്നങ്ങളിലൂടെ സമാഹരിച്ച നികുതിപ്പണം എങ്ങനെ വിനിയോഗിച്ചെന്ന് പോലും മന്ത്രി വ്യക്തമാക്കിയില്ല. പെട്രോളിയം ഉത്പന്നങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ അമിത നികുതിയില്‍ ഇളവ് പ്രഖ്യാപിക്കാന്‍പോലും കേന്ദ്രം തയ്യാറായില്ല.

തൊഴിലില്ലായ്മ രൂക്ഷമാണെന്ന് നിരവധി റിപ്പോര്‍ട്ട് പുറത്തുവരുമ്പോഴും അതിനെ മറികടക്കാനുള്ള ഒരു നിര്‍ദ്ദേശവും സർക്കാർ മുന്നോട്ട് വെയ്ക്കാന്‍ തയ്യാറാകാത്തത് നിര്‍ഭാഗ്യകരമാണ്. ക്ഷേമ പദ്ധതികൾ, മൂലധന നിക്ഷേപം, കൃഷി, വിദ്യാഭ്യാസം, ആരോഗ്യം എന്നിവയ്ക്കൊന്നും ഊന്നൽ നൽകാത്ത ബജറ്റ് ആണ് ഇത്. സാമൂഹ്യ സുരക്ഷാ പെൻഷനുകൾക്ക് കൂടുതൽ ഒന്നും വകയിരുത്താൻ ധനമന്ത്രി ശ്രമിച്ചില്ല. 2014 -ൽ 100 സ്മാർട്ട് സിറ്റികൾ പ്രഖ്യാപിച്ചതാണ്. എത്ര എണ്ണം ഉണ്ടാക്കി. 2 കോടി തൊഴിൽ വർഷാവർഷം എന്ന് പറഞ്ഞതാണ്. 18 കോടി പേർക്ക് തൊഴിൽ നഷ്ടപ്പെട്ടു. രാജ്യത്ത് തൊഴിലില്ലായ്മ രൂക്ഷമായ സാഹചര്യത്തിൽ അത് പരിഹരിക്കുന്നതിനുള്ള ഒരു മാർഗനിർദേശവും ബജറ്റിലില്ല. തൊഴിലില്ലായ്മ പരിഹരിക്കുമെന്ന് പറയുന്നത് അല്ലാതെ അതെങ്ങനെ പരിഹരിക്കുമെന്നുള്ള ഒരു നിർദേശവും ഈ ബജറ്റിൽ ഇല്ല എന്നത് ദുഖ സൂചകമാണ്.

ഭരണവും ബജറ്റുകളും ഈ രാജ്യത്തു പലതു കഴിഞ്ഞിട്ടും, പാവപ്പെട്ട സാധാരണ ജനങ്ങളുടെ ജീവിത നിലവാരം ഉയരാത്തത് എന്തുകൊണ്ട്?. കറണ്ട് ബില്ല്, പെട്രോൾ വില, ഗ്യാസിന്റെ വില, നിത്യോപയോഗ സാധനങ്ങളുടെ വില ഇവയൊക്കെ രാജ്യത്ത് കുതിച്ച് ഉയരുകയാണ്. തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ ഇതിൻ്റെയൊക്കെ വില സ്വൽപം ഒന്ന് കുറയും. അതിന് ശേഷം വീണ്ടും വർദ്ധിച്ചു വരുന്നതാണ് കാണുന്നത്. ഇതിനൊക്കെ ശാശ്വതപരിഹാരം ഒരിക്കലും ഒരിടത്തും ഇല്ല. 2047ൽ ഇന്ത്യയെ വികസിത രാഷ്ട്രമാക്കി മാറ്റാനുള്ള ബജറ്റാണിത് എന്നാണ് അവകാശവാദം. ആഗോള പട്ടിണി സൂചികയിൽ 2014 ൽ ഇന്ത്യയുടെ സ്ഥാനം 55-ാ മതായിരുന്നു. 2023 ആവുമ്പോൾ ഇന്ത്യയുടെ പട്ടിണി സൂചിക 125 രാജ്യങ്ങളിൽ 111-ാ മതായി.

അതുപോലെ തന്നെ ഇന്ത്യയിൽ മാധ്യമ സ്വാതന്ത്ര സൂചിക 2014 ൽ 180 രാജ്യങ്ങളുടെ പട്ടികയിൽ 140 ആയിരുന്നു. 2023 ൽ അത് 161 ആയി പിന്തള്ളപ്പെട്ടു. അഴിമതി സൂചികയിൽ 180 രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ 2014 ൽ 85-ാം സ്ഥാനത്തായിരുന്നു. 2023 ൽ അത് ഇന്ത്യയിൽ 93 ആയി വളർന്നു. വാഗ്ദാനങ്ങൾ കൊടുക്കുക അതിലൂടെ വോട്ട് പിടിക്കുക. അധികാരം കിട്ടിക്കഴിഞ്ഞാൽ തോന്നിയ പോലെയുള്ള ഭരണം. മേൽപറഞ്ഞ കാര്യങ്ങളിൽ കേന്ദ്രവും കേരളവും ഒന്നിനൊന്നു മെച്ചമാണ്. ആര് ആരെ കണ്ട് പഠിച്ചതാണ് എന്നുള്ള സംശയം മാത്രമേയുള്ളൂ . ഇങ്ങനെപോയാൽ 2047 ആകുമ്പോൾ ഇന്ത്യ വികസിക്കുമോ ചുരുങ്ങുമോ എന്ന് കണ്ട് തന്നെ അറിയേണ്ടിയിരിക്കുന്നു. യുവാക്കൾ തൊഴിൽ തേടി മറുരാജ്യത്തേയ്ക്ക് അഭയം പ്രാപിക്കുന്ന സ്ഥിതി അന്ന് ഈ രീതിയിൽ ആണെങ്കിൽ ഉണ്ടായിക്കൂടെന്നില്ല.

ആദായനികുതി സ്ലാബിൽ മാറ്റം വരുത്താതെയുള്ള ബജറ്റ് ആണെന്ന് ഒറ്റനോട്ടത്തിൽ മനസിലാകും, പരോക്ഷ നികുതി ഘടനയിലും ബജറ്റിൽ മാറ്റമില്ല. എന്തായാലും ഭരണ തുടർച്ച ഉണ്ടാകുമെന്ന ബിജെപി ഗവൺമെൻ്റിൻ്റെ അമിതവിശ്വാസമാണ് പ്രകടമാകുന്നത്. അതുകൊണ്ടാകും ഈ പ്രാവശ്യത്തെ ഇടക്കാല ബജറ്റ് വളരെ ചുരുക്കി അവതരിപ്പിച്ചത്, ജനങ്ങൾക്ക് കൂടുതൽ മോഹന വാഗ്ദാനങ്ങൾ നൽകി വോട്ട് ചോദിക്കേണ്ടി വരില്ല എന്ന് കരുതി കാണും, അതിനാൽ തന്നെ മറ്റുള്ള ആവശ്യങ്ങളൊക്കെ വിഴുങ്ങി. പുതിയ ഒരുപാട് തൊഴിലവസരങ്ങൾ, വിലക്കയറ്റം തടയാനുള്ള ശ്രമങ്ങൾ, കൂടുതൽ പബ്ലിക് സർവീസ് പദ്ധതികൾ, കൂടുതൽ നിക്ഷേപ സാധ്യതകൾ, കൃഷി, ആരോഗ്യം, വിദ്യാഭ്യാസം എന്നീ മേഖലകളിൽ വലിയ ധനസഹായങ്ങളും പദ്ധതികളും ഒക്കെയാണ് ഇന്ത്യയിൽ പകുതിയേക്കാൾ കൂടുതൽ വരുന്ന സാധാരണക്കാർക്ക് ആവശ്യം. അതിനെക്കുറിച്ചൊന്നും ഈ ബജറ്റിൽ വ്യക്തത വരുത്തിയിട്ടില്ലെന്ന് ഓർക്കണം.
 
Budget | കേന്ദ്രബജറ്റിൽ സാധാരണക്കാരന് കിട്ടിയതെന്ത്?

വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, തൊഴിലവസരങ്ങൾ എന്നിവയുടെ കുറവ് പൗരന്മാരുടെ വരുമാനം കുറക്കുന്നു. ഇത് രാജ്യത്തിൻ്റെ പ്രതിശീർഷ വരുമാനം കുറയുന്നതിന് കാരണമാകുന്നു. ഈ പ്രശ്നം പരിഹരിക്കാൻ ഉള്ള യാതൊരു സൂചനയും ഈ ബജറ്റിൽ ഇല്ലെന്നാണ് ചൂണ്ടിക്കാണിക്കുന്നത്. ശരിക്കും പറഞ്ഞാൽ ഒരു മലർപ്പൊടിക്കാരൻ്റെ ബജറ്റ് അവതരണം എന്ന് പറയേണ്ടിരിക്കുന്നു.

Keywords: News, National, Startup, Budget, Finance, Govt, Education, Health, Govt.,   What did common man get in central budget?
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia