Follow KVARTHA on Google news Follow Us!
ad

Memory | ഓർമയിൽ പതിയാതെ പോകുന്നവർ!

ഗ്രാമീണ നന്മ വറ്റാതെ ജീവിച്ചവർ Kookkanam, Memories, Childhood
/ കൂക്കാനം റഹ്‌മാൻ

(KVARTHA) ഗ്രാമീണനന്മ വറ്റാതെ ജീവിച്ചു മരിച്ചു പോയ വ്യക്തികളെക്കുറിച്ച് കാലം ചെല്ലുന്തോറും സമൂഹത്തിൻ്റെ വിസ്മൃതിയിലാണ്ടു പോവുകയാണ് പതിവ്. എൻ്റെ കുട്ടിക്കാലത്ത് ഗ്രാമത്തിൽ ജീവിച്ചിരുന്ന പ്രായം ചെന്ന ചില വ്യക്തികളെക്കുറിച്ചുള്ള നേർത്ത ഓർമ്മകൾ ഇന്നും മനസ്സിലുണ്ട്. അവരെല്ലാം കാലയവനികക്കുള്ളിൽ മറഞ്ഞു. അവരെക്കുറിച്ച് ഓർക്കാനോ പറയാനോ ഇന്നാരുമില്ല. അവരുടെ സമപ്രായക്കാർ ആരും ജീവിച്ചിരിപ്പില്ല എന്നതാണ് ഒരു കാരണം. മക്കളും മൺമറഞ്ഞു. അവരാരും നേതാക്കളോ, അംഗീകാരം നേടിയ വ്യക്തികളോ ആയിരുന്നില്ല. അതൊക്കെ കൊണ്ടുതന്നെ ഓർക്കപ്പെടാതെ പോകുന്നു.

Article, Malayalam, Kookkanam, Memories, Childhood, Village, Blackpaper, Agriculture,

 അത്തരക്കാർ അവർക്കാവും വിധം നാട്ടുകാർക്ക് ഉപകാരം ചെയ്തിട്ടുണ്ട്. അവരുടെ ജീവിതരീതിയും, സാമൂഹ്യ ഇടപെടലുകളും പറഞ്ഞു കേട്ടതല്ലാതെ എവിടേയും രേഖപ്പെടുത്തി വെച്ചിട്ടില്ല. പുതുതലമുറ അതിന് വേണ്ടി ശ്രമിക്കുന്നുമില്ല. അവരൊക്കെ അക്ഷര ജ്ഞാനമില്ലാത്തവരായിരുന്നു. പക്ഷേ കഠിനാധ്വാനികളും സ്നേഹസമ്പന്നരുമായിരുന്നു. കുക്കാനത്ത് ജീവിച്ചു വന്നിരുന്ന വാണിയൻ കണ്ണൻ, അപ്യാൽ ചെറിയക്കൻ, പന്നി കുഞ്ഞപ്പു, കൊല്ലൻ രാമൻ തുടങ്ങി ഇന്ന് അവർ ജീവിച്ചിരിപ്പുണ്ടെങ്കിൽ 120 വയസ്സു പിന്നിട്ടു കാണും. ജാതി പേര് ചേർത്ത് എഴുതിയാലെ എൻ്റെ പ്രായക്കാർക്കു മനസ്സിലാവൂ എന്നത് കൊണ്ടാണ് അങ്ങനെ കുറിച്ചത്.

വാണിയൻ കണ്ണൻ മൂസ്സോർ (മുതിർന്നവരെ മുസ്സോർ എന്നും വിളിക്കാറുണ്ട്) വെളുത്ത് തടിച്ചു കൊഴുത്ത ശരീര പ്രകൃതി ഉള്ള വ്യക്തിയാണ്. കുക്കാനത്ത് ഓടിട്ട ഇരുനില വീട് അക്കാലത്ത് അദ്ദേഹത്തിന് മാത്രമെ ഉണ്ടായിരുന്നുള്ളു. ആ വീടിനടുത്തു കൂടി നടന്നു പോകുന്ന ഞങ്ങൾ അത്ഭുതത്തോടെ അവിടേക്ക് നോക്കും. ഉയരത്തിൽ മൺകയ്യാല പറമ്പിന് ചുറ്റുമുണ്ടാകും. കയ്യാലക്കുമുകളിൽ 'മുണ്ട' വെച്ചു പിടിപ്പിച്ചിട്ടുണ്ടാവും. മക്കളെ പഠിപ്പിക്കാൻ താൽപര്യമുള്ള വ്യക്തിയായിരുന്നു അദ്ദേഹം. പാടാച്ചേരി നാരായണൻ മാഷും അദ്ദേഹത്തിൻ്റെ സഹോദരി ജാനകി ടീച്ചറും കണ്ണൻ മൂസോറുടെ മക്കളാണ്. കൂക്കാനത്തെ ആദ്യ അധ്യാപകരും അവരാണെന്നാണ് എൻ്റെ ഓർമ്മ.

കൂക്കാനത്തെ വയലുകളിൽ ജലസേചനത്തിന് വേണ്ടി പഞ്ചായത്തു വക കുളം നിർമിക്കാൻ ആവശ്യമായ സ്ഥലം സൗജന്യമായി വിട്ടു നൽകാനുള്ള സന്മനസ്സ് കാണിച്ച വ്യക്തിയാണ് കണ്ണൻ മുസ്സോറ്. നാട്ടിലെ വലിയ ഭൂസ്വത്തിൻ്റെ ഉടമയുമായിരുന്നു അദ്ദേഹം. നാടിനും നാട്ടാർക്കും നന്മയേ അദ്ദേഹം ചെയ്തിട്ടുള്ളു. അവസാനകാലം വേദന സഹിച്ചു കഷ്ടപ്പെട്ടാണ് മരിച്ചത്. വേദന കൊണ്ടാണോ മാനസിക വിഭ്രാന്തി കൊണ്ടാണോ ഉറക്കെ അലറി വിളിക്കുന്ന സ്വഭാവം അദ്ദേഹത്തിനുണ്ടായിരുന്നു. മുകളിലത്തെ നിലയിലാണ് അദ്ദേഹത്തിൻ്റെ കിടപ്പും മറ്റും. അതുകൊണ്ടുതന്നെ ആർത്തട്ടഹസിക്കുന്നതും, പുലമ്പുന്നതും നാടുമുഴുവൻ കേൾക്കുമായിരുന്നു.

ഒരു ദിവസം രാവിലെ അദ്ദേഹം മരിച്ചെന്ന വാർത്ത കേട്ടു. അന്നൊക്കെ മരിച്ച വ്യക്തിയുടെ പറമ്പിൽ നിന്ന് മാവു മുറിക്കും. മാവു മുറിഞ്ഞു വീഴുന്ന ശബ്ദം കേട്ടാൽ ആരോ മരിച്ചു പോയി എന്ന സൂചനയായും ഞങ്ങൾ കരുതിയിരുന്നു. ദഹിപ്പിക്കാനുള്ള വിറകിനു വേണ്ടിയാണ് മാവു മുറിച്ചിരുന്നത്. പാടാച്ചേരികുടുംബത്തിൻ്റെ 'ചുടുകാട്' ഞങ്ങൾ താമസിക്കുന്ന വീടിൻ്റെ അരികിലായിരുന്നു. ഞങ്ങൾക്ക് ദഹിപ്പിക്കൽ പ്രക്രിയ നടക്കുന്ന ദിവസം ദുരിതമായിരുന്നു. കിണറിൻ്റെ മുകൾവശം ഓലയോ പ്ലാസ്റ്റിക്ക് ഷീറ്റോ ഇട്ടു മറക്കും. ജനലും വാതിലും അടച്ച് വീടിനകത്ത് തന്നെ ആ ദിവസം മുഴുവൻ ഞങ്ങൾ കഴിച്ചു കൂട്ടും.കണ്ണൻ മൂസ്റ്റോറെ ദഹിപ്പിക്കാൻ കൂടുതൽ സമയം വേണ്ടി വന്നു എന്ന് പറയുന്നത് കേട്ട ഓർമ്മയുണ്ട്.

ചെറിയക്കൻ മൂസോറെ അറിയാത്തവർ നന്നേ കുറയും. മെലിഞ്ഞ് ഉയരം കുറഞ്ഞ മനുഷ്യൻ. അതു കൊണ്ടായിരിക്കാം 'ചെറിയ ചെക്കൻ' എന്ന് പേരിട്ടതും പിന്നീട് ലോപിച്ച് ചെറിയക്കനായതും. എണ്ണ പുരണ്ട മുട്ടോളമെത്തുന്ന ഒറ്റ തോർത്താണ് വേഷം. ചെരുപ്പിടില്ല. എവിടെയും നടന്നു ചെല്ലും. ചെറിയൊരു ഓടിട്ട വീട്ടിലാണ് താമസം. ഈ മനുഷ്യൻ നാട്ടിലെ ധനികനായിരുന്നു. കണ്ടാൽ പറയില്ല. എല്ലാം ലളിതമാണ്. കിഴക്കൻ പ്രദേശത്ത് കുരുമുളക് തോട്ടമുണ്ടായിരുന്നു. കുരുമുളകിന് ഏറ്റവും കൂടുതൽ വില കിട്ടിയ കാലമുണ്ടായിരുന്നെന്നും അക്കാലത്തെ കുരുമുളക് വിളവെടുപ്പിലൂടെ ധനികനായെന്നും നാട്ടുകാർ പറഞ്ഞു കേട്ടിട്ടുണ്ട്.

വർഷത്തിൽ രണ്ടോ മൂന്നോ തവണ കുരുമുളക് തോട്ടത്തിൽ പണിക്കാരെയും കൂട്ടി പോകും. കാട് വെട്ടിത്തെളിയിക്കാൻ, വളമിടാൻ, കുരുമുളക് പറിച്ചെടുക്കാൻ ഇങ്ങിനെയാണ് മൂന്നുതവണ അവിടേക്ക് ചെല്ലുക. 'വള്ളിപ്പിലാവ്' എന്നാണ് ആ പ്രദേശത്തിൻ്റെ പേര് കേട്ടറിഞ്ഞത്. അഞ്ചും പത്തും പേരടങ്ങുന്ന ടീമായിട്ടാണ് തോട്ടത്തിലേക്ക് പോവുക. ബന്ധുജനങ്ങളാണ് ഗ്രൂപ്പിൽ ഉണ്ടാവുക. ഒന്നോ രണ്ടോ ആഴ്ചത്തേക്കുള്ള ഭക്ഷണസാധനങ്ങളും ചുമന്നാണ് പണിക്കു ചെല്ലുന്നത്. മിക്കവരും യുവാക്കളായിരിക്കും. ആ യാത്ര അത്ഭുതത്തോടെ കുഞ്ഞുങ്ങളായ ഞങ്ങൾ നോക്കി നിന്നിട്ടുണ്ട്. കിഴക്ക് പണിക്കു പോകുന്നു എന്ന് അവർ സന്തോഷത്തോടെ പറയുന്നത് കേട്ടിട്ടുണ്ട്.

ചെറിയക്കൻ മുസ്സോറ് ആർക്കും സാമ്പത്തിക സഹായമൊന്നും ചെയ്യില്ല. ആർഭാടമായി ജീവിച്ചിട്ടുമില്ല. അദ്ദേഹം സമ്പാദിച്ച പണമെല്ലാം എന്ത് ചെയ്തു എന്ന് ആർക്കും അറിയില്ല. കണക്ക് എഴുതി വെക്കാനൊന്നും അറിയില്ലെങ്കിലും നടക്കുമ്പോഴും മറ്റും കൈവിരലുകൾ മടക്കിയും നിവർത്തിയും കണക്കുകൂട്ടുന്നത് കണ്ടിട്ടുണ്ടെന്ന് നാട്ടുകാർ പറയാറുണ്ട്. കൂക്കാനത്തെ സകലരും അറിയപ്പെടുന്ന വ്യക്തിയാണ് പന്നി കുഞ്ഞപ്പു എന്ന് അറിയപ്പെടുന്ന കുഞ്ഞപ്പു മുസോറ്. ഞങ്ങളുടെ നാട്ടുകാർക്കൊക്കെ ഏതെങ്കിലും ഒരു ജീവിയുടെ പേരു ചേർത്താണ് അറിയപ്പെടുക. നങ്കൻ രാമൻ, തവളച്ചന്തു, പൂച്ച രാമൻ, ചുരുട്ട അമ്പു, കുറുക്കൻ കണ്ണൻ എന്നിങ്ങനെയാണ് അറിയപ്പെട്ടിരുന്നത്. അതുപോലെ ആയിരിക്കാം പന്നി കുഞ്ഞപ്പു എന്ന പേര് വന്നതും.

കക്ഷി വൈകുന്നേരം കുണ്ടുപൊയിലിൽ നിന്ന് ചീറ്റ വരെ ഒരു നടത്തമുണ്ട്. ഒറ്റ തോർത്തുമുണ്ട് മാടിക്കെട്ടിയാണ് നടത്തം. നല്ല മദ്യസേവ നടത്തുന്ന വ്യക്തിയാണ്. അക്കാലത്ത് കൂക്കാനം, കുണ്ടുപൊയിൽ പ്രദേശങ്ങളിലൊക്കെയുള്ള പല വീടുകളിലും വാറ്റുണ്ടായിരുന്നു. കുഞ്ഞപ്പു മുസോറിൻ്റെ നടത്തം കാണാൻ നല്ല രസമാണ്. കാലുറക്കാതെ ഇരുവശത്തേക്കും ചാഞ്ഞാണ് നടക്കുക. മുഖത്ത് ദേഷ്യ ഭാവമുണ്ടാവും. ആരോടും സംസാരമില്ല. ഈ പ്രദേശത്തെ ആദ്യകാല അധ്യാപകരിൽ ഒരാളായ നാരായണൻ മാസ്റ്റർ, നല്ല വായനക്കാരനും വിമർശകനുമായ ബീഡിത്തൊഴിലാളിയായിരുന്ന രാഘവൻ എന്നിവർ അദ്ദേഹത്തിൻ്റെ മക്കളായിരുന്നു. ആർക്കും ദ്രോഹം ചെയ്യാതെ ഗ്രാമീണ ലളിത ജീവിതം നയിച്ച് മൺ മറഞ്ഞുപോയ വ്യക്തിയായിരുന്നു കുഞ്ഞപ്പുമൂസോർ.


ഇതേ പോലെ തെങ്ങ് മുറിയിൽ വിദഗ്ധനായ കൊല്ലൻ രാമൻ, തൊപ്പി പാള നിർമ്മാണത്തിൽ പ്രാവീണ്യമുള്ള കണ്വനും മകൻ കണ്ണനും, ചൂത്മാച്ചിയും പായയും ഉണ്ടാക്കുന്നതിൽ കഴിവു തെളിയിച്ച കാക്കമ്മ, ഓട് ലോഹത്തിൽ വട്ളവും ഇസ്തരി പെട്ടിയും വൈവിധ്യമുള്ള വിളക്കുകളും വാർക്കുന്നതിൽ മികവ് കാണിച്ചിരുന്ന മൂശാരി നാരായണൻ, നല്ലൊരു കർഷകനായ കൊഞ്ഞേൻ മമ്മിച്ച,, കവിയും വായനക്കാരനും മരണശേഷം തൻ്റെ മൃത ശരീരം പരിയാരം മെഡിക്കൽ കോളേജിന് നൽകണമെന്ന് മക്കളോട് ഉപദേശിച്ച കുണ്ടത്തിൽ അമ്പുവേട്ടൻ, പക്ഷി മൃഗസ്നേഹിയും, കവിയും ഏത് ശാസ്ത്ര വിദ്യയേയും സ്വായത്തമാക്കി പ്രായോഗികവൽക്കരിക്കുകയും ചെയ്ത സുലൈമാൻ, ചെരുപ്പു നിർമ്മാണത്തിലും, കുമ്മായം ഉണ്ടാക്കുന്നതിലും മിടുക്കു കാണിച്ച കുഞ്ഞനും, തിമ്മനും , മികച്ച തെങ്ങുകയറ്റത്തൊഴിലാളിയായ മോട്ടുമ്മൽ രാമൻ, അധ്യാപകസംഘടനാ രംഗത്ത് തൻ്റെ പാടവം തെളിയിച്ച എൻ.കെ. പ്രഭാകരൻ മാസ്റ്റർ, കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൽ തങ്ങളുടെ മരണം വരെ പോരാടി നിന്ന കെ.പി. കുഞ്ഞിക്കണ്ണൻ, കെ.പി. കുഞ്ഞിക്കോരൻ, മാടക്കാൽ കുഞ്ഞിരാമൻ, കെ. കുഞ്ഞിരാമേട്ടൻ, തുടങ്ങി നിരവധി വ്യക്തിത്വങ്ങൾക്ക്ജന്മംനൽകിയ നാടാണ് കൂക്കാനം. ഇവരെയെല്ലാം നാടും നാട്ടുകാരും ഓർത്തുകൊണ്ടേയിരിക്കണം. വരും തലമുറക്ക് അവരുടെ ജീവിത കഥ പകരുകയും ചെയ്യണം.

Keywords: Article, Malayalam, Kookkanam, Memories, Childhood, Village, Blackpaper, Agriculture, Those who do not hide in memory


< !- START disable copy paste -->

Post a Comment