Hysterectomy | ഗര്‍ഭപാത്രം നീക്കം ചെയ്യേണ്ടി വരുന്നത് ഇത്തരം സന്ദര്‍ഭങ്ങളില്‍; പണ്ട് മുതിർന്നവരിൽ; ഇപ്പോൾ കാലം മാറി

 


കൊച്ചി: (KVARTHA) ഗര്‍ഭപാത്രം നീക്കം ചെയ്യുന്ന സ്ത്രീകളുടെ എണ്ണത്തില്‍ ഇന്ന് ക്രമാതീതമായ വര്‍ധനവാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. പണ്ടുകാലങ്ങളില്‍ മുതിര്‍ന്ന സ്ത്രീകളിലാണ് ഗര്‍ഭപാത്രം നീക്കം ചെയ്യുന്ന അവസ്ഥ പതിവായി കാണാറുണ്ടായിരുന്നത്. എന്നാല്‍ ഇന്നത്തെ കാലത്ത് അതിന് മാറ്റം വന്നിരിക്കയാണ്. കൗമാരക്കാരിലും ചില സന്ദര്‍ഭങ്ങളില്‍ ഗര്‍ഭപാത്രം നീക്കം ചെയ്യേണ്ട അവസ്ഥ ഉണ്ടാകാറുണ്ട്.

അമിത രക്തസ്രാവം ആണ് പലപ്പോഴും ഗര്‍ഭപാത്രം നീക്കം ചെയ്യുന്നതിലേക്ക് വരെ സ്ത്രീകളെ എത്തിക്കുന്നതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ഹിസ്ട്രക്റ്റമി എന്നാണ് ഈ ശസ്ത്രക്രിയയെ അറിയപ്പെടുന്നത്. എന്നാല്‍ പലപ്പോഴും രോഗിക്ക് കൃത്യമായ ചികിത്സ ലഭിക്കാത്തതും കൗണ്‍സിലിംഗിന്റെ കുറവുമാണ് ഗര്‍ഭപാത്രം നീക്കം ചെയ്യുന്നതിലേക്ക് എത്തിക്കുന്നതെന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു.

Hysterectomy | ഗര്‍ഭപാത്രം നീക്കം ചെയ്യേണ്ടി വരുന്നത് ഇത്തരം സന്ദര്‍ഭങ്ങളില്‍; പണ്ട് മുതിർന്നവരിൽ; ഇപ്പോൾ കാലം മാറി
 

ശസ്ത്രക്രിയ നടത്തുന്നതിന് മുമ്പ് വണ്ണം കൂടല്‍, മുടികൊഴിച്ചില്‍, നടുവേദന തുടങ്ങിയ പ്രശ്‌നങ്ങള്‍ ഉണ്ടാകുമോ എന്നോര്‍ത്ത് വളരെയധികം മനഃപ്രയാസത്തോടെയാണ് സ്ത്രീകള്‍ ഹിസ്ട്രക്റ്റമിയെ സമീപിക്കുന്നത് എന്നും അതുകൊണ്ടുതന്നെ വിശദമായി കൗണ്‍സിലിംഗ് നടത്തേണ്ടതുണ്ടെന്നും ഡോക്ടര്‍മാര്‍ പറയുന്നു.

ഗര്‍ഭപാത്രവുമായി ബന്ധപ്പെടുന്ന അസുഖങ്ങള്‍ക്കുള്ള ആദ്യത്തെ പ്രതിവിധി ഒരിക്കലും ഗര്‍ഭപാത്രം നീക്കം ചെയ്യലല്ല. മറ്റ് ചികിത്സാവിധികളല്ലാം പരാജയപ്പെടുന്നിടത്തോ രോഗിയുടെ ജീവന്‍ തന്നെ അപകടത്തിലാവുന്ന ഘട്ടത്തിലോ ആണ് ഗര്‍ഭപാത്രം നീക്കം ചെയ്യുകയെന്ന തീരുമാനത്തിലേക്ക് ഡോക്ടര്‍മാര്‍ എത്തുന്നത്. അമിതമായ ആര്‍ത്തവ രക്തസ്രാവം, ഗര്‍ഭാശയ മുഴകള്‍, സിസ്റ്റുകള്‍, അഡിനോ മയോസിസ്, എന്‍ഡോ മെട്രിയോസിസ്, കാന്‍സര്‍ പോലുള്ള അസുഖങ്ങള്‍ ഉണ്ടാവുന്ന സാഹചര്യത്തിലാണ് ഗര്‍ഭപാത്രം നീക്കം ചെയ്യേണ്ടി വരാറ്.

ചില സാഹചര്യങ്ങളില്‍ പ്രസവത്തോടെ ഗര്‍ഭപാത്രം എടുത്ത് കളയേണ്ട സ്ഥിതി വരാറുണ്ട്. പ്രസവശേഷം രക്തസ്രാവം നില്‍ക്കാതെയാവുമ്പോഴാണ് ഇത് ചെയ്യാറുള്ളത്. ഈ പറഞ്ഞവയൊക്കെ തീര്‍ത്തും വ്യത്യസ്തമായ സാഹചര്യങ്ങളാണ്. ഒരു ഫൈബ്രോയിഡ് കണ്ടാല്‍ ഉടന്‍ ഗര്‍ഭപാത്രം എടുത്തുകളേയണ്ടി വരുമോ എന്ന് ആശങ്കപ്പെടുന്നവരുണ്ട്. എന്നാല്‍, എല്ലാ ഫൈബ്രോയിഡുകളും ഗര്‍ഭപാത്രം നീക്കം ചെയ്യലിന് കാരണമാവില്ല എന്നതാണ് യാഥാര്‍ഥ്യം.

ബ്ലീഡിങ്ങിന് ഉള്ള രോഗികള്‍ക്ക് പലതരം ഹോര്‍മോണല്‍ മരുന്നുകള്‍ ഇന്ന് ലഭ്യമാണ്. ഫൈബ്രോയിഡ് ആയാല്‍ പോലും ഗര്‍ഭപാത്രം നീക്കം ചെയ്യണ്ട എന്ന ആഗ്രഹം രോഗിക്ക് ഉണ്ടെങ്കില്‍ അതിനുള്ള യൂട്രാഎന്‍ ഫൈബ്രോയിഡ് എംപ്ലോയിസേഷന്‍ പോലുള്ള മെത്തേഡുകള്‍ ഉപയോഗിക്കാവുന്നതാണ്. എന്നാല്‍, ഇത് എല്ലാ രോഗികളിലും പ്രായോഗികമാവണം എന്നില്ല. രോഗാവസ്ഥ, രോഗിയുടെ ശാരീരികാവസ്ഥ എന്നിവയൊക്കെ നോക്കിയാണ് ചികിത്സ നിര്‍ണയിക്കുക. ഇത്തരം ചികിത്സാ രീതികള്‍ പ്രയോജനപ്പെടാതിരിക്കുകയും ജീവന് അപകടം ഉണ്ടാവുകയും ചെയ്യുന്ന സാഹചര്യങ്ങളിലാണ് ഗര്‍ഭപാത്രം എടുത്തു കളയുകയെന്ന തീരുമാനം എടുക്കുക.

പ്രായം പ്രശ്‌നമാകുമ്പോള്‍

പ്രായമാണ് ഗര്‍ഭപാത്രം നീക്കം ചെയ്യുന്നതിന്റെ പ്രധാന ഘടകം. പ്രത്യേകിച്ച് 35 വയസ്സ് കഴിഞ്ഞവരിലാണ് ഇത്തരം പ്രശ്‌നങ്ങള്‍ക്ക് കൂടുതല്‍ സാധ്യതയെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. സിസേറിയന് ശേഷം അമിത രക്തസ്രാവം ഉള്ളപ്പോള്‍ ഇത്തരം ശസ്ത്രക്രിയയ്ക്ക് പലരും വിധേയരാകുന്നു.

ഫൈബ്രോയ്ഡ് മുഴകള്‍

ഫൈബ്രോയ്ഡ് മുഴകള്‍ പ്രധാനമായും പ്രായപൂര്‍ത്തിയായ സ്ത്രീകളില്‍ മുതല്‍ 40 വയസ്സ് വരെ ഉള്ളവരിലാണ് കണ്ട് വരുന്നത്. എന്നാല്‍ പലപ്പോഴും ഫൈബ്രോയ്ഡ് നീക്കം ചെയ്യുന്നതിന്റെ അവസാന ഘട്ടമെന്ന നിലയ്ക്ക് ഹിസ്ട്രക്റ്റമി ചെയ്യുന്നവരും കുറവല്ല.

ഗര്‍ഭാശയ കാന്‍സര്‍


ഗര്‍ഭാശയ കാന്‍സര്‍ ഉള്ളവരില്‍ അവസാന പോംവഴി എന്ന നിലയിലാണ് ശസ്ത്രക്രിയയിലൂടെ ഗര്‍ഭപാത്രം നീക്കം ചെയ്യുന്നത്. മറ്റൊരു ചികിത്സയിലൂടെയും കാന്‍സര്‍ മാറ്റാന്‍ കഴിയില്ലെന്ന് ഉറപ്പുണ്ടെങ്കില്‍ മാത്രമാണ് ഗര്‍ഭപാത്രം നീക്കം ചെയ്യുന്നതിലേക്ക് എത്തുന്നതെന്നും ഡോക്ടര്‍മാര്‍ പറയുന്നു.

പെല്‍വിക് പെയിന്‍ ഗര്‍ഭപാത്രത്തോട് ചേര്‍ന്ന ഭാഗങ്ങളിലുണ്ടാകുന്ന അതിശക്തമായ അണുബാധയാണ് പെല്‍വിക് പെയിനിന് കാരണം. എന്നാല്‍ പലപ്പോഴും ചികിത്സയിലൂടെ ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനാകും. പക്ഷേ ചികിത്സ വൈകിയാല്‍ അത് ഗര്‍ഭപാത്രം നീക്കം ചെയ്യുന്നതിലേക്കാണ് എത്തുന്നത്.

എന്‍ഡോമെട്രിയോസിസ്

ഗര്‍ഭപാത്രത്തിന്റെ അകത്തുള്ള ആവരണമാണ് ഇത്. അതികഠിനമായ വേദനയുണ്ടാകുമ്പോള്‍ പല പ്രശ്‌നങ്ങളും ഉണ്ടാകാം. ഇത് ഗര്‍ഭപാത്രം നീക്കം ചെയ്യുന്ന അവസ്ഥയിലേക്ക് എത്തിക്കാം. എന്നാല്‍ കൃത്യമായ ചികിത്സ ലഭിച്ചാല്‍ ഇത്തരം പ്രശ്‌നങ്ങളെ ഇല്ലാതാക്കാം.

ഗര്‍ഭപാത്രം താഴേക്ക് തള്ളിവരുന്നത്


പല സ്ത്രീകളിലും കണ്ടിട്ടുള്ള അവസ്ഥയാണ് ഇത്. ഇതുമൂലം മൂത്ര തടസവും മറ്റ് പ്രശ്‌നങ്ങളും ഉണ്ടാവുന്നു. ഈ അവസ്ഥയില്‍ ഗര്‍ഭപാത്രം നീക്കം ചെയ്യാവുന്നതാണ്.

ഗര്‍ഭാശയം നീക്കം ചെയ്യുന്നത് രണ്ട് തരത്തില്‍


ഗര്‍ഭപാത്രം മാത്രം നീക്കം ചെയ്യുക അല്ലെങ്കില്‍ ഗര്‍ഭപാത്രവും അണ്ഡാശയവും നീക്കം ചെയ്യുക എന്നതാണ് ഹിസ്ട്രക്ടമിയുടെ രണ്ട് രീതികള്‍. മുമ്പ് വയറുകീറിയുള്ള ശസ്ത്രക്രിയാരീതി മാത്രമായിരുന്നു നടത്തിവന്നിരുന്നുത്. എന്നാല്‍ ഇപ്പോള്‍ ആധുനിക വൈദ്യശാസ്ത്രത്തിന്റെ പുരോഗതിയോടെ ലാപ്രോസ്‌കോപി പോലെ ശസ്ത്രക്രിയക്ക് ശേഷമുള്ള സങ്കീര്‍ണതകള്‍ കുറയ്ക്കുന്ന രീതികള്‍ കൂടി പ്രചാരത്തിലുണ്ട്.

ഇതില്‍ ഏറ്റവും എളുപ്പവും മുറിവ് ഉണങ്ങുന്നതും വേദനയും ബ്ലീഡിങ്ങും കുറവ് ആയിരിക്കുന്നതും ലാപ്രോസ്‌കോപി അല്ലെങ്കില്‍ കീഹോള്‍ സര്‍ജറിയില്‍ ആണ്. മൂന്നാം ദിവസം ആശുപത്രിയില്‍നിന്ന് വീട്ടിലേക്കു പോവാനും ശസ്ത്രക്രിയയുടെ പിറ്റേ ദിവസം മുതല്‍ തന്നെ രോഗിക്ക് കുനിയാനും നടക്കാനും ഒരാഴ്ച കഴിഞ്ഞാല്‍ സാധാരണ പോലെ ജീവിതശൈലി പിന്തുടരാനും കഴിയും. പക്ഷെ, വലിയ മുഴകളൊക്കെ ഉണ്ടാവുന്ന സാഹചര്യങ്ങളില്‍ ലാപ്രോസ്‌കോപി പ്രായോഗികമാവണമെന്നില്ല.

യോനിയിലൂടെ നടത്തുന്ന സര്‍ജറിയാണ് മറ്റൊന്ന്. ലാപ്രോസ് കോപി പോലെ തന്നെ വയറില്‍ വലിയ മുറിവ് ഇല്ലാത്തതിനാല്‍ വജൈനല്‍ ഹിസ്ട്രക്ടമിയും ശസ്ത്രക്രിയക്ക് ശേഷം രോഗിക്ക് വലിയ പ്രയാസങ്ങള്‍ ഉണ്ടാക്കുന്നതല്ല. വലിയ മുറിവുകള്‍ ഉണ്ടാവില്ല എന്നതിനാല്‍ രോഗിക്ക് എളുപ്പം ഭേദമാകാന്‍ സാധിക്കും. പണ്ടു മുതലേയുള്ള രീതിയാണ് അടിവയറിന് താഴെയായി മുറിവ് ഉണ്ടാക്കി ഗര്‍ഭപാത്രം നീക്കം ചെയ്യുക എന്നത്. ഈ ശസ്ത്രക്രിയ ചെയ്താല്‍ നീളത്തിലുള്ള മുറിവിനടുത്തു ചെറിയ വേദന ഉണ്ടായേക്കാം. അഞ്ച് ദിവസം വരെ ആശുപത്രിയില്‍ കഴിയേണ്ടിയും വരാം. ചെരിയുമ്പോഴും എഴുന്നേല്‍ക്കുമ്പോഴും അടിവയറിന്റെ ഇരുവശങ്ങളിലും വേദന അനുഭവപ്പെട്ടേക്കാം.

Keywords: Reasons for Hysterectomy, Kochi, News, Hysterectomy, Treatment, Patient, Doctors, Health, Health Tips, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia