Kidney Care | വൃക്കകളുടെ ആരോഗ്യകരമായ സംരക്ഷണത്തിന് ഈ ഭക്ഷണങ്ങള്‍ കഴിക്കൂ; ഗുണങ്ങള്‍ ഒരുപാട്

 


കൊച്ചി: (KVARTHA) ശരീരത്തിലെ മാലിന്യ നിര്‍മാര്‍ജനക്ഷമത ഗുരുതരമായി തകരാറിലാകുമ്പോഴാണ് പലപ്പോഴും വൃക്കകളുടെ തകരാറിന്റെ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടാറുള്ളത്. അമിതക്ഷീണം, ഉറക്കമില്ലായ്മ, തലവേദന, ഛര്‍ദി, മുഖത്ത് നീര്‍വീക്കം തുടങ്ങിയവയാണ് ഇത്തരം സന്ദര്‍ഭങ്ങളില്‍ ഉണ്ടാകുന്ന ലക്ഷണങ്ങള്‍. ഈ ലക്ഷണങ്ങള്‍ മറ്റ് പല അസുഖങ്ങളുടെയും ഭാഗമായി വരാറുള്ളതിനാല്‍ വൃക്ക തകരാറിന്റെ പ്രത്യേക ലക്ഷണങ്ങളായി കരുതാനും സാധിക്കുകയില്ല.

മനുഷ്യര്‍ക്ക് രണ്ട് വൃക്കകളുണ്ടെങ്കിലും ശരീരത്തിലെ മാലിന്യ വിസര്‍ജനത്തിന് ഒരു വൃക്കയുടെ ശരിയായ പ്രവര്‍ത്തനം മതി. അതായത് ഒരു വൃക്കയുടെ പ്രവര്‍ത്തനം പൂര്‍ണമായി നിലച്ചാലും മൂത്രത്തിന്റെ ഉല്പാദനം സാധാരണ നിലയിലായിരിക്കും. ശരീരത്തിലെ ആന്തരികമായ സംതുലനത്തില്‍ വൃക്കകള്‍ പ്രധാന പങ്കുവഹിക്കുന്നുണ്ട്. ശരീരത്തിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നത് മാത്രമല്ല, എല്ലിന്റെ ആരോഗ്യം ഉള്‍പെടെ ശരീരത്തിലെ പല പ്രധാന അവയവങ്ങളുടെയും പ്രവര്‍ത്തനത്തെയും രക്തം ശുദ്ധീകരിക്കുന്നതിലും വൃക്കയ്ക്ക് പങ്കുണ്ട്. കൂടാതെ, ശരീരത്തിലെ ജലാംശം, രക്തസമ്മര്‍ദം, ഹീമോഗ്ലോബിന്റെ അളവ് തുടങ്ങിയവയുടെ നിയന്ത്രണം എന്നിവയിലെല്ലാം വൃക്കകള്‍ക്ക് പങ്കുണ്ട്.

പ്രമേഹവും രക്തസമ്മര്‍ദവും വൃക്കകളുടെ തകരാറിലേക്ക് നയിക്കാവുന്ന അസുഖങ്ങളാണ്. കൃത്യമായ ചികിത്സയിലൂടെ ഈ അസുഖങ്ങള്‍ നിയന്ത്രിച്ച് നിര്‍ത്തുകയാണെങ്കില്‍ വൃക്ക തകരാറിലാകുന്നത് തടയാന്‍ കഴിയും. പനിയോട് കൂടിയുള്ള മൂത്രത്തിലെ അണുബാധ സാധാരണയായി കാണുന്ന ഒരു പ്രശ്‌നമാണ്. എന്നാല്‍ ശരിയായി ചികിത്സിച്ചില്ലെങ്കില്‍ ഇത് വൃക്കകളെ ബാധിക്കും. മൂത്രാശയത്തില്‍ നിന്നും മൂത്രം പുറത്തേക്ക് പോകാതെ കെട്ടി നിന്നാലും വൃക്കകളുടെ പ്രവര്‍ത്തനം തകരാറിലാകും.

മൂത്രത്തിലെ കല്ലുകള്‍ വൃക്കകള്‍ക്ക് തകരാറുണ്ടാക്കുന്നവയാണ്. വൃക്കയില്‍ ഉണ്ടാകുന്ന കല്ലുകള്‍ മൂത്രവാഹിനി കുഴലിലൂടെ (Ureter) പുറത്തേക്ക് പോകാന്‍ ശ്രമിക്കും. ഈ അവസരത്തില്‍ വലിയ കല്ലുകള്‍ ഈ നാളിയില്‍ കുടുങ്ങി വൃക്കയുടെ പ്രവര്‍ത്തനം തടസപ്പെടുത്തുന്നു. ഇത് കാലക്രമേണ ആ വൃക്കയുടെ പ്രവര്‍ത്തനം പൂര്‍ണമായും നശിപ്പിക്കുന്നു.

Kidney Care | വൃക്കകളുടെ ആരോഗ്യകരമായ  സംരക്ഷണത്തിന് ഈ ഭക്ഷണങ്ങള്‍ കഴിക്കൂ; ഗുണങ്ങള്‍ ഒരുപാട്

വൃക്കരോഗങ്ങളുടെ ഫലപ്രദമായ നിയന്ത്രണത്തില്‍ ആഹാരക്രമത്തിന് ഒരു പ്രധാനപങ്കുണ്ട്. വൃക്കകളെ സംരക്ഷിക്കാന്‍ ഉള്‍പെടുത്തേണ്ട ഭക്ഷണങ്ങള്‍ അറിയാം:

* കോളിഫ്‌ലവര്‍, കാബേജ്, സവാള എന്നീ പച്ചക്കറികള്‍ ധാരാളമായി കഴിക്കാം. പോഷകസമ്പുഷ്ടമായ പച്ചക്കറികളില്‍ വിറ്റാമിന്‍ സി, കെ, ബി , ഫൈബര്‍ തുടങ്ങിയവയുണ്ട്. ഇവ വൃക്കകളുടെ ആരോഗ്യത്തിന് നല്ലതാണ്.

* ആപിള്‍, സ്‌ട്രോബെറി, ബ്ലൂബെറി, പൈനാപിള്‍ തുടങ്ങിയ പഴങ്ങളും വൃക്കകളുടെ ആരോഗ്യത്തിന് നല്ലതാണ്.

* മുട്ടയുടെ വെള്ള ഭക്ഷണത്തില്‍ ഉള്‍പെടുത്തുന്നതും നല്ലതാണ്. വൃക്കകള്‍ക്ക് ദോഷം വരുത്താത്ത പ്രോടീന്‍ മുട്ടയുടെ വെള്ളയിലുണ്ട്.

* വൃക്കരോഗമുള്ളവര്‍ സോഡിയത്തിന്റെയും ഉപ്പിന്റെയും അളവ് കുറയ്ക്കണം. വെളുത്തുള്ളി ഉപ്പിന് പകരമായി രുചിയും പോഷകഗുണവും നല്‍കുന്നു. മാംഗനീസ്, വിറ്റാമിന്‍ സി, ബി 6 ഇവയും സള്‍ഫര്‍ സംയുക്തങ്ങളും വെളുത്തുള്ളിയിലുണ്ട്.

* വിറ്റാമിന്‍ സി ധാരാളമായി അടങ്ങിയിരിക്കുന്ന കാപ്‌സികത്തില്‍ പൊട്ടാസ്യം വളരെ കുറവാണ്. ഇവ പ്രതിരോധശേഷി കൂട്ടാനും സഹായിക്കും. അതിനാല്‍ ചുവപ്പ് കാപ്‌സികം ഡയറ്റില്‍ ഉള്‍പെടുത്താം.

* വൃക്കരോഗമുള്ളവര്‍ ഒലീവ് ഓയില്‍ ഉപയോഗിക്കുന്നതാണ് നല്ലത്. ആരോഗ്യകരമായ കൊഴുപ്പിന്റെ ഉറവിടമാണിത്.

ധാരാളം വെള്ളം കുടിക്കുന്നത് മൂത്രത്തില്‍ കല്ല് വരാതിരിക്കാന്‍ സഹായിക്കും. എന്നാല്‍ വൃക്കയുടെ പ്രവര്‍ത്തനം തകരാറിലായ രോഗികളും മൂത്രം പുറത്തേക്ക് പോകാന്‍ പ്രയാസമുള്ള രോഗികളും അധികം വെള്ളം കുടിക്കുന്നത് അപകടമാണ്. അതിനാല്‍ ഡോക്ടര്‍മാരുടെ സേവനം തേടേണ്ടതാണ്.

Keywords: News, Kerala, Kerala-News, Laptop-Reviews, Lifestyle, Lifestyle-News, Kidney, Health, Care, Food, Vegetables, Fruits, Treatment, Doctor, Kidney health care food.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia