HSRP Number | എച്ച്എസ്ആർപി നമ്പർ പ്ലേറ്റ് സ്ഥാപിക്കാനുള്ള സമയപരിധി 3 മാസം കൂടി നീട്ടി കർണാടക; എല്ലാ വാഹനങ്ങൾക്കും നിർബന്ധം! എന്താണ് ഇത്, എങ്ങനെ ഘടിപ്പിക്കാം, അറിയേണ്ടതെല്ലാം!

 


ബെംഗ്ളുറു: (KVARTHA) കർണാടക ഗതാഗത വകുപ്പ് വാഹനങ്ങൾക്ക് എച്ച്എസ്ആർപി (HSRP) നമ്പർ പ്ലേറ്റ് അഥവാ അതീവ സുരക്ഷാ നമ്പർ പ്ലേറ്റ് സ്ഥാപിക്കാനുള്ള സമയപരിധി മൂന്ന് മാസം കൂടി നീട്ടി. ഇത് രണ്ടാം തവണയാണ് നീട്ടി നൽകുന്നത്. നേരത്തെ നവംബർ 17ന് അവസാനിക്കേണ്ടിയിരുന്ന എച്ച്എസ്ആർപി നമ്പർ പ്ലേറ്റ് കാലാവധി ഫെബ്രുവരി 17 വരെ നീട്ടിയിരുന്നു. ഇതാണ് ഇപ്പോൾ വീണ്ടും മൂന്ന് മാസം കൂടി സാവകാശം നൽകിയിരിക്കുന്നത്.
  
HSRP Number | എച്ച്എസ്ആർപി നമ്പർ പ്ലേറ്റ് സ്ഥാപിക്കാനുള്ള സമയപരിധി 3 മാസം കൂടി നീട്ടി കർണാടക; എല്ലാ വാഹനങ്ങൾക്കും നിർബന്ധം! എന്താണ് ഇത്, എങ്ങനെ ഘടിപ്പിക്കാം, അറിയേണ്ടതെല്ലാം!

ബുധനാഴ്ച ലെജിസ്ലേറ്റീവ് കൗൺസിലിൽ എംഎൽസി മധു ജി മാധെഗൗഡയുടെ ചോദ്യത്തിന് മറുപടിയായി ഗതാഗത മന്ത്രി രാമലിംഗ റെഡ്ഡി, മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കർണാടകയിൽ എച്ച്എസ്ആർപികളുടെ രജിസ്‌ട്രേഷൻ കുറവാണെന്നും അതിനാൽ സമയപരിധി മൂന്ന് മാസത്തേക്ക് നീട്ടുകയാണെന്നും അറിയിക്കുകയായിരുന്നു.

പുതിയ വാഹനങ്ങള്‍ക്ക് 2019 മുതല്‍ തന്നെ എച്ച്എസ്ആര്‍പി നമ്പര്‍ പ്ലേറ്റുകള്‍ നല്‍കുന്നുണ്ട്. 2019 ന് മുമ്പ് രജിസ്റ്റർ ചെയ്ത വാഹനങ്ങളിലാണ് എച്ച്എസ്ആർപി നമ്പർ പ്ലേറ്റ് സ്ഥാപിക്കാൻ നിർദേശം. 2019 ഏപ്രിലിന് മുമ്പ് കർണാടകയിൽ ഏകദേശം 2.45 കോടി വാഹനങ്ങൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്, അതിൽ ഏകദേശം രണ്ട് കോടി വാഹനങ്ങൾ ഇപ്പോഴും നിരത്തിലുണ്ട്. എത്രയും വേഗം എച്ച്എസ്ആർപി നമ്പർ പ്ലേറ്റുകൾ സ്ഥാപിക്കാൻ അധികൃതർ നിർദേശിച്ചിട്ടുണ്ട്.


എന്താണ് എച്ച്എസ്ആർപി നമ്പര്‍ പ്ലേറ്റുകള്‍?

വാഹനങ്ങളുമായി ബന്ധപ്പെട്ട കൃത്യമായ വിവരശേഖരണം നടത്തുകയാണ് എച്ച്എസ്ആർപി നമ്പര്‍ പ്ലേറ്റുകള്‍ വഴി ചെയ്യുന്നത്. കേന്ദ്ര മോട്ടർ വാഹന നിയമം 2019 ല്‍ ഭേദഗതി ചെയ്താണ് പുതിയ വാഹനങ്ങളില്‍ എച്ച്എസ്ആര്‍പി നമ്പര്‍ പ്ലേറ്റ് നിർബന്ധമാക്കിയത്. പല സംസ്ഥാനങ്ങളിലും ഇതു നിലവില്‍ വന്നു കഴിഞ്ഞു. അപകടമോ കളവോ തീപിടിത്തമോ ഉണ്ടായാല്‍ വാഹനം എളുപ്പം തിരിച്ചറിയാൻ എച്ച്എസ്ആർപി നമ്പര്‍ പ്ലേറ്റുകള്‍ വഴി സാധിക്കും.

എച്ച്എസ്ആര്‍പി നമ്പര്‍ പ്ലേറ്റിന് അളവും ഫോണ്ടും നിറവും നിർദേശിക്കപ്പെട്ടിട്ടുണ്ട്. ട്രാക്കിങ്ങിനും ട്രേസിങ്ങിനും സഹായിക്കുന്ന ലേസര്‍ ഐഡിയും മുന്നിലും പിന്നിലുമുള്ള പ്ലേറ്റുകളില്‍ വ്യത്യസ്തമായി മുദ്രണം ചെയ്തിരിക്കുന്നു. ഇത്തരം നമ്പര്‍ പ്ലേറ്റുകള്‍ സ്‌നാപ് ലോക്ക് രീതിയില്‍ ഘടിപ്പിക്കുന്നതിനാല്‍ പെട്ടെന്ന് അഴിച്ചുമാറ്റാനോ ഘടിപ്പിക്കാനോ സാധിക്കില്ല. ഇത് വാഹനത്തിന്റെ സുരക്ഷയും വർധിപ്പിക്കുന്നു.

മോട്ടോർ വെഹിക്കിൾ ആക്ട്-1989 ലെ സെക്ഷൻ 50, 51 പ്രകാരം, എല്ലാ വാഹനങ്ങളിലും അതീവ സുരക്ഷാ നമ്പർ പ്ലേറ്റുകൾ ഘടിപ്പിക്കണം. ഇത് സംബന്ധിച്ച് 2018ൽ സുപ്രീംകോടതിയും കേന്ദ്രസർക്കാരും ഉത്തരവിറക്കിയിട്ടുണ്ട്. എച്ച്എസ്ആർപി നടപ്പാക്കിയില്ലെങ്കിൽ ഉടമസ്ഥാവകാശം മാറ്റം, വിലാസം മാറ്റം, ഡ്യൂപ്ലിക്കേറ്റ് ആർസി, ഇൻഷുറൻസ് അപ്ഡേറ്റ് തുടങ്ങിയവ കർണാടകയിൽ സാധ്യമല്ല.

വാഹന ഉടമകൾക്ക് നമ്പർ പ്ലേറ്റ് മാറ്റുന്നതിന് ഷോറൂമുകളിലോ ഡീലർമാരിലോ അപേക്ഷിക്കാം. നാല് ചക്ര വാഹനങ്ങൾക്ക് 400 മുതൽ 500 രൂപ വരെയാണ് നിരക്ക്. 2019ന് ശേഷം നിർമ്മിക്കുന്ന വാഹനങ്ങൾക്ക്, അതീവ സുരക്ഷാ നമ്പർ പ്ലേറ്റുകൾ സ്ഥാപിക്കാനുള്ള ഉത്തരവാദിത്തം നിർമാതാക്കൾക്കാണ്.

Keywords : News, News-Malayalam-News, National, National-News, Karnataka govt extends deadline to install HSRPs by 3 months over low turnout for installation.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia