CM Pinarayi | സ്റ്റാര്‍ട് അപ് മേഖലയില്‍ 5,500 കോടി രൂപയുടെ നിക്ഷേപം സമാഹരിക്കാനും 50,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും കഴിഞ്ഞു, മുടങ്ങിക്കിടന്ന 12,240 കോടി രൂപയുടെ പദ്ധതികള്‍ പുനരുജ്ജീവിപ്പിച്ചു; വ്യത്യസ്ത മേഖലകളിലുള്ള മികവിന്റെ കേന്ദ്രങ്ങള്‍ ഒരുക്കിയും ഗവേഷണ സ്ഥാപനങ്ങളും വ്യവസായ സ്ഥാപനങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തണമെന്ന് മുഖാമുഖത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍

 


കൊല്ലം: (KVARTHA) എല്ലാ വിഭാഗം തൊഴിലാളികളുടെയും സംരക്ഷണം ഉറപ്പുവരുത്തുക എന്നതാണ് സര്‍കാരിന്റെ നിലപാടെന്ന് കൊല്ലത്ത് നടത്തിയ മുഖാമുഖത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തെ വിജ്ഞാന സമ്പദ്ഘടനയായും നൂതനത്വ സമൂഹമായും പരിവര്‍ത്തിപ്പിച്ചുകൊണ്ട് ഒരു നവകേരളം കെട്ടിപ്പടുക്കാനുള്ള ശ്രമങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ മുഖാമുഖം പരിപാടി. ലോകത്താകെയുള്ള നൂതന ആശയങ്ങളെ കേരളത്തിലേക്ക് ആകര്‍ഷിക്കാനും അവയെ പ്രയോജനപ്പെടുത്താന്‍ കഴിയുന്ന വിധത്തില്‍ ജനങ്ങളുടെ കഴിവുകളെ വികസിപ്പിക്കാനും ശ്രമിക്കുന്നത് ഈ നവകേരള നിര്‍മ്മാണത്തിന്റെ ഭാഗമായാണ്. നമ്മുടെ ഉന്നതവിദ്യാഭ്യാസ മേഖലയെ സമൂലമായി പരിഷ്‌ക്കരിച്ചും ഇവിടെ വ്യത്യസ്ത മേഖലകളിലുള്ള മികവിന്റെ കേന്ദ്രങ്ങള്‍ ഒരുക്കിയും ഗവേഷണ സ്ഥാപനങ്ങളും വ്യവസായ സ്ഥാപനങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തണം.

എന്നാലിതേ സമയം തന്നെ കാര്‍ഷിക-വ്യാവസായിക മേഖലകളില്‍ ഉള്‍പ്പെടെ വ്യത്യസ്ത മേഖലകളില്‍ തൊഴിലെടുത്തുകൊണ്ടിരിക്കുന്നവരെ ഈ മുന്നേറ്റത്തിന്റെ ഭാഗമാക്കാന്‍ ശ്രമിക്കുകയാണ്. തൊഴിലാളികള്‍ക്കുവേണ്ടി ശേഷിവികസന പ്രവര്‍ത്തനങ്ങള്‍ നടത്തിയും പരമ്പരാഗത വ്യവസായങ്ങളെ ഉള്‍പ്പെടെ കാലാനുസൃതമായി പരിഷ്‌ക്കരിക്കാനുള്ള ഇടപെടലുകള്‍ നടത്തിയുമാണ് ഇത് സാധ്യമാക്കാന്‍ ഉദ്ദേശിക്കുന്നത്. അതുകൊണ്ടുതന്നെ സ്വാഭാവികമായും ആ മേഖലകളിലാകെയുള്ള തൊഴിലാളികളുമായി ആശയവിനിമയം നടത്തേണ്ടതുണ്ട്. തൊഴിലാളികളുടെ നവകേരള കാഴ്ചപ്പാടുകള്‍ എന്താണ് എന്നും നവകേരള നിര്‍മ്മിതിയില്‍ അവര്‍ എങ്ങനെയാണ് പങ്കാളികളാകാന്‍ താത്പര്യപ്പെടുന്നത് എന്നും കൃത്യമായി മനസ്സിലാക്കേണ്ടതുണ്ട്.

മുന്‍കാലങ്ങളില്‍ കര്‍ഷകത്തൊഴിലാളികളും പരമ്പരാഗത തൊഴിലാളികളും മാത്രമാണ് നമ്മുടെ നാട്ടിലുണ്ടായിരുന്നത്. പിന്നീട് ഒരു ഘട്ടത്തില്‍ വ്യാവസായിക തൊഴിലാളികളും വന്നു. ഇപ്പോഴാകട്ടെ, സാങ്കേതികവിദ്യകളെ ഉള്‍പ്പെടെ പ്രയോജനപ്പെടുത്തുന്ന അഭ്യസ്തവിദ്യരും നൂതനശേഷികള്‍ ഉള്ളവരുമായ തൊഴിലാളികള്‍ ഇന്ന് നമുക്കുണ്ട്. ഈ എല്ലാ വിഭാഗം തൊഴിലാളികളുടെയും സംരക്ഷണം ഉറപ്പുവരുത്തുക എന്നതാണ് സര്‍ക്കാരിന്റെ നിലപാട്.

എന്നാല്‍, പുതിയ തൊഴിലുകള്‍ പഴയ തൊഴിലുകളെ അപഹരിക്കും എന്ന പ്രചരണവും നിലവിലുള്ള തൊഴിലാളികളുടെ ഐക്യത്തെ തന്നെ ശിഥിലീകരിക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമങ്ങളു ഉണ്ടാകുന്നുണ്ട്. തൊഴിലാളികളുടെ ഐക്യം ഉറപ്പുവരുത്തിക്കൊണ്ടു മാത്രമേ നാടിനു മുന്നേറാനാവൂ. തൊഴിലാളി ഐക്യത്തെ ശക്തിപ്പെടുത്തുന്ന വിധത്തില്‍ പുതിയ തൊഴിലുകളും പുതിയ സാങ്കേതികവിദ്യകളും ഒന്നും പഴയ തൊഴിലുകളെ അപഹരിക്കുകയോ പഴയ തൊഴിലാളികളുടെ ഉപജീവനമാര്‍ഗ്ഗത്തെ ഇല്ലാതാക്കുകയോ ചെയ്യില്ല എന്നുറപ്പുവരുത്താന്‍ പ്രതിജ്ഞാബദ്ധമാണ് സര്‍ക്കാര്‍.

തൊഴിലാളികള്‍ എവിടെയും സമാനതകളില്ലാത്ത ഒരു കൂട്ടമാണ്. തൊഴില്‍ ഉണ്ടെങ്കില്‍ മാത്രം ജീവിക്കുകയും തൊഴില്‍ ഇല്ലെങ്കില്‍ ജീവിതമില്ലാതാവുകയും ചെയ്യുന്ന വര്‍ഗം. അതുകൊണ്ടുതന്നെ എല്ലാ വ്യത്യാസങ്ങള്‍ക്കും അതീതമായ തൊഴിലാളികളുടെ ഐക്യമാണ് ഉണ്ടാവേണ്ടത്. ഏതു സമൂഹത്തിന്റെയും പുരോഗതിയുടെ മുഖ്യചാലകശക്തിയാകേണ്ടത് അതാണ്. ഈ ചിന്തയോടെയാണ് എല്ലാ തൊഴിലാളി വിഭാഗങ്ങളുടെയും പ്രതിനിധികളുമായുള്ള സംവാദം നിശ്ചയിച്ചത്.

ആധുനിക ജനാധിപത്യ റിപബ്ലിക് ആയ ഇന്ത്യ എന്ന മഹത്തായ ആശയവും ആ ആശയത്തിന്റെ ആവിഷ്‌കാരമായ ഭരണഘടനയും ഇന്ന് പലവിധ വെല്ലുവിളികളെ നേരിടുകയാണ്. ബഹുസ്വരതയും മതനിരപേക്ഷതയും ഫെഡറലിസവും പാര്‍ലമെന്ററി ജനാധിപത്യവും വെല്ലുവിളി നേരിടുന്ന ഇന്നത്തെ ഘട്ടത്തില്‍ തൊഴിലാളികളുടെ സംഘടിതമായ ഇടപെടല്‍ തന്നെയാണ് രാജ്യത്തിനു വഴികാട്ടിയാകേണ്ടത്.
 
കഴിഞ്ഞ ദശകങ്ങളില്‍ കേരളം കൈവരിച്ച നേട്ടങ്ങള്‍ നമുക്ക് അഭിമാനകരമാണ്. ഭൂമിയുടെ ഉള്‍പ്പെടെ വിഭവങ്ങളുടെയാകെ വിതരണം കഴിയുന്നത്ര സാധ്യമാക്കാന്‍ നമുക്കു കഴിഞ്ഞു. അതുകൊണ്ടുതന്നെ കേരളത്തിന്റെ സാമൂഹിക ജീവിതനിലവാരം ആഗോള വികസിത നാടുകള്‍ക്ക് ഒപ്പമെത്തിക്കാന്‍ നമുക്കു കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ ഇന്നത്തെ നിലയില്‍ നിന്നും മുന്‍പോട്ട് പോകാനാകട്ടെ, പല പരിമിതികള്‍ ഉണ്ടുതാനും. വിഭവത്തിന്റെ കാര്യത്തിലും അധികാരത്തിന്റെ കാര്യത്തിലും പരിമിതികള്‍ ഉണ്ട്. ഇതിനെ ക്രിയാത്മകമായി മുറിച്ചുകടക്കണമെങ്കില്‍ രാജ്യത്തിന്റെ ഫെഡറല്‍ സാമ്പത്തികബന്ധങ്ങളെ കാലോചിതമായി സംസ്ഥാനങ്ങള്‍ക്ക് സഹായകമാംവിധം അഴിച്ചുപണിയേണ്ടതുണ്ട്. അതിനായി ദേശീയ തലത്തില്‍ത്തന്നെ അഭിപ്രായസമന്വയം ഉണ്ടാക്കാനുള്ള മുന്‍കൈകള്‍ നമ്മള്‍ എടുക്കുന്നുണ്ട്.

ലോക്കൗട്ടോ ലേ ഓഫോ ഒന്നും ഇല്ലാത്ത സംസ്ഥാനമാണ് കേരളം. തൊഴില്‍ദിന നഷ്ടം ഏറ്റവും കുറവുള്ള സംസ്ഥാനവും നമ്മുടേതാണ്. എന്നിട്ടും, കേരളത്തിനെതിരെ വന്‍ വ്യാജപ്രചരണങ്ങള്‍ നടത്തപ്പെടുകയാണ്. ഈ നാട് വ്യവസായസൗഹൃദവും തൊഴില്‍സൗഹൃദവുമല്ല എന്നും മലയാളികള്‍ നാടിനു പുറത്തുപോയി മാത്രം ജോലി ചെയ്യുന്നവരാണെന്നുമൊക്കെയാണ് ബോധപൂര്‍വം പ്രചരിപ്പിക്കുന്നത്. ഇത് കേരളത്തിലേക്ക് വരാന്‍ താത്പര്യമുള്ള പുതിയ വ്യവസായങ്ങളെ തടയാനുള്ള ഒരു തന്ത്രമാണ് എന്നത് നാം മനസ്സിലാക്കണം. ഏതായാലും കേരളം വ്യവസായസൗഹൃദമാണെന്ന് തെളിയിക്കാനും അത്തരത്തിലുള്ള ഒരു പൊതുബോധം ദേശീയതലത്തില്‍ തന്നെ സൃഷ്ടിക്കാനും വലിയ തോതില്‍ നമുക്കിന്ന് കഴിഞ്ഞിരിക്കുന്നു. ഈ വഴിക്കുള്ള തുടര്‍ ശ്രമങ്ങളില്‍ നിങ്ങളുടെ എല്ലാവരുടെയും പിന്തുണ ഉണ്ടാവണമെന്ന് ആദ്യമേതന്നെ അഭ്യര്‍ത്ഥിക്കട്ടെ.

രാജ്യത്ത് ആദ്യമായി ഒരു തൊഴില്‍നയം ആവിഷ്‌കരിച്ചത് കേരളത്തിലാണ് എന്ന് നിങ്ങള്‍ക്കറിയാം. സംതൃപ്തവും സദാപ്രവര്‍ത്തനനിരതവുമായ ഒരു തൊഴില്‍മേഖല സംസ്ഥാനത്തിന്റെ സാമൂഹിക-സാമ്പത്തിക വളര്‍ച്ചയ്ക്കും സമഗ്രവികസനത്തിനും അത്യന്താപേക്ഷിതമാണ് എന്ന ഉത്തമബോധ്യത്തിലാണ് തൊഴില്‍ നയത്തിന് രൂപം കൊടുത്തത്. അതിന്റെ അടിസ്ഥാനത്തില്‍ മികച്ച തൊഴിലിട സംസ്‌കാരം ഉറപ്പാക്കാനും, തൊഴില്‍സംബന്ധമായ പ്രതിബന്ധങ്ങളെ സാമൂഹിക പ്രതിബദ്ധതയോടെ നേരിടാന്‍ തൊഴിലാളികളെ സജ്ജമാക്കാനും നമുക്ക് കഴിഞ്ഞു. ഇവിടെ മികച്ച നിലയില്‍ മുന്നോട്ടുപോകുന്ന തൊഴിലാളി - തൊഴിലുടമാ ബന്ധങ്ങള്‍, കുറയുന്ന തൊഴില്‍ കേസുകളും തര്‍ക്കങ്ങളും, വിവേചനരഹിത സ്ത്രീസൗഹൃദ തൊഴിലിടങ്ങള്‍ തുടങ്ങിയവയെല്ലാം പ്രത്യേകത ഉള്ളവയാണ്.

കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങള്‍ ഒന്നൊന്നായി വിറ്റു കൊണ്ടിരിക്കുമ്പോള്‍, കേരളത്തിലുള്ള അത്തരം പൊതുമേഖലാ സ്ഥാപനങ്ങളെ ഏറ്റെടുത്ത് രാജ്യത്തിനുതന്നെ മുതല്‍ക്കൂട്ടാക്കുകയും അവയിലെ തൊഴിലാളികളെയും കുടുംബാംഗങ്ങളെയും സംരക്ഷിക്കുകയുമാണ് സംസ്ഥാനസര്‍ക്കാര്‍ ചെയ്യുന്നത്. വെള്ളൂരിലെ കേരള പേപ്പര്‍ പ്രോഡക്ട് കമ്പനി, കാസര്‍ഗോഡ് ബി ഇ എം എല്‍, പാലക്കാട്ടെ ഇന്‍സ്ട്രുമെന്റേഷന്‍ തുടങ്ങിയവ കേരളം ഏറ്റെടുത്ത് നടത്തിവരുന്ന കാര്യം അറിയാവുന്നവരാണ് നിങ്ങള്‍.


നമ്മുടെ നാട്ടിലെ തൊഴിലില്ലായ്മ പരിഹരിക്കാന്‍ പൊതുമേഖല, സ്വകാര്യ മേഖല, ചെറുകിട വ്യവസായ മേഖല തുടങ്ങിയവയുടെ വിപുലീകരണം സാധ്യമാക്കി. കേരളത്തെ നിക്ഷേപസൗഹൃദ സംസ്ഥാനമാക്കി മാറ്റി. ദേശീയപാത ഉള്‍പ്പെടെ പശ്ചാത്തല വികസന രംഗത്ത് വലിയ കുതിപ്പുണ്ടാക്കി. അതോടൊപ്പം അനുബന്ധ വികസനവും സാധ്യമാക്കി. വിഴിഞ്ഞം തുറമുഖം യാഥാര്‍ത്ഥ്യമാക്കി. ഇതോടെ കേരളത്തില്‍ നിന്നുള്ള ചരക്ക് വ്യാപാരം വിപുലപ്പെടുകയും വലിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുകയും ചെയ്യും. ഈ നിലയില്‍ നമ്മുടെ തൊഴില്‍മേഖലയെ പരിപോഷിപ്പിക്കുകയാണ് സര്‍ക്കാര്‍ ചെയ്തുവരുന്നത്.

നമ്മുടെ നാട്ടിലെ അഭ്യസ്തവിദ്യരുടെ കഴിവുകള്‍ നാടിന്റെ അഭിവൃദ്ധിക്കായി മൂല്യവര്‍ദ്ധിത മേഖലയില്‍ ഉപയോഗപ്പെടുത്തുന്നതിനായാണ് നോളജ് ബേസ്ഡ് ഡെവലപ്പ്മെന്റ് മിഷന്‍ ആരംഭിച്ചത്. എഞ്ചിനീയര്‍മാര്‍ക്കും മറ്റു സാങ്കേതികവിദഗ്ദ്ധര്‍ക്കും അനിവാര്യമായ തൊഴിലിടം സൃഷ്ടിക്കാന്‍ ഈ പദ്ധതി ഉപയോഗപ്പെടും. കേരളത്തില്‍ വളര്‍ന്നുവരുന്ന നൂതന സംരംഭക സ്ഥാപനങ്ങളും വന്‍തോതില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്.

കേരളത്തിന്റെ വ്യവസായ മേഖലയിലും എണ്ണപ്പെട്ട മാറ്റങ്ങളാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. നമ്മുടെ യുവാക്കളെ തൊഴില്‍ അന്വേഷകര്‍ എന്നതിലുപരി തൊഴില്‍ദാതാക്കളും സംരംഭകരുമാക്കി മാറ്റാനുള്ള നടപടികളുമായാണ് സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. ആശയങ്ങളെ ഉല്‍പ്പന്നങ്ങളാക്കി പരിവര്‍ത്തിപ്പിക്കാന്‍ യുവാക്കള്‍ക്കു പിന്തുണ നല്‍കുന്ന സ്റ്റാര്‍ട്ടപ്പ് നയമാണ് സര്‍ക്കാര്‍ നടപ്പാക്കിവരുന്നത്. 2016 ല്‍ സംസ്ഥാനത്ത് 300 സ്റ്റാര്‍ട്ടപ്പുകളാണ് പ്രവര്‍ത്തിച്ചിരുന്നതെങ്കില്‍ ഇന്ന് അവയുടെ എണ്ണം 5,000 കടന്നിരിക്കുന്നു. വെഞ്ച്വര്‍ ക്യാപിറ്റല്‍ ഫണ്ടിംഗിലൂടെ കേരളത്തിന്റെ സ്റ്റാര്‍ട്ടപ്പ് മേഖലയില്‍ 5,500 കോടി രൂപയുടെ നിക്ഷേപം സമാഹരിക്കാനും 50,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും നമുക്കു കഴിഞ്ഞിട്ടുണ്ട്. സംസ്ഥാനത്തെ 778 സ്റ്റാര്‍ട്ടപ്പുകള്‍ക്കായി 35 കോടി രൂപ വിതരണം ചെയ്തിട്ടുണ്ട്. സംസ്ഥാനത്താകെ എം എസ് എം ഇകളെ പ്രോത്സാഹിപ്പിക്കുന്നതും സ്വകാര്യ വ്യവസായ പാര്‍ക്കുകള്‍ക്ക് അനുമതി നല്‍കുന്നതും എല്ലാം അതിന്റെ ഭാഗമായാണ്.

സംസ്ഥാനത്ത് 16 സ്വകാര്യ വ്യവസായ പാര്‍ക്കുകള്‍ക്ക് ഇതിനോടകം പെര്‍മിറ്റ് അനുവദിച്ചിട്ടുണ്ട്. 8 എണ്ണം നിലവില്‍ സര്‍ക്കാരിന്റെ പരിഗണനയിലുമാണ്. ഇത്തരം പാര്‍ക്കുകളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനുവേണ്ടി 3 കോടി രൂപ വരെയാണ് സംസ്ഥാന സര്‍ക്കാര്‍ സബ്‌സിഡിയായി നല്‍കുന്നത്. അടുത്ത വര്‍ഷം 25 സ്വകാര്യ വ്യവസായ പാര്‍ക്കുകള്‍ക്ക് അനുമതി നല്‍കാന്‍ കഴിയുമെന്നാണ് നമ്മള്‍ പ്രതീക്ഷിക്കുന്നത്.

കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ കേരളത്തില്‍ ഏകദേശം 92,000 കോടി രൂപയുടെ നിക്ഷേപം വന്നതായാണ് എം എസ് എം ഇ എക്‌സ്‌പോര്‍ട്ട് പ്രൊമോഷന്‍ കൗണ്‍സിലിന്റെ റിപ്പോര്‍ട്ട് പറയുന്നത്. അതില്‍ 33,815 കോടി രൂപയുടെ പദ്ധതികള്‍ പൂര്‍ത്തിയാക്കുകയും 5 ലക്ഷത്തോളം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തിട്ടുണ്ട്. മുടങ്ങിക്കിടന്ന 12,240 കോടി രൂപയുടെ പദ്ധതികള്‍ പുനരുജ്ജീവിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം കേരളം 17.3 ശതമാനം വ്യാവസായിക വളര്‍ച്ച കൈവരിച്ചതായും ഈ റിപ്പോര്‍ട്ട് പറയുന്നു.

സംരംഭകവര്‍ഷം പദ്ധതിയുടെ ഭാഗമായി കഴിഞ്ഞ സാമ്പത്തിക വര്‍ഷം 1,39,000 സംരംഭങ്ങള്‍ ആരംഭിക്കുന്നതിനും 8,500 കോടി രൂപയുടെ നിക്ഷേപം ആകര്‍ഷിക്കുന്നതിനും 3 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും കഴിഞ്ഞിട്ടുണ്ട്. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം സൂക്ഷ്മ ഇടത്തരം വ്യവസായങ്ങളുടെ മേഖലയില്‍ മാത്രം 2,35,000 ത്തോളം സംരംഭങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ഇതുവഴി 15,000 കോടി രൂപയുടെ നിക്ഷേപവും 5 ലക്ഷത്തിലധികം തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്.

സംരംഭകവര്‍ഷം പദ്ധതിയുടെ തുടര്‍ച്ചയായി മിഷന്‍ 1000 പദ്ധതി ആവിഷ്‌ക്കരിച്ചുവരികയാണ്. കേരളത്തില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട 1,000 എം എസ് എം ഇകളെ നാലു വര്‍ഷത്തിനുള്ളില്‍ ആകെ ഒരു ലക്ഷം കോടി രൂപ വിറ്റുവരവുള്ള സംരംഭങ്ങളാക്കി മാറ്റിത്തീര്‍ക്കാനാണ് ഉദ്ദേശിക്കുന്നത്. ഇതിനോടകം തന്നെ 552 അപേക്ഷകള്‍ ലഭിച്ചു കഴിഞ്ഞു. ഇതില്‍ 88 എണ്ണത്തിന്റെ പരിശോധന പൂര്‍ത്തിയാക്കുകയും അവയെ പദ്ധതിയില്‍ ഉള്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

അസംഘടിതരും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുമായ തൊഴിലാളികളെയും തൊഴില്‍ മേഖലകളെയും മുഖ്യധാരയുടെ ഭാഗമാക്കുന്നതിനായി ശ്രദ്ധേയമായ ഇടപെടലുകളാണ് തൊഴിലും നൈപുണ്യവും വകുപ്പ് നടത്തിവരുന്നത്. അവയിലേറെയും രാജ്യത്തിനുതന്നെ മാതൃകാപരമായ പദ്ധതികളാണ്. അവയെക്കുറിച്ചെല്ലാം ഇവിടെ പറയുക പ്രായോഗികമല്ല. എങ്കിലും, പ്രധാനപ്പെട്ട ചിലത് നിങ്ങളുടെ ശ്രദ്ധയില്‍പ്പെടുത്തുകയാണ്.

രാജ്യത്ത് ഏറ്റവും കൂടുതല്‍ വേതനം ലഭിക്കുന്നതും ഏറ്റവും കൂടുതല്‍ തൊഴില്‍ മേഖലകളില്‍ മിനിമം വേതനം പ്രഖ്യാപിച്ചതുമായ സംസ്ഥാനം കേരളമാണ്. പ്രതിദിനം ശരാശരി 837.30 രൂപ ലഭിക്കുന്ന കേരളത്തിലെ തൊഴിലാളികള്‍ക്കാണ് നിര്‍മ്മാണമേഖലയില്‍ ഏറ്റവും കൂടുതല്‍ കൂലി ലഭിക്കുന്നതെന്ന് റിസര്‍വ് ബാങ്കിന്റെയും കേന്ദ്ര സര്‍ക്കാരിന്റെയും കണക്കുകള്‍ വ്യക്തമാക്കുന്നു.

കാര്‍ഷിക-കാര്‍ഷികേതര നിര്‍മ്മാണ മേഖലകളില്‍ ദേശീയ ശരാശരിയേക്കാള്‍ ഇരട്ടിയിലധികം കൂലിയാണ് കേരളത്തിലെ തൊഴിലാളിക്ക് പ്രതിദിനം ലഭിക്കുന്നത്. ആരോഗ്യ-വിദ്യാഭ്യാസ മേഖലകളില്‍ കേരളം രാജ്യത്തിനു മാതൃകയാകുന്നതിനെക്കുറിച്ചാണ് പൊതുവില്‍ ചര്‍ച്ച ചെയ്യപ്പെടാറുള്ളത്. എന്നാല്‍, തൊഴില്‍മേഖലയിലും കേരളം രാജ്യത്തിനു മാതൃകയാണ് എന്നതാണ് വസ്തുത.

തൊഴില്‍നയത്തിന്റെ കാര്യം നേരത്തെ സൂചിപ്പിച്ചിരുന്നു. രാജ്യത്ത് 84 തൊഴില്‍ മേഖലകളില്‍ മിനിമം വേതനം പുതുക്കിയിട്ടുള്ള ഏക സംസ്ഥാനം കേരളമാണ്. ഇത് കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്ന കാര്യം പരിഗണിക്കും. സ്ത്രീ തൊഴിലാളികള്‍ക്കു തൊഴിലിടങ്ങളില്‍ ഇരിക്കാനുള്ള അവകാശം ഉറപ്പാക്കിക്കൊണ്ടും സംസ്ഥാനം മാതൃകയായിത്തീര്‍ന്നിട്ടുണ്ട്.

തൊഴിലാളികളുടെയും കുടുംബാംഗങ്ങളുടെയും സാമൂഹിക, സാമ്പത്തിക സുരക്ഷ ഉറപ്പുവരുത്തുന്നതിനായി സംസ്ഥാനത്ത് 16 ക്ഷേമനിധി ബോര്‍ഡുകള്‍ നിലവിലുണ്ട്. ഇതില്‍ 70 ലക്ഷത്തിലധികം അംഗങ്ങളുമുണ്ട്. ഇതുകൂടാതെ അസംഘടിതരായ തൊഴിലാളികള്‍ക്കായി പ്രത്യേക ക്ഷേമനിധി സംവിധാനവും നിലവിലുണ്ട്. ഈ സര്‍ക്കാര്‍ അധികാരത്തിലെത്തിയശേഷം വിവിധ ക്ഷേമനിധി ബോര്‍ഡുകള്‍ വഴി തൊഴിലാളികള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും നാളിതുവരെ 2,764.37 കോടി രൂപയുടെ ആനുകൂല്യങ്ങള്‍ വിതരണം ചെയ്തു. അഡ്വാന്‍സ്ഡ് ഇന്‍ഫര്‍മേഷന്‍ ഇന്റര്‍ഫേസ് സിസ്റ്റം എന്ന പ്രത്യേക സോഫ്റ്റ്വെയറിലൂടെ മുഴുവന്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡുകളെയും ഓണ്‍ലൈന്‍ സംവിധാനത്തിന് കീഴിലാക്കി. അര്‍ഹമായ ആനുകൂല്യങ്ങള്‍ സമയബന്ധിതമായി വിതരണം ചെയ്യുന്നതിന് ഇത് സഹായകരമായിട്ടുണ്ട്.

കേരളത്തിലെ തൊഴില്‍മേഖലയില്‍ അതിഥിതൊഴിലാളികളുടെ എണ്ണം ചെറുതല്ല. മറ്റ് സംസ്ഥാനക്കാര്‍ എന്ന നിലയില്‍ അവരെ മാറ്റിനിര്‍ത്തുകയല്ല, മറിച്ച്, ചേര്‍ത്തുപിടിക്കുകയാണ് സംസ്ഥാനസര്‍ക്കാര്‍ ചെയ്യുന്നത്. അതിഥി തൊഴിലാളികള്‍ക്ക് ഇത്രയധികം ക്ഷേമപദ്ധതികള്‍ പ്രഖ്യാപിച്ചിട്ടുള്ള മറ്റൊരു സംസ്ഥാനവും രാജ്യത്തില്ല. രാജ്യത്താദ്യമായി അതിഥി തൊഴിലാളികള്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തിയ സംസ്ഥാനം കേരളമാണ്. 25,000 രൂപയുടെ സൗജന്യ ചികിത്സാസഹായം, അപകടത്തില്‍ മരിക്കുന്നവരുടെ ആശ്രിതര്‍ക്ക് 2 ലക്ഷം രൂപ, അംഗവൈകല്യം സംഭവിക്കുന്നവര്‍ക്ക് 1 ലക്ഷം രൂപ എന്നിങ്ങനെയാണ് സഹായം. മാത്രമല്ല, മരണമടയുന്ന അതിഥി തൊഴിലാളികളുടെ മൃതശരീരം നാട്ടിലെത്തിക്കുന്നതിനുള്ള ചിലവും സര്‍ക്കാരാണ് വഹിക്കുന്നത്. അതിഥി തൊഴിലാളികള്‍ക്ക് ആവശ്യമായ സഹായങ്ങള്‍ നല്‍കുന്നതിനായി എല്ലാ ജില്ലകളിലും ശ്രമിക് ബന്ധു ഫെസിലിറ്റേഷന്‍ സെന്ററുകള്‍, താമസത്തിനായി അപ്നാഘര്‍ ഫ്ളാറ്റുകളും ഹോസ്റ്റലുകളും, സുരക്ഷിത പാര്‍പ്പിടസൗകര്യം അന്വേഷിക്കുന്നവര്‍ക്ക് ആശ്രയിക്കാവുന്ന തരത്തില്‍ ആലയ സോഫ്റ്റ്വെയര്‍, രജിസ്ട്രേഷനായി അതിഥി ആപ്പും, അതിഥി പോര്‍ട്ടലും തുടങ്ങി ധാരാളം പദ്ധതികള്‍ ആവിഷ്‌ക്കരിച്ചിട്ടുണ്ട്.

രാജ്യത്ത് തൊഴില്‍ മികവിനും മികച്ച തൊഴിലിടങ്ങള്‍ക്കും പുരസ്‌കാരം നല്‍കുന്ന ഒരേയൊരു സംസ്ഥാനം കേരളമാണ്. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവുമടങ്ങുന്ന 'തൊഴിലാളി ശ്രേഷ്ഠ' പുരസ്‌കാരം 19 മേഖലകളിലെ മികച്ച തൊഴിലാളികള്‍ക്ക് നല്‍കിവരുന്നുണ്ട്. കൂടാതെ മികച്ച 11 തൊഴിലിടങ്ങള്‍ക്ക് മുഖ്യമന്ത്രിയുടെ എക്സലന്‍സ് അവാര്‍ഡും നല്‍കിവരുന്നുണ്ട്.

തൊഴിലിടങ്ങളില്‍ ലിംഗനീതി ഉറപ്പാക്കുന്നതിന് ഒട്ടേറെ നടപടികള്‍ സര്‍ക്കാര്‍ കൈക്കൊണ്ടിട്ടുണ്ട്. രാത്രികാലങ്ങളിലും തൊഴിലെടുക്കുന്നതിന് സ്ത്രീകള്‍ക്ക് അവസരമൊരുക്കി. ഒപ്പം അവരുടെ സുരക്ഷ ഉറപ്പാക്കുന്നതിന് കര്‍ശന നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. സഹജ കോള്‍ സെന്റര്‍ ആരംഭിച്ചത് ഇതിന്റെ ഭാഗമായാണ്. നഗരങ്ങളിലെ സ്ത്രീ തൊഴിലാളികള്‍ക്ക് സുരക്ഷിതമായ താമസസൗകര്യം ഉറപ്പാക്കുന്നതിന് സ്റ്റുഡിയോ അപാര്‍ട്ട്മെന്റ്സ് പദ്ധതി നടപ്പാക്കി. ഇതിനായി മേനംകുളം കിന്‍ഫ്ര ഇന്റര്‍നാഷണല്‍ അപ്പാരല്‍ പാര്‍ക്കിനുള്ളില്‍ ഭൂമി പാട്ടത്തിന് എടുത്തു. 272.04 ചതുരശ്ര അടി വീസ്തീര്‍ണത്തില്‍ 130 അപാര്‍ട്ട്മെന്റുകളാണ് ഇവിടെ നിര്‍മ്മിക്കുന്നത്.

കൂടുതല്‍ സ്ത്രീകള്‍ ജോലി ചെയ്യുന്നതും അസംഘടിതവുമായ ഗാര്‍ഹിക മേഖലയിലെ തൊഴിലാളികള്‍ക്ക് അസംഘടിത തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗത്വം നല്‍കി. വിവിധ ആനുകൂല്യങ്ങള്‍ക്കു പുറമെ, മറ്റ് പെന്‍ഷനുകള്‍ ഇല്ലെങ്കില്‍ ക്ഷേമപെന്‍ഷനും, പതിനായിരം രൂപ വരെ ചികിത്സാ സഹായവും ഗാര്‍ഹിക തൊഴിലാളികള്‍ക്ക് ലഭിക്കും.

നിരവധി തൊഴിലാളികളാണ് കേരളത്തിന്റെ ട്രാന്‍സ്പോര്‍ട്ട് മേഖലയില്‍ പ്രവര്‍ത്തിക്കുന്നത്. അതില്‍ത്തന്നെ സവിശേഷ പ്രാധാന്യമര്‍ഹിക്കുന്നതാണ് കെ എസ് ആര്‍ ടി സി. 2011-16 കാലയളവില്‍ 1,463.86 കോടി രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ കെ എസ് ആര്‍ ടിസിക്ക് അനുവദിച്ചത്. എന്നാല്‍, 2016 മുതല്‍ക്കിങ്ങോട്ട് ഇതേവരെ സംസ്ഥാന സര്‍ക്കാര്‍ 9,920.05 കോടി രൂപയാണ് കെ എസ് ആര്‍ ടി സിക്ക് അനുവദിച്ചിട്ടുള്ളത്. ബജറ്റില്‍ നിന്നും ബജറ്റേതര മാര്‍ഗ്ഗങ്ങളിലൂടെയും സംസ്ഥാന സര്‍ക്കാര്‍ കെ എസ് ആര്‍ ടി സിയെ സഹായിക്കാറുണ്ട്. ഈ വര്‍ഷം സംസ്ഥാന ബജറ്റില്‍ത്തന്നെ കെ എസ് ആര്‍ ടി സിയുടെ വിവിധ പ്രവര്‍ത്തനങ്ങള്‍ക്കായി 128.54 കോടി രൂപയും പരിസ്ഥിതി സൗഹൃദ ബി എസ് 6 നിലവാരത്തിലുള്ള ബസ്സുകള്‍ വാങ്ങാനായി 92 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്. സംസ്ഥാന സര്‍ക്കാര്‍ കെ എസ് ആര്‍ ടി സിയെ എത്രമാത്രം സഹായിക്കുന്നുണ്ടെന്നും അതിന്റെ പുനരുദ്ധാരണത്തിന് എത്രത്തോളം പ്രതിജ്ഞാബദ്ധമാണെന്നും തെളിയിക്കുന്നതാണ് ഈ കണക്കുകള്‍.

പരമ്പരാഗത മേഖലകളുടെ കാര്യമെടുത്താലും ഇത്തരത്തിലുള്ള പ്രതിബദ്ധത വ്യക്തമാണ്. കൈത്തറി മേഖലകളിലുള്ളവര്‍ക്ക് ആശ്വാസം പകരുന്ന വിധത്തിലാണ് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് യൂണിഫോമുകള്‍ ലഭ്യമാക്കുന്നത്. കശുവണ്ടി മേഖലയിലുള്ളവര്‍ക്ക് ആശ്വാസം പകരാനായി അസംസ്‌കൃത കശുവണ്ടി ഇറക്കുമതി ചെയ്യുന്നതടക്കമുള്ള നടപടികള്‍ കൈക്കൊണ്ടിട്ടുണ്ട്. കയര്‍ ഉള്‍പ്പെടെയുള്ള പരമ്പരാഗത മേഖലകളുടെ ആധുനികവല്‍ക്കരണത്തിനായി പ്രത്യേക പദ്ധതികള്‍ ആവിഷ്‌ക്കരിക്കുകയും പ്രത്യേകമായി തുക വകയിരുത്തുകയും ചെയ്തിട്ടുണ്ട്.

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ഇന്ത്യയ്ക്കകത്തും പുറത്തും നിന്ന് അസംസ്‌കൃത കശുവണ്ടി ശേഖരിച്ച് കേരളത്തിലെ കശുവണ്ടി വ്യവസായ മേഖലയില്‍ വിതരണം ചെയ്യുന്നതിനായി 166.70 കോടി രൂപ സ്പെഷ്യല്‍ പര്‍പ്പസ് വെഹിക്കിള്‍ ആയ കേരള കാഷ്യൂ ബോര്‍ഡിന് അനുവദിച്ചിട്ടുണ്ട്. ഇത്തവണത്ത ബജറ്റില്‍ റിവോള്‍വിങ് ഫണ്ടായി ബോര്‍ഡിന് 40.81 കോടി രൂപ അനുവദിച്ചിട്ടുണ്ട്. കശുവണ്ടി വ്യവസായത്തെയും തൊഴിലാളികളെയും സഹായിക്കാന്‍ ഉദ്ദേശിക്കുന്ന കശുവണ്ടി പുനരുജ്ജീവന പദ്ധതിക്ക് 30 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്.

ഇത്തവണത്തെ ബജറ്റില്‍ നെയ്ത്തുകാരുടെയും അനുബന്ധ തൊഴിലാളികളുടെയും ഉത്പാദനക്ഷമത വര്‍ദ്ധിപ്പിക്കാനായി 4.5 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. കൈത്തറി ഗ്രാമങ്ങള്‍ രൂപീകരിക്കുന്ന പദ്ധതിക്ക് 4 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. കൈത്തറി - യന്ത്രത്തറി മേഖലയ്ക്കായി ആകെ 51.89 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. കയര്‍ മേഖലയുടെ പുനരുജ്ജീവനത്തിനും ആധുനികവല്‍ക്കരണത്തിനുമായി 32 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. ഗവേഷണ വികസന പദ്ധതികള്‍ക്കായി 7 കോടി രൂപയും ആ മേഖലയില്‍ വകയിരുത്തിയിട്ടുണ്ട്. കയറിന്റെ വിലസ്ഥിരത ഉറപ്പുവരുത്തുന്നതിനായി 38 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്.

കശുവണ്ടി വ്യവസായ മേഖലയിലെ തൊഴിലാളികളുടെ മിനിമം വേതനം അടിസ്ഥാന ശമ്പളത്തിന്റെ 23% വര്‍ദ്ധിപ്പിച്ചു. സംസ്ഥാനത്തെ തേയില, കാപ്പി, റബ്ബര്‍, ഏലം തുടങ്ങിയ തോട്ടം മേഖലകളിലെ തൊഴിലാളികളുടെ വേതനം 2022 ഡിസംബര്‍ മാസത്തിലെ അടിസ്ഥാന ശമ്പളത്തോടൊപ്പം 41 രൂപ കൂടി വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ചു. 2023 ജനുവരി ഒന്നു മുതല്‍ മുന്‍കാല പ്രാബല്യത്തിലാണ് വര്‍ദ്ധനവ് വരുത്തിയിട്ടുള്ളത്.

ബീഡി, ഖാദി, ഈറ്റ, കാട്ടുവള്ളി, മത്സ്യം, കയര്‍ എന്നീ പരമ്പരാഗത തൊഴില്‍ മേഖലകളിലെ മിനിമം വേതനത്തിലുള്ള കുറവ് പരിഹരിക്കുന്നതിന് ഇന്‍കം സപ്പോര്‍ട്ട് സ്‌കീം എന്ന പ്രത്യേക പദ്ധതി നടപ്പാക്കിവരുന്നുണ്ട്. അസംഘടിത മേഖലയിലുള്ളവര്‍ക്കും, താഴ്ന്ന വരുമാനക്കാരായ തെഴിലാളികള്‍ക്കുമായി ജനനി ഭവന പദ്ധതി നടപ്പാക്കിവരുന്നുണ്ട്. ഇതിന്റെ ഭാഗമായി ഇടുക്കി അടിമാലിയില്‍ 217 അപാര്‍ട്ട്മെന്റുകള്‍ നിര്‍മ്മിച്ചു ഗുണഭോക്താക്കള്‍ക്ക് കൈമാറി. എറണാകുളം ജില്ലയിലെ പോഞ്ഞശ്ശേരിയില്‍ 12 നിലകളിലായി 74 അപാര്‍ട്ട്മെന്റുകളും നിര്‍മ്മിച്ചു.

തോട്ടം മേഖലയിലെ തൊഴിലാളികള്‍ക്ക് തൊഴിലിടത്തിനടുത്ത് പാര്‍പ്പിട സൗകര്യം ഒരുക്കുന്നതിനായി 'ഓണ്‍ യുവര്‍ ഓണ്‍ ഹൗസിംഗ്' പദ്ധതി ആരംഭിച്ചു. മൂന്നാറിലെ, കെ ഡി എച്ച് വില്ലേജില്‍ 9 സ്വതന്ത്ര വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കി തോട്ടം തൊഴിലാളികള്‍ക്ക് കൈമാറി. കുളത്തൂപ്പുഴയിലെ തിങ്കള്‍കരിക്കം വില്ലേജില്‍ ആര്‍ പി എല്ലിന്റെ കൈവശമുള്ള 5 ഏക്കര്‍ സ്ഥലത്ത് ഇരട്ട ഭവന മാത്യകയില്‍ 6 വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തീകരിച്ച്, ആര്‍ പി എല്ലിന് കൈമാറി.

CM Pinarayi | സ്റ്റാര്‍ട് അപ് മേഖലയില്‍ 5,500 കോടി രൂപയുടെ നിക്ഷേപം സമാഹരിക്കാനും 50,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും കഴിഞ്ഞു, മുടങ്ങിക്കിടന്ന 12,240 കോടി രൂപയുടെ പദ്ധതികള്‍ പുനരുജ്ജീവിപ്പിച്ചു; വ്യത്യസ്ത മേഖലകളിലുള്ള മികവിന്റെ കേന്ദ്രങ്ങള്‍ ഒരുക്കിയും ഗവേഷണ സ്ഥാപനങ്ങളും വ്യവസായ സ്ഥാപനങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തണമെന്ന് മുഖാമുഖത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍

വിവിധ മേഖലകളില്‍ പണിയെടുക്കുന്ന തൊഴിലാളികള്‍ക്ക് ഗുണകരമായ വിധത്തില്‍ തൊഴില്‍നിയമങ്ങളില്‍ ആവശ്യമായ ഭേദഗതി വരുത്താനും സര്‍ക്കാര്‍ തയ്യാറായി. അതില്‍ ഏറ്റവും പ്രധാനമാണ് തോട്ടം തൊഴിലാളികളുടെ പെന്‍ഷന്‍ പ്രായം 58 ല്‍ നിന്നും 60 വയസായി വര്‍ദ്ധിപ്പിച്ചത്. ചുമട്ടു തൊഴിലാളികള്‍ക്ക് ആശ്വാസകരമാംവിധം ചുമടുഭാരം കുറച്ചുകൊണ്ടും നിയമഭേദഗതി വരുത്തി. പരമാവധി ചുമട് ഭാരം പുരുഷന്മാര്‍ക്ക് 75 കിലോയില്‍ നിന്ന് 55 കിലോഗ്രാമായും, സ്ത്രീകള്‍ക്കും കൗമാരക്കാര്‍ക്കും 35 കിലോ ആയും കുറച്ചു.

മരങ്ങള്‍, ചെറുവൃക്ഷങ്ങള്‍, മറ്റു തടസ്സങ്ങള്‍ എന്നിവ നീക്കുന്നതിനിടെ അപകടമരണം സംഭവിച്ചാലും, അത് ജോലിസ്ഥലത്തെ മരണമായി കണക്കാക്കി നിര്‍മ്മാണ തൊഴിലാളികള്‍ക്ക് ആനുകൂല്യം നല്‍കുന്നതിനുള്ള നിയമഭേദഗതിയും നടപ്പിലാക്കി. അസംഘടിതമേഖലയിലെ തൊഴിലാളികള്‍ക്ക് അപകടമരണ ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തി. ഈ പദ്ധതിപ്രകാരം അപകടമരണം സംഭവിക്കുന്ന തൊഴിലാളികളുടെ അനന്തരാവകാശികള്‍ക്ക് 5 ലക്ഷം രൂപ ധനസഹായം ലഭിക്കും.

പഠനത്തോടൊപ്പം തൊഴില്‍ ചെയ്യുന്നതിന് വിദ്യാര്‍ത്ഥികള്‍ക്ക് അവസരമൊരുക്കുന്നതിനായി കര്‍മ്മചാരി പദ്ധതി ആരംഭിച്ചു. വിവിധ തൊഴില്‍ മേഖലകളില്‍ ജോലിപരിചയം നേടുന്നതിനും നൈപുണ്യ വികസനത്തിലൂടെ മികച്ച തൊഴില്‍ സാധ്യതകള്‍ കണ്ടെത്തുന്നതിനും വിദ്യാര്‍ത്ഥികളെ പ്രാപ്തരാക്കുന്ന ഈ പദ്ധതിയുടെ ആദ്യഘട്ടത്തിന് എറണാകുളത്ത് തുടക്കമായി.

തൊഴിലാളികള്‍ക്കിടയിലെ ലഹരിവിരുദ്ധ ബോധവത്ക്കരണത്തിനായി 'കവച്' പദ്ധതി ആരംഭിച്ചു. ഇതിന്റെ ഭാഗമായി ഊര്‍ജ്ജിതമായ ബോധവത്ക്കരണ പ്രവര്‍ത്തനങ്ങളും നടത്തിവരുന്നു. ഓട്ടോ, ടാക്സി ഡ്രൈവര്‍മാരടക്കമുള്ള മോട്ടോര്‍ തൊഴിലാളികള്‍ക്ക് യാത്രയ്ക്കിടെ മിതമായ നിരക്കില്‍ തങ്ങുന്നതിനായി തിരുവനന്തപുരം, കോഴിക്കോട്, എറണാകുളം ജില്ലകളില്‍ വിശ്രമകേന്ദ്രങ്ങള്‍ നിര്‍മ്മിക്കാന്‍ അനുമതിയായി. താമസംവിനാ ഇതിന്റെ നിര്‍മ്മാണം ആരംഭിക്കും.

തൊഴിലും തൊഴിലാളിക്ഷേമവും മേഖലയിലെ വിവിധ പ്രവര്‍ത്തനങ്ങള്‍ക്കായി ഇത്തവണത്തെ ബജറ്റില്‍ 464 കോടി രൂപയാണ് നീക്കിവച്ചിരിക്കുന്നത്. തോട്ടം തൊഴിലാളികളുടെ ദുരിതാശ്വാസ നിധിയിലേക്കായി ഒരു കോടി രൂപ വകയിരുത്തിയിട്ടുണ്ട്. അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്കുള്ള സാമൂഹ്യസംരക്ഷണ പദ്ധതിക്കായി 8 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ഇതില്‍ അസംഘടിത മേഖലയിലെ സ്ത്രീ തൊഴിലാളികള്‍ക്ക് പ്രസവാനുകൂല്യം നല്‍കുന്നതിനുള്ള 6 കോടി രൂപയും ഉള്‍പ്പെടുന്നു.

പരമ്പരാഗത തൊഴില്‍മേഖലകളായ ബീഡി, ഖാദി, മുള, ചൂരല്‍, മത്സ്യബന്ധനവും സംസ്‌കരണവും, കശുവണ്ടി, കയര്‍, തഴപ്പായ, കരകൗശലം എന്നീ മേഖലകളിലെ തൊഴിലാളികള്‍ക്ക് 1,250 രൂപ നിരക്കില്‍ ധനസഹായം നല്‍കുന്നതിനായി 90 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്.

നിലവില്‍ വാടക കെട്ടിടങ്ങളില്‍ പ്രവര്‍ത്തിച്ചുവരുന്ന മൂന്നാറിലെ തൊഴില്‍ -തോട്ടം മേഖലകളിലെ ഓഫീസുകള്‍ ഒരു കുടക്കീഴില്‍ കൊണ്ടുവരുന്നതിനായി തൊഴില്‍സമുച്ചയം നിര്‍മ്മിക്കുകയാണ്. അതിഥി തൊഴിലാളികള്‍ക്ക് 25,000 രൂപയുടെ ആരോഗ്യ ഇന്‍ഷുറന്‍സ് സഹായമാണുള്ളത്. അപകടമരണത്തിനും വൈകല്യങ്ങള്‍ക്കും സഹായം ഉറപ്പാക്കുന്ന ആവാസ് പദ്ധതിക്കായി ഒന്നേകാല്‍ കോടി രൂപയാണ് നീക്കിവെച്ചിട്ടുള്ളത്. കേരള അക്കാദമി ഫോര്‍ സ്‌കില്‍ ആന്‍ഡ് എക്സലന്‍സിന്റെ വിവിധ കര്‍മ്മപദ്ധതികള്‍ക്കായി 33 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ഐ ടി ഐകളുടെ ആധുനികവത്ക്കരണത്തിനായി 25 കോടി രൂപയും കൂടുതല്‍ ട്രെയിനികള്‍ക്ക് പരിശീലനം നല്‍കുന്നതിനുള്ള പദ്ധതികള്‍ക്കായി 4.5 കോടി രൂപയും നീക്കിവെച്ചിട്ടുണ്ട്.

എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള വിധവകള്‍, ഉപേക്ഷിക്കപ്പെട്ടതോ വിവാഹമോചനം നേടിയതോ അവിവാഹിതരോ ആയ വനിതകള്‍, ഭിന്നശേഷിക്കാരായ വനിതകള്‍, കിടപ്പുരോഗികളുടെ ഭാര്യമാര്‍ എന്നിവര്‍ക്ക് സ്വയംതൊഴില്‍ നല്‍കുന്നതിനുള്ള ശരണ്യ പദ്ധതിക്ക് 17 കോടി രൂപ വകയിരുത്തിയിട്ടുണ്ട്.

ഇങ്ങനെ കേരളത്തിന്റെ വികസന സ്വപ്നങ്ങള്‍ക്ക് ചിറകു നല്‍കുന്ന തരത്തില്‍ തൊഴില്‍മേഖലയെ ആകെ മാറ്റത്തിന്റെ പാതയിലേക്ക് നയിക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഒപ്പം തൊഴിലാളികളുടെ അവകാശസംരക്ഷണത്തിനും സാമൂഹിക-സാമ്പത്തിക സുരക്ഷയ്ക്കും വലിയ പ്രാധാന്യം നല്‍കുകയും ചെയ്യുന്നുണ്ട്. ലോകവ്യാപകമായി തൊഴിലാളിക്ഷേമം ഉറപ്പുവരുത്തുന്ന നിയമങ്ങളും നയങ്ങളും അട്ടിമറിക്കപ്പെടുന്ന സാഹചര്യത്തില്‍, തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിച്ചും അവരെ വിശ്വാസത്തിലെടുത്തും കൊണ്ടാണ് സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്.

രാജ്യത്ത് ട്രേഡ് യൂണിയന്‍ നിയമങ്ങള്‍ പരിഷ്‌കരിക്കുന്ന ഘട്ടത്തില്‍ ട്രേഡ് യൂണിയന്റെ അഭിപ്രായം പരിഗണിക്കാനോ വരുത്തുന്ന മാറ്റങ്ങളുടെ കാര്യത്തില്‍ അവരെ വിശ്വാസത്തിലെടുക്കാനോ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാവുന്നില്ല. തൊഴില്‍ മേഖലയില്‍ ഇതിനോടകം ഉണ്ടാക്കിയ ഒരുപാട് നേട്ടങ്ങള്‍ നഷ്ടപ്പെടുത്തുന്നവയാണ് പുതിയ തൊഴില്‍ നിയമ ഭേദഗതികള്‍. രാഷ്ട്രീയത്തിന് അതീതമായ ട്രേഡ് യൂണിയനുകളുടെ യോജിപ്പ് അതിനെതിരെ ഉണ്ടായി എന്നത് ആശാവഹമാണ്.

കൂലിക്കൂടുതലിനും മെച്ചപ്പെട്ട സേവനവേതന വ്യവസ്ഥയ്ക്കും വേണ്ടി വിലപേശാനുള്ള കഴിവ് യൂണിയനുകള്‍ക്ക് നഷ്ടപ്പെട്ടാല്‍ സമൂഹത്തില്‍ ഒട്ടാകെയുള്ള വേതനത്തിന്റെ അളവ് കുറയും അത് അസമത്വം കൂട്ടുകയും ചെയ്യും. കഴിഞ്ഞ 10 കൊല്ലങ്ങളായി രാജ്യത്ത് വിശേഷിച്ച് ഗ്രാമീണമേഖലയില്‍ കൂലി കുറഞ്ഞു കൊണ്ടിരിക്കുന്നതായി ഇന്ത്യ ലേബര്‍ ബ്യൂറോ ചൂണ്ടി കാണിക്കുന്നു. വേറൊരു തരത്തില്‍ പറഞ്ഞാല്‍ ജി ഡി പിയുടെ വളര്‍ച്ച സംബന്ധിച്ച അവകാശവാദങ്ങള്‍ ജനങ്ങളുടെ ജീവിതത്തില്‍ പ്രതിഫലിക്കുന്നില്ല എന്ന് അത്ഥം.

ലേബര്‍ കോഡുകളെ പോലെ തൊഴിലാളികളെ പ്രതികൂലമായി ബാധിക്കുന്ന കേന്ദ്ര നിയമങ്ങളുടെ ആഘാതങ്ങളെ ചെറുക്കാന്‍ സംസ്ഥാനത്ത് ചട്ടങ്ങള്‍ രൂപീകരിക്കുന്ന ഘട്ടത്തില്‍ തൊഴിലാളികളുടെ താല്പര്യം സംരക്ഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ പരമാവധി പരിശ്രമിക്കുന്നുണ്ട്. കേരള സര്‍ക്കാര്‍ തൊഴിലാളി സംരക്ഷണ കാര്യത്തില്‍ അതിശക്തമായ ഇടപെടലുകള്‍ നടത്തികൊണ്ടിരിക്കുന്ന കാര്യം നിങ്ങള്‍ക്കറിയാം.

ഒരു വിജ്ഞാന നൂതനത്വ സമൂഹമായി കേരളത്തെ മാറ്റിത്തീര്‍ക്കാനുള്ള സര്‍ക്കാരിന്റെ ശ്രമങ്ങള്‍ക്ക് ഗുണകരമാകുന്ന നിര്‍ദ്ദേശങ്ങള്‍ നിങ്ങളുടെ ഭാഗത്തുനിന്നുണ്ടാകണം എന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ട്, ഈ യോഗം ഉദ്ഘാടനം ചെയ്തതായി അറിയിക്കുന്നു.

Keywords: News, Kerala, Kerala-News, Malayalam-News, Government, Kerala News, CM Pinarayi, Nava Kerala Sadas, Protection, Workers, Labours, Chief Minister, Pinarayi Vijayan, Government's position is to ensure the protection of all categories of workers, says Chief Minister Pinarayi Vijayan.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia