Election History | സ്വതന്ത്ര ഇന്ത്യ ലോകത്തെ അത്ഭുതപ്പെടുത്തിയപ്പോൾ! രാജ്യത്തെ ആദ്യത്തെ ലോക്സഭ തിരഞ്ഞെടുപ്പിന്റെ ആ ചരിത്രം ഇങ്ങനെ

 


ന്യൂഡെൽഹി: (KVARTHA) 1947-ൽ ബ്രിട്ടീഷ് ഭരണത്തിൽ നിന്ന് സ്വാതന്ത്ര്യം നേടിയ ശേഷം, 1951-52-ലാണ് ഇന്ത്യയിൽ ആദ്യമായി പൊതുതിരഞ്ഞെടുപ്പ് നടന്നത്. സ്വതന്ത്ര ഇന്ത്യയുടെ ആദ്യ തിരഞ്ഞെടുപ്പെന്ന ചരിത്രപരമായ കാരണത്താൽ മാത്രമല്ല, ലോകത്തിൻ്റെ മുഴുവൻ കണ്ണും പതിഞ്ഞതുകൊണ്ടും ഈ തിരഞ്ഞെടുപ്പ് വളരെ പ്രധാനപ്പെട്ടതായിരുന്നു. ജനാധിപത്യത്തിൻ്റെ ഇത്രയും വലിയ കാര്യം വിജയകരമായി നടപ്പിലാക്കാൻ സ്വതന്ത്ര ഇന്ത്യയ്ക്ക് കഴിയുമോ എന്നതായിരുന്നു എല്ലാവരുടെയും മനസിലെ ചോദ്യം. ലോക്‌സഭയ്‌ക്കൊപ്പം സംസ്ഥാന നിയമസഭകളിലേക്കും തിരഞ്ഞെടുപ്പ് നടക്കേണ്ടതുണ്ടായിരുന്നു. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ സുകുമാർ സെന്നിൻ്റെ നേതൃത്വത്തിൽ തിരഞ്ഞെടുപ്പുകൾ വിജയകരമായി നടന്നപ്പോൾ ലോകം അമ്പരന്നു.

Election History | സ്വതന്ത്ര ഇന്ത്യ ലോകത്തെ അത്ഭുതപ്പെടുത്തിയപ്പോൾ! രാജ്യത്തെ ആദ്യത്തെ ലോക്സഭ തിരഞ്ഞെടുപ്പിന്റെ ആ ചരിത്രം ഇങ്ങനെ

വെല്ലുവിളികൾ

ശരാശരി 10 പേരിൽ രണ്ട് പേർക്ക് മാത്രം വിദ്യാഭ്യാസമുള്ള ഒരു രാജ്യത്ത് തിരഞ്ഞെടുപ്പ് വിജയകരമായി നടത്തുന്നത് ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു. 21 വയസോ അതിൽ കൂടുതലോ പ്രായമുള്ള എല്ലാ സ്ത്രീകൾക്കും പുരുഷന്മാർക്കും വോട്ടവകാശം ഉണ്ടായിരുന്നു. വീടുവീടാന്തരം കയറിയിറങ്ങി 17.3 കോടി വോട്ടർമാരെ രജിസ്റ്റർ ചെയ്യിക്കുക എന്നത് തന്നെ ഏറെ വെല്ലുവിളി നിറഞ്ഞതായിരുന്നു. പേരുചോദിച്ചാൽ പോലും കൃത്യമായി പറയാൻ അറിയാത്തവരും ഏറെയുണ്ടായിരുന്നു.

ഈ വെല്ലുവിളിയെ നേരിടാൻ, തെരഞ്ഞെടുപ്പിന് മുമ്പ് തിരഞ്ഞെടുപ്പ് കമ്മീഷൻ വലിയ തോതിലുള്ള പൊതുജന ബോധവൽക്കരണ കാമ്പയിൻ ആരംഭിച്ചു. വോട്ടർമാർക്ക് അവരുടെ ബാലറ്റ് പേപ്പറുകൾ അതത് ബാലറ്റ് പെട്ടികളിൽ ഇടാൻ കഴിയുന്ന തരത്തിൽ പാർട്ടികളുടെയോ സ്വതന്ത്ര സ്ഥാനാർത്ഥികളുടെയോ ചിഹ്നങ്ങളുള്ള പ്രത്യേക ബാലറ്റ് പെട്ടികൾ പോളിംഗ് ബൂത്തിൽ സ്ഥാപിച്ചു. രണ്ട് കോടിയിലധികം ഇരുമ്പ് ബാലറ്റ് പെട്ടികൾ നിർമ്മിക്കുകയും ഏകദേശം 62 കോടി ബാലറ്റ് പേപ്പറുകൾ അച്ചടിക്കുകയും ചെയ്തു.

അക്കാലത്ത് ഗതാഗത സൗകര്യങ്ങൾ പരിമിതമായിരുന്നു, അത്തരമൊരു സാഹചര്യത്തിൽ, ബാലറ്റ് പെട്ടികൾ പോളിംഗ് ബൂത്തിൽ എത്തിക്കുന്നത് എത്ര വലിയ വെല്ലുവിളിയായിരുന്നുവെന്ന് ഊഹിക്കാം. ആത്യന്തികമായി, ഈ വെല്ലുവിളികളെയെല്ലാം അതിജീവിച്ച്, സുകുമാർ സെന്നിൻ്റെ നേതൃത്വത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ ഈ ചരിത്രപരമായ തിരഞ്ഞെടുപ്പ് വിജയകരമായി നടത്തി.

1951-ലോക്‌സഭാ തിരഞ്ഞെടുപ്പ്

1951 ഒക്‌ടോബർ 25 മുതൽ 1952 ഫെബ്രുവരി 21 വരെ ഏകദേശം നാല് മാസങ്ങൾക്കുള്ളിലും 68 ഘട്ടങ്ങളിലുമായി ആദ്യത്തെ പൊതുതിരഞ്ഞെടുപ്പ് നടന്നു. അന്ന് ആകെ 489 ലോക്‌സഭാ സീറ്റുകളുണ്ടായിരുന്നെങ്കിലും 401 ലോക്‌സഭാ മണ്ഡലങ്ങൾ മാത്രമാണുണ്ടായിരുന്നത്. 314 പാർലമെൻ്റ് മണ്ഡലങ്ങളിൽ നിന്ന് ഒരു പ്രതിനിധിയെ തിരഞ്ഞെടുത്തപ്പോൾ 86 പാർലമെൻ്റ് മണ്ഡലങ്ങളിൽ രണ്ടു പേർ ഒരുമിച്ച് എംപിമാരായി. ഇവരിൽ ഒരു എംപി പൊതുവിഭാഗത്തിൽ നിന്നും മറ്റൊരാൾ എസ്‌സി/എസ്ടി വിഭാഗത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ടവരാണ്. എന്നാൽ, വടക്കൻ ബംഗാൾ എന്ന പാർലമെൻ്റ് മണ്ഡലത്തിൽ നിന്ന് മൂന്ന് എംപിമാർ തിരഞ്ഞെടുക്കപ്പെട്ടു.

53 പാർട്ടികൾ മത്സരരംഗത്ത്

1874 സ്ഥാനാർത്ഥികളാണ് ആദ്യ പൊതുതെരഞ്ഞെടുപ്പിൽ തങ്ങളുടെ ശക്തി തെളിയിച്ചത്. അക്കാലത്ത് വോട്ടർമാരുടെ കുറഞ്ഞ പ്രായം 21 വയസായിരുന്നു, മൊത്തം ജനസംഖ്യ 36 കോടിയായിരുന്നു അന്ന്. ഏകദേശം 17.3 കോടി വോട്ടർമാരുണ്ടായിരുന്നു. ജവഹർലാൽ നെഹ്‌റുവിൻ്റെ നേതൃത്വത്തിലുള്ള കോൺഗ്രസിന് പുറമെ, ശ്രീപദ് അമൃത് ഡാങ്കെയുടെ നേതൃത്വത്തിലുള്ള കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ, ശ്യാമ പ്രസാദ് മുഖർജിയുടെ ഭാരതീയ ജൻ സംഘ് (പിന്നീട് അത് ബിജെപി ആയി), ആചാര്യ നരേന്ദ്ര ദേവ്, ജെ.പി, ലോഹ്യ എന്നിവരുടെ നേതൃത്വത്തിലുള്ള സോഷ്യലിസ്റ്റ് പാർട്ടി, ആചാര്യ കൃപലാനിയുടെ നേതൃത്വത്തിലുള്ള കിസാൻ മസ്ദൂർ പ്രജാ പാർട്ടി എന്നിങ്ങനെ ചെറുതും വലുതുമായ 53 പാർട്ടികളാണ് മത്സരരംഗത്തുണ്ടായിരുന്നത്. ആദ്യ പൊതുതിരഞ്ഞെടുപ്പിൽ 45.7 ശതമാനം പേർ തങ്ങളുടെ വോട്ടവകാശം വിനിയോഗിച്ചു.

കോൺഗ്രസിൻ്റെ ഏകപക്ഷീയ വിജയം

പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിൻ്റെ നേതൃത്വത്തിൽ കോൺഗ്രസ് ഏകപക്ഷീയമായി വിജയിച്ചു. ജവഹർലാൽ നെഹ്‌റു ഫുൽപൂർ ലോക്‌സഭാ സീറ്റിൽ വൻ ഭൂരിപക്ഷത്തിൽ തിരഞ്ഞെടുക്കപ്പെട്ടു. കേവലഭൂരിപക്ഷത്തിന് 245 സീറ്റുകൾ വേണമായിരുന്നു, എന്നാൽ ആകെയുള്ള 489 സീറ്റിൽ 364ഉം കോൺഗ്രസ് നേടി. 16 സീറ്റുകളുമായി സിപിഐ രണ്ടാം സ്ഥാനത്തും 12 സീറ്റുമായി സോഷ്യലിസ്റ്റ് പാർട്ടി മൂന്നാം സ്ഥാനത്തുമായി. കിസാൻ മസ്ദൂർ പ്രജാ പാർട്ടി ഒമ്പത് സീറ്റുകളും ഹിന്ദു മഹാസഭ നാല് സീറ്റുകളും ഭാരതീയ ജന സംഘവും റവല്യൂഷണറി സോഷ്യലിസ്റ്റ് പാർട്ടിയും മൂന്ന് സീറ്റുകൾ വീതവും നേടി.

ആദ്യ പൊതുതെരഞ്ഞെടുപ്പിൽ കോൺഗ്രസിൻ്റെ വോട്ട് വിഹിതം 45 ശതമാനമായിരുന്നു. കോൺഗ്രസ് കഴിഞ്ഞാൽ ഏറ്റവും കൂടുതൽ വോട്ട് വിഹിതം സ്വതന്ത്രരുടേതായിരുന്നു, അവർക്ക് ആകെ 16 ശതമാനം വോട്ടുകൾ ലഭിച്ചു. സോഷ്യലിസ്റ്റ് പാർട്ടിക്ക് 10.59 ശതമാനവും സിപിഐക്ക് 3.29 ശതമാനവും ഭാരതീയ ജന സംഘത്തിന് 3.06 ശതമാനവും വോട്ടുകളാണ് ലഭിച്ചത്. തിരഞ്ഞെടുപ്പിന് ശേഷം ജവഹർലാൽ നെഹ്‌റുവിൻ്റെ നേതൃത്വത്തിൽ കോൺഗ്രസ് ശക്തമായ ഭൂരിപക്ഷത്തോടെ സർക്കാർ രൂപീകരിച്ചു.

നിരവധി പ്രമുഖർ പരാജയപ്പെട്ടു.

രാജ്യത്തെ ആദ്യ പൊതുതെരഞ്ഞെടുപ്പിൽ തന്നെ പല പ്രമുഖർക്കും പരാജയം നേരിടേണ്ടി വന്നു. രാജ്യത്തെ ആദ്യത്തെ നിയമമന്ത്രി ഡോ. ഭീംറാവു അംബേദ്കറിന് ബോംബെ (നോർത്ത് സെൻട്രൽ) സീറ്റിൽ നിന്ന് അദ്ദേഹത്തിൻ്റെ ഒരു കാലത്തെ സഹപ്രവർത്തകൻ എൻ. എസ്. കാർജോൽക്കറോട് തോൽവി ഏറ്റുവാങ്ങേണ്ടി വന്നു. അംബേദ്കറെ കൂടാതെ കിസാൻ മസ്ദൂർ പ്രജാ പാർട്ടിയുടെ ശക്തനായ നേതാവ് ആചാര്യ കൃപലാനിയും തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടു.

അംബേദ്കർ കോൺഗ്രസ് വിട്ട് ഷെഡ്യൂൾഡ് കാസ്റ്റ് ഫെഡറേഷൻ രൂപീകരിച്ചാണ് ബോംബെ (നോർത്ത് സെൻട്രൽ) സംവരണ സീറ്റിൽ നിന്ന് മത്സരിച്ചത്. അദ്ദേഹത്തിന് 1,23,576 വോട്ടുകളും കോൺഗ്രസിൻ്റെ കജ്‌റോൾക്കർക്ക് 1,38,137 വോട്ടുകളും ലഭിച്ചു. അതിനുശേഷം അംബേദ്കർ രാജ്യസഭ വഴി പാർലമെൻ്റിലെത്തി. 1954ൽ ഭണ്ഡാര ലോക്‌സഭാ സീറ്റിലേക്ക് ഉപതിരഞ്ഞെടുപ്പ് നടന്നപ്പോൾ അംബേദ്കർ ഇവിടെയും മത്സരിച്ചെങ്കിലും കോൺഗ്രസ് സ്ഥാനാർഥിയോട് വീണ്ടും പരാജയം ഏറ്റുവാങ്ങേണ്ടി വന്നു. ആദ്യ പൊതുതെരഞ്ഞെടുപ്പിന് ശേഷം പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റു പ്രധാനമന്ത്രിയായി. അദ്ദേഹത്തെ കൂടാതെ, അന്ന് ജയിച്ച രണ്ട് പേർ പിന്നീട് ഇന്ത്യയുടെ പ്രധാനമന്ത്രിയായത് പിൽക്കാല ചരിത്രമായി. ഗുൽസാരി ലാൽ നന്ദയും ലാൽ ബഹദൂർ ശാസ്ത്രിയും ആയിരുന്നു അവർ.

Keywords: News, National, New Delhi, Lok Sabha Election, Congress, BJP, Politics, Lok-Sabha-Election-2024, First Lok Sabha Election of India.  < !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia