South-West Portion | കന്നിമൂലയെ പേടിക്കണോ? ഒരിക്കലും ഒഴിച്ചിടാന്‍ പാടില്ല; ദോഷങ്ങള്‍ കുടുംബത്തിലെ എല്ലാവരേയും ബാധിക്കും; ചെയ്യാന്‍ പാടില്ലാത്തത് എന്തൊക്കെ? വിശ്വാസം ഇതാണ്

 


കൊച്ചി: (KVARTHA) വാസ്തുശാസ്ത്രത്തിന് വളരെയധികം പ്രാധാന്യം നല്‍കുന്നവരാണ് നമ്മളില്‍ പലരും. വീട് പണിയുമ്പോഴും സ്ഥലം വാങ്ങുമ്പോഴും എല്ലാം വാസ്തു നോക്കുന്നത് പലരുടേയും ശീലത്തിന്റെയും വിശ്വാസത്തിന്റേയും ഭാഗമാണ്. അതുപോലെ തന്നെയാണ് വാസ്തുവില്‍ കന്നിമൂലയുടെ പ്രാധാന്യം.

വാസ്തുശാസ്ത്ര പ്രകാരം എട്ട് ദിക്കുകളിലും ഏറ്റവും ശക്തിയേറിയ ദിക്കാണ് കന്നിമൂല (തെക്ക് പടിഞ്ഞാറെമൂല ). ഒരു വീട് പണിയാനുള്ള സ്ഥലം തിരഞ്ഞെടുക്കുമ്പോള്‍ വളരെ ശ്രദ്ധിക്കേണ്ടതും പ്രധാന്യമേറിയതുമായ ദിക്കാണ് കന്നിമൂല. ഗൃഹം നിര്‍മിക്കുമ്പോള്‍ വടക്ക് കിഴക്ക് മൂല താഴ്ന്നും കന്നിമൂല ഉയര്‍ന്നും നില്‍ക്കുന്ന ഭൂമി ആയിരിക്കണം തിരഞ്ഞെടുക്കേണ്ടത്.

South-West Portion | കന്നിമൂലയെ പേടിക്കണോ? ഒരിക്കലും ഒഴിച്ചിടാന്‍ പാടില്ല; ദോഷങ്ങള്‍ കുടുംബത്തിലെ എല്ലാവരേയും ബാധിക്കും; ചെയ്യാന്‍ പാടില്ലാത്തത് എന്തൊക്കെ? വിശ്വാസം ഇതാണ്


ഭാരതീയ വാസ്തുശാസ്ത്ര പ്രകാരം ഏത് വീടുകള്‍ നിര്‍മിക്കുമ്പോഴും നിശ്ചമായും ചില മാനദണ്ഡങ്ങള്‍ പരിഗണിക്കണമെന്ന് പറയുന്നു. അടിസ്ഥാനപരമായി വടക്ക്, കിഴക്ക്, തെക്ക്, പടിഞ്ഞാറ് എന്നീ നാല് ദിശകളില്‍ നിന്നു പ്രസരിക്കുന്ന ഊര്‍ജത്തെയും പഞ്ചഭൂതങ്ങളെയും കണക്കാക്കിയാണ് വാസ്തുശാസ്ത്രത്തില്‍ നിര്‍മാണങ്ങള്‍ നിശ്ചയിക്കുന്നത്. അത്തരം കാര്യങ്ങള്‍ പരിഗണിച്ചാല്‍ അവിടെ വസിക്കുന്നവര്‍ക്ക് സര്‍വഐശ്വര്യങ്ങളും വന്ന് ഭവിക്കുമെന്നാണ് വിശ്വാസം. മറിച്ചായാല്‍ ദോഷങ്ങളും ഭവിക്കുന്നുവെന്നാണ് വാസതു ശാസ്ത്രം പറയുന്നത്.

വളരെ പവിത്രതയുള്ള സ്ഥാനമായാണ് കന്നിമൂലയെ കരുതപ്പെടുന്നത്. ഇത് താഴ്ന്നുനില്‍ക്കുന്നതും മലിനമായിരിക്കുന്നതും കുടുംബത്തെ കാര്യമായി ബാധിച്ചേക്കാം. കുളം, കിണര്‍, അഴുക്കുചാലുകള്‍, കക്കൂസ് ടാങ്ക്, മറ്റ് കുഴികള്‍ തുടങ്ങിയവ കന്നിമൂലയില്‍ പാടില്ല. കന്നിമൂലയില്‍ ശൗചാലയം ഒരിക്കലും പാടില്ലെന്നാണ് വാസ്തുശാസ്ത്രം അനുശാസിക്കുന്നത്.

അതുപോലെ കന്നിമൂല ഒഴിഞ്ഞ് കിടക്കുന്നത് ദോഷകരമാണ് എന്നും പറയാറുണ്ട്. കാരണം വാസ്തുശാസ്ത്രപ്രകാരം കന്നിമൂലക്ക് വളരെയധികം പ്രാധാന്യം ഉണ്ട്. അതുകൊണ്ട് തന്നെ കന്നിമൂല ഒഴിഞ്ഞ് കിടക്കുന്നതും നല്ലതല്ല എന്നാണ് പറയുന്നത്. ഇത് വീട്ടില്‍ താമസിക്കുന്നവര്‍ക്ക് വളരെധികം ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുന്നു.

ഈ ഭാഗം ഒഴിഞ്ഞ് കിടക്കുന്നത് മാനസികാരോഗ്യത്തിനും ശാരീരികാരോഗ്യത്തിനും ദോഷം ചെയ്യുന്നതാണ്. പലപ്പോഴും കന്നിമൂല ഒഴിഞ്ഞ് കിടക്കുന്നത് ആ വീട്ടീല്‍ താമസിക്കുന്ന സ്ത്രീകളെയാണ് ഏറ്റവും കൂടുതല്‍ ബാധിക്കുന്നത്. ഇത് അവരുടെ ജീവിതത്തില്‍ പല വിധത്തിലുള്ള ദുരിതങ്ങളും ഉണ്ടാക്കും എന്നാണ് വാസ്തുശാസ്ത്ര പ്രകാരം പറയപ്പെടുന്നത്.

എന്തുകൊണ്ടാണ് കന്നിമൂലയെ പവിത്രമായി കരുതുന്നത്?


എട്ട് ദിക്കുകളില്‍ എഴ് എണ്ണത്തിന്റെയും അധിപര്‍ ദേവന്മാരാണ്. എന്നാല്‍ വാസ്തുശാസ്ത്ര പ്രകാരം കന്നിമൂലയുടെ അധിപന്‍ അസുരനാണ്. ഇതുകൊണ്ട് തന്നെയാണ് കന്നിമൂലക്കുള്ള പ്രധാന്യം ഏറുന്നത്. ഭൂമിയുടെ പ്രദക്ഷിണ വീഥി അനുസരിച്ചു തെക്കുപടിഞ്ഞാറേ മൂലയില്‍ നിന്നു വടക്കു കിഴക്കേ മൂലയിലേക്കാണ് (ഈശാനകോണ്‍) ഊര്‍ജത്തിന്റെ പ്രവാഹം ഉണ്ടാകുന്നത്. കന്നിമൂലയിലെ ശൗചാലയം ഈ ഊര്‍ജത്തെ മലിനമാക്കും എന്നുള്ളത് കൊണ്ട് തന്നെയാണ് വാസ്തു ശാസ്ത്രം ഈ ദിക്കിന് ഇത്രയേറെ പ്രാധാന്യം കല്‍പ്പിക്കുന്നത്.

കന്നിമൂലയില്‍ വരേണ്ടത്

വാസ്തു ശാസ്ത്ര പ്രകാരം പ്രധാന കിടപ്പുമുറി കന്നിമൂലയില്‍ വരുന്നതാണ് ഏറ്റവും ഉത്തമം. കന്നിമൂലയില്‍ കൂടുതല്‍ ഭാരം വരുന്ന കാര്യങ്ങള്‍ നല്ലതാണ്. കന്നിമൂല മുറിയുടെ ടെറസില്‍ മറ്റൊരു മുറി നിര്‍മിക്കാം അല്ലെങ്കില്‍ വാടര്‍ ടാങ്ക് സ്ഥാപിക്കാം. കന്നിമൂലയില്‍ കൂടുതല്‍ ഭാരം നല്‍കിയാല്‍ കുടുംബാംഗങ്ങള്‍ക്ക് കര്‍മമേഖലയില്‍ അഭിവൃദ്ധിയുണ്ടാകും. ബിസിനസ്/ വ്യാപാര മേഖലയിലുള്ളവരാണെങ്കില്‍ അവര്‍ക്ക് കാര്യങ്ങള്‍ എല്ലാം ശുഭകരമായി വന്ന് ഭവിക്കും.

രണ്ടോ അതിലധികമോ നിലകളുള്ള വീടാണെങ്കിലും മുകളിലത്തെ നിലകളിലേക്ക് കന്നിമൂല ഭാഗം ഒഴിച്ചിടരുത്. കൂടാതെ ആ ഭാഗത്ത് ശുചിമുറികളും മറ്റും പാടില്ല. അവിടെയും മുറി പണിയുന്നതാണ് ഉത്തമം. മറ്റ് ഭാഗങ്ങള്‍ ഒഴിഞ്ഞു കിടന്നാലും ദോഷകരമല്ല.

ആത്മീയ പ്രവര്‍ത്തികള്‍ക്ക് ഏറ്റവും ഉത്തമമായ സ്ഥലം കന്നിമൂലയാണ്. വാസ്തുശാസ്ത്രപ്രകാരം പൂജാമുറിക്ക് ഉത്തമമായ സ്ഥലമാണിത്. ദൈവികം, ജ്ഞാനം, പൗരാണികം തുടങ്ങിയവയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കാണ് കന്നിമൂല ഉചിതം. ഓരോ മതവിശ്വാസികളും അവരുടെ മഹത്ഗ്രന്ഥങ്ങള്‍ ഇവിടെ ഇരുന്ന് പാരായണം ചെയ്യുന്നത് വളരെ ഉത്തമാണ്. കുടുംബത്തില്‍ ഐശ്വര്യസിദ്ധി ഉണ്ടാകാനുള്ള ഒരു മാര്‍ഗമാണിത്. ധനം സൂക്ഷിക്കാനും വിളക്ക് തെളിയിക്കാനും ഏറ്റവും ഉത്തമമായ ഭാഗമാണ് കന്നിമൂല.

വീടിന്റെ കന്നിമൂലയില്‍ ശരിയായ നിര്‍മിതികള്‍ അല്ലെങ്കില്‍ ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് കുടുംബത്തിലെ സ്ത്രീജനങ്ങളെയാണ്. സ്ത്രീകള്‍ക്ക് ദേഹ ദുരിതം, ജീവിത ദുരിതം എന്നിങ്ങനെ കഷ്ടതകളാല്‍ വലയും. ഇവരുടെ കര്‍മമേഖലയില്‍ അതായത് തൊഴില്‍ മേഖലയില്‍ ജോലിയിലെ സ്ഥാനക്കയറ്റത്തിനുള്‍പെടെ പല തരത്തിലുള്ള തടസ്സങ്ങളും വൈഷമ്യങ്ങളുമുണ്ടാകും.

വിവാഹം കഴിഞ്ഞെങ്കിലും സന്താനഭാഗ്യത്തിന് തടസ്സം സൃഷ്ടിക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തുന്നതിനുള്ള സാധ്യതയുണ്ട്. സ്ത്രീജനങ്ങളെ കൂടാതെ കന്നിമൂല ദോഷങ്ങള്‍ ആ കുടുംബത്തിലെ സന്താനങ്ങള്‍ക്കും ദോഷകരമാണ്. അവര്‍ക്ക് അഭിവൃദ്ധി തടസവും വിവാഹ തടസവും നേരിടും.

വീട്ടിലെ പുരുഷന്മാര്‍ക്കും കന്നിമൂലയിലെ ദോഷങ്ങള്‍ ബാധിക്കും. രോഗ ദുരിതങ്ങളാണ് അവരെ പ്രധാനമായും ബുദ്ധിമുട്ടിക്കുക. തൊഴില്‍ തടസങ്ങളും അതുമായി ബന്ധപ്പെട്ട് പലതരത്തിലുള്ള ബുദ്ധിമുട്ടുകളിലേക്കും നയിക്കും.

കന്നിമൂല മലിനമായാല്‍ എന്താണ് പ്രശ്‌നം?

വാസ്തുശാസ്ത്രപ്രകാരം കന്നിമൂലക്ക് വളരെ പ്രധാന്യമുണ്ട്. ഇതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ കുടുംബത്തെ ഗുരുതരമായി ബാധിക്കുമെന്നാണ് കരുതുന്നത്. ഗൃഹത്തില്‍ വസിക്കുന്നവരുടെ മാന്യത, ധനം, ഉയര്‍ച, എന്നിവയ്ക്ക് ദോഷമുണ്ടാകും. കുടുംബത്തിലെ അംഗങ്ങള്‍ മദ്യം, മയക്കുമരുന്ന്, ലഹരി പദാര്‍ഥങ്ങള്‍ക്ക് അടിമപ്പെടും. കുടുംബ തകര്‍ച, കര്‍മ മേഖലയില്‍ തിരിച്ചടി, കുട്ടികള്‍ക്ക് തൊഴില്‍ ലഭിക്കാതിരിക്കുക, കുട്ടികള്‍ വഴിതെറ്റുക തുടങ്ങിയ പ്രശ്‌നങ്ങളും ബാധിച്ചേക്കാമെന്നും വാസ്തുശാസ്ത്രം പറയുന്നു.

വീടിന്റെ കന്നിമൂല ഭാഗത്ത് ഇക്കാര്യങ്ങള്‍ പണിയരുത്.

*ഗേറ്റ്, കവാടങ്ങള്‍ കൊടുക്കരുത്.

*വഴികള്‍/പാതകള്‍ തയാറാക്കരുത്.

*കാര്‍പോര്‍ച് വരരുത്.

*സിറ്റൗട് വരരുത്.

*അടുക്കള പണിയരുത്.

*കുളിമുറി, ടോയ്ലറ്റ് പണിയരുത്.

*കിണര്‍ പണിയരുത്.

* കുഴികള്‍, സെപ്റ്റിടാങ്ക്, ഓടകള്‍ എന്നിവ വരരുത്.

*കന്നിമൂല ഭാഗത്തെ രണ്ടാമത്തെ നില ഒഴിച്ചിടരുത്.

*മൃഗങ്ങള്‍ക്കുള്ള ആലയം പാടില്ല.

*കോണിപ്പടികള്‍ വരരുത്.

* മാലിന്യ, അശുദ്ധി കേന്ദ്രങ്ങളാകരുത്.

Keywords: Do not Leave South-West Portion Unoccupied, Kochi, News, Religion, House Built, Tips, Family, Faith, Women, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia