Follow KVARTHA on Google news Follow Us!
ad

Shashi Tharoor | ശശി തരൂരിനെ ബിജെപി റാഞ്ചുമോ? തിരുവനന്തപുരത്ത് അക്കൗണ്ട് ഉറപ്പിക്കാൻ ചെയ്യുന്ന കാര്യങ്ങൾ!

കോൺഗ്രസ് നേതാക്കൾ ഒതുക്കാൻ ശ്രമിക്കുന്നു Sashi Tharoor, Congress, Politics, കേരള വാർത്തകൾ, BJP
/ മിന്റാ മരിയ തോമസ്

(KVARTHA) താൻ കോൺഗ്രസിനെ രക്ഷിക്കാം രക്ഷിക്കാം എന്ന് ശശി തരൂർ അടിക്കടി നിരന്തരം പറഞ്ഞുകൊണ്ടിരിക്കുന്നുണ്ടെങ്കിലും ഹൈക്കമാൻ്റോ കേരളത്തിലെ കോൺഗ്രസ് നേതാക്കളോ അത് കേട്ട ഭാവമേ നടിക്കുന്നില്ല. എന്നാൽ കേരളത്തിൽ ശശി തരൂരിനു മാത്രമേ കോൺഗ്രസിനെ രക്ഷിക്കാൻ സാധിക്കുകയുള്ളുവെന്ന് ചിന്തിക്കുന്നവർ ഏറെയാണ്. അങ്ങനെ ചിന്തിക്കുന്നവർ കേരളത്തിലെ കോൺഗ്രസ് നേതാക്കൾക്കിടയിലും പ്രവർത്തകർക്കിടയിലും പോലും ഉണ്ട്. ആരെയോ പേടിച്ച് പലരും മൗനം ഭജിക്കുന്നുവെന്നു മാത്രം. കേരളത്തിലെ കോൺഗ്രസ് നേതാക്കളിൽ കരുണാകരനും ഉമ്മൻ ചാണ്ടിയ്ക്ക് ശേഷം ജനങ്ങളെ കൂട്ടത്തോടെ ആകർഷിക്കാൻ കഴിയുന്ന നേതാവായി ജനങ്ങൾ ശശി തരൂരിനെ കാണുന്നു എന്നതാണ് വാസ്തവം.

Congress MP Shashi Tharoor's stand on upcoming Lok Sabha polls

ഒപ്പം രാഷ്ട്രീയത്തിൽ നിന്നും പാർട്ടി പ്രവർത്തനങ്ങളിൽ നിന്നുമൊക്കെ അകന്നു ജീവിക്കുന്ന ഇന്നത്തെ യുവ നിരയെ പാർട്ടിയിലേയ്ക്ക് കൊണ്ടുവരുവാൻ ശശി തരൂർ അല്ലാതെ മറ്റൊരാൾ ഇല്ലെന്നും ഇവർ വിശ്വസിക്കുന്നു. എന്നാൽ ഇവിടുത്തെ തലമൂത്ത കോൺഗ്രസ് നേതാക്കളിൽ പലരും ഇന്ന് മലർപ്പൊടിക്കാരൻ്റെ സ്വപ്നത്തിലാണ്. കോൺഗ്രസിന് പുതുജീവ വായു കൊടുക്കാം എന്ന് പറഞ്ഞ് സമൂഹത്തിലേയ്ക്ക് ഇറങ്ങിത്തിരിച്ച തരൂരിന് എങ്ങനെ കൂച്ചു വിലങ്ങ് ഇടാം എന്ന ആലോചനയിലാണ് ഈ നേതാക്കളിൽ പലരും. ബാക്കി എന്തൊക്കെ കാര്യത്തിൽ അകന്നാലും ഇക്കാര്യത്തിൽ ഇവിടുത്തെ കോൺഗ്രസ് നേതാക്കൾ എല്ലാം ഒറ്റക്കെട്ടാണ്. എന്നാൽ ഇവർക്ക് ആർക്കും ജനങ്ങളെ കൈയ്യിലെടുക്കാൻ പറ്റുന്നുമില്ല.

എ.ഐ.സി.സി പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ ശശി തരൂർ മത്സരിക്കാൻ തീരുമാനിച്ചപ്പോൾ ഇന്ത്യയിലെ സാധാരണ ജനങ്ങൾ മുഴുവൻ അതിനെ ഹാർദവമായി സ്വാഗതം ചെയ്തപ്പോൾ തരൂരിനെതിരെ ഹൈക്കമാൻ്റിൻ്റെ പിന്തുണയോടെ ആരെയെങ്കിലും മത്സരിപ്പിച്ച് തരൂരിനെ ഒരു മൂലയ്ക്കിരുത്താൻ വ്യഗ്രതപൂണ്ട് ഇവിടുത്തെ നേതാക്കൾ തലങ്ങും വിലങ്ങും ഓടുന്ന കാഴ്ചയാണ് കണ്ടത്. അവർ രണ്ട് പടുവൃദ്ധന്മാരെ അതിനായി കണ്ടെത്തി. ആദ്യം രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗലോട്ടിനെ കണ്ടു. അദ്ദേഹത്തിന് അധികാരം തന്നെ മുഖ്യം. മുഖ്യമന്ത്രിയ്ക്ക് അപ്പുറം എന്ത് ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രസിഡൻ്റ് എന്നതായിരുന്നു ഈ 76 കാരൻ്റെ ചിന്ത. മുഖ്യമന്ത്രി സ്ഥാനം ഒരിക്കലും ഒഴിയാൻ പറ്റില്ല വേണമെങ്കിൽ രണ്ടും ഒന്നിച്ച് ഏറ്റെടുക്കാമെന്ന് അദ്ദേഹം അറിയിക്കുകയായിരുന്നു. ഹൈക്കാമാൻ്റിന് അത് ഉൾക്കൊള്ളാൻ കഴിഞ്ഞില്ല. എന്നിട്ടും തതരൂരിനെ പിന്തുണയ്ക്കാനും സമ്മതമില്ലായിരുന്നു.

പിന്നീട് ഇവർ കണ്ടുപിടിച്ചതാണ് മല്ലികാർജ്ജുൻ ഖാർഗേ എന്ന 82 കാരനെ. 80 കഴിഞ്ഞതിനെ തുടർന്ന് ഇവിടുത്തെ മുതിർന്ന കോൺഗ്രസ് നേതാക്കളായ എ കെ. ആൻ്റണിയും വയലാർ രവിയുമൊക്കെ പാർട്ടി പ്രവർത്തനങ്ങളിൽ നിന്ന് പിന്തിരിഞ്ഞു വീട്ടിൽ വിശ്രമജീവിതം നയിക്കുമ്പോഴാണ് 80 കഴിഞ്ഞ മല്ലികാർജുൻ ഖാർഗെയെന്ന ആളെ ആരുടെയൊക്കെയോ റബ്ബർ സ്റ്റാമ്പ് ആക്കാൻ പൊക്കി കൊണ്ടുവന്നത് എന്നോർക്കണം. എന്നിട്ടും തരൂർ ആരോടും പരാതിയോ പരിഭവമോ ഇല്ലാതെ ആരുടെയും പിന്തുണ തേടാതെ ഒറ്റയ്ക്ക് മത്സരിച്ച് സാമാന്യം നല്ല വോട്ട് കരസ്ഥമാക്കുകയായിരുന്നു. അതുവഴി ജയിച്ച ഖാർഗയേക്കാൾ സമൂഹ മധ്യത്തിൽ കൂടുതൽ സ്റ്റാർ ആയി തിളങ്ങുവാനും തരൂരിന് സാധിച്ചു. എ.ഐ സി.സി പ്രസിഡൻ്റ് ആകാൻ തരൂരിന് നേതാക്കൾ അയോഗ്യതയായി കണ്ടത് പാർട്ടി പാരമ്പര്യം ഇല്ലെന്നായിരുന്നു. അപ്പോൾ 10 വർഷം കോൺഗ്രസ് അധികാരത്തിൽ ഇരുന്നപ്പോൾ തുടർച്ചയായി പ്രധാനമന്ത്രിയായിരുന്ന മൻ മോഹൻ സിംഗിന് എന്ത് പാരമ്പര്യം എന്ന് ചോദിക്കുന്നവരും ഏറെയാണ്.

ഒരു കാലത്ത് കോൺഗ്രസ് പാർട്ടിയുടെ എല്ലാം എല്ലാമായിരുന്ന മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയെ വെട്ടിയാണ് മൻമോഹൻ സിംഗ് പ്രധാനമന്ത്രി പദത്തിലേറിയത്. പ്രധാനമന്ത്രിയാകുക എന്നത് പ്രണബ് മുഖർജിയുടെ വലിയ ഒരു ആഗ്രഹമായിരുന്നു. ആ ദു:ഖം അദ്ദേഹത്തിൻ്റെ അവസാനകാലം വരെയും നിഴലിച്ചിരുന്നു എന്നാണ് പറയപ്പെടുന്നത്. മറ്റൊന്ന് കോൺഗ്രസ് ഭരണകാലത്ത് കേരളത്തിൽ നിന്ന് ആദ്യമായി രാഷ്ട്രപതി സ്ഥാനത്ത് എത്തിയ കെ.ആർ നാരായണന് എന്ത് പാർട്ടി പ്രവർത്തന പാരമ്പര്യം ആയിരുന്നു ഉണ്ടായിരുന്നത്. കോൺഗ്രസ് പാർട്ടിയും ഹൈക്കമാൻ്റും അതിൻ്റെ പ്രധാന നേതാവായ രാഹുൽ ഗാന്ധിയും ആരുടെയോ കൈയ്യിലെ കളിപ്പാവ പോലെ നീങ്ങുമ്പോൾ ശശി തരൂരിന് ഈ അവഗണനയെല്ലാം സഹിച്ച് എത്രനാൾ കോൺഗ്രസ് പാർട്ടിയിൽ പിടിച്ചു നിൽക്കാൻ സാധിക്കുമെന്നാണ് കണ്ടറിയേണ്ടത്.

തനിക്ക് വിശ്വപൗരൻ എന്ന ലേബൽ ഉണ്ടാക്കി തന്നതും ആദ്യമായി പാർലമെൻ്റിലേയ്ക്ക് മത്സരിക്കാൻ അവസരം ഒരുക്കി കൊടുത്തതും പിന്നീട് മന്ത്രിയാക്കിയതും കോൺഗ്രസ് പാർട്ടിയാണെന്നുള്ള തിരിച്ചറിവാണ് തരൂരിനെ ഇപ്പോഴും കോൺഗ്രസിൽ തന്നെ തുടരാൻ പ്രേരിപ്പിക്കുന്ന ഘടകം എന്ന് വേണം കരുതാൻ. ഇല്ലെങ്കിൽ തരൂരിനെപ്പോലുള്ള ഒരാളുടെ മുന്നിൽ ഇന്ന് വലിയ വഴികൾ തന്നെയുണ്ട്. തരൂർ നേതൃത്വം കൊടുത്തുകൊണ്ട് കേരളത്തിൽ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിട്ടാൽ കേരളത്തിൽ കോൺഗ്രസ് ഭരണം പിടിക്കുമെന്ന് ഏത് പൊട്ടക്കണ്ണനും അറിയാം. അങ്ങനെ വന്നാൽ ശശി തരൂരിന് മുഖ്യമന്ത്രി സ്ഥാനം തന്നെ കൊടുക്കേണ്ടി വരും. അത് അദ്ദേഹത്തിന് അർഹതയുള്ളതുമാണ്. എന്നാൽ കോൺഗ്രസിൽ മുഖ്യമന്ത്രി സ്ഥാനാർത്ഥികൾ ഇപ്പോൾ തന്നെ ധാരാളം. അവർക്ക് തരൂരിൻ്റെ മുഖ്യമന്ത്രി സ്ഥാനം സഹിക്കാൻ കൂടി കഴിഞ്ഞെന്നു വരില്ല. ആങ്ങള ചത്താലും വേണ്ടില്ല നാത്തുൻ്റെ കണ്ണീരു കാണാനുള്ള ഒരുക്കത്തിലാണ് അവർ.

ഇക്കൂട്ടർ ഇപ്പോഴേ തരൂരിനെ തിരുവനന്തപുരത്തു നിന്ന് തന്നെ പാർലമെൻ്റിലേയ്ക്ക് മത്സരിപ്പിച്ച് ഒരു മൂലയ്ക്കിരുത്താൻ ആഗ്രഹിക്കുന്നുവെന്നതാണ് സത്യം. ലോകമാകെ ശ്രദ്ധിക്കുന്ന തരൂർ എന്ന വിശ്വപൗരന് ഒരു എം.പിയായി മാത്രം എത്രകാലം തുടരാനാകും എന്നതാണ് നാം നോക്കികാണേണ്ടത്. കേന്ദ്രമന്ത്രി പദമോ മുഖ്യമന്ത്രി പദമോ തുടങ്ങി വലിയ പദവികൾ വഹിക്കാൻ കഴിയുന്ന ആളാണ് തരൂരെന്ന് ഓർക്കണം. ഇപ്പോഴെ ഇനി എം.പി യായി ഇരിക്കാൻ താല്പര്യമില്ലെന്ന് അദ്ദേഹം അറിയിച്ചു കഴിഞ്ഞു. സംസ്ഥാന രാഷ്ട്രീയത്തിൽ സജീവമാകുന്നതിൻ്റെ സൂചനകളാണ് അദ്ദേഹം നൽകിക്കൊണ്ടിരിക്കുന്നത്. അങ്ങനെ ഒരു സാഹചര്യം സംജാതമാകാതിരുന്നാൽ തരൂർ ഒരു പക്ഷേ 2024 ലെ പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് കോൺഗ്രസ് പാർട്ടി വിട്ട് സ്വതന്ത്രനായി മത്സരിച്ചുകൂടെന്നില്ല.

നേരെ ചാടി ബി.ജെ.പി യിൽ പോയാൽ അത് പല അപവാദപ്രചരങ്ങൾക്കും കാരണമാകും എന്ന് തരൂരിന് ആരും പറഞ്ഞുകൊടുക്കേണ്ട കാര്യമുണ്ടെന്നും തോന്നുന്നില്ല. അങ്ങനെ സ്വതന്ത്രനായി മത്സരിക്കുന്ന തരൂരിനെതിരെ തിരുവനന്തപുരത്ത്സ്ഥാനാർത്ഥിയെ നിർത്താതെ ബി.ജെ.പി പിന്തുണയ്ക്കാനുള്ള സാധ്യത ഏറെയാണ്. കേരള നിയമസഭയിൽ ഒ രാജഗോപാാലിലൂടെ അക്കൗണ്ട് തുറന്ന ബി.ജെ.പി യുടെ അടുത്ത ലക്ഷ്യം പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ കേരത്തിൽ നിന്ന് ഒരു അക്കൗണ്ട് തുറക്കുക എന്നത് തന്നെയാവും. അതിന് ഏറ്റവും പറ്റിയ അവസരമാകും തരൂർ തിരുവനന്തപുരത്ത് മത്സരിച്ചാൽ അവർക്ക് കിട്ടുന്നത്. കേരളത്തിൽ ബി.ജെ.പിയ്ക്ക് വളരെ വേരോട്ടമുള്ള പാർലമെൻ്റ് മണ്ഡലമാണ് തിരുവനന്തപുരം. തരൂരിൻ്റെ ഭാര്യ സുനന്ദ പുഷ്ക്കർ മരിച്ചതിനു ശേഷം ഇവിടെ നടന്ന പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ തരൂരിന് ബി.ജെ.പി യുടെ ഒ രാജഗോപാലിനോട് കടുത്തമത്സരമാണ് നേരിടേണ്ടി വന്നത്. ആദ്യ ഘട്ടത്തിൽ ഒ രാജഗോപാൽ വിജയിച്ചു വരുന്ന അവസ്ഥപോലും ഉണ്ടായി. ഒടുവിൽ കുറഞ്ഞ ഭൂരിപക്ഷത്തിൽ തരൂർ തന്നെ ജയിക്കുക ആണ് ഉണ്ടായത്.

പിന്നീട് ബി.ജെ.പിയ്ക്ക് നിർത്താൻ പറ്റിയ ഒരു വ്യക്തിപ്രഭാവമുള്ള സ്ഥാനാർത്ഥി തിരുവനന്തപുരത്ത് ഉണ്ടായില്ല എന്നതാണ് സത്യം. അത് ഇന്നും ബി.ജെ.പി ക്കാരുടെ ഇടയിൽ ദു:ഖ സത്യമായി നിലകൊള്ളുന്നു. തരൂർ അല്ലാതെ മറ്റൊരു കോൺഗ്രസ് സ്ഥാനാർത്ഥി അവിടെ ഉണ്ടായാൽ ഒരു പക്ഷേ ബി.ജെ.പി തിരുവന്തപുരത്ത് ജയിച്ചു കൂടെന്നില്ല. എന്നാൽ ഇന്നത്തെ അവസ്ഥയിൽ തരൂരിന് പിന്തുണകൊടുത്ത് ഒരു ഗെയിം നോക്കുന്നതാകും ബി.ജെ.പി യെ സംബന്ധിച്ചു പറഞ്ഞാൽ ഏറ്റവും നല്ല ബുദ്ധി. അതും തരൂർ സംസ്ഥാന രാഷ്ട്രീയത്തിൽ ഇന്ന് ഏറെ തിളങ്ങി നിൽക്കുമ്പോൾ. പല പ്രബല സമുദായങ്ങൾക്കും ഇന്ന് അദ്ദേഹം സ്വീകാര്യനുമാണ്. ഒറ്റയ്ക്ക് നിന്നാൽ പോലും ജയിക്കാൻ പറ്റുന്ന താരത്തിളക്കം ഇപ്പോൾ അദ്ദേഹത്തിനുണ്ട്. തരൂർ ജയിച്ചാൽ അതിൻ്റെ അലയൊലികൾ പിന്നീട് വരുന്ന സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിലും അനുകൂലമാക്കാൻ ബി.ജെ.പിക്ക് കഴിഞ്ഞെന്നിരിക്കും.

തിരുവനന്തപുരം പോലുള്ള ജില്ലയിൽ നിന്ന് ഒന്നോ രണ്ടോ സീറ്റും ബി.ജെ.പി നേടി എടുത്തു കൂടായ്കയില്ല. തരൂർ സ്വതന്ത്രനായി മത്സരിക്കുന്നെങ്കിൽ ബി.ജെ.പി യെ സംബന്ധിച്ചു പറഞ്ഞാൽ അതൊരു സുവർണ്ണാവസരമായിരിക്കും. തരൂരിന് ബി.ജെ.പി ഇന്ന് അപ്രിയമാണെങ്കിലും തരൂർ ബി.ജെ.പി യ്ക്ക് അപ്രിയമാണെന്ന് തോന്നുന്നില്ല. സുനന്ദ പുഷ്ക്കർ വിവാദം ഇവിടെ കത്തിപ്പടർന്നപ്പോൾ ബി.ജെ.പി തരൂരിനോട് കാണിച്ച മൃദുസമീപനം അതിന് തെളിവാണ്. മാത്രമല്ല, ബി.ജെ.പി പിന്തുണയോടെ ജയിച്ചാൽ തരൂരും ഇന്ത്യൻ രാഷ്ട്രീയത്തിൽ ശക്തനായി മാറും. ബി.ജെ.പി വീണ്ടും കേന്ദ്രത്തിൽ അധികാരത്തിൽ എത്തിയാൽ ഒരു നല്ല കേന്ദ്രമന്ത്രി സ്ഥാനം പോലും ശശി തരൂരിനെ തേടി വന്നുകൂടായ്കയില്ല. ഒരു എം.പി സ്ഥാനത്ത് മാത്രം ഒതുങ്ങുന്നതിലും നല്ല വഴി ഇതു തന്നെ അല്ലെ.


തരൂരിന് കോൺഗ്രസിൽ എന്ത് പാരമ്പര്യം എന്ന് ആക്ഷേപിക്കുന്നവർ നാളെ തരൂർ ബി.ജെ.പി യിലേയ്ക്ക് ചേക്കേറിയാൽ പാർട്ടിയെ ചതിച്ചു എന്ന് പാടി നടന്നേക്കാം. അങ്ങനെയെങ്കിൽ തരൂരിന് തിരിച്ച് ചോദിക്കാവുന്നത് ഒന്നേയുള്ളു. ജ്യോതിരാദിത്യ സിന്ധ്യയ്ക്കും ഗുലാം നബി ആസാദിനും ഇല്ലാത്ത എന്ത് പാരമ്പര്യമാണ് തനിക്കുള്ളതെന്ന്. ഓർക്കണം, കോൺഗ്രസിനെ ഇന്നും നശിപ്പിച്ചു കൊണ്ടിരിക്കുന്നതും ഇപ്പോഴും പാർട്ടിയെ പടുകുഴിയിലേയ്ക്ക് തള്ളിവീഴിത്തിക്കൊണ്ടിരിക്കുന്നതും അതിൻ്റെ നേതാക്കൾ തന്നെ. ഒരോ വലിയ നേതാക്കളും പാർട്ടി വിട്ടുപോകുമ്പോഴും അതിൻ്റെ നഷ്ടം വളരെ വലുതാണെന്ന് കോൺഗ്രസ് നേതാക്കൾ തിരിച്ചറിഞ്ഞാൽ നന്നായിരിക്കും. ശശി തരൂർ ആയാലും പാർട്ടി വിട്ടാൽ നഷ്ടം പാർട്ടിക്ക് തന്നെ, അല്ലാതെ തരൂരിന് ആയിരിക്കില്ല.

Keywords: News, Sashi Tharoor, Congress, Politics, BJP, Politics, Leader, Congress MP Shashi Tharoor's stand on upcoming Lok Sabha polls.


< !- START disable copy paste -->

Post a Comment