Follow KVARTHA on Google news Follow Us!
ad

Congress | നല്ലൊരു പ്രതിപക്ഷം ഇവിടെ ആവശ്യമാണ്, അത് കോൺഗ്രസിനെക്കൊണ്ട് സാധിക്കുമോ?

കേരളത്തിലും കേന്ദ്രത്തിലും സ്ഥിതി സമാനം Politics, Election, Congress, BJP
/ സോണി കല്ലറയ്ക്കൽ

(KVARTHA) നല്ലൊരു പ്രതിപക്ഷം ഇല്ലാതെ പോകുന്നത് കൊണ്ട് തന്നെ നമ്മുടെ നാട് അപകടത്തിലേയ്ക്ക് പോകുന്നത് പോലെ തോന്നുന്നു. ശരിക്കും ദേശീയ തലത്തിലും നമ്മുടെ സംസ്ഥാനത്തും നല്ലൊരു പ്രതിപക്ഷം ഇപ്പോൾ ഉണ്ടോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. അതിൻ്റെ ദുരന്തം ഇന്ന് ജനങ്ങൾ അനുഭവിക്കുകയും ചെയ്യുന്നു. ദേശീയ തലത്തിൽ നോക്കിയാൽ പ്രധാനമന്ത്രി മോദിക്ക് ബദൽ ഒരു പ്രതിപക്ഷ നേതാവ് ഇല്ലായെന്നത് എടുത്തു പറയേണ്ട വസ്തുതയാണ്. നമ്മുടെ സംസ്ഥാനത്തേയ്ക്ക് തിരിഞ്ഞു നോക്കിയാൽ എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാർ പോലെ ആകുന്നു പ്രതിപക്ഷം. ജനകീയ പ്രശ്നങ്ങളിൽ പ്രതിപക്ഷത്തിൻ്റെ ഇടപെടൽ വളരെ കുറവ്. എന്തെങ്കിലും വിഷയം വന്നാൽ പേരിന് ഒരു സമരം. പിന്നീട് വന്നപോലെ തന്നെ എല്ലാം കെട്ടടങ്ങുന്നു. ഇത് ആണോ പ്രതിപക്ഷ ധർമ്മം?


കോൺഗ്രസ് ഒരിക്കലും തകർന്ന് അടിയരുതെന്ന് ആഗ്രഹിക്കുന്നതിൻ്റെ കാരണവും ഇതാണ്. ദേശീയ തലത്തിൽ നോക്കിയാലും സംസ്ഥാന തലത്തിൽ നോക്കിയാലും നിലവിൽ ഭരിക്കുന്ന ഭരണകൂടങ്ങൾക്ക് ബദൽ കോൺഗ്രസിന് മാത്രമേ ആകാൻ സാധിക്കു എന്ന് വിശ്വസിക്കുന്നു. പക്ഷേ, പ്രതിപക്ഷ നേതാക്കളുടെ ലക്ഷ്യബോധമില്ലാത്ത പ്രവർത്തനങ്ങൾ കോൺഗ്രസിനെ തകർക്കുന്ന രീതിയിലേയ്ക്കാണ് നയിക്കുന്നത്. അതിനാൽ തന്നെ പല നേതാക്കളും പാർട്ടി വിട്ട് മറ്റു പാർട്ടികളിലേയ്ക്ക് ചേക്കേറുന്നു. ഇതിൻ്റെ കാരണം കോൺഗ്രസ് തകർന്ന് മണ്ണടിഞ്ഞു കാണാൻ ആഗ്രഹിക്കുന്ന നേതാക്കൾ തന്നെയാണ്. പാർട്ടിയോട് ആത്മാർത്ഥതയൊന്നും ഇല്ലാതെ സ്വന്തം സ്വാർത്ഥലാഭം നോക്കി നടക്കുന്ന നേതാക്കളാണ് ഇവിടെയും ദേശീയ തലത്തിലും ഒക്കെ കോൺഗ്രസിൻ്റെ ശാപം.


ഇവരൊക്കെ കണ്ടു പഠിക്കേണ്ടത് കർണ്ണാടകത്തിലെ കോൺഗ്രസ് നേതാക്കളെയാണ്. ഒരു പ്രതിപക്ഷ നേതൃസ്ഥാനം പോലും കിട്ടാഞ്ഞിട്ടും വേദനയില്ലാത്തവരാണ് ഇവിടുത്തെ കോൺഗ്രസ് നേതാക്കൾ എന്ന് ഓർക്കുമ്പോൾ സാധാരണ ജനം മൂക്കത്ത് വിരൽ വെയ്ക്കുന്നുണ്ടാവും. പ്രതിപക്ഷമെന്നാൽ ഭരണപക്ഷത്തെ ക്രീയാത്മകമായി വിമർശിച്ച് ദിശബോധം നൽകുക എന്ന കടമയാണ് നിർവ്വഹിക്കേണ്ടത്. പുരോഗതിയിലേക്ക് നടന്നടുക്കേണ്ട ഒരു നാട്ടിലെ പുതുതലമുറക്ക് വർത്തമാനകാലത്തിലൂടെ സഞ്ചരിക്കണമെങ്കിൽ കാളവണ്ടി യുഗത്തിൽ ബന്ധിക്കപ്പെടരുത്, ആധുനികത കടന്നുവരണം. കേരളത്തിലെ ഭരണകൂടം ആണെങ്കിൽ ചെയ്യുന്നത് കുറച്ചെ ഉള്ളുവെങ്കിലും കൃത്യമായി ജനങ്ങളിലേയ്ക്ക് എത്തിക്കാൻ ശ്രമിക്കുന്നു. അതുകൊണ്ട് പല അഴിമതികളും മൂടപ്പെടുന്നു.

നേരെമറിച്ച് ഇവിടുത്തെ പ്രതിപക്ഷം ആണെങ്കിലോ ആ പദ്ധതി വന്നാൽ ഈ പദ്ധതി വന്നാൽ ഭരണപക്ഷത്തതിന് നേട്ടമാകും, അതുകൊണ്ട് എതിർക്കണം എന്ന നിലപാടിൽ ആണ്. ഒരു പദ്ധതി വിഭാവനം ചെയുമ്പോൾ അതിൽ അഴിമതി ഉണ്ടോ? പ്രായോഗികമാണോ എന്ന് പരിശോധിച്ച് ഇടപെടാം. പക്ഷേ ഓരോ പദ്ധതി സംബന്ധിച്ചും പ്രതിപക്ഷ നേതാക്കൾ പറയുന്നത് അത് ഞങ്ങൾ സമ്മതിക്കില്ല എന്നാണ്. സർക്കാർ കൊണ്ടുവരുന്ന പദ്ധതികൾ ഞങ്ങൾ സമ്മതിക്കില്ല എന്ന് പറയാൻ പ്രതിപക്ഷത്തിന് അവകാശം ഇല്ല, എന്ന് തന്നെയല്ല ജനം എതിരാകുമെന്നും ഓർക്കണം. അതോടൊപ്പം, അത് നടത്താൻ ഞങ്ങൾ സമ്മതിക്കില്ല എന്ന പ്രയോഗവും തിരുത്തുന്നത് ഉചിതമായിരിക്കും. മാത്രമല്ല, സമരങ്ങൾ വെറും പൊള്ളയും ആകരുത്.

നമ്മുടെ സംസ്ഥാനത്ത് ആര് ഭരിക്കണം എന്ന് തീരുമാനിക്കുന്നത് എൽ ഡി എഫ് വോട്ടുകളോ യു ഡി എഫ് വോട്ടുകളോ അല്ല. അഞ്ചോ ആറോ ലക്ഷം നിഷ്പക്ഷ വോട്ടുകളാണ്. യൂറോപ്യൻ സംസ്കാരവും സൗകര്യങ്ങളും അറിയുകയും അനുഭവിക്കുകയും ചെയ്യുന്ന ഇന്നത്തെ തലമുറക്ക് അവയൊക്കെ ഇവിടെയും വേണം എന്ന ആഗ്രഹം നിർവ്വഹിക്കപ്പെടുന്നവർ സ്വീകരിക്കപ്പെടും, എതിർക്കുന്നവർ തിരസ്കരിക്കപ്പെടും. ഇത് പ്രതിപക്ഷം മറക്കാതിരിക്കുക. ഉദാഹരണമായി ചുരം കേറി സമയം കളയുന്നവർക്ക് തുരങ്കം നിർമ്മിച്ച് സൗകര്യം ഒരുക്കാം എന്ന് ഒരു സർക്കാർ പറയുമ്പോൾ അത് ഞങ്ങൾ സമ്മതിക്കില്ല എന്ന് പറയുന്ന പ്രതിപക്ഷ നേതാക്കളോട് ചുരം കേറി തിക്താനുഭവം നേരിടുന്ന ജനങ്ങൾക്ക് വെറുപ്പേ ഉണ്ടാകൂ. ഇത് പോലെ മറ്റ് ആനേകം കാര്യങ്ങളും.

കേരളത്തിൽ ശരിക്കും ഭരണകക്ഷിയെന്ന നിലയിലും പ്രതിപക്ഷ കക്ഷി എന്ന നിലയിലും ആസ്വദിച്ച ഭരണം ഇ.കെ.നായനാരും കെ.കരുണാകരനും മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായി മാറി മാറി ഭരിച്ചപ്പോഴാണ്. ഇവർ ഇരുവരും കേരള ജനതയ്ക്ക് ഒരു പ്രത്യേക ഉണർവ് തന്നെ സമ്മാനിച്ചിരുന്നു. അവസരം കിട്ടുമ്പോളൊക്കെ പ്രതിപക്ഷ നേതാവ് എന്നനിലയിൽ സിപിഎമ്മിനെ കടന്നാക്രമിച്ച ഉമ്മൻ ചാണ്ടിയുടെയും എല്ലാ എതിർപ്പുകളെയും മറികടന്ന് ജനങ്ങൾക്കിടയിലൂടെ നടന്ന വി.എസ്.അച്യുതാന്ദൻ്റെയും ഒക്കെ വില രാഷ്ട്രീയ സമൂഹം അറിയുന്നത് ഇപ്പോഴാണ്.

Congress Failed To Be A Good Opposition

Keywords: News, National, Kerala, Politics, Election, Congress, BJP, CPM, Strike, Congress Failed To Be A Good Opposition.
< !- START disable copy paste -->

Post a Comment