Movie Review | പ്രേമലു: ഹൈദരാബാദിലേക്കുള്ള ഒരു യാത്ര

 


_സിനിമാ റിവ്യൂ / സോണൽ മൂവാറ്റുപുഴ_

(KVARTHA) നല്ലൊരു ബിരിയാണി ഓർഡർ ചെയ്ത് അത് കഴിച്ചോണ്ട് ഇരിക്കുമ്പോൾ കിട്ടുന്ന ഒരു ഫീലുണ്ട്. പക്ഷെ, കഴിച്ചു കഴിയുമ്പോൾ നമ്മുക്ക് അത് മറ്റൊരു ബിരിയാണി മാത്രം. ഒറ്റ വാക്കിൽ പറഞ്ഞാൽ ഇതാണ് പ്രേമലു. സിനിമ കണ്ട് ഇറങ്ങുമ്പോൾ ഓർത്തിരിക്കാൻ ഒന്നും തരാത്ത എന്നാൽ കണ്ടോണ്ട് ഇരിക്കുമ്പോൾ നന്നായി എന്റർടൈൻ ചെയ്യിക്കുന്ന ഒരു സിനിമ. മലയാളത്തിൽ നിരവധി ചിത്രങ്ങൾ സമ്മാനിച്ച ഒരു നിർമ്മാണ കമ്പനി ആണ് ഭാവന പ്രൊഡക്ഷൻസ്, ഈ ഒരു ബാനറിൽ ഫഹദ് ഫാസിലും ശ്യാം പുഷ്കരനും, ദിലീഷ് പോത്തനും ചേർന്നാണ് പ്രേമലു നിർമ്മിച്ചിരിക്കുന്നത്. തണ്ണീർ മത്തൻ ദിനങ്ങൾ, സൂപ്പർ ശരണ്യ തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം ഗിരീഷ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് പ്രേമലു.

Movie Review | പ്രേമലു: ഹൈദരാബാദിലേക്കുള്ള ഒരു യാത്ര

തികച്ചും വ്യത്യസ്തമായ ഒരു ആശയമാണ് ഈ ചിത്രത്തിൽ ഉള്ളത്. ഹൈദരാബാദ് പശ്ചാത്തലമാക്കി യുവതലമുറയുടെ കഥയാണ് ഈ ചിത്രം പറയുന്നത്. നസ്ലിൻ, മമിതാ ബൈജു തുടങ്ങിയ താരങ്ങളാണ് നായിക നായകന്മാരായി എത്തുന്നത്. ശരിക്കും പറഞ്ഞാൽ ഹൈദ്രാബാദിനെ നന്നായി ഇഷ്ടപ്പെടുന്നവർക്ക് വേണ്ടിയുള്ള സിനിമയാണ് പ്രേമലു. അങ്ങനെയുള്ളവർ ഈ സിനിമ നന്നായി ആസ്വദിക്കും എന്ന് തീർച്ച. കേരളത്തിന് പുറത്ത് മുംബൈ, ബാംഗ്ലൂർ, ചെന്നൈ പോലുള്ള നഗരങ്ങളിൽ മാത്രമല്ല മലയാളികൾ കൂടുതൽ അധിവസിക്കുന്നത്. ഇതുപോലെ മലയാളികൾ കൂടുതൽ താമസിക്കുന്ന സ്ഥലമാണ് ഹൈദ്രാബാദ് എന്നും ഈ സിനിമ നമുക്ക് വ്യക്തമാക്കി തരുന്നു.

Movie Review | പ്രേമലു: ഹൈദരാബാദിലേക്കുള്ള ഒരു യാത്ര

ഹൈദ്രാബാദിൽ വ്യത്യസ്തമായ സാഹചര്യങ്ങളിൽ വന്നു ചേരുന്ന കുറച്ച് മലയാളികളും അവർ തമ്മിൽ കണ്ടു മുട്ടുന്നതും അവർ തമ്മിലുള്ള ഫ്രണ്ട്ഷിപ്പും കാര്യങ്ങളും ഒക്കെ ആയിട്ടാണ് ഈ സിനിമയുടെ കഥ മുന്നോട്ട് പോകുന്നത്. ഹൈദ്രാബാദ് നഗരത്തിൻ്റെ ലൈഫ് സ്റ്റൈലും കാഴ്ചകളും ഒക്കെയായി സിനിമയിലെ ഓരോ രംഗങ്ങളും കടന്നുപോകുമ്പോൾ ഹൈദ്രാബാദ് നഗരത്തിലേയ്ക്ക് നടത്തുന്ന സിറ്റി ടൂർ ആണ് സിനിമ എന്ന് വിശേഷിപ്പിക്കേണ്ടി വരും. ഹൈദ്രാബാദിൽ കാണേണ്ട എല്ലാ സ്ഥലങ്ങളും ഈ സിനിമയിൽ ഗാനരംഗത്ത് പ്രത്യേകം ചിത്രീകരിച്ചിട്ടുണ്ടെന്ന് എടുത്തു പറയണം. പ്രത്യേകമായി ട്രെയിനിൽ നടക്കുന്ന പ്രണയ രംഗങ്ങളിൽ ഒക്കെ.

ഈ സിനിമ ഒരു ലവ് സ്റ്റോറിയാണ്. പ്രണയം എന്ന വികാരം മനുഷ്യൻ്റെ മനസിനെ എത്രത്തോളം സ്വാധീനിക്കുന്നു എന്ന് ഈ സിനിമ നമുക്ക് കാണിച്ചു തരുന്നു. അതുപോലെ തന്നെ പ്രണയത്തോടൊപ്പം മനുഷ്യനിൽ വന്നുചേരുന്ന പോസസീവ്നെസ് എന്ന വികാരവും. അത് നമ്മുടെ മനസിലേയ്ക്ക് വന്ന് കഴിഞ്ഞാൽ പിന്നെ നമ്മുടെ ചിന്താഗതികൾ മറ്റൊരു തലത്തിലേയ്ക്ക് പോവുകയും ഒരു കാര്യത്തിലും ശ്രദ്ധകേന്ദ്രീകരിക്കാൻ പറ്റാതാവുകയും ചെയ്യുന്നു. നമ്മൾ ഭയങ്കരമായ രീതിയിൽ അസ്വസ്ഥമാവുകയും നമ്മുടെ ചുറ്റും നടക്കുന്ന കാര്യങ്ങളിലേയ്ക്ക് തന്നെ ശ്രദ്ധിക്കാതെ പ്രേമം മാത്രം നമ്മുടെ മനസിലേയ്ക്ക് വീണ്ടും വീണ്ടും വരുന്ന ഒരു ചിന്ത വരുകയും ചെയ്യുന്നു. ശരിക്കും നമ്മുടെ ജീവിതം തന്നെ നമുക്ക് ഭാരമായി തോന്നുന്ന ഒരു അവസ്ഥ.

ഇത് വളരെ മനോഹരമായി ചിത്രീകരിക്കാൻ സിനിമയിൽ സംവിധായകന് കഴിഞ്ഞിട്ടുണ്ട്. തുടക്കത്തിൽ കഥ മാറി മറിഞ്ഞ് പിന്നെ ഹൈദ്രാബാദിലേയ്ക്ക് ഷിഫ്റ്റ് ആവുകയാണ്. ഹൈദ്രാബാദിൽ രണ്ട് സാമൂഹ്യ പശ്ചാത്തലത്തിൽ ജീവിക്കുന്നവരുടെ ജീവിത രീതി വളരെ മനോഹരമായി സിനിമയിൽ അവതരിപ്പിച്ചിട്ടുണ്ട്. ഇൻ്റെർവെല്ലിനു ശേഷം സിനിമ എവിടെ നിർത്തിയോ അവിടെ നിന്നാണ് മുന്നോട്ട് പോകുന്നത്. ഇമോഷനും കോമഡിയും സംയോജിതമായി ചേർത്തുകൊണ്ടുള്ള ഒരു സിനിമയാണ് പ്രേമലു. സിനിമയുടെ ഫസ്റ്റ് ഹാഫ് ഒട്ടും നമ്മെ ബോറഡിപ്പിക്കുന്നില്ല, ഒട്ടും ലാഗ് അനുഭവപ്പെടുന്നുമില്ല. കൂടാതെ തമാശകൾ സംവാദിക്കുന്ന ഒരു പാട് നല്ല മുഹൂർത്തങ്ങൾ സിനിമയിൽ ഉടനീളമുണ്ട്.

തമാശകൾ കൂടുതലും കഥയിൽ വന്നു ചേരുന്ന സിറ്റുവേഷൻ അനുസരിച്ച് ക്രിയേറ്റ് ചെയ്യപ്പെട്ടിരിക്കുന്നു. പല തരത്തിൽ നമ്മൾ നിത്യേന കാണുന്ന ഡയലോഗുകൾ മനോഹരമായി തന്നെ സിനിമയിൽ ഉപയോഗിച്ചിട്ടുണ്ട്. എടുത്തു പറയേണ്ടത് ഈ സിനിമയിൽ ഒരു പബ്ബിൽ രണ്ട് പേർ തമ്മിൽ വാദപ്രതിപാദം നടക്കുന്നുണ്ട്. ശരിക്കും ഈ വാദപ്രതിപാദം നമ്മെ പൊട്ടിച്ചിരിപ്പിക്കും, ശരിക്കും തിയേറ്ററിനെ പൂരപ്പറമ്പ് ആക്കിയ സീൻ ആയിരുന്നു അത്. മൊത്തത്തിൽ നല്ലൊരു ഡീസന്റ് എൻ്റെർടെയിനർ ആണ് പ്രേമലു, ആദ്യം മുതൽ അവസാനം വരെ ഒരേ വൈബ്ൽ എന്റർടൈൻമെന്റ് മൂഡിൽ പോവുന്ന കിടിലൻ പടം എന്ന് വേണമെങ്കിലും ഈ സിനിമയെ നമുക്ക് വിശേഷിപ്പിക്കാം. മികച്ച രീതിയിലുള്ള ഡയലോഗ് പ്രസൻ്റേഷൻ പ്രത്യേകം എടുത്തു പറയേണ്ടത് ആണ്.

ഗിരിഷ് എ ഡിയുടെ കഴിഞ്ഞ രണ്ട് സിനിമകളെക്കാളും സിനിമാറ്റിക്കായി ഉയർന്ന് നിൽക്കുന്ന വർക്കാണ് ഇതിൽ. മേക്കർ എന്ന നിലയിൽ നൽകിയിരുന്ന പ്രതീക്ഷ ഉയർത്തുന്നുണ്ട് പ്രേമലു. കഥ പറച്ചിലിൻ്റെ കയ്യടക്കവും അഭിനേതാക്കളുടെ പ്രകടനമികവും ഒരുപോലെ മികച്ച് നിൽക്കുന്നുണ്ട്. 'Fun filled ROMCOM' എന്ന നിലയിൽ കിടിലൻ തിയേറ്റർ എക്സ്പീരിയൻസാണ്. ഒരു മിനിറ്റ് പോലും മുഷിപ്പിക്കാതെ ആദ്യ രംഗത്തിൽ വെയ്ക്കുന്ന ഗ്രാഫ് മുന്നോട്ട് പോകും തോറും ഉയർത്തുന്നത് എഴുത്തിലെ മുറുക്കവും സിനിമാ ഡിസൈനിലെ കൈയ്യടക്കവും ആണ് എടുത്തുകാണിക്കുന്നത്.

പ്രേമലുവിൽ വന്ന സോഷ്യൽ മീഡിയ റഫറൻസ് തമാശകൾ ഒക്കെ കിടു ആയി അവതരിപ്പിച്ചിരിക്കുന്നത് പ്രത്യേകം അഭിനന്ദനം അർഹിക്കുന്നു. അതിന്റെയൊക്കെ പ്ലേസ്മെൻ്റ് മികച്ചതായിരുന്നു സിനിമയിൽ. സിറ്റുവേഷണൽ കോമഡി കൾക്കൊപ്പം നസ്ലൻ സീരിയസ് ആയി വന്ന് പറയുന്ന തമാശകൾക്ക് വരെ വലിയ റെസ്പോൺസ് ആയിരുന്നു തിയറ്ററിൽ കണ്ടത്. എന്തായാലും അഭിനേതാക്കൾ ഒക്കെ ഒന്നിനൊന്ന് മെച്ചപ്പെട്ട് നിന്നു. പ്രേക്ഷകരുടെ പൾസ് അറിഞ്ഞു പടം പിടിക്കുന്ന ഒരിത് ഈ സിനിമയിൽ അനുഭവപ്പെടും. തീർച്ചയായും, നിങ്ങൾക്ക് ഈ സിനിമ കാണാൻ പ്ലാൻ ഉണ്ടെങ്കിൽ തിയറ്ററിൽ നിന്ന് തന്നെ കാണാൻ ശ്രമിക്കുക.


Keywords:   Article, Editor’s-Pick, Movie Review, Premalu,  Hyderabad,  Journey, 
Cinema, Premalu: A Journey to Hyderabad.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia