Open Book Exam? | എന്താണ് സിബിഎസ്ഇ ആരംഭിക്കുന്ന 'ഓപ്പൺ ബുക്ക് പരീക്ഷ', ഇന്ത്യയിൽ എത്രത്തോളം ഫലപ്രദമാകും; എന്ത് നേട്ടമുണ്ടാക്കും? അറിയാം കൂടുതൽ

 


ന്യൂഡെൽഹി: (KVARTHA) സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (CBSE) അടുത്ത അധ്യയനവർഷം ഒമ്പത് മുതൽ 12 വരെ ക്ലാസുകളിൽ പരീക്ഷണാടിസ്ഥാനത്തിൽ ഓപ്പൺ ബുക്ക് പരീക്ഷ (OBE) നടത്താൻ ഒരുങ്ങുകയാണ്. ബോർഡ് ഭരണസമിതി യോഗത്തിൽ ഇക്കാര്യം ചർച്ച ചെയ്തതായാണ് റിപ്പോർട്ടുകൾ. നവംബർ - ഡിസംബർ മാസങ്ങളിലായി തിരഞ്ഞെടുക്കപ്പെട്ട സ്കൂളുകളിൽ പരീക്ഷണാടിസ്ഥാനത്തിൽ നടത്തിയശേഷമാകും ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക.
  
Open Book Exam? | എന്താണ് സിബിഎസ്ഇ ആരംഭിക്കുന്ന 'ഓപ്പൺ ബുക്ക് പരീക്ഷ', ഇന്ത്യയിൽ എത്രത്തോളം ഫലപ്രദമാകും; എന്ത് നേട്ടമുണ്ടാക്കും? അറിയാം കൂടുതൽ

എന്താണ് ഓപ്പൺ ബുക്ക് പരീക്ഷ?

ഓപ്പൺ ബുക്ക് പരീക്ഷയെന്നാൽ പുസ്തകം നോക്കി ഉത്തരം പകർത്തുകയല്ല. വിദ്യാർഥികൾക്ക് പുസ്തകമോ മറ്റ് പഠന സാമഗ്രികളോ നോക്കി ചോദ്യങ്ങൾക്ക് ഉത്തരം എഴുതാം. പാഠപുസ്തകങ്ങൾ, നോട്ടുകൾ, മറ്റു പഠന സാമഗ്രിക എന്നിവ റഫർ ചെയ്യാനായി പരീക്ഷാ ഹാളിൽ അനുവദിക്കും. ഇതിലെ വിവരങ്ങൾ വച്ചു വിശകലനം ചെയ്ത് ഉത്തരം സ്വയം കണ്ടെത്തേണ്ടിവരും. കാണാപാഠം പഠിക്കുന്നതിന് പകരം പഠിച്ച കാര്യങ്ങൾ എത്രത്തോളം മനസിലാക്കി എന്നതിനാണ് ഇതിലൂടെ പ്രാധാന്യം നൽകുന്നത്.

ഈ പദ്ധതിയിലൂടെ കുട്ടികളുടെ ചിന്തിക്കാനും വിശകലനം ചെയ്യാനും വിമർശനാത്മകമായി നോക്കാനും പ്രശ്നങ്ങൾ പരിഹരിക്കാനുമുള്ള കഴിവുകൾ വിലയിരുത്തും. വിദ്യാഭ്യാസ സമ്പ്രദായവുമായി ബന്ധപ്പെട്ട് എല്ലാവരിൽ നിന്നും അഭിപ്രായം സ്വീകരിക്കുക എന്നതാണ് ഇതിൻ്റെ മറ്റൊരു ലക്ഷ്യം. പരീക്ഷണാടിസ്ഥാനത്തിൽ തിരഞ്ഞെടുത്ത ചില സ്കൂളുകളിൽ, ഒമ്പത്, 10 ക്ലാസുകളിലെ ഇംഗ്ലീഷ്, ഗണിതം, സയൻസ് വിഷയങ്ങളുടെയും 11, 12 ക്ലാസിലെ ഇംഗ്ലീഷ്, ഗണിതം, ബയോളജി വിഷയങ്ങളുടെയും പരീക്ഷ ഓപ്പൺ ബുക്ക് പരീക്ഷയ്ക്ക് കീഴിൽ നടത്തുമെന്ന് സിബിഎസ്ഇ അധികൃതർ അറിയിച്ചു.


എന്ത് നേട്ടമുണ്ടാകും?

ലോകത്തെ പല രാജ്യങ്ങളിലും ഓപ്പൺ ബുക്ക് പരീക്ഷകൾ നടത്തുന്നുണ്ട്. വിദ്യാർഥികളുടെ മാനസിക പിരിമുറുക്കം കുറയ്ക്കാൻ ഓപ്പൺ ബുക്ക് പരീക്ഷ സഹായിക്കുമെന്നാണ് എയിംസ് ഭുവനേശ്വർ നടത്തിയ ഗവേഷണത്തിൻ്റെ നിഗമനമെന്ന് 'ഇന്ത്യൻ എക്സ്പ്രസ്' റിപ്പോർട്ട് ചെയ്യുന്നു. കേംബ്രിഡ്ജ് സർവകലാശാലയിൽ 2020 ൽ നടത്തിയ ഗവേഷണമനുസരിച്ച് ഇത് സമ്മർദം കുറയ്ക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്. 2021-ൽ, ധനഞ്ജയ് ആശാരിയുടെയും വിഭു പി സാഹുവിൻ്റെയും ഗവേഷണത്തിൽ, ഡൽഹി സർവകലാശാലയിൽ നടന്ന ഓപ്പൺ ബുക്ക് പരീക്ഷയിൽ പങ്കെടുത്ത വിദ്യാർത്ഥികൾ പരമ്പരാഗത പരീക്ഷയെ അപേക്ഷിച്ച് മികച്ച പ്രകടനം കാഴ്ചവച്ചതായി റിപ്പോർട്ട് ചെയ്തു.

കുട്ടികളിൽ വിഷയങ്ങളെക്കുറിച്ചുള്ള അവബോധം വളർത്തുന്നതിന് പകരം ചിട്ടയായ പഠനത്തിനാണ് നിലവിലെ പരീക്ഷാ സമ്പ്രദായം ഊന്നൽ നൽകുന്നതെന്ന് വിദഗ്ധർ പറയുന്നു. അത്തരമൊരു സാഹചര്യത്തിൽ, ഓപ്പൺ ബുക്ക് പരീക്ഷ അവർക്ക് സമ്മർദം കുറയ്ക്കുമെന്നാണ് അഭിപ്രായം. ഓപ്പൺ ബുക്ക് പരീക്ഷകൾ പരീക്ഷകളിലെ കോപ്പിയടിയും മറ്റ് കെടുകാര്യസ്ഥതകളും കുറയ്ക്കുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. പ്രായോഗിക ബുദ്ധിമുട്ടുകൾ ഉണ്ടെങ്കിലും ഇന്ത്യയിൽ കാര്യക്ഷമമായി നടത്തിയാൽ ഫലപ്രദമാകുമെന്നാണ് വിലയിരുത്തുന്നത്.

Keywords: News, Top-Headlines, News-Malayalam-News, Education, Lifestyle, Lifestyle-News, CBSE's open book exam plan: What is it?
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia