Bharat Rice | ഈ അരി കേരളത്തിൽ വേവില്ല; അത് 'ഭാരത് റൈസ്' ആണെങ്കിലും!

 


/ സോണി കല്ലറയ്ക്കൽ

(KVARTHA) എന്ത് വില കൊടുത്തും കേരളത്തിൽ നിന്ന് ഒരു എംപി യെ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ ബി.ജെ.പി കേന്ദ്രനേതൃത്വം തൃശൂർ ഉഴുതു മറിക്കുകയാണ്. കേരളത്തിലെ വോട്ടർമാരെ വലയിലാക്കാൻ മോദി സർക്കാർ ഇങ്ങോട്ട് അരിയും കൊണ്ടിറങ്ങിയിട്ടുണ്ട്. 29 രൂപ വിലയ്ക്ക് കേന്ദ്രസർക്കാരിൻ്റെ ഭാരത് അരി വിൽപ്പന തൃശൂരിൽ ആരംഭിച്ചിരിക്കുകയാണ്. അഞ്ച് കിലോ, 10 കിലോ പാക്കറ്റുകളാണ് മണ്ണുത്തി, പട്ടിക്കാട്, ചുവന്ന മണ്ണ്, പീച്ചി റോഡ് ഭാഗങ്ങളിൽ വില്‍പന നടത്തിയത്. റേഷന്‍ കാര്‍ഡ് ഇല്ലാതെ അരിവാങ്ങാം. ഒരാള്‍ക്ക് ഒരു തവണ 10 കിലോ വരെ ലഭിക്കും. അങ്ങനെയൊക്കെയാണ് കേന്ദ്രസർക്കാരിൻ്റെ ഭാരത് റൈസിൻ്റെ കേരളത്തിലേയ്ക്കുള്ള വരവ്.

Bharat Rice | ഈ അരി കേരളത്തിൽ വേവില്ല; അത് 'ഭാരത് റൈസ്' ആണെങ്കിലും!


ഭാരത് അരിയുടെ വില്‍പനയ്ക്കായി സംസ്ഥാനത്ത് 200 ഔട്ട്‌ലെറ്റുകള്‍ തുറക്കും എന്ന പ്രഖ്യാപനവുമുണ്ട്. എന്തായാലും സുരേഷ് ഗോപി മാത്രമല്ല, ബി.ജെ.പി ദേശീയ നേതൃത്വവും തൃശൂർ അങ്ങ് എടുത്തിരിക്കുകയാണെന്ന് വേണം പറയാൻ. ആദ്യ വിഷു കൈ നീട്ടം, പക്ഷികൾക്ക് ചട്ടി, മാതാവിനുള്ള സ്വർണ്ണക്കിരീടം തുടങ്ങിയവയൊക്കെ തൃശൂരിനു മാത്രമുള്ളതാണല്ലോ. ഇപ്പോൾ ഭാരത് അരിയുടെ വിൽപ്പനയ്ക്കും തൃശൂരിൽ തുടക്കം കുറിച്ചിരിക്കുന്നു. തൃശൂരിൻ്റെ ഒരു ഭാഗ്യമേ. കേരള തലസ്ഥാനമായ തിരുവനന്തപുരത്തിന് ഇല്ലാത്ത എന്ത് പ്രത്യേകതയാണ് തൃശൂരിനുള്ളത്. 29 രൂപയ്ക്ക് അരിയൊക്കെ നല്ലത് തന്നെ, പക്ഷേ, ഇലക്ഷൻ അടുത്തപ്പോൾ തന്നെ അരി ഇറക്കിയത് വോട്ട് പിടിക്കാൻ ആയിരിക്കില്ല അല്ലേ. അതും തൃശൂർ തന്നെ ഇറക്കിയത് ആർക്കും സംശയമില്ലല്ലോ.

ഇനി ഭാരത് ഗ്യാസ്, ഭാരത് പെട്രോൾ എല്ലാം പ്രതീക്ഷിക്കുന്നു. അതിൻ്റെ തുടക്കവും തൃശൂർ തന്നെ ആകട്ടെ. സ്റ്റാറ്റ്യൂട്ടറി റേഷൻ വ്യവസ്ഥ അനുസരിച്ച് സൗജന്യമായി 2 രൂപയ്ക്ക്, 10 രൂപയ്ക്ക് എന്നീ ക്രമത്തിൽ കിട്ടേണ്ട റേഷൻ വിഹിതം വെട്ടിക്കുറച്ച് മൂന്നിരട്ടി വിലയ്ക്ക് ഔദാര്യം എന്ന് പ്രഖ്യാപിച്ച് സ്വകാര്യ ഏജൻസി വഴി വിറ്റ് ലാഭം ഉണ്ടാക്കുന്നതാണ് ഭാരത് അരിയെന്നാണ് വിമർശനം. റേഷൻ കടകൾ വഴി കിലോയ്ക്ക് 10 രൂപ പ്രകാരം കൊടുത്തിരുന്ന അരിയുടെ കേന്ദ്ര വിഹിതം വെട്ടികുറച്ച് അതെടുത്ത് 29 രൂപക്കു ഭാരത് റൈസ് എന്ന പേരിൽ വിൽക്കുന്നു . വടക്കേ ഇന്ത്യക്കാരെ പൊട്ടൻമാരാക്കുന്നതുപോലെ കേരളത്തിലെ ജനങ്ങളെ പൊട്ടൻമാർ ആക്കരുത്. ഭാരത് അരി വന്നേ, ഇനി അരിക്ക് തീവിലയില്ല എന്നൊക്കെ പറഞ്ഞാണ് ബി.ജെ.പി കേന്ദ്രങ്ങൾ ഇതു സംബന്ധിച്ചുള്ള പ്രചാരണങ്ങൾ അഴിച്ചുവിട്ടിരിക്കുന്നത്.

മുൻപ് പലതിനും ഇതുപോലെ വിലക്കുറവ് ഇലക്ഷൻ കഴിയുന്നിടം വരെ ആയിരുന്നെന്ന് മറക്കേണ്ട. എന്തൊക്കെ വാഗ്ദാനങ്ങളുടെ തള്ളൽ ആയിരുന്നു കേന്ദ്ര നേതൃത്വം കഴിഞ്ഞ കാലത്ത് ഇവിടെ നടത്തിയത്. ഇപ്പോൾ അതൊക്കെ സ്വപ്നങ്ങളിൽ മാത്രം. മോദി സർക്കാർ മറന്നാലും കേരളീയ ജനം അതൊന്നും മറക്കില്ല. 300 രൂപയ്ക്ക് ഗ്യാസ്, 50 രൂപയ്ക്ക് ഒരു ലിറ്റർ പെട്രോൾ തുടങ്ങി വാഗ്ദാനങ്ങളുടെ ഒരു നീണ്ട പെരുമഴ തന്നെയാണ് ഇവിടം ഭരിക്കുന്ന കേന്ദ്രസർക്കാർ ഇലക്ഷൻ കാലത്ത് നടത്തിയത്. ഇപ്പോൾ അതിൻ്റെ വിലയോ ഇരട്ടിയിലധികം ആയിരിക്കുന്നു. 300 രൂപയുടെ ഗ്യാസ് സിലണ്ടർ 1200 ആക്കിയ ടീം ആണ് ഭാരത് അരി വന്നേ, ഇനി അരിക്ക് തീവിലയില്ല എന്നൊക്കെ വീമ്പ് പറഞ്ഞുകൊണ്ട് നടക്കുന്നത്.

15 ലക്ഷം ബാങ്കിൽ കിടക്കുന്നു, ഗ്യാസിന്റെ സബ്‌സിഡി 7 കൊല്ലമായി ബാങ്കിൽ കുന്നു കൂടി കിടക്കുന്നു, പെട്രോളിനും ഡീസലിനും വെറും വില 50 . ഇതാ ഇപ്പോൾ അരിയും. ഇതൊക്ക ഒരു രാഷ്ട്രീയ തന്ത്രമാണെന്ന് ചോറ് തിന്നുന്ന എല്ലാവർക്കുമറിയാം. ഇലക്ഷൻ കഴിയുമ്പോൾ അരിയുടെ വില 29 എന്നത് 69 ൽ എത്തുമോ? പെട്രോൾ 60 തിൽ നിന്ന് 105 ൽ എത്തിയ അനുഭവം നമ്മൾക്ക് ഉണ്ടല്ലോ. ഇവിടെ കേന്ദ്ര സർക്കാർ ഈ ഇലക്ഷൻ കാലത്ത് കൊണ്ടുവരുന്ന അരി വിതരണം ശരിക്കും രാഷ്ട്രീയ ലക്ഷ്യം വെച്ചുള്ളത് അല്ലെന്ന് പറയാനാവില്ല. കേരളത്തിൽ നിന്ന് പല തരം ഗെയിം കളിച്ച് ഒരു എം.പി ഉണ്ടാകണം. കോൺഗ്രസ് മുക്ത ഭാരതം ലക്ഷ്യം വെച്ച് നീങ്ങുന്നവർ ഇതല്ല പലതരം ഗെയിമുകളും കാണിക്കും. ഇപ്പോൾ കോൺഗ്രസിന് അത്യാവശ്യം വേരുണ്ടെന്ന് അവകാശപ്പെടാവുന്നത് കേരളം മാത്രമാണ്.

അതുകൊണ്ടാണല്ലോ രാഹുൽ ഗാന്ധി കേരളത്തിൽ വന്ന് മത്സരിച്ചത്. ഇനി ഇവിടെയും ആധിപത്യം സ്ഥാപിക്കുക എന്നുള്ളതാണ് ബി.ജെ.പി തന്ത്രം. അതിനായി പല തന്ത്രങ്ങളും ഇവിടെ പയറ്റിക്കൊണ്ടിരിക്കുന്നു. പലതരം ആളുകളെ ഇവിടെ കൂട്ട് പിടിക്കുന്നു. ഗ്യാസ് സിലിണ്ടറിൻ്റെ സബ്സിഡി പോലും സാധാരണക്കാർക്ക് നൽകാതെ പിടിച്ച് വെച്ചിരിക്കുന്നവരാണ് ഇപ്പോൾ 29 രൂപ അരിയുമായി വന്നിരിക്കുന്നതെന്ന് ഓർക്കണം. ഇതിൻ്റെ ആയുസ് അധികം ഇല്ലെന്ന് കേരളത്തിലെ ജനങ്ങൾക്ക് മനസിലാകും. കേരളത്തിൻ്റെ മണ്ണിൽ വർഗീയതയ്ക്ക് സ്ഥാനമില്ലാതെ വരുന്നതും അതുകൊണ്ട് തന്നെ. 29 രൂപയ്ക്ക് അരി നൽകുന്നവർ ഒന്ന് വിചാരിക്കണം.

അരി വിതരണത്തിനുള്ള കേന്ദ്ര സഹായം അതാത് സംസ്ഥാനങ്ങൾക്ക് നൽകി റേഷൻ കടകൾ വഴി വിതരണം ചെയ്യുകയാണെങ്കിൽ ഇതിലും കുറഞ്ഞ വിലയ്ക്ക് അരി സാധാരണക്കാരൻ്റെ കൈകളിൽ എത്തും. റേഷൻ കാർഡില്ലാതെ ഒരാൾക്ക് 10 കിലോ വരെ അരി എന്ന് പറയുന്നത് കരിഞ്ചന്തയിൽ മീൻ വിൽക്കുന്നതിന് തുല്യമാണ്. റേഷൻ സമ്പ്രദായത്തിൻ്റെ വിശ്വസ്തതയെപോലും തകർക്കുന്ന രീതിയിലേയ്ക്കാവും കാര്യങ്ങൾ കൊണ്ടുചെന്നെത്തിക്കുക. പ്രതിപക്ഷം നാമമാത്രമായ രാജ്യത്ത് ഭരണം കയ്യാളുന്നവർ ഏകാധിപത്യ രീതിയിലേയ്ക്ക് മാറുന്നതിൻ്റെ സൂചനകളാണ് ജനങ്ങളെ വിഡ്ഡിയാക്കിക്കൊണ്ടുള്ള ഇത്തരം പ്രവർത്തനങ്ങൾ. തങ്ങൾ വിഡികളാക്കപ്പെടുന്നു എന്ന സത്യം തിരിച്ചറിയാനുള്ള സാമാന്യ ബുദ്ധി കേരളീയ ജനതയ്ക്കുണ്ട്. ഈ അരി കേരളത്തിൽ വേവില്ല എന്നോർത്താൽ നന്ന്.

Bharat Rice | ഈ അരി കേരളത്തിൽ വേവില്ല; അത് 'ഭാരത് റൈസ്' ആണെങ്കിലും!

Keywords: News, Malayalam News, Suresh Gopi, Politics, Bharat rice , Bharath Gas, Bharath Petroliam, Bharat rice supply an election stunt?
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia