Follow KVARTHA on Google news Follow Us!
ad

Beno Zephine Story | സ്വന്തം കണ്ണുകളിൽ വെളിച്ചമില്ല! എന്നാൽ അവൾ ലോകത്തിന് വഴി കാട്ടിയാണ്, ഇന്ത്യയിലെ ആദ്യത്തെ അന്ധയായ ഐഎഫ്എസ് ഉദ്യോഗസ്ഥയുടെ ജീവിത കഥ പ്രചോദിപ്പിക്കും

പോരാട്ടങ്ങൾ നിറഞ്ഞതായിരുന്നു ജീവിതം Success Story, Beno Zephine, IFS Officer
ന്യൂഡെൽഹി: (KVARTHA) നിശ്ചയദാർഢ്യത്തോടെയും ആത്മവിശ്വാസത്തോടെയും നമ്മൾ ഒരു കാര്യത്തിന് മുന്നിട്ടിറങ്ങിയാൽ നമ്മുടെ പ്രയ്തനം ഒരിക്കലും വെറുതെയാവില്ല, എന്ത് പ്രതിബന്ധങ്ങൾ ഉണ്ടായാലും സ്വപ്നങ്ങൾ നേടുക തന്നെ ചെയ്യും. അതിന്റെ ഏറ്റവും വലിയ ഉദാഹരണങ്ങളിൽ ഒന്നാണ് ബെനോ സെഫിൻ എന്ന ഐഎഫ്എസ് ഉദ്യോഗസ്ഥ. ഇവർ ജീവിതത്തിൽ വിജയം നേടിയ വഴി ഒരിക്കലും വാക്കുകളിൽ പ്രകടിപ്പിക്കാൻ കഴിയില്ല.


100% അന്ധയാണ് ബെനോ സെഫിൻ. നേരത്തെ ഭാഗികമായി അന്ധരായ ഒരാൾ പോലും ഇന്ത്യൻ ഫോറിൻ സർവീസിലേക്കുള്ള നിയമനത്തിന് യോഗ്യരായി പരിഗണിക്കപ്പെട്ടിരുന്നില്ല എന്നതിനാൽ ബെനോയുടെ നേട്ടത്തിന് പ്രത്യേക പ്രാധാന്യമുണ്ട്. കണ്ണ് കാണില്ലെങ്കിലും തൻ്റെ സേവനത്തിലൂടെ രാജ്യത്തിനും വിദേശത്തിനും വെളിച്ചം പകരുകയാണ് ചെന്നൈ സ്വദേശിനിയായ ഈ സ്ത്രീ.

വിദ്യാഭ്യാസം ചെന്നൈയിൽ

റെയിൽവേ ജീവനക്കാരനായ ലൂക്ക് ആൻ്റണി ചാൾസിൻ്റെയും വീട്ടമ്മയായ മേരി പത്മജയുടെയും മകളാണ് ബെനോ സെഫിൻ. ചെന്നൈയിലെ ലിറ്റിൽ ഫ്ലവർ കോൺവെൻ്റ് ഹയർ സെക്കൻഡറി സ്‌കൂളിൽ നിന്നാണ് സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. കുട്ടിക്കാലം മുതൽ എഴുത്തിലും വായനയിലും മിടുക്കിയായ സെഫീൻ സ്‌കൂളിൽ പല പ്രസംഗങ്ങളിലും പങ്കെടുത്തിരുന്നു. ഒരിക്കൽ ജവഹർലാൽ നെഹ്‌റുവിനെക്കുറിച്ച് അവർ ഒരു പ്രസംഗം നടത്തി, അതിൽ ഒന്നാം സമ്മാനവും ലഭിച്ചു. ചെന്നൈയിലെ സ്റ്റെല്ല മാരിസ് കോളേജിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും ചെന്നൈ ലയോള കോളേജിൽ നിന്ന് ബിരുദാനന്തര ബിരുദവും നേടി.

വീന സാങ്കേതിക വിദ്യകൾ ഉപയോഗിച്ചു

നിശ്ചയദാർഢ്യത്തോടെയും ആത്മവിശ്വാസത്തോടെയും കഠിനാധ്വാനം ചെയ്തു. ബ്രെയിൽ ലിപിയിലുള്ള പഠനസാമഗ്രികളുടെ അഭാവം മൂലം അവർക്ക് സ്വന്തമായി വായിക്കാൻ കഴിഞ്ഞില്ല. കുടുംബവും സുഹൃത്തുക്കളും പഠനത്തിൽ സഹായിച്ചിട്ടുണ്ട്. കൂടാതെ, തൻ്റെ പഠനത്തിനായി സ്പീച്ച് സോഫ്‌റ്റ്‌വെയർ അടക്കമുള്ള നവീന സാങ്കേതിക വിദ്യകളും ഉപയോഗിച്ചു. അമ്മയും അച്ഛനും മണിക്കൂറുകളോളം പുസ്തകങ്ങൾ വായിച്ചു കേൾപ്പിച്ചു. അവൾ ഈ തയ്യാറെടുപ്പ് തുടർന്നു, കഠിനാധ്വാനം ചെയ്തു.

പ്രതീക്ഷ പകർന്ന ആ സംഭവം

'അപകടത്തിൽ ഒരു കണ്ണ് നഷ്ടപ്പെട്ട റവന്യൂ ഉദ്യോഗസ്ഥനെ നിയമിച്ചതായി ഞാൻ കേട്ടിരുന്നു', തൻ്റെ സ്വപ്നങ്ങൾക്ക് ഊർജം പകർന്ന പ്രചോദനത്തെ പരാമർശിച്ചുകൊണ്ട് സെഫിൻ ഒരിക്കൽ പറഞ്ഞു. ലോകം കാണാനുള്ള കഴിവില്ലായ്മ പോലും അവളുടെ സ്വപ്നം സാക്ഷാത്കരിക്കാൻ ഒരു പരിമിതിയാകില്ല എന്ന പ്രതീക്ഷ ഈ സംഭവം അവർക്ക് നൽകി.

2014ൽ വിജയക്കൊടി പാറിച്ചു

2013ൽ ബെനോ യുപിഎസ്‌സി പരീക്ഷ എഴുതിയെങ്കിലും വിജയം കണ്ടില്ല. ആദ്യ ശ്രമത്തിൽ തന്നെ ബെനോ പ്രിലിമിനറി കടന്നെങ്കിലും മെയിൻസിൽ വിജയിച്ചില്ല. പക്ഷെ 2014ൽ വിജയക്കൊടി പാറിച്ചു. പരീക്ഷയിൽ 343-ാം റാങ്കാണ് ബെനോ നേടിയത്. സിവിൽ സർവീസ് പരീക്ഷ പാസാകുമ്പോൾ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ പ്രൊബേഷണറി ഓഫീസറായി ജോലി ചെയ്യുകയായിരുന്നു ഈ 25 കാരി. 2015ലാണ് വിദേശകാര്യ മന്ത്രാലയത്തിൽ സ്ഥാനം ലഭിച്ചത്. അങ്ങനെ, ഇന്ത്യയിലെ ആദ്യത്തെ അന്ധയായ ഐഎഫ്എസ് ഓഫീസറായി അവർ ചരിത്രം സൃഷ്ടിച്ചു. തൻ്റെ സേവനത്തിനിടയിൽ, നിരവധി സുപ്രധാന സ്ഥാനങ്ങൾ വഹിച്ച ബെനോ ഇന്ന് രാജ്യത്തുടനീളമുള്ള ആളുകൾക്ക് പ്രചോദനമായി തുടരുന്നു.

Keywords: News, National, New Delhi, Success Story, Beno Zephine, IFS Officer, Beno Zephine, India’s First 100% Visually Impaired IFS Officer.
< !- START disable copy paste -->

Post a Comment