Heat Clinics | ആറ്റുകാല്‍ പൊങ്കാല: 4 ഹീറ്റ് ക്ലിനികുകള്‍ കൂടി ആരംഭിച്ചു; ഒരുക്കുന്നത് വിപുലമായ ആരോഗ്യ സേവനങ്ങള്‍

 


തിരുവനന്തപുരം: (KVARTHA) ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച് ആരോഗ്യ വകുപ്പ് വിപുലമായ ആരോഗ്യ സേവനങ്ങള്‍ സജ്ജമാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഉയര്‍ന്ന ചൂട് കാരണം ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ക്ക് മതിയായ പരിചരണവും ചികിത്സയും നല്‍കാനായി 4 ഹീറ്റ് ക്ലിനിക്കുകള്‍ കൂടി ആരംഭിച്ചിട്ടുണ്ട്. തിരുവനന്തപുരം ജനറല്‍ ആശുപത്രി, ഫോര്‍ട്ട് താലൂക്ക് ആശുപത്രി, ഐരാണിമുട്ടം സാമൂഹികാരോഗ്യ കേന്ദ്രം, ചാല അര്‍ബന്‍ പ്രാഥമികാരോഗ്യ കേന്ദ്രം എന്നിവിടങ്ങളിലാണ് ഹീറ്റ് ക്ലിനിക്കുകള്‍ ആരംഭിച്ചത്.

സൂര്യാതപം പോലുള്ള പ്രശ്നങ്ങള്‍ ബാധിക്കുന്നവരെ പരിചരിക്കുന്നതിനായി കൂളര്‍, ഫാന്‍, കമ്പിളി, ഐസ് പായ്ക്ക്, ഐവി ഫ്ളൂയിഡ്, ഒആര്‍എസ്, ക്രീമുകള്‍ എന്നിവ ഈ ക്ലിനിക്കുകളില്‍ സജ്ജമാക്കി. ഉയര്‍ന്ന ചൂട് കൊണ്ടുള്ള എന്തെങ്കിലും ശാരീരിക ബുദ്ധിമുട്ടുള്ളവര്‍ ഈ ക്ലിനിക്കുകളുടെ സേവനം തേടേണ്ടതാണെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.

Heat Clinics | ആറ്റുകാല്‍ പൊങ്കാല: 4 ഹീറ്റ് ക്ലിനികുകള്‍ കൂടി ആരംഭിച്ചു; ഒരുക്കുന്നത് വിപുലമായ ആരോഗ്യ സേവനങ്ങള്‍

കുട്ടികള്‍, പ്രായമായവര്‍ തുടങ്ങി പതിനായിരക്കണക്കിന് സ്ത്രീകള്‍ പൊങ്കാലയ്ക്കെത്തുന്നതിനാല്‍ വിപുലമായ ക്രമീകരണങ്ങളാണ് ആരോഗ്യ വകുപ്പ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. ആരോഗ്യവകുപ്പിലെ ഡോക്ടര്‍മാര്‍ അടങ്ങിയ 10 മെഡിക്കല്‍ ടീമുകളെ ആംബുലന്‍സ് ഉള്‍പ്പെടെ വിവിധ ഭാഗങ്ങളില്‍ നിയോഗിച്ചിട്ടുണ്ട്. ഡോക്ടര്‍, സ്റ്റാഫ് നഴ്‌സ് തുടങ്ങിയവരടങ്ങിയ ഈ ടീമില്‍ ജൂനിയല്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരുടെ സേവനവും ഉറപ്പാക്കിയിട്ടുണ്ട്.

ആറ്റുകാലിലെ കണ്‍ട്രോള്‍ റൂമിലും ഡോക്ടറുടെ സേവനം ഉറപ്പ് വരുത്തിയിട്ടുണ്ട്. ക്ഷേത്രപരിസത്ത് 2 ഡോക്ടര്‍മാരടങ്ങിയ മെഡിക്കല്‍ ടീമും കുത്തിയോട്ടത്തിന് വ്രതം അനുഷ്ഠിക്കുന്ന കുട്ടികള്‍ക്ക് ആവശ്യമായ വൈദ്യസഹായത്തിന് ശിശുരോഗ വിദഗ്ദ്ധര്‍, സ്റ്റാഫ് നഴ്‌സ്, നഴ്‌സിംഗ് അസിസ്റ്റന്റ് എന്നിവരടങ്ങിയ മെഡിക്കല്‍ ടീമും പ്രവര്‍ത്തിച്ചു വരുന്നു.

ഇതുകൂടാതെ 5 ഡോക്ടര്‍മാരും സ്റ്റാഫ് നേഴ്‌സുമാരും അടങ്ങിയ ഐഎംഎയുടെ മെഡിക്കല്‍ ടീമും മറ്റ് വിഭാഗങ്ങളുടെ മെഡിക്കല്‍ ടീമും ആറ്റുകാല്‍ ക്ഷേത്ര പരിസരത്ത് വൈദ്യ സഹായം നല്‍കും. തിരുവനന്തപുരം ജില്ലാ മെഡിക്കല്‍ ഓഫീസില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനങ്ങള്‍ ഏകോപിക്കും.

നഗര പരിധിയിലുള്ള 16 അര്‍ബന്‍ ഹെല്‍ത്ത് സെന്ററുകള്‍ പ്രാഥമിക ശുശ്രൂഷകള്‍ നല്‍കുന്ന ഫീല്‍ഡ് ഹോസ്പിറ്റലുകളായി പ്രവര്‍ത്തിക്കും. ചുറ്റുപാടുള്ള 6 സര്‍ക്കാര്‍ ആശുപത്രികള്‍, 10 സ്വകാര്യ ആശുപത്രികള്‍ എന്നിവ തീവ്രമല്ലാത്ത സാഹചര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന കണ്ടിജന്റ് സെന്ററുകളായി പ്രവര്‍ത്തിക്കും. ഏത് അടിയന്തിര സാഹചര്യവും നേരിടുന്ന സെന്ററായി തിരുവനന്തപുരം മെഡിക്കല്‍ കോളജ് പ്രവര്‍ത്തിക്കും.

കനിവ് 108 ന്റെ 12 ആംബുലന്‍സുകള്‍, ബൈക്ക് ഫസ്റ്റ് റസ്പൊണ്ടെര്‍, ഐസിയു ആംബുലന്‍സ്, മറ്റ് വകുപ്പുകളുടെ 10 ആംബുലന്‍സുകള്‍, സ്വകാര്യ ആശുപത്രികളുടെ 7 ആംബുലന്‍സുകള്‍ എന്നിവ സജ്ജമാക്കിയിട്ടുണ്ട്. ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാന്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ കണ്‍ട്രോള്‍ റൂം, 5 പ്രത്യേക സ്‌ക്വാഡുകള്‍ എന്നിവയും പ്രവര്‍ത്തിച്ചു വരുന്നു.

Keywords: Attukal Pongala: 4 more heat clinics started, Thiruvananthapuram, News, Attukal Pongala, Heat Clinics, Health Minister, Health, Veena George, Ambulance, Food Protection, Kerala News. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia