Follow KVARTHA on Google news Follow Us!
ad

Cabinet Meeting | സംസ്ഥാനത്ത് പുതിയ 40 ഹോമിയോ ഡിസ്പെൻസറികൾ വരുന്നു; സപ്ലൈകോ സബ്സിഡി സാധനങ്ങുടെ വില വർധിക്കുക ഇങ്ങനെ; മന്ത്രിസഭാ യോഗ തീരുമാനങ്ങൾ അറിയാം

കലാഭവൻ ജയേഷിന്‍റെ കുടുംബത്തിന് 5 ലക്ഷം രൂപ Cabinet Meeting, കേരള വാർത്തകൾ, Politics, LDF Govt
തിരുവനന്തപുരം: (KVARTHA) സപ്ലൈകോ മുഖേന വിതരണം ചെയ്യുന്ന പതിമൂന്ന് ഇനം സബ്സിഡി സാധനങ്ങളുടെ വില പരിഷ്ക്കരിക്കാൻ മന്ത്രിസഭാ യോഗം സപ്ളൈകോയ്ക്ക് അനുമതി നൽകിയിരിക്കുകയാണ്. പൊതു വിപണിയിലേതിന്‍റെ 35 ശതമാനം സബ്സിഡി നൽകുന്ന തരത്തിലാണ് വിലകൾ പുതുക്കി നിശ്ചയിച്ചത്. സബ്സിഡി വില 35 ശതമാനം കുറവിൽ നിജപ്പെടുത്തിയാൽ പൊതുവിപണിയിൽ 1446 രൂപയ്ക്ക് ലഭിക്കുന്ന സാധനങ്ങൾ 940 രൂപയ്ക്ക് ഗുണഭോക്താവിന് ലഭിക്കും. ഇതിലൂടെ 506 രൂപയുടെ സബ്സിഡി ആനുകൂല്യങ്ങൾ ഗുണഭോക്താവിന് ലഭിക്കും.
 
40 new homeo dispensaries are coming up in Kerala.

ഈ സംവിധാനം സുസ്ഥിരവും ശാശ്വതവുമായി നിലനിർത്തുന്നതിന് സബ്സിഡി വിലകൾ ശാസ്ത്രീയമായും യുക്തിസഹമായും പരിഷ്കരിക്കേണ്ടത് അനിവാര്യമാണെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.2014-ൽ ആണ് ഒടുവിൽ സബ്സിഡി സാധനങ്ങളുടെ വില പരിഷ്ക്കരിച്ചത്. അതിനുമുമ്പ് 2013 ഓഗസ്റ്റ്, 2014 ഓഗസ്റ്റ്, 2014 നവംബർ, 2014 ഡിസംബർ എന്നീ മാസങ്ങളിൽ വിലകൾ പുതുക്കി നിശ്ചയിക്കുകയുണ്ടായി. കഴിഞ്ഞ 10 വർഷക്കാലമായി പൊതുവിപണിയിൽ ഉണ്ടായ വില വ്യത്യാസത്തിന്റെ ഫലമായി നിലവിലുള്ള പൊതുവിപണി വിലയും സബ്സിഡി വിലയും തമ്മിൽ വലിയ വ്യത്യാസമാണുണ്ടായത്. ഇതുമൂലം ഭീമമായ ബാധ്യതയാണ് സപ്ലൈകോയ്ക്ക് വന്നത്.

പ്രതിമാസം ശരാശരി 35-40 ലക്ഷം കുടുംബങ്ങൾ സപ്ലൈകോയിൽ സാധനങ്ങൾ വാങ്ങാൻ എത്തുന്നുണ്ട്. വിപണി ഇടപെടൽ പ്രവർത്തനങ്ങളിലൂടെ സപ്ലൈകോയ്ക്ക് പ്രതിമാസം ശരാശരി 35 കോടി രൂപയുടെയും പ്രതിവർഷം ശരാശരി 425 കോടി രൂപയുടെയും സബ്സിഡി ബാധ്യതയാണ് ഉണ്ടാകുന്നത്.

ശമ്പള പരിഷ്ക്കരണം

പ്രാഥമിക മത്സ്യ സഹകരണ സംഘങ്ങളിലെ അംഗീകൃത തസ്തികകളിൽ ജോലി ചെയ്യുന്ന ജീവനക്കാരുടെ ശമ്പള പരിഷ്ക്കരണം 01.04.2019 പ്രാബല്യത്തിൽ നടപ്പാക്കും.

ഡോ. കുരുവിള തോമസ് അഡ്മിനിസ്ട്രേറ്റീവ് മെമ്പർ

കേരള റിയൽ എസ്റ്റേറ്റ് അപ്പലേറ്റ് ട്രൈബ്യൂണലിൽ ടെക്നിക്കൽ/ അഡ്മിനിസ്ട്രേറ്റീവ് മെമ്പറായി റിട്ട. ഐ എഫ് എസ് ഓഫീസർ ഡോ. കുരുവിള തോമസിനെ നിയമിക്കാൻ തീരുമാനിച്ചു.

തൊഴിൽ നൽകും

കേരള സെറാമിക്സ് ലിമിറ്റഡിന്‍റെ ഖനനാവശ്യത്തിനായി ഭൂമി ഏറ്റെടുക്കൽ പദ്ധതിയുടെ ഭാഗമായി കുടിയൊഴിപ്പിക്കപ്പെട്ട 14 കോളനി നിവാസി കുടുംബങ്ങളിൽ നിന്ന് ഒരാൾക്ക് വീതം തൊഴിൽ നൽകാൻ തീരുമാനിച്ചു. യോഗ്യതയും മുൻഗണനയും അടിസ്ഥാനമാക്കി സെറാമിക്സ് ലിമിറ്റഡിൽ വർക്കർ തസ്തികയിൽ ജോലി നൽകും.

പുതിയ 40 ഹോമിയോ ഡിസ്പെൻസറികൾ

സംസ്ഥാനത്ത് പുതിയ 40 ഹോമിയോ ഡിസ്പെൻസറികൾ ആരംഭിക്കും. നേരത്തെ 40 ഹോമിയോ മെഡിക്കൽ ഓഫീസർ തസ്തിക സൃഷ്ടിച്ചിരുന്നു. ഇവരെ പുനർവിന്യസിക്കുന്നതിന്‍റെ ഭാഗമായാണ് ഡിസ്പെൻസറികൾ സ്ഥാപിക്കുന്നത്. പൊതുജന ആരോഗ്യ മേഖല ശക്തിപ്പെടുത്തുന്നതിനും എല്ലാ പഞ്ചായത്തുകളിലും ഹോമിയോ ഡിസ്പെൻസറികൾ ഉറപ്പുവരുത്തുന്നതിനമാണ് തീരുമാനം.

കലാഭവൻ ജയേഷിന്‍റെ കുടുംബത്തിന് 5 ലക്ഷം രൂപ

അർബുദ രോഗ ബാധിതനായി മരണപ്പെട്ട പ്രശസ്ത മിമിക്രി കലാകാരൻ കലാഭവൻ ജയേഷിന്‍റെ കുടുംബത്തിന് 5 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് ധനസഹായം അനുവദിച്ചു. മകളുടെ വിദ്യാഭ്യാസ ചെലവിന് സ്ഥിരനിക്ഷേപമാണ് നടത്തുക. തുകയിലുള്ള പലിശ വർഷം തോറും അനുവദിക്കും. കുട്ടി പ്രായപൂർത്തിയാകുമ്പോൾ തുക പിൻവലിക്കാൻ അനുവദിക്കും.

ടെണ്ടർ അംഗീകരിച്ചു

നബാർഡ് ധനസഹായത്തോടെ നടപ്പാക്കുന്ന എഴുകോൺ-കല്ലട കോട്ടായിക്കോണം-എലഞ്ഞിക്കോട് പാലക്കുഴി പാലം റോഡ് വഴി കാട്ടൂർ ജംഗ്ഷൻ കോളനി റോഡ് പുരുദ്ധാരണ പ്രവൃത്തിക്ക് ലഭിച്ച ടെണ്ടർ അംഗീകരിച്ചു. ആറുതവണ ടെണ്ടർ ചെയ്തു എന്നതും പ്രവൃത്തി താമസംവിനാ നടപ്പിലാക്കേണ്ടതുണ്ട് എന്നതും പരിഗണിച്ചാണിത്.

ഭൂമി പതിച്ചുനൽകും

വയനാട് സുൽത്താൻ ബത്തേരി കിടങ്ങനാട് വില്ലേജിൽ ബ്ലോക്ക് 13 ൽ സർവ്വെ നമ്പർ 60 ൽ പെട്ട ഭൂമി ഭൂമി ലഭിക്കാൻ ബാക്കിയുള്ള 19 പട്ടികജാതി വിഭാഗത്തിൽപ്പെട്ടവർക്ക് പതിച്ചുനൽകാൻ അനുമതി നൽകി. പ്രസ്തുത ഭൂമി വനഭൂമിയല്ലെന്ന് കണ്ടെത്തിയതിനാൽ റവന്യൂ ഭൂമിയായി നിലനിർത്തിയാണ് പതിച്ചുനൽകുക.

തുടർച്ചാനുമതി

സിൽവർലൈൻ പദ്ധതിക്ക് സ്ഥലം ഏറ്റെടുക്കുന്നതിന് രൂപീകരിച്ചതും നിലവിൽ മറ്റു പ്രധാനപ്പെട്ട സ്ഥലം ഏറ്റെടുക്കൽ നടപടികൾക്ക് പുനർവിന്യിസിച്ചിട്ടുള്ളതുമായ 205 തസ്തികകൾക്ക് 18.08.2023 മുതൽ ഒരു വർഷത്തേക്ക് തുടർച്ചാനുമതി നൽകി.

ഉത്തരവിൽ ഭേദഗതി

പ്രളയബാധിതരെ പുനരധിവസിപ്പിക്കുന്നതിന് കൊടുങ്ങല്ലൂർ പെരിഞ്ഞനം വില്ലേജിൽ ഭൂമി അനുവദിക്കുന്നതിന് ജില്ലാ കളക്ടറെ ചുമതലപ്പെടുത്തി 22.03.2019 ൽ പുറപ്പെടുവിച്ച ഉത്തരവിൽ ഭേദഗതി വരുത്തി 'പ്രളയബാധിതകർക്ക് പുറമെ പ്രളയബാധിതരല്ലാത്തതും എന്നാൽ ഭൂരഹിത-ഭവനരഹിതരുമായിട്ടുള്ള ഗുണഭോക്താക്കളെക്കൂടി പുനരധിവസിപ്പിക്കുന്നതിനായി' എന്ന് ഉൾപ്പെടുത്തിയാണ് ഭേദഗതി.

വാഹനങ്ങൾ വാങ്ങും

കേരള വനം വകുപ്പിൽ സ്ക്രാപ്പിംഗ് പോളിസി പ്രകാരം ഗാരേജ് ചെയ്ത വാഹനങ്ങൾക്ക് പകരം 20 വാഹനങ്ങൾ വാങ്ങും.

സർക്കാർ ഗ്യാരണ്ടി

ദേശീയ പട്ടികജാതി വികസന ധനകാര്യ കോർപ്പറേഷൻ, ദേശീയ പട്ടികവർഗ്ഗ വികസന ധനകാര്യ കോർപ്പറേഷൻ, ദേശീയ സഫായി കർമ്മചാരി വികസന ധനകാര്യ കോർപ്പറേഷൻ എന്നിവയിൽ നിന്ന് ഫണ്ട് ലഭിക്കുന്നതിന് കേരള സംസ്ഥാന വനിതാ വികസന കോർപ്പറേഷന് 175 കോടി രൂപയ്ക്കുള്ള അധിക സർക്കാർ ഗ്യാരണ്ടി അനുവദിക്കും.

കെ എസ് ഇ ബി ക്ക് പാട്ടത്തിന് നൽകും

പാലക്കാട് ഒറ്റപ്പാലം അനങ്ങനാടി വില്ലേജിൽ റവന്യൂ വകുപ്പിന്‍റെ അധീനതയിലുള്ള 0.3073 ഹെക്ടർ ഭൂമിയും കാഞ്ഞിരപ്പുഴ ഇറിഗേഷൻ പ്രൊജക്റ്റിന്‍റെ കൈവശമുള്ള 0.1556 ഹെക്ടർ ഭൂമിയും ഉൾപ്പെടെ ആകെ 0.4629 ഹെക്ടർ ഭൂമി കോതക്കുറിശ്ശി 110 കെ.വി സബ്സ്റ്റേഷൻ നിർമ്മാണത്തിന് കെ.എസ്.ഇ.ബിക്ക് 30 വർഷത്തേക്ക് നിബന്ധനകളോടെ പാട്ടത്തിന് നൽകും.

Keywords:  Kerala, Kerala-News, News-Malayalam-News, Politics, Cabinet Meeting, LDF Govt, 40 new homeo dispensaries are coming up in Kerala.
< !- START disable copy paste -->

Post a Comment