Follow KVARTHA on Google news Follow Us!
ad

Cinema | ഇത് മമ്മൂട്ടി രചിച്ച ചരിത്രം; 'ഒരു സിബിഐ ഡയറിക്കുറിപ്പ്' ഇറങ്ങിയിട്ട് 35 വർഷം

അഞ്ച് ഭാഗങ്ങളായി തുടർച്ചയായി സിനിമകൾ വന്നു Movies, Entertainment, Cinema,
_സോണി കല്ലറയ്ക്കൽ_
 
(KVARTHA) 'ഒരു സിബിഐ ഡയറിക്കുറിപ്പ്' എന്ന സിനിമ റിലീസ് ചെയ്തിട്ട് 35 വർഷം പിന്നിടുകയാണ്. 1988 ഫെബ്രുവരി 18നാണ് മമ്മൂട്ടി നായകനായ ഈ ചിത്രം പുറത്തിറങ്ങിയത്. ഇതേതുടർന്ന് മൊത്തം അഞ്ച് ഭാഗങ്ങളായി വീണ്ടും ഒരു സിബിഐ ഡയറിക്കുറിപ്പിൻ്റെ തുടർച്ചയായി സിനിമകൾ ഇറങ്ങി. 1989ൽ ജാഗ്രത, 2004ൽ സേതുരാമയ്യർ സിബിഐ, 2005ൽ നേരറിയാൻ സിബിഐ, 2022ൽ സിബിഐ ദി ബ്രെയിൻ എന്നിവയായിരുന്നു ആ സിനിമകൾ. മമ്മൂട്ടി എന്ന മഹാനടൻ്റെ കരിയറിലെ ഏറ്റവും ജനപ്രീതിയാർജിച്ച വേഷം മാത്രമായിരുന്നില്ല ഈ സിനിമയിൽ അദ്ദേഹം അവതരിപ്പിച്ച സേതുരാമയ്യർ എന്ന കഥാപാത്രം. മലയാളത്തിൽ മറ്റൊരു നടനും ലഭിക്കാത്ത ഒരു ഭാഗ്യം കൂടിയായിരുന്നു ഇത്.

35 years of Sethurama Iyer and 'Oru CBI Diary Kurippu'.

ഒരേ കഥാപാത്രമായി ഒരാൾ തന്നെ ഒന്നിലേറെ ചിത്രങ്ങളിൽ വേഷമിടുക എന്നത് അത്ര അപൂർവ്വമായ ഒന്നല്ല. പക്ഷേ, മൂന്നര പതീറ്റാണ്ട് സുദീർഘമായ കാലയളവ് എന്നത് അത്യപൂർവ്വമാണ്. ഒരു സിബിഐ ഡയറിക്കുറിപ്പ് എന്ന സിനിമയിലെ അതേ നായക കഥാപാത്രമായി തന്നെ തുടർന്ന് വന്ന 5 സിനിമയിലും മമ്മൂട്ടി വേഷമിട്ടു. ലോക ചരിത്രത്തിൽ തന്നെ ഇത് ഒരു അപൂർവ സംഭവമാണെന്ന് പറയാം. മലയാളത്തിൽ പ്രേംനസീറും തമിഴിൽ ജയശങ്കറും കന്നഡയിൽ ഡോ. രാജ്കുമാറും ഒക്കെ അനേകം സി.ഐ.ഡി റോളുകളിൽ അഭിനയിച്ചിട്ടുണ്ട്. ഇവരൊക്കെ കഥാപാത്ര സൃഷ്ടിയിൽ ഒന്നായിരുന്നെങ്കിലും അവരെല്ലാം ഓരോ ചിത്രത്തിലും വ്യത്യസ്ത കുറ്റാന്വേഷകരെയാണ് അവതരിപ്പിച്ചത്.

35 years of Sethurama Iyer and 'Oru CBI Diary Kurippu'.

മലയാളത്തിൽ ദിലീപിന്റേത് ആയി പുറത്തിറങ്ങിയ സി.ഐ.ഡി മൂസയും, ജയറാമിൻ്റെ സി.ഐ.ഡി ഉണ്ണികൃഷ്ണൻ ബി.എ, ബി എഡ് എന്ന സിനിമയും ഒക്കെ നമുക്ക് മറക്കാവുന്നത് അല്ല. ഇതിൻ്റെയൊന്നും തുടർച്ച പിന്നീട് കണ്ടതുമില്ല. സി.ഐ.ഡി മൂസയുടെ രണ്ടാം ഭാഗം വരുന്നെന്ന് കേൾക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായെങ്കിലും ഇപ്പോഴും അതിന് ഒരു തീരുമാനം ആയെന്ന് തോന്നുന്നില്ല. 1973 ൽ റിലീസായ ലൈൻ ആൻഡ് ലെറ്റ് ഡൈ (Live and let die) മുതൽ 1985ൽ ഇറങ്ങിയ എ വ്യൂ ടു കിൽ (A view to kill) വരെ ഏഴ് ചിത്രങ്ങളിൽ ജെയിംസ് ബോണ്ട് എന്ന വിഖ്യാത കഥാപാത്രമായി റോജർ മൂർ വേഷമിട്ടപ്പോൾ അവയ്ക്ക് കേവലം ഒരു വ്യാഴവട്ടത്തിന്റെ ദൈർഘ്യമേ ഉണ്ടായിരുന്നുള്ളൂ. അവിടെയാണ് ഒന്നാം ഭാഗമിറങ്ങി 35 വർഷങ്ങൾക്കിപ്പുറവും അതേ കഥാപാത്രത്തെ, അതേ ഗെറ്റപ്പിൽ തന്നെ അവതരിപ്പിക്കാൻ സി.ബി. ഐ സിനിമയിൽ മമ്മൂട്ടിക്ക് സാധിച്ചത്.

ഇത് മലയാള സിനിമയെ സംബന്ധിച്ച് പറയുകയാണെങ്കിൽ അത്യപൂർവ്വമായ ബഹുമതിയാണ്. റോജർ മൂർ, ജെയിംസ് ബോണ്ട് വേഷമിട്ട ഏഴ് ചിത്രങ്ങളുടെയും അണിയറ ശിൽപ്പികളും വ്യത്യസ്തരായിരുന്നു എങ്കിൽ ഒരു സിബിഐ ഡയറിക്കുറിപ്പിൻ്റെ മറ്റ് 5 ഭാഗങ്ങളിലും അണിയറ ശില്പികൾ ഒന്നായിരുന്നു എന്നതാണ് ഏറ്റവും വലിയ കൗതുകം. മലയാളത്തിൻ്റെ ഈ സിബിഐ സീരീസിൽ സംവിധായകനും തിരക്കഥാകൃത്തിനും പ്രധാന കഥാപാത്രങ്ങൾക്കും യാതൊരു മാറ്റവും ഉണ്ടായിരുന്നില്ല. സേതുരാമയ്യരെക്കുടാതെ അദ്ദേഹത്തോടൊപ്പം നിന്ന ചാക്കോ, വിക്രം എന്നിവരെയും മലയാളികൾ ഇന്നും മറക്കാതെ മനസ്സിൽ സൂക്ഷിക്കുന്നു. മലയാളികളുടെ മനസ്സിൽ ഇന്നും സി.ബി.ഐ ഡയറിക്കുറിപ്പ് എന്ന സിനിമ ഉണ്ട്.

മലയാള സിനിമയുടെ ചരിത്രത്തിൽ ഇടം പിടിച്ച കൾട്ട് കാരക്ടറിന്റെ വരവറിയിച്ച ഒരു സിബിഐ ഡയറിക്കുറിപ്പ് ഇന്നും ലോകമെമ്പാടുമുള്ള മലയാളികളുടെ മനസിൽ അനശ്വരമായി നിലനിൽക്കുന്നു. ഇനിയും ഇതിൻ്റെ ഒരു ആറാം ഭാഗം വരുമെന്ന് പറയുന്നു. അതിലും നായകനായി മമ്മൂട്ടി തന്നെ ഈ വേഷം അവതരിപ്പിച്ചാൽ പിന്നെ പറയേണ്ടതില്ലല്ലോ. കൂടെ മുകേഷും ജഗതിയും വരുമോ എന്നതാണ് മലയാളികൾ കാതോർത്തിരിക്കുന്നത്.

ഇനി ഒരു സി.ബി.ഐ ഡയറിക്കുറിപ്പ് ഉണ്ടായാൽ അതിൽ മമ്മൂട്ടി നായകനാകില്ല സുരേഷ് ഗോപി ആകും നായകനെന്നും പറയുന്നു. എന്നാലും ആരൊക്കെ ഇനി സി.ബി.ഐ ഡയറക്ടറായി വന്നാലും മലയാളികളുടെ മനസ്സിൽ പതിഞ്ഞ സി.ബി.ഐ ഓഫീസർ എന്നും നമ്മുടെ മമ്മൂക്കാ തന്നെയാകും. അതിന് ഇനി ആരെക്കൊണ്ടും മാറ്റം ഉണ്ടാക്കാൻ പറ്റുമെന്ന് തോന്നുന്നില്ല. ഒരു സി.ബി.ഐ ഡയറിക്കുറിപ്പ്, സ്ഫടികം സിനിമ പോലെ തന്നെ കെ ഫോറിൽ ഇറങ്ങട്ടെ എന്ന് ആശംസിക്കുന്നു. പുതുതലമുറയ്ക്ക് സി.ബി.ഐ സിരീസിൻ്റെ തുടക്കം കാണാൻ ഇടവരുമല്ലോ.


Keywords: Cinema, Sethurama Iyer, Oru CBI Diary Kurippu,Article, Editor’s-Pick, Mammootty, Movies, Entertainment, 35 years of Sethurama Iyer and 'Oru CBI Diary Kurippu'.
< !- START disable copy paste -->

Post a Comment