Twenty20 Candidates | എറണാകുളത്തും ചാലക്കുടിയിലും ട്വന്റി20 സ്ഥാനാർഥികൾ, ആർക്ക് ഗുണം ചെയ്യും?

 


/ മിന്റാ മരിയ തോമസ്

(KVARTHA)
വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ട്വന്റി20 പാർട്ടി മത്സരിക്കും. ഞായറാഴ്ച്ച കിഴക്കമ്പലത്തുനടന്ന മഹാസംഗമത്തിലാണ് പ്രസിഡണ്ട് സാബു എം. ജേക്കബ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്. ചാലക്കുടിയിൽ അഡ്വ. ചാർലി പോളും എറണാകുളത്ത് അഡ്വ. ആന്റണി ജൂഡിയുമാണ് സ്ഥാനാർത്ഥികൾ. 2024-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് കേരളരഷ്ട്രീയത്തിൽ വലിയ മാറ്റങ്ങൾക്ക് തുടക്കം കുറിക്കുമെന്ന് ട്വന്റി20 പാർട്ടി പ്രസിഡണ്ട് സാബു എം. ജേക്കബ് പറഞ്ഞു. ചാലക്കുടിയിലും എറണാകുളത്തും ഉറച്ച വിജയപ്രതീക്ഷയാണുള്ളതെന്നും സാബു എം. ജേക്കബ് കൂട്ടിച്ചേർത്തു.

Twenty20 Candidates | എറണാകുളത്തും ചാലക്കുടിയിലും ട്വന്റി20 സ്ഥാനാർഥികൾ, ആർക്ക് ഗുണം ചെയ്യും?

എറണാകുളം ജില്ലയിൽ കൃത്യമായ സ്വാധീനമുള്ള പാർട്ടിയാണ് കിറ്റെക്സ് എം.ഡി സാബു. എം. ജേക്കബ് പ്രസിഡൻ്റായിരിക്കുന്ന ട്വൻ്റി 20. ഈ ജില്ലയിൽ വലിയൊരു വോട്ട് ബാങ്ക് ട്വൻ്റി 20 യ്ക്ക് ഉണ്ട്. കിഴക്കമ്പലം പഞ്ചായത്ത് ഭരിക്കുന്നതും അവരാണ്. ട്വന്റി20 യുടെ സ്വാധീനം എറണാകുളം ജില്ലയിൽ പ്രയോജനപ്പെടുന്നത് ഇടതുമുന്നണിയ്ക്ക് ആണെന്ന് പറയേണ്ടി വരും. അതുകൊണ്ടാണ് അന്തരിച്ച കോൺഗ്രസ് നേതാവ് പി.ടി.തോമസിനെ പോലെയുള്ളവർ ട്വൻ്റി 20 യുടെ വളർച്ചയെ നഖശിഖാന്തം എതിർത്തത്. നിയമസഭാ മണ്ഡലങ്ങളിൽ യു.ഡി.എഫ് എവിടെയൊക്കെ പരാജയപ്പെട്ടാലും എറണാകുളം ജില്ല തങ്ങളെ ചതിക്കില്ലെന്ന വിശ്വാസമായിരുന്നു മുൻ കാലങ്ങളിൽ യു.ഡി.എഫ് നേതാക്കൾ വെച്ച് പുലർത്തിയിരുന്നത്.

ട്വൻ്റി 20 വരവോടെ അതിന് കുറച്ചൊക്കെ മങ്ങൽ സംഭവിച്ചെന്ന് വേണം പറയാൻ. കഴിഞ്ഞ കാലങ്ങളിൽ യു.ഡി.എഫിന് വലിയ മുൻ തൂക്കമുള്ള എറണാകുളം ജില്ലയിലെ കളമശേരി മണ്ഡലങ്ങൾ പോലും എൽ.ഡി.എഫിന് അനുകൂലമായി വിധി എഴുതി. ഇവിടെ ജയിച്ചത് മന്ത്രി പി.രാജീവ് ആണ്. അതുപോലെ ട്വൻ്റി 20 യുടെ കിഴക്കമ്പലം ഉൾപ്പെടുന്ന കുന്നത്തുനാട് നിയോജകമണ്ഡലം. ഇവിടെ കോൺഗ്രസിൻ്റെ സീനിയർ നേതാവ് ആയിരുന്ന ടി.എച്ച് മുസ്തഫ വളരെക്കാലം എം.എൽ.എ ആയിരുന്നിട്ടുള്ളതാണ്. പിന്നീട് ഇവിടം പട്ടികജാതി സംവരണമണ്ഡലം ആയി. പട്ടിക ജാതി മണ്ഡലം ആയ ശേഷം കോൺഗ്രസിൻ്റെ വി. പി.സജീന്ദ്രൻ ആണ് ഇവിടെ നിന്ന് രണ്ട് തവണ ജയിച്ചത്.

തുടർന്ന് ട്വൻ്റി 20 കളത്തിൽ സജീവമായ ശേഷം നടന്ന തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിലെ പി.വി ശ്രീനിജൻ ഇവിടെ നിന്ന് ജയിക്കുന്നതാണ് കണ്ടത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ട്വൻ്റി 20 യ്ക്ക് ഈ നിയോജകമണ്ഡത്തിൽ സ്ഥാനാർത്ഥി ഉണ്ടായിരുന്നു. ആ സ്ഥാനാർത്ഥി വളരെയധികം വോട്ട് പിടിച്ചു. ഇതേ തുടർന്ന് എൽ.ഡി.എഫ് സ്ഥാനാർത്ഥി ഇവിടെ വിജയിക്കുകയും ചെയ്തു. കിഴക്കമ്പലം ഉൾപ്പെടുന്ന കുന്നത്തുനാട് നിയോകമണ്ഡലത്തിൽ ആദ്യ ഘട്ടത്തിൽ ട്വൻ്റി 20 സ്ഥാനാർത്ഥി ജയിക്കുമെന്ന് വരെ പ്രതീതി സൃഷ്ടിക്കപ്പെട്ടിരുന്നു. അതായത് ട്വൻ്റി 20 അടർത്തി മാറ്റുന്ന വോട്ടുകൾ കോൺഗ്രസ് വോട്ടുകൾ ആണെന്ന് അർത്ഥം.

ഇനി മൂവാറ്റുപുഴയും പെരുമ്പാവൂരും നോക്കാം. ഇവിടെയും ട്വൻ്റി 20 സ്ഥാനാർത്ഥികൾ ഉണ്ടായിരുന്നു. ആദ്യ തവണ നല്ല ഭൂരിപക്ഷത്തിൽ പെരുമ്പാവൂരിൽ ജയിച്ച എൽദോസ് കുന്നപ്പള്ളി രണ്ടാം തവണ ട്വൻ്റി 20 യുടെ സ്വാധീനത്തെ തുടർന്ന് വളരെ കുറഞ്ഞ ഭൂരിപക്ഷത്തിൽ ആണ് നിയമസഭയിലേയ്ക്ക് കടന്ന് കൂടിയത്. ഇവിടെ ആദ്യ ഘട്ടത്തിൽ എൽദോസ് കുന്നപ്പള്ളി തോൽക്കും എന്നുവരെ ശ്രുതി ഉണ്ടായിരുന്നു. പെരുമ്പാവൂർ എടുത്തുനോക്കിയാൽ പെരുമ്പാവൂർ ശരിക്കും ഒരു യു.ഡി.എഫ് മണ്ഡലം തന്നെയാണ് വളരെക്കാലം കോൺഗ്രസിലെ പി.പി. തങ്കച്ചൻ ഇവിടെ എം.എൽ .എ ആയിരുന്നിട്ടുള്ളതാണ്. പിന്നെ കോൺഗ്രസിൽ നിന്ന് വന്ന സാജു പോളിനെ ഇവിടെ എൽ.ഡി.എഫ് സ്വതന്ത്രനായി നിർത്തി. അദേഹത്തിനുണ്ടായിരുന്ന വ്യക്തി പ്രഭാവത്തിലൂടെ എൽ.ഡി.എഫ് ഈ സീറ്റ് പിടിച്ചെടുക്കുകയായിരുന്നു.

ഈ സാജു പോളിനെയാണ് ആദ്യ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിലെ എൽദോസ് കുന്നപ്പള്ളി പരാജയപ്പെടുത്തിയത്. രണ്ടാം തവണ ട്വൻ്റി 20 യുടെ സ്ഥാനാർത്ഥി വന്നതോടെ അദ്ദേഹത്തിൻ്റെ ഭൂരിപക്ഷം 3000 കടന്നില്ല എന്ന് വേണം പറയാൻ. മൂവാറ്റുപുഴയിലും സ്ഥിതിയ്ക്ക് മാറ്റമൊന്നും ഇല്ല. വലിയ ഭൂരിപക്ഷത്തിൽ യു.ഡി.എഫി ന് ജയിക്കാവുന്ന നിയോകമണ്ഡലം തന്നെയാണ് മൂവാറ്റുപുഴയും . വർഷങ്ങളോളം യു.ഡി.എഫിലെ ജോണി നെല്ലൂരും ജോസഫ് വാഴയ്ക്കനുമൊക്കെ ഇവിടെ എം.എൽ.എ മാർ ആയി ഇരുന്നവരാണ്. ചില സമയങ്ങളിൽ മാത്രം എൽ.ഡി.എഫ് വിജയിച്ചിട്ടുമുണ്ട്. കഴിഞ്ഞ തവണ യു.ഡി.എഫിലെ മാത്യു കുഴൽ നാടൻ ആയിരുന്നു ഇവിടെ സ്ഥാനാർത്ഥി. ഇവിടെ ട്വൻ്റി 20 സ്ഥാനാർത്ഥിയും ഉണ്ടായിരുന്നു.

പതിനായിരത്തിൽ കൂടിയ ഭുരിപക്ഷത്തിൽ ജയിക്കേണ്ട മൂവാറ്റുപുഴ മണ്ഡലത്തിൽ നിന്ന് കുഴൽ നാടൻ ജയിച്ചത് പ്രതീക്ഷിച്ച ഭൂരിപക്ഷത്തിൽ ആയിരുന്നില്ല. ആദ്യ ഘട്ടത്തിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി ഇവിടെ ലീഡ് ചെയ്യുന്ന അവസ്ഥവരെ ഉണ്ടായി. അതാണ് യു.ഡി.എഫിനെ സംബന്ധിച്ച് ട്വൻ്റി 20 ഉയർത്തുന്ന വെല്ലുവിളി. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ ഇവിടെ ട്വൻ്റി 20 സ്ഥാനാർത്ഥിയെ നിർത്താതിരുന്നപ്പോൾ കോൺഗ്രസിലെ ഉമാ തോമസിൻ്റെ ഭൂരിപക്ഷം വർദ്ധിക്കുകയും ചെയ്തു. ഇനി നിങ്ങൾക്ക് ചിന്തിക്കാം. ഈ പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ എറണാകുളത്തും ചാലക്കുടിയിലും ട്വൻ്റി 20 സ്ഥാനാർത്ഥിയെ നിർത്തുമ്പോൾ അത് ആർക്ക് ഗുണം ചെയ്യുമെന്ന്.

Twenty20 Candidates | എറണാകുളത്തും ചാലക്കുടിയിലും ട്വന്റി20 സ്ഥാനാർഥികൾ, ആർക്ക് ഗുണം ചെയ്യും?

Keywords: News, Politics, Election, Congress, Twenty20 Kizhakkambalam, CPM, Candidates, Lok Sabha, LDF, Twenty20 declares candidates for Lok Sabha polls.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia