Mallikarjun Kharge | ഖാർഗേ നയിച്ചാൽ എങ്ങനെ ഇൻഡ്യ മുന്നണി ഇന്ത്യ പിടിക്കും? മലർപ്പൊടിക്കാരൻ്റെ സ്വപ്നം ഇത്

 


/ കെ ആർ ജോസഫ് മുണ്ടക്കയം

(KVARTHA) ഖാർഗേ നയിച്ചാൽ ഇൻഡ്യ (I.N.D.I.A) മുന്നണി ഇന്ത്യ പിടിക്കുമോ. ഇതാണ് പൊതുവിൽ ഉയരുന്ന ചോദ്യം. ഇന്ത്യൻ നാഷൺ കോൺഗ്രസിൻ്റെ ദേശീയ പ്രസിഡൻ്റ് മല്ലികാർജുൻ ഖാർഗേയെ പ്രധാന മുഖമായി അവതരിപ്പിച്ചു കൊണ്ടാണ് ഇൻഡ്യ മുന്നണി 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് ഒരുങ്ങുന്നത്. 83 കാരനായ ഖാർഗേ നരേന്ദ്രമോദി എന്ന അതികായകന് ഒരു വെല്ലുവിളിയാകാൻ സാധ്യതയുണ്ടോ. ഇല്ലെന്ന് തന്നെയാണ് രാഷ്ട്രീയത്തിന് അതീതമായി ഭൂരിഭാഗം ഇന്ത്യൻ ജനതയും വിശ്വസിക്കുന്നത്. മറിച്ച് രാഹുൽ ഗാന്ധി തന്നെ വന്നിരുന്നെങ്കിൽ ഇതിലും എത്രയോ ഭേദമായിരുന്നു എന്ന് ചിന്തിക്കുന്നവരും ഏറെയാണ്.

Mallikarjun Kharge | ഖാർഗേ നയിച്ചാൽ എങ്ങനെ ഇൻഡ്യ മുന്നണി ഇന്ത്യ പിടിക്കും? മലർപ്പൊടിക്കാരൻ്റെ സ്വപ്നം ഇത്

 ഇല്ലെങ്കിൽ പ്രിയങ്കയോ ശശി തരൂരോ ഒക്കെ ആയിരുന്നെങ്കിൽ ഖാർഗേയെക്കാൾ മോദിക്ക് വെല്ലുവിളി ഉയർത്താമായിരുന്നു. എന്തിന് ഏറെ പറയുന്നു മുന്നണിയിലെ സഖ്യ കക്ഷിയായ തൃണമൂൽ കോൺഗ്രസിൻ്റെ നേതാവ് മമതാ ബാനർജിയോ , ആ ആദ്മി പാർട്ടി നേതാവ് അരവിന്ദ് കേജരിവാൾ ഒക്കെ ആയിരുന്നെങ്കിലും ഒരു പ്രതീക്ഷയ്ക്ക് വകയുണ്ടായിരുന്നു. ഇപ്പോൾ 2024 ലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് തിരിച്ച് അധികാരത്തിൽ എത്തുമെന്ന് പറയുന്നവരും കുറവായിരിക്കുന്നു.

വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ ഒറ്റക്കെട്ടായി മത്സരിക്കാൻ കോൺഗ്രസ് ഉൾപ്പെടെയുള്ള കക്ഷികൾ ഒന്നിച്ച് ചേർന്ന ഇൻഡ്യ മുന്നണി തീരുമാനമെടുത്തിരിക്കുകയാണ്. ഖാർഗേയുടെ നേതൃത്വത്തിൽ കോൺഗ്രസും പ്രാദേശിക കക്ഷികളും ചേർന്ന് രൂപീകൃതമായ ഈ ഇൻഡ്യാ മുന്നണി ഇന്ത്യ പിടിക്കുമോ എന്നതാണ് രാഷ്ട്രീയ നിരിക്ഷകർ ഉറ്റുനോക്കുന്നത്. സ്വഭാവികമായി ചിന്തിക്കുമ്പോൾ ഈ ചോദ്യം തന്നെ അപ്രസക്തമാണെന്ന് തോന്നിപ്പോകും. കാരണം, ഏച്ചുകെട്ടിയാൽ മുഴച്ചിരിക്കും എന്ന് പറയുന്നതുപോലെയല്ലെ ഈ മുന്നണിയുടെ അവസ്ഥ എന്ന് ചിന്തിക്കണം.

പല ചിന്താഗതിക്കാർ, പല ആശയങ്ങൾ ഉള്ളവർ, ചില സമയങ്ങളിൽ അധികാരത്തിനു വേണ്ടി പൊരുതി വിഘടിച്ചുപോയവർ, അങ്ങനെയുള്ള പലർ ചേർന്ന് രൂപീകരിക്കപ്പെട്ട ഈ മുന്നണിക്ക് എത്രകണ്ട് ബി.ജെ.പിയെ ചെറുത്ത് നിന്ന് തോൽപ്പിക്കാൻ കഴിയുമെന്ന് കണ്ട് തന്നെ അറിയണം. അഥവാ, ഇനി അധികാരത്തിൽ എത്തിയാൽ ഈ യോജിപ്പ് പൂർണ്ണമായും ഉണ്ടാകുമോ എന്ന് പറയാൻ പറ്റുമോ..?. ഒപ്പം പടുവൃദ്ധനായ ഖാർഗേയുടെ നേതൃത്വവും പൊതുജനങ്ങൾ എത്രകണ്ട് സ്വീകരിക്കുമെന്ന് കണ്ട് തന്നെ അറിയണം.

ഇനി ഇൻഡ്യാ മുന്നണി അധികാരത്തിൽ വന്നാൽ തന്നെ എന്താണ് നടക്കുക. പണ്ട് ജനദാദളിന് സംഭവിച്ചതുപോലെ. വി.പി.സിംഗ് കോൺഗ്രസിന് ബദലയായി പ്രധാനമന്ത്രിയായി വന്നശേഷം ഇവിടെ പ്രധാനമന്ത്രി സ്ഥാനത്തേയ്ക്കുള്ള വടം വലിയിൽ ഈ ജനതാദളിനു തന്നെ എത്രയെത്ര പിളർപ്പിന് സാക്ഷ്യം വഹിക്കേണ്ടി വന്നു എന്ന് ഓർക്കണം. കോൺഗ്രസിനെ എതിർത്ത് അധികാരത്തിൽ എത്തിയ ഈ ജനതാദൾ
തന്നെ ആ കാലത്ത് കോൺഗ്രസിൻ്റെ പിന്തുണയോടെ അധികാരത്തിൽ എറിയ ചരിത്രവുമുണ്ട്. അങ്ങനെയാണ് വി.പി.സിംഗിനെ മറിച്ചിട്ട് അദേഹത്തിൻ്റെ കൂടെ നിന്ന ചന്ദ്രശേഖർ പ്രധാനമന്ത്രിയാവുന്നത്.

കഷ്ടിച്ച് ആറ് മാസം മാത്രം മാത്രമേ അദ്ദേഹത്തിന് ഭരിക്കാൻ സാധിച്ചുള്ളു. പിന്നെ കോൺഗ്രസ് അദ്ദേഹത്തെയും വലിച്ച് താഴെ ഇട്ടു. ഇതുമൂലം അന്ന് സംഭവിച്ചതോ അടിക്കടിയുണ്ടാകുന്ന തെരഞ്ഞെടുപ്പ് മാത്രം. ഐ.കെ.ഗുജ്റാളും, ദേവഗൗഡയുമൊക്കെ പിന്നീട് പ്രധാനമന്ത്രിമാരായി വന്നതൊക്കെ ഇതിൻ്റെ ബാക്കി പത്രം. ഇനി കോൺഗ്രസിൻ്റെ ചരിത്രമെടുക്കാം. ഒരുകാലത്ത് ഇന്ത്യയിൽ തിരുവായിക്ക് എതിർവായില്ലാതെ ഉണ്ടായിരുന്ന ഏറ്റവും വലിയ രാഷ്ട്രീയ കക്ഷിയാണ് കോൺഗ്രസ്. ഇന്ദിരാഗാന്ധി കൊല്ലപ്പെട്ട് രാജീവ് ഗാന്ധി അധികാരത്തിൽ എറുമ്പോൾ മൃഗീയ ഭൂരിപക്ഷമുണ്ടായിരുന്ന പാർട്ടി ആയിരുന്നു ഈ കോൺഗ്രസ് എന്ന് ഓർക്കണം.

പിന്നീട് കോൺഗ്രസ് ഇത്രയും ക്ഷയിച്ച് അധികാരത്തിനു വേണ്ടി പ്രാദേശിക പാർട്ടികളുടെ കാലുപിടിക്കേണ്ടി വന്നെങ്കിൽ അതിന് പിന്നിൽ ഇന്ദിരാഗാന്ധിയ്ക്ക് ശേഷം കോൺഗ്രസ് നേതൃത്വം അലങ്കരിച്ചവരുടെ പിടിപ്പുകേട് ആണെന്ന് പറയേണ്ടി വരും. അവരുടെ ദീർഘവീക്ഷണമില്ലായ്മയും നയവൈകല്യവുമാണ് കോൺഗ്രസ് പാർട്ടിയെ ഈ അവസ്ഥയിൽ കൊണ്ട് വന്ന് എത്തിച്ചത്. ഇന്ന് ഇൻഡ്യ മുന്നണി യിൽ ഉള്ള പല പ്രദേശിക കക്ഷികളെയും അവരുടെ നേതാക്കളെയും ശ്രദ്ധിച്ചാൽ മതിയാകും അവർ പല പല സമയങ്ങളിൽ കോൺഗ്രസ് വിട്ടുപോയവർ ആണെന്ന്.

ഏറ്റവും വലിയ ഉദാഹരം പശ്ചിമബംഗാളിലെ മമതാ ബാനർജി തന്നെ. അവർ ഒരിക്കൽ യൂത്ത് കോൺഗ്രസിൻ്റെ പശ്ചിമ ബംഗാൾ ഘടകം പ്രസിഡൻ്റ് ആയിരുന്നു. ഒരുപാട് സമരങ്ങൾക്ക് നേതൃത്വം നൽകി. അവിടെ അന്ന് സംസ്ഥാന കോൺഗ്രസ് പ്രസിഡൻ്റും മമതാ ബാനർജിയും തമ്മിൽ ഗ്രൂപ്പിസം ശക്തമായി. പി.സി.സി പ്രസിഡൻ്റായിരുന്ന സോമൻ മിത്രയെ പുറന്തള്ളി തന്നെ പി.സി.സി പ്രസിഡൻ്റ് ആക്കുമെന്ന് മമത കരുതി. കോൺഗ്രസ് ഹൈക്കമാൻ്റ് അന്ന് സോമൻ മിത്രയ്ക്ക് ഒപ്പം ആയിരുന്നു. അതോടേ മമതാ ബാനർജി കോൺഗ്രസ് ഹൈക്കമാൻ്റും ആയി ഇടഞ്ഞ് പാർട്ടിക്ക് പുറത്ത് വന്ന് പുതിയ പാർട്ടി രൂപികരിച്ചു, അതാണ് ഇന്നത്തെ ഈ തൃണമൂൽ കോൺഗ്രസ്.

മറ്റൊരാൾ മഹാരാഷ്ട്രയിലെ ശരത് പവാർ. അദേഹം ഒരിക്കൽ കോൺഗ്രസിൻ്റെ അനിഷേധ്യ നേതാവായിരുന്നു. നരസിംഹറാവുവിനു ശേഷം ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രസിഡൻ്റ് ആവുമെന്ന് അദ്ദേഹം കരുതി. നറുക്ക് വീണത് സീതാറാം കേസരിക്കും. അങ്ങനെ അദ്ദേഹവും കോൺഗ്രസിൻ്റെ പടിക്ക് പുറത്തായി. മഹാരാഷ്ട്ര കേന്ദ്രമാക്കി പുതിയ പാർട്ടി രൂപം കൊണ്ടു. അതാണ് ഇന്നത്തെ എൻ.സി.പി. ജമ്മുകാശ്മീർ പോലെയുള്ള സംസ്ഥാനങ്ങളിലെ സ്ഥിതിയും ഇതിന് സമാനമാണ്. ഇവരൊക്കെ ചേർന്നതാണ് ഇൻഡ്യ മുന്നണി. ഇവരുടെയൊക്കെ ആത്യന്തികലക്ഷ്യം കേന്ദ്രത്തിൽ അധികാരത്തിൽ എത്തി പ്രധാനമന്ത്രിയാവുക എന്നതുതന്നെ.

ഇങ്ങനെയുള്ളവർക്ക് അധികാരത്തിൽ എത്തിയാൽ തന്നെ എങ്ങനെ ഒരു ശക്തമായ സർക്കാർ ഉണ്ടാക്കാൻ കഴിയുമെന്ന് കണ്ട് തന്നെ അറിയേണ്ടിയിരിക്കുന്നു. ഇവരുടെ സ്ഥാപിത താൽപര്യങ്ങൾ തന്നെയാവും എവിടെയും മുഴച്ചു നിൽക്കുക. അങ്ങനെ വന്നാൽ ഒരു പക്ഷേ ബി.ജെ.പിയ്ക്ക് പോലും ഇവരെ മുതലെടുക്കാൻ പറ്റിയെന്ന് ഇരിക്കും. ശരിക്കും പറഞ്ഞാൽ കോൺഗ്രസ് നേതൃത്വം മുൻപേ ചെയ്യേണ്ടിയിരുന്നത് പാർട്ടിയിൽ നിന്ന് വിഘടിച്ചു പോയവരെ തിരികെ പാർട്ടിയിൽ എത്തിക്കുവാനുള്ള നടപടികൾ ചെയ്യുകയായിരുന്നു. അങ്ങനെയെങ്കിൽ കോൺഗ്രസ് ഇന്ന് പഴയപോലെ എല്ലാ സംസ്ഥാനങ്ങളിലും ശക്തമാകുമായിരുന്നു. ഈ ഇൻഡ്യാ മുന്നണിയുടെ ആവശ്യവും ഉണ്ടാകുമായിരുന്നില്ല. ഇത്രയും കൈകാലിട്ട് അടിക്കുകയും വേണ്ടായിരുന്നു. അതാണ് കോൺഗ്രസിന് പറ്റിയ പരാജയം.

കോൺഗ്രസിന് ഒപ്പം ചേർന്ന് ജയിച്ച് നാളെ ബി.ജെ.പി യ്ക്കൊപ്പം ചേർന്ന് ഭരിക്കാൻ ഇടവരുന്ന സാഹചര്യം ഉണ്ടാകരുത്. 2019 ലോകസഭ ഇലക്ഷന്റെ വോട്ടെണ്ണൽ ആരംഭിക്കുന്നതിന്‌ അര മണിക്കൂർ മുൻപ്‌ ഉണ്ടാക്കിയ സെക്യുലർ ഡെമോക്രാറ്റിക്‌ ഫ്രണ്ട്‌ പോലെ ആകാതിരിക്കട്ടെ ഈ ഇൻഡ്യാ മുന്നണി. ഖാർഗേ ജിയെ വീട്ടിൽ ഇരുത്തേണ്ട സമയവും അതിക്രമിച്ചു. കോൺഗ്രസ് നന്നാകണമെന്ന് ആഗ്രഹിക്കുന്ന കോൺഗ്രസ് നേതാക്കൾ ഇത് മനസിലാക്കി പ്രവർത്തിച്ചാൽ കൊള്ളാം.

Mallikarjun Kharge | ഖാർഗേ നയിച്ചാൽ എങ്ങനെ ഇൻഡ്യ മുന്നണി ഇന്ത്യ പിടിക്കും? മലർപ്പൊടിക്കാരൻ്റെ സ്വപ്നം ഇത്

Keywords: Articals, Mallikarjun Kharge, Politics, Congress, BJP, Loksabha Election, RahulGandhi, Will Mallikarjun Kharge be able to challenge BJP? 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia