Follow KVARTHA on Google news Follow Us!
ad

Vadakara | വടകരയിൽ ആര് വിജയിക്കും? കെ മുരളീധരനോ അതോ ഷൈലജ ടീച്ചറോ

പൊതുവേ ഒരു എൽഡിഎഫ് അനുകൂല മണ്ഡലമാണ്, K Muraleedharan, Shailaja Teacher, CPM, Congress, Politics, കേരള വാർത്തകൾ
/ മിന്റാ മരിയ തോമസ്

വടകര: (KVARTHA)
നിലവിലെ എം.പി കെ. മുരളീധരനും മുൻ ആരോഗ്യമന്ത്രിയും നിലവിലെ എം.എൽ.എ യുമായ കെ.കെ.ഷൈലജ ടീച്ചറും തമ്മിൽ വരുന്ന പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ വടകരയിൽ നിന്ന് അങ്കം വെട്ടുമെന്നാണ് അറിയുന്നത്. അങ്ങനെയെങ്കിൽ വടകരയിലെ മത്സരം തീപാറുമെന്ന് തീർച്ച. കഴിഞ്ഞ പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ ഏറ്റവും ശ്രദ്ധയാർകർഷിച്ച കേരളത്തിലെ ലോക്സഭാ മണ്ഡലങ്ങളിൽ ഒന്നാണ് വടകര. സി.പി.എമ്മിൻ്റെ കരുത്തൻ പി. ജയരാജൻ ഇവിടെ മത്സരിക്കാൻ എത്തിയതും അന്ന് വടകരയിലെ എം.പിയും അന്നത്തെ കെ.പി.സി.സി പ്രസിഡൻ്റുമായിരുന്ന മുല്ലപ്പള്ളി രാമചന്ദ്രൻ വടകരയിൽ നിന്ന് മത്സരിക്കുന്നില്ലെന്ന് പ്രഖ്യാപിച്ചതുമൊക്കെ വലിയ വാർത്തകളായിരുന്നു.
  
News, News-Malayalam-News, Kerala,Politics, Who will win in Vadakara? K Muraleedharan or Shailaja Teacher.

മുല്ലപ്പള്ളിയ്ക്ക് പിൻഗാമിയെ തേടി യു.ഡി.എഫ് നേതൃത്വം ഓടി നടന്നു. പരാജയഭീതി മൂലം ഒരു കോൺഗ്രസ് നേതാവിനും വടകരയിൽ മത്സരിക്കാൻ താല്പര്യമില്ലായിരുന്നു. ഒടുവിൽ തിരുവനന്തപുരം വട്ടിയൂർക്കാവ് എം.എൽ.എ ആയിരുന്ന കെ.മുരളീധരൻ വെല്ലുവിളി സ്വയം ഏറ്റെടുത്ത് വടകരയിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിക്കാൻ എത്തുകയായിരുന്നു. യു.ഡി.എഫിൻ്റെ വിജയം അന്ന് വടകരയിൽ ആരും
പ്രതീക്ഷിച്ചിരുന്നില്ല. എന്നാൽ, വടകരക്കാർ ലീഡറുടെ പുതനെ മനസാ സ്വീകരിക്കുകയായിരുന്നു. പി.ജയരാജനെ മലർത്തിയടിച്ച് കെ.മുരളീധരൻ അവിടെ വൻ ഭൂരിപക്ഷത്തിൽ വിജയിക്കുകയായിരുന്നു.

ഇക്കുറി വടകര സീറ്റ് നിലനിർനിർത്താൻ യു.ഡി.എഫും തിരിച്ചു പിടിക്കാൻ എൽ.ഡി.എഫും ആഞ്ഞ് ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. വടകര പൊതുവേ ഒരു എൽ.ഡി.എഫ് അനുകൂല മണ്ഡലമാണ്. മുൻ കാലങ്ങളിൽ തുടർച്ചയായി എൽ.ഡി.എഫ് ജയിച്ചു കൊണ്ടിരുന്ന മണ്ഡലമാണ്. അതിന് വിഘാതം സൃഷ്ടിച്ച് യു.ഡി.എഫിന് വേണ്ടി സീറ്റ് പിടിച്ചെടുത്തത് ആദ്യം മുല്ലപ്പള്ളി രാമചന്ദ്രൻ ആയിരുന്നു. മുല്ലപ്പള്ളി രണ്ട് ടേം ഇവിടെ എം.പി ആയിരുന്നു. ഇപ്പോൾ കെ.മുരളീധനാണ് വടകരയിലെ എം.പി.
  
News, News-Malayalam-News, Kerala,Politics, Who will win in Vadakara? K Muraleedharan or Shailaja Teacher.

വടകര എന്നും ഒരു എൽ.ഡി.എഫ് അനുകൂല മണ്ഡലമാണെന്ന് പറയാൻ കാരണമുണ്ട്. വടകരയിൽ ഏറ്റവും കൂടുതൽ കാലം എം.പി യായിരുന്ന വ്യക്തിയാണ് മുൻ കോൺഗ്രസ് എസ് നേതാവായിരുന്ന കെ.പി ഉണ്ണികൃഷ്ണൻ. ഒരു കാലത്ത് എൽ.ഡി.എഫ് ഘടകകക്ഷിയായിരുന്ന കോൺഗ്രസ് എസിന് നൽകിയിരുന്ന സീറ്റാണ് വടകര. അപ്പോഴെല്ലാം കെ.പി ഉണ്ണികൃഷ്ണനായിരുന്നു വടകരയിലെ സ്ഥാനാർത്ഥി. എൽ.ഡി.എഫ് സ്ഥാനാർത്ഥി ആയി നിന്നപ്പോഴൊക്കെ ഉണ്ണികൃഷ്ണൻ വടകരയിൽ നിന്ന് വിജയിച്ചിട്ടുമുണ്ട്.

ഒരിക്കൽ ഉണ്ണികൃഷ്ണന് ഒരു ദുർബുദ്ധി തോന്നി അദേഹം കോൺഗ്രസിലെത്തി. ശേഷം അദ്ദേഹം വടകരയിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിച്ചു. അന്ന് അദേഹം അവിടെ തോറ്റു. മാത്രമല്ല, അവിടം തൊട്ട് അദ്ദേഹത്തിൻ്റെ രാഷ്ട്രീയ പരാജയം ആണ് ജനം കണ്ടത്. വടകരയിൽ നിന്ന് ജയിച്ച് എം.പിയും കേന്ദ്രമന്ത്രിയുമൊക്കെ ആയ കെ.പി.ഉണ്ണികൃഷ്ണന് പിന്നീടൊരിക്കലും വലിയ സ്ഥാനങ്ങളിൽ ഇരിക്കാൻ പറ്റിയിട്ടില്ലെന്നത് ചരിത്രം. ഇതാണ് വടകര ഒരു ഇടത് അനുകൂലമണ്ഡലം ആണെന്ന് പറഞ്ഞതിൻ്റെ കാരണം.

ഇക്കുറിയും വടകരയിൽ യു,ഡി.എഫ് സ്ഥാനാർത്ഥിയായി മുൻ കെ.പി.സി.സി പ്രസിഡൻ്റ് കൂടിയായ കെ. മുരളീധരൻ എത്തുമെന്നാണ് അറിയുന്നത്. കെ.കെ. ഷൈലജ ടീച്ചറെ വടകരയിൽ ഇറക്കി മുരളീധരനെ പ്രതിരോധിക്കാനാണ് എൽ.ഡി.എഫ് നീക്കമെന്നാണ് പുറത്തുവരുന്ന സൂചനകൾ. ഷൈലജ ടീച്ചർ വടകരയിൽ മത്സരിച്ചാൽ വടകര പാർലമെൻ്റ് സീറ്റ് എങ്ങനെയും തങ്ങൾക്ക് അനുകൂലമായി വന്ന് ചേരുമെന്നാണ് ഇടതുപക്ഷം കണക്ക് കൂട്ടുന്നത്. വടകര ലോക് സഭാ മണ്ഡലത്തിലെ നിയമസഭാ മണ്ഡലങ്ങളിൽ തന്നെ ഇടതു ശക്തി കേന്ദ്രങ്ങൾ ധാരാളമാണ്.

മുരളീധരൻ്റെയും മുല്ലപ്പള്ളിയുടെയുമൊക്കെ വ്യക്തിപ്രഭാവം ഒന്നുകൊണ്ട് മാത്രമാണ് പലപ്പോഴും യു.ഡി.എഫ് ഇവിടെ വിജയിച്ചു കയറുന്നത്. ഈ മണ്ഡലം ഏത് വിധേനേയും കൈപ്പിടിയിലാക്കണമെന്ന വാശിയിലാണ്
കേരളത്തിലെ ഇരുമുന്നണികളും. വടകര എം.പിയായ കെ. മുരളീധരൻ ഈ പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നില്ലെന്ന് പറയുന്നുണ്ടെങ്കിലും കോൺഗ്രസ് ഹൈക്കമാൻ്റിൽ നിന്ന് സമ്മർദ്ദം ഉണ്ടായാൽ മത്സരിക്കുമെന്ന് തീർച്ചയാണ്. ഇടതുമുന്നണി ജയിക്കുമെന്ന് കരുതിയിടത്താണ് 2019ൽ മുരളീധരൻ്റെ സ്ഥാനാർത്ഥിത്വത്തിലൂടെ അപ്രതീക്ഷിത തോൽവി ഇടതുപക്ഷത്തിനുണ്ടായത്. ഈ പരീക്ഷണം ഒരിക്കൽ കൂടി നടത്താനാണ് യു.ഡി.എഫ് തുനിയുന്നതെന്നാണ് പുറത്തുവരുന്ന വിവരം.

ഏത് മണ്ഡലത്തിൽ നിന്നാലും വോട്ട് പിടിക്കാൻ കഴിവുള്ള നേതാവ് എന്ന ഇമേജ് ആണ് കോൺഗ്രസിൽ കരുണാകര പുത്രനായ കെ. മുരളീധരന് ഉള്ളത്. മുരളീധരൻ്റെ ആളെകൂട്ടാനുള്ള കഴിവും അപാരമാണ്. മുൻപ് കോഴിക്കോട് എം.പിയും ആയിരുന്നു കെ. മുരളീധരൻ . ഇടയ്ക്ക് കുറച്ചുകാലം സംസ്ഥാന വൈദ്യുത മന്ത്രിയുമായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. അങ്ങനെ എല്ലാത്തരത്തിലും നോക്കുമ്പോൾ വടകരയിൽ കെ മുരളീധരൻ ആകും കോൺഗ്രസിൽ അനുയോജ്യ സ്ഥാനാർത്ഥി എന്ന് വിലയിരുത്തപ്പെടുന്നു. വടകരയിൽ മുൻ കെ.പി.സി.സി പ്രസിഡൻ്റായിരുന്ന മുല്ലപ്പള്ളി രാമചന്ദ്രൻ്റെ പേരും ഉയർന്നുവരുന്നുണ്ട്. മുല്ലപ്പള്ളി രാമചന്ദ്രൻ മുൻപ് വടകരയിലെ എം.പി യായി ജയിച്ചത് ഇന്നത്തെ നിയമസഭാ സ്പീക്കർ ഷംസീറിനെ തോൽപ്പിച്ചാണ്.

വടകരയിൽ ആര് യു.ഡി.എഫ് സ്ഥാനാർത്ഥിയായി നിന്നാലും തങ്ങൾക്ക് അവിടെ ഒറ്റ സ്ഥാനാർത്ഥിയെ ഉള്ളൂവെന്ന നിലപാടിൽ ഉറച്ച് നീങ്ങുകയാണ് എൽ.ഡി.എഫ്. അവർക്ക് കെ.കെ.ഷൈലജ ടീച്ചറെ അല്ലാതെ മറ്റാരെയും ചിന്തിക്കാൻ കൂടി സാധിക്കുന്നില്ല. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഷൈലജ ടീച്ചർക്ക് കിട്ടിയ തിളക്കമാർന്ന വിജയവും സ്വീകാര്യതയും ആണ് അവരെ വടകരയിൽ ഇടതു സ്ഥാനാർത്ഥിയായി നിർത്താൻ എൽ.ഡി.എഫിനെ പ്രേരിപ്പിക്കുന്ന ഘടകം. കഴിഞ്ഞ പിണറായി സർക്കാരിൽ ആരോഗ്യമന്ത്രിയായിരുന്ന കെ.കെ. ഷൈലജ ടീച്ചർ. കോവിഡ് കാലത്ത് എടുത്ത നിലപാടുകൾ പൊതുസമൂഹത്തിന് മുന്നിൽ പ്രശംസ പിടിച്ചു പറ്റിയിരുന്നു.

ഷൈലജ ടീച്ചറെ മുഖ്യമന്ത്രിയായി കാണാൻ ആഗ്രഹിക്കുന്നവരും ധാരാളം ഉണ്ടെന്നത് പരസ്യമായ രഹസ്യമാണ്. ഈ സാഹചര്യങ്ങൾ എല്ലാം ചേർത്തുകൊണ്ടാണ് എൽ.ഡി.എഫ് കെ.കെ.ഷൈലജ ടീച്ചറെ വടകര പാർലമെൻ്റ് സീറ്റിൽ നിന്ന് മത്സരിപ്പിക്കാൻ ആഗ്രഹിക്കുന്നത്. കെ.കെ.ഷൈലജ ടീച്ചർ മത്സരിച്ചാൽ വടകര വമ്പൻ ഭൂരിപക്ഷത്തിൽ തിരിച്ചുപിടിക്കുമെന്ന് എൽ.ഡി.എഫും മറിച്ച് കെ.മുരളീധരൻ ആണെങ്കിൽ വടകരയിൽ പരാജയത്തെക്കുറിച്ച് ചിന്തിക്കേണ്ടതേയില്ലെന്നും യു.ഡി.എഫും കണക്കാക്കുന്നു. പിന്നെ കെ.കെ. ഷൈലജയുടെ സ്വന്തം തട്ടകം കൂടിയാണ് വടകര പാർലമെൻ്റ് മണ്ഡലം. വടകരയിൽ കെ.മുരളീധരനും കെ.കെ.ഷൈലജ ടീച്ചറും ഇടതു - വലതു മുന്നണി സ്ഥാനാർത്ഥികളായി വന്നാൽ പൊരിഞ്ഞ അങ്കത്തിന് ഇത് വഴിവെയ്ക്കുമെന്ന് തീർച്ച.

News, News-Malayalam-News, Kerala,Politics, Who will win in Vadakara? K Muraleedharan or Shailaja Teacher.

Post a Comment