Killed | ഹമാസ് നേതാവിന്റെ കൊലപാതകം: ഇസ്രാഈൽ-ഫലസ്തീൻ യുദ്ധം കൂടുതൽ രൂക്ഷമാകുമെന്ന് ആശങ്ക; സംയമനം പാലിക്കണമെന്ന് യുഎൻ; ആരായിരുന്നു സ്വാലിഹ് അൽ ആറൂരി? മാതാവും മകനും കാണാതെ 20 വർഷം, ഒടുവിൽ രക്തസാക്ഷിത്വം

 


ഗസ്സ: (KVARTHA) ഹമാസിന്റെ രാഷ്ട്രീയകാര്യ വിഭാഗം സഹതലവൻ സ്വാലിഹ് മുഹമ്മദ് സുലൈമാൻ അൽ ആറൂരിയുടെ കൊലപാതകത്തെ തുടർന്ന് ഇസ്രാഈൽ-ഫലസ്തീൻ യുദ്ധം കൂടുതൽ രൂക്ഷമാകുമെന്ന് ആശങ്ക. സംയമനം പാലിക്കണമെന്ന് ഐക്യരാഷ്ട്ര സഭയും ഫ്രാൻസും ആവശ്യപ്പെട്ടിട്ടുണ്ട്. ചൊവ്വാഴ്ച വൈകുന്നേരം ലെബനാൻ തലസ്ഥാനമായ ബെയ്റൂത്തിൽ വെച്ചാണ് സ്വാലിഹ് അൽ ആറൂരിയും മറ്റ് ആറ് പേരും കൊല്ലപ്പെട്ടത്. രണ്ട് പേർ ഹമാസ് സൈനിക കമാൻഡർമാരും നാല് പേർ ഹമാസ് അംഗങ്ങളുമാണ്.
  
Killed | ഹമാസ് നേതാവിന്റെ കൊലപാതകം: ഇസ്രാഈൽ-ഫലസ്തീൻ യുദ്ധം കൂടുതൽ രൂക്ഷമാകുമെന്ന് ആശങ്ക; സംയമനം പാലിക്കണമെന്ന് യുഎൻ; ആരായിരുന്നു സ്വാലിഹ് അൽ ആറൂരി? മാതാവും മകനും കാണാതെ 20 വർഷം, ഒടുവിൽ രക്തസാക്ഷിത്വം

ഗസ്സയിൽ തുടരുന്ന ഇസ്രാഈലിന്റെ ബോംബാക്രമണങ്ങൾക്കും അമേരിക്കയുടെ നേതൃത്വത്തിലുള്ള സഖ്യകക്ഷികൾ നൽകുന്ന പിന്തുണയ്‌ക്കുമിടയിൽ, അധിനിവേശ വെസ്റ്റ് ബാങ്കിലും ലെബനൻ അതിർത്തിയിലും ഇറാഖിലും സിറിയയിലും ചെങ്കടലിലും അക്രമം വർധിച്ചുവരികയാണ്. ബെയ്റൂത്തിലുണ്ടായ സംഭവം ലെബനൻ ആസ്ഥാനമായുള്ള ഹിസ്ബുല്ലയും ഇസ്രാഈലും തമ്മിലുള്ള സമ്പൂർണ യുദ്ധത്തിന് വഴിവെക്കുമെന്ന ആശങ്ക ഇപ്പോൾ നിലനിൽക്കുന്നു. ഇസ്രാഈൽ ആക്രമണം തന്റെ രാജ്യത്തെ യുദ്ധത്തിലേക്ക് വലിച്ചിഴക്കാനുള്ള ശ്രമമാണെന്ന് ലെബനന്റെ താൽക്കാലിക പ്രധാനമന്ത്രി നജീബ് മിക്കാറ്റി ആരോപിച്ചു.


ആരായിരുന്നു സ്വാലിഹ് അൽ ആറൂരി?

ഹമാസിന്റെ രാഷ്ട്രീയകാര്യ സമിതിയുടെ ഡെപ്യൂട്ടി ചീഫും സായുധ വിഭാഗമായ ഖസ്സാം ബ്രിഗേഡിന്റെ സ്ഥാപകരിൽ ഒരാളുമായിരുന്നു 57 കാരനായ അൽ ആറൂരി. മാത്രമല്ല, ഹമാസ് മേധാവി ഇസ്മാഈൽ ഹനിയയുടെ അടുത്ത അനുയായി കൂടിയാണ്. ഹമാസിന്റെ രാഷ്ട്രീയ - സൈനിക മുഖമായിരുന്ന അദ്ദേഹം. അമേരിക്കയും ഇസ്‌റാഈലും വിലയിട്ട വ്യക്തി കൂടിയായിരുന്നു. ഹമാസിന്റെ നേതാക്കളില്‍ രണ്ടാമനായിരുന്ന ആറൂരി ലോക രാജ്യങ്ങളില്‍ നടന്ന ചര്‍ച്ചകില്‍ ഹമാസിന്റെ പ്രതിനിധിയായിരുന്നു.

15 വർഷത്തോളം ഇസ്രാഈൽ ജയിലിൽ കഴിഞ്ഞ ശേഷം ലെബനനിൽ പ്രവാസ ജീവിതം നയിക്കുകയായിരുന്നു. ഒക്ടോബർ ഏഴിന് യുദ്ധം ആരംഭിക്കുന്നതിന് മുമ്പ്, ഇസ്രാഈൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വധഭീഷണി മുഴക്കിയിരുന്നു. 2010 മുതല്‍ ഹമാസ് രാഷ്ട്രീയകാര്യ സമിതിയില്‍ എത്തിയ സ്വാലിഹ് 2017 ഒക്‌ടോബര്‍ മുതല്‍ ഡെപ്യൂട്ടി ചെയര്‍മാന്‍ പദവിയിലെത്തി. നിരവധി തവണ ഭീഷണികളും വധശ്രമങ്ങളും നേരിടേണ്ടി വന്നിട്ടുണ്ട്. 2015ൽ അമേരിക്ക ഭീകരനായി പ്രഖ്യാപിച്ചു. തലക്ക് അഞ്ച് മില്യൺ ഡോളറാണ് വിലയിട്ടത്.

ചൊവ്വാഴ്ച വൈകുന്നേരം ദക്ഷിണ ബൈറൂത്തിലെ മശ്റഫിയ്യയിൽ ഹമാസ്​ ഓഫീസിനു നേരെ നടന്ന ഡ്രോൺ ആക്രമണത്തിലാണ് ആറൂരി ഉൾപ്പെടെയുള്ളവർ കൊല്ലപ്പെട്ടത്. ലെബനനിലെ ഹിസ്ബുല്ലയുടെ ശക്തികേന്ദ്രമെന്ന് കണക്കാക്കുന്ന പ്രദേശത്താണ് സംഭവം. ഈ വർഷം ഒക്‌ടോബർ 27 ന് വെസ്റ്റ് ബാങ്കിലെ റാമല്ലയ്ക്ക് സമീപമുള്ള ആറൂര പട്ടണത്തിലെ സ്വാലിഹ് ആറൂരിയുടെ വീട് ഇസ്രാഈൽ സൈന്യം തകർത്തിരുന്നു.


കനത്ത തിരിച്ചടി നേരിടേണ്ടിവരുമെന്ന് വിവിധ സംഘടനകൾ

സ്വാലിഹ്​ അൽ ആറൂരിയുടെ കൊലപാതകത്തില്‍ ശക്തമായ തിരിച്ചടി നേരിടേണ്ടിവരുമെന്ന് ഫലസ്തീൻ സംഘടനകളും ഹിസ്​ബുല്ലയും ഹൂത്തികളും ഇറാനും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ലബനാന് നേരെയുള്ള ഏത് ​ആക്രമണവും കടുത്ത പ്രത്യാഘാതങ്ങൾക്കിടയാക്കുമെന്ന് നേരത്തെ തന്നെ ഹിസ്ബുല്ല മേധാവി ഹസൻ നസ്റുല്ല പ്രഖ്യാപിച്ചിട്ടുണ്ട്. ഹമാസ് നേതാവിന്റെ മരണത്തെക്കുറിച്ച് ഇസ്രാഈലിൽ നിന്ന് ഔദ്യോഗിക പ്രതികരണമൊന്നും ഉണ്ടായിട്ടില്ല.


മകനെ കാണാതെ 20 വർഷം

മകന്റെ രക്തസാക്ഷിത്വത്തെ അഭിനന്ദിക്കുന്നുവെന്നും എല്ലാ സുജൂദുകളിലും അതിനായി പ്രാർഥിക്കുകയും ചെയ്തിരുന്ന അവന്റെ ലക്ഷ്യമാണ് നിറവേറിയതെന്നും സ്വാലിഹ് അൽ-ആറൂരിയുടെ മാതാവ് കൊലപാതകത്തോട് പ്രതികരിച്ചു. 2010-ൽ ഇസ്രാഈൽ ജയിലുകളിൽ നിന്ന് മോചിതനായ ശേഷം ഫലസ്തീനിന് പുറത്ത് നാടുകടത്തിയതിനാൽ 20 വർഷമായി മകനെ കണ്ടിട്ടില്ലെന്നും മാതാവിനെ ഉദ്ധരിച്ച് അൽ ജസീറ റിപ്പോർട്ട് ചെയ്തു.

Keywords: News, Malayalam-News, World, Israel-Palestine-War, Saleh al Arouri, Hamas, Beirut, Who was Saleh al-Arouri, the Hamas leader killed in Beirut?.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia