Thiruvananthapuram | തിരുവനന്തപുരം ലോക്സഭാ മണ്ഡലം, ചില നേതാക്കൾക്ക് ഭാഗ്യമണ്ഡലം; പനമ്പള്ളി, കരുണാകരൻ, തരൂർ വരെ...

 


/ മിന്റാ മരിയ തോമസ്

തിരുവനന്തപുരം: (KVARTHA) കേരളത്തിൻ്റെ തലസ്ഥാനം എന്ന രീതിയിൽ മാത്രമല്ല തിരുവനന്തപുരം ശ്രദ്ധയാകർഷിക്കുന്നത്. കേരളത്തിലെ പ്രഗത്ഭരായ നേതാക്കളുടെ ഭാഗ്യമണ്ഡലം എന്നുള്ള നിലയിലും തിരുവനന്തപുരം ആകർഷിക്കപ്പെടുകയാണ്. മറ്റ് ഏത് സ്ഥലത്ത് പരാജയപ്പെട്ടാലും തിരുവനന്തപുരം തങ്ങളെ കൈവെടിയുകയില്ലെന്ന് കേരളത്തിലെ പല വലിയ നേതാക്കളും വിശ്വസിച്ചിരുന്നു. ഇത് വളരെ ശരിയാണ് താനും. തിരുവനന്തപുരം തൻ്റെ ഭാഗ്യമണ്ഡലം എന്ന് വിശ്വസിച്ചിരുന്നവരിൽ ഏറ്റവും പ്രധാനി മുൻ മുഖ്യമന്ത്രി കെ കരുണാകരൻ തന്നെ ആണ്. അദേഹം കണ്ണൂർ സ്വദേശിയായിരുന്നു. കരുണാകരൻ്റെ രാഷ്ട്രിയ പ്രവർത്തന തട്ടകം എന്ന് പറയുന്നത് തൃശൂർ ആയിരുന്നു. അദേഹം ചെറുപ്പത്തിൽ കണ്ണൂരിൽ നിന്ന് തൃശൂരിൽ രാഷ്ട്രീയ പ്രവർത്തനം ആരംഭിക്കുകയായിരുന്നു.

Thiruvananthapuram | തിരുവനന്തപുരം ലോക്സഭാ മണ്ഡലം, ചില നേതാക്കൾക്ക് ഭാഗ്യമണ്ഡലം; പനമ്പള്ളി, കരുണാകരൻ, തരൂർ വരെ...

 തൃശൂരിലെ മാള നിയോജകമണ്ഡലത്തിൽ നിന്നാണ് കോൺഗ്രസ് ലീഡർ അന്തരിച്ച കെ കരുണാകരൻ വളരെക്കാലം നിയമസഭാ സാമാജികനായിരുന്നത്. എന്നാൽ ഒരിക്കൽ അദേഹത്തെ തൃശൂർ കൈവിട്ട അവസ്ഥയുണ്ടായി. തൃശൂരിൽ നിന്ന് വലിയ ആത്മവിശ്വാസത്തിൽ യു.ഡി.എഫിൻ്റെ സ്ഥാനാർത്ഥിയായി പാർലമെൻ്റിലേയ്ക്ക് മത്സരിച്ച കെ.കരുണാകരന് തോൽവിയായിരുന്നു ഫലം. ജയിച്ചത് അന്ന് സി.പി.ഐ യിലെ വി.വി രാഘവനും. കരുണാകരൻ തൃശൂരിൽ പരാജയപ്പെട്ടതോടെ പലരും അദ്ദേഹത്തിന് രാഷ്ട്രീയ വനവാസം വിധിയെഴുതി. കരുണാകരനും തൻ്റെ തോൽവിൽ അങ്ങേയറ്റം ദുഖിതനായിരുന്നു എന്നു വേണമെങ്കിൽ പറയാം.

എന്നാൽ പിന്നീട് നടന്ന പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ തനിക്ക് കൂടുതൽ പരിചിതമായ ചാലക്കുടിയോ തൃശുരോ ഒന്നും തെരഞ്ഞെടുക്കാതെ അദ്ദേഹം മത്സരിക്കാൻ സ്വീകരിച്ചത് തിരുവനന്തപുരം പാർലമെൻ്റ് മണ്ഡലമായിരുന്നു. അദ്ദേഹം അന്ന് തിരുവനന്തപുരത്തു നിന്ന് വൻ ഭൂരിപക്ഷത്തിൽ വിജയിച്ചാണ് തൻ്റെ രാഷ്ട്രിയ വനവാസത്തിന് വിരാമമിട്ടത്. കരുണാകരന് ശേഷം വെറും യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ് ആയിരുന്ന രാഷ്ട്രീയത്തിൽ അത്ര പ്രധാന വ്യക്തി ഒന്നും അല്ലാതിരുന്ന വി.എസ് ശിവകുമാറിനെ വിജയിപ്പിച്ചതും ഇതേ തിരുവനന്തപുരം ആയിരുന്നു. പിന്നീട് വി.എസ് ശിവകുമാർ സംസ്ഥാന മന്ത്രിവരെ ആയി എന്നത് ചരിത്രം.

പിന്നെയുള്ളത് ഇന്നത്തെ തിരുവനന്തപുരം എം പി ശശി തരൂർ. വലിയ ഉദ്യോഗത്തിൽ നിന്നൊക്കെ വിട്ട് കോൺഗ്രസ് രാഷ്ട്രിയത്തിൽ ചേക്കേറിയപ്പോൾ പാലക്കാട്ടുകാരനായ അദ്ദേഹം പാലക്കാട് നിന്നാണ് ആദ്യം പാർലമെൻ്റിലേയ്ക്ക് മത്സരിക്കാൻ തീരുമാനിച്ചത്. അതിനുള്ള തയ്യാറെടുപ്പുകൾ പാലക്കാട് നടത്തുകയും ചെയ്തിരുന്നു. എന്നാൽ കെ.കരുണാകരൻ ആണ് ശശി തരൂരിനോട് തിരുവനന്തപുരത്തു നിന്ന് മത്സരിക്കാൻ ശിപാർശ ചെയ്തത്. എന്തായാലും കരുണാകരൻ പറഞ്ഞതുപോലെ ശശി തരൂർ തിരുവനന്തപുരത്തു നിന്ന് മത്സരിക്കുകയും ജയിക്കുകയും എം പിയും കേന്ദ്രമന്ത്രിയുമൊക്കെ ആവുകയും ചെയ്തു. പാലക്കാട് ആണെങ്കിൽ അദ്ദേഹത്തിന് ഈ ജയം ഉണ്ടാകുവാൻ ചിലപ്പോൾ പറ്റിയെന്ന് വരില്ല. പാലക്കാട് നിന്ന് കാലങ്ങൾക്ക് ശേഷം ആണ് കഴിഞ്ഞ തവണ ഒരു കോൺഗ്രസ് എം.പിയെ കിട്ടുന്നത്. അത് വി.കെ ശ്രീകണ്‌ഠൻ ആണ്. അതിനു മുൻപ് വരെ സി.പി.എം പ്രതിനിധികളായിരുന്നു പാലക്കാട്ടെ എം.പിമാർ.

ഇനി കരുണാകരൻ്റെ പുത്രൻ കെ മുരളീധരനിലേയ്ക്ക് പോകാം. അദ്ദേഹം കോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റായി തിളങ്ങി നിന്ന ഒരു കാലം ഉണ്ടായിരുന്നു. അതിനുശേഷം കെ.പി.സി.സി പ്രസിഡൻ്റ് സ്ഥാനം രാജിവെച്ച് മന്ത്രിയാകാൻ ഇറങ്ങി. വടക്കാഞ്ചേരിയിൽ നിന്ന് മത്സരിച്ച അദ്ദേഹത്തിന് തോൽവി ആയിരുന്നു ഫലം. പിന്നീട് കോൺഗ്രസ് വിട്ട് ഡി.ഐ.സി ഉണ്ടാക്കി കൊടുവള്ളിയിൽ മത്സരിച്ചെങ്കിലും അവിടെയും മുരളീധരൻ തോൽക്കുകയായിരുന്നു. പിന്നീട് കോൺഗ്രസിലെത്തിയ മുരളീധരൻ തിരുവനന്തപുരത്തെ വട്ടിയൂർക്കാവിൽ മത്സരിച്ചാണ് തൻ്റെ രാഷ്ട്രിയ ഭാഗ്യക്കേടിന് വിരാമമിടുന്നത്. മുരളീധരന് വലിയ ഭൂരിപക്ഷത്തിലുള്ള വിജയമായിരുന്നു അന്ന് വട്ടിയൂർക്കാവ് സമ്മാനിച്ചത്. പിന്നീട് കോൺഗ്രസിന് എവിടെയും മത്സരിപ്പിക്കാൻ പറ്റുന്ന മുഖമായി കെ.മുരളീധരൻ മാറുന്ന കാഴ്ചയാണ് കണ്ടത്. സി.പി.എം കോട്ടയായ വടകരയിൽ പോയി മത്സരിച്ച് അദ്ദേഹം എം.പി ആയത് പിന്നീട് കാലത്തിൻ്റെ ഒരു മറുപടിയും ആയിരുന്നു.

അതുപോലെ ബി.ജെ.പി യ്ക്ക് ആദ്യമായി കേരള നിയമസഭയിലേയ്ക്ക് ഒരു എം.എൽ.എ യെ സമ്മാനിച്ചതും തിരുവനന്തപുരം ആയിരുന്നു. നേമത്തു നിന്ന് ഒ രാജഗോപാൽ ബി.ജെ.പി യുടെ പ്രതിനിധിയായി ആദ്യമായി നിയമസഭയിൽ എത്തി. പാലക്കാടുകാരനായ ഒ രാജഗോപാലിനെയും തിരുവനന്തപുരം അങ്ങനെ തുണയ്ക്കുകയുണ്ടായി. കണ്ണൂറുകാരനായ പന്ന്യൻ രവീന്ദ്രനും എറണാകുളം സ്വദേശിയായ പി.കെ വാസുദേവൻ നായരും പനമ്പള്ളി ഗോവിന്ദ മേനോനും ഒക്കെ തിരുവനന്തപുരത്ത് ഭാഗ്യം പരീക്ഷിച്ച് വിജയിച്ച നേതാക്കളാണ്.

ഇതിൻ്റെ കാരണം തിരുവനന്തപുരം പ്രഗത്ഭമതികളെ കൈവെടിയുകയില്ലെന്നത് തന്നെ. കാരണം, പ്രബുദ്ധരാണ് തിരുവനന്തപുരത്തുകാർ. പ്രഗത്ഭമതികൾ ആരോ അവർ ഏത് പാർട്ടിയെന്ന് നോക്കാതെ തിരുവനന്തപുരംകാർ വോട്ട് ചെയ്തിരിക്കും. ബി.ജെ.പിയുടെ ഒ രാജഗോപാൽ പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ ഇവിടെ നിന്നും രണ്ടാം സ്ഥാനം വരെ എത്തിയെന്നും മറക്കാതിരിക്കുക. അന്ന് ശശി തരൂർ നിസാരവോട്ടുകൾക്ക് ആണ് ബി.ജെ.പി യുടെ ഒ രാജഗോപാലിനെ തോൽപ്പിച്ചത്. ഇടത് സ്ഥാനാർത്ഥിക്ക് അന്ന് മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. ഇതും മറ്റൊരു ചരിത്രം.

Keywords: News, Malayalam News, Kerala, Politics, K. Karunakaran, Kannur, Thiruvananthapuram, Thiruvananthapuram Lok Sabha constituency, lucky constituency for some leaders
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia