Follow KVARTHA on Google news Follow Us!
ad

Complex l ഇങ്ങനെയും ചിലരുണ്ട്

Love, Death, Relationship, Story
/ കൂക്കാനം റഹ്‌മാൻ

(KVARTHA) ജനുവരി 23, രാത്രി പതിനൊന്നര മണിയായി. ഉറങ്ങാൻ നേരത്ത് ഒന്നുകൂടെ കുളിക്കും. ഭർത്താവ് നല്ല ഉറക്കത്തിലാണ്. 12 മണിക്കേ ഞാൻ കിടക്കൂ. കിടക്കയിൽ അരമണിക്കൂർ എങ്കിലും ചമ്രം പടിഞ്ഞിരിക്കും. പ്രാർത്ഥിക്കുക, എന്തെങ്കിലും നല്ല കാര്യങ്ങളെക്കുറിച്ച് ഓർമ്മിക്കുക, തെറ്റ് പറഞ്ഞതും ചെയ്തതും പ്രായശ്ചിത്തം ചെയ്യുക ഇതൊക്കെയാണ് ആ സമയത്ത് ഞാൻ ചെയ്യുക. നാളെ എൻറെ ജന്മദിനമാണ്. ഇക്കാര്യം ഇതേവരെ എൻറെ പ്രിയപ്പെട്ട ഭർത്താവോ മകളോ ഏറ്റവും അടുത്ത കൂട്ടുകാരോ അറിഞ്ഞു കാണില്ല എന്ന് തോന്നുന്നു. ഞാനാണെങ്കിൽ ഇവരുടെയൊക്കെ ജനനത്തീയതി ഓർമിക്കുകയും ജന്മദിനാശംസകൾ നേരുകയും ചെയ്യാറുണ്ട്.
  
Love, Death, Relationship, Story, Article, Editor’s-Pick, There are some like this too.

എൻറെ ജന്മദിനത്തെക്കുറിച്ച് എന്തെ ആർക്കും ഓർമ്മയില്ലാത്തത്? ചിലപ്പോൾ രാവിലെ ആശംസകൾ അറിയിക്കുമായിരിക്കും. എങ്കിലും തീർച്ചയായിട്ടും ഒരാൾ മറക്കില്ല. നാളെ രാവിലെ അദ്ദേഹം എത്തും. ഞാൻ പോകുന്ന വഴിയിൽ എവിടെയെങ്കിലും എന്നെ കാത്തിരിപ്പുണ്ടാവും. ഇക്കാര്യം ആർക്കും അറിയില്ല. എനിക്കും അദ്ദേഹത്തിനും മാത്രം അറിയും. അദ്ദേഹത്തെ കാണുമ്പോൾ എന്ത് സംസാരിക്കണം, എങ്ങിനെ ഇടപെടണം എന്ന് ഞാൻ ആലോചിക്കാറില്ല. കാരണം അദ്ദേഹത്തിന് അതൊന്നും അറിയേണ്ട ആവശ്യമില്ല. എന്നെ കാണണം ഒന്ന് ചിരിക്കണം അത്രമാത്രം.

ഈ കാര്യം തുടങ്ങിയിട്ട് രണ്ടു പതിറ്റാണ്ട് കഴിഞ്ഞു. ഉള്ളു തുറന്ന് സംസാരിക്കാതെ വീർപ്പുമുട്ടി കഴിയുകയാണ് ഞാനും അദ്ദേഹവും. അദ്ദേഹം എന്തെങ്കിലും കാര്യം സംസാരിച്ചാൽ അല്ലേ എനിക്ക് അങ്ങോട്ട് സംസാരിക്കാൻ പറ്റൂ. എൻറെ ജന്മദിനത്തിന്റെ ദിവസം മാത്രമേ അദ്ദേഹം വരൂ. അതും കൃത്യസമയത്ത് തന്നെ എത്തും, കാണും ചിരിക്കും, തിരിച്ചുപോകും. ഇക്കാര്യം പുറത്തു പറഞ്ഞാൽ ആളുകൾ തെറ്റിദ്ധരിക്കില്ലേ, വീട്ടുകാർക്കും ബന്ധു ജനങ്ങൾക്കും പ്രശ്നമാവില്ലേ?

എനിക്ക് മനസ്സിൽ തോന്നുന്നത് അദ്ദേഹത്തിന് എന്നോട് പ്രത്യേക മമതയുണ്ടായിരുന്നു പഠനകാലത്ത്. ഇത് ഞാൻ സ്വയം അനുമാനിക്കുന്നതാണ്. കോളേജിലെ മുഴുവൻ അധ്യാപകന്മാർക്കും എൻറെ വിവാഹ ക്ഷണക്കത്ത് കൊടുത്തിരുന്നു. ഇദ്ദേഹത്തിനും ഒരു ക്ഷണക്കത്ത് കൊടുത്തു. അതിനുമുമ്പൊക്കെ വളരെ സ്നേഹത്തോടെ സംസാരിക്കുകയും പഠന കാര്യം അന്വേഷിക്കുകയും ചെയ്യുക അദ്ദേഹത്തിൻറെ പതിവായിരുന്നു. ഇതിനു ശേഷം അദ്ദേഹം എന്തോ ഒരു വിഷമാവസ്ഥയിൽ ആയിരുന്നു എന്നാണ് എനിക്ക് തോന്നുന്നത്. എന്നെ ജീവിതപങ്കാളിയാക്കാൻ അദ്ദേഹം ആഗ്രഹിച്ചിരുന്നുവോ എന്ന് ഞാൻ കുറച്ചുകാലമായി ചിന്തിക്കുകയാണ്.

ഒരാളെ ഇഷ്ടപ്പെട്ടു കഴിഞ്ഞാൽ അത്പ്രായോഗിക തലത്തിൽ നടക്കാതെ പോയാൽ പ്രയാസം ഉണ്ടാവാറുണ്ട്. ഇപ്പോൾ അത്തരം സംഭവങ്ങൾ മാധ്യമങ്ങൾ മുഖേന അറിയുന്നുണ്ട്. അത് പലപ്പോഴും സാധൂകരിക്കപ്പെടാതെ പോയാൽ കൊലപാതകത്തിലേക്കോ ആത്മഹത്യയിലേക്കോ വ്യക്തികളെ നയിക്കുന്നു. പക്ഷേ ഓരോ ജന്മദിനത്തിലും എന്നെ കാണാൻ എത്തുന്ന ഈ വ്യക്തി അത്തരം ചീത്ത ചിന്തകളുടെ ഉടമയാവില്ല എന്നുള്ളത് എനിക്കുറപ്പാണ്. ആദ്യമാദ്യം വരുമ്പോഴൊക്കെ ജന്മദിന സമ്മാനവും ആയാണ് എത്തുക. ഞാൻ അത്തരം സമ്മാനങ്ങൾ നിഷേധിക്കുമ്പോൾ ഒരു പ്രയാസവുമില്ലാതെ അദ്ദേഹം തിരിച്ചു പോയിട്ടുണ്ട്. അദ്ദേഹം ഇപ്പോൾ കേന്ദ്രസർക്കാരിൻറെ ഔദ്യോഗിക ജീവനക്കാരനാണ്. വയസ്സ് 50 പിന്നിട്ടു കാണും. ഇന്നും വിവാഹിതൻ അല്ലാതെ ഏകനായാണ് അദ്ദേഹം ജീവിച്ചു വരുന്നത്.
  
Love, Death, Relationship, Story, Article, Editor’s-Pick, There are some like this too.

ഞാൻ മനസ്സിലാക്കുന്നത് അദ്ദേഹത്തിന് എന്നെ കാണുകയും സുഖവിവരം അറിയുകയും ജീവിച്ചിരിപ്പുണ്ട് എന്ന് ഉറപ്പുവരുത്തുകയും ചെയ്യുക എന്നത് മാത്രമാണ് ലക്ഷ്യം. എൻറെ ഇപ്പോഴത്തെ ജീവിതത്തിൽ ഒരുതരത്തിലും പ്രശ്നങ്ങൾ ഉണ്ടാക്കാതെ, ആർക്കും പ്രയാസം വരുത്താതെ ജീവിച്ചു പോകണം എന്നേ അദ്ദേഹത്തിന് ആഗ്രഹമുള്ളു. എന്നെ അളവറ്റ് അദ്ദേഹം സ്നേഹിക്കുന്നുണ്ട്, പക്ഷേ അത് എന്നോട് ഇതേവരെ നേരിട്ട് പ്രകടിപ്പിച്ചിട്ടില്ല. നാളെ കണ്ടാൽ ഒന്നുകൂടെ അദ്ദേഹത്തോട് അപേക്ഷിക്കണമെന്ന് ആഗ്രഹമുണ്ട്, ജീവിതത്തിൽ ഒരു പങ്കാളിയെ കണ്ടെത്തി മുന്നോട്ടു പോവുക എന്നാണ് അദ്ദേഹത്തോട് പറയാൻ ഞാൻ കാത്തു നിൽക്കുന്നത്. പറയാൻ പറ്റുമോ എന്നോ പറയുന്നത് ശരിയാണോ എന്നോ എനിക്കറിയില്ല.

എന്തായിരിക്കും അദ്ദേഹത്തിൻറെ പ്രതികരണം എന്നും എനിക്ക് ചിന്തിക്കാൻ പറ്റുന്നില്ല. എന്തായാലും നേരം പുലരട്ടെ എന്ന് കൊതിയോടെ ഞാൻ കിടന്നു. ഉറക്കം വരുന്നില്ല, ഇത്രയും കാലം എനിക്ക് ഈപ്രശ്നം ഉണ്ടായിരുന്നില്ല. അദ്ദേഹം വരുന്നു കാണുന്നു സുഖവിവരം അന്വേഷിക്കുന്നു പോകുന്നു എന്ന് മാത്രം. ഇനി എന്തായാലും പറഞ്ഞേ പറ്റൂ. നേരം പുലർന്നു. എല്ലാ ജന്മദിനത്തിലും അമ്പലത്തിൽ പോവുക എന്നുള്ളത് എൻറെ സ്വഭാവമാണ്. അമ്പലത്തിൽ പോയതിനുശേഷമേ ഓഫീസിലേക്ക് പോകാറുള്ളൂ.

ആ സമയത്താണ് അദ്ദേഹം വഴിയരികിൽ കാത്തു നിൽക്കുക. ഞാൻ അകലെ നിന്നേ അദ്ദേഹത്തെ കണ്ടു. വന്ന കാറിനടുത്ത് മൊബൈലിൽ നോക്കിക്കൊണ്ട് അദ്ദേഹം നിൽക്കുകയാണ്. എന്നെ കണ്ട ഉടനെ മന്ദഹിച്ചു. ഞാൻ അടുത്ത് ചെന്നു. പഴയപോലെ തന്നെ കുടുംബ കാര്യങ്ങളും വ്യക്തി പരമായകാര്യങ്ങളും അന്വേഷിച്ചു. രണ്ടോ മൂന്നോ മിനിറ്റ് കഴിഞ്ഞു കാണും, 'എന്നാൽ ഞാൻ വരട്ടെ' പറഞ്ഞു അദ്ദേഹം കാറിൽ കയറി. ഞാൻ സംസാരിക്കാൻ വിചാരിച്ച കാര്യം നടന്നില്ല. ഇനി അടുത്ത കൊല്ലമേ കാണൂ. സന്തോഷത്തോടെ കൈവീശി ഞാൻ അദ്ദേഹത്തെ യാത്രയാക്കി.

Keywords: Love, Death, Relationship, Story, Article, Editor’s-Pick, There are some like this too. 

Post a Comment