SC Verdict | ഗുജറാത് സര്‍കാരിന് തിരിച്ചടി; ബില്‍കീസ് ബാനു കൂട്ടബലാത്സംഗ കേസിലെ പ്രതികളെ വിട്ടയച്ചത് സുപ്രീം കോടതി റദ്ദാക്കി

 


ന്യൂഡെല്‍ഹി: (KVARTHA) ബില്‍കീസ് ബാനു കൂട്ടബലാത്സംഗ കേസില്‍ ഗുജറാത് സര്‍കാരിന് തിരിച്ചടി. പ്രതികളെ വിട്ടയക്കാന്‍ ഗുജറാത് സര്‍കാരിന് അവകാശമില്ലെന്ന് പറഞ്ഞ കോടതി, പ്രതികളെ ജയിലില്‍നിന്ന് വിട്ടയച്ച ഉത്തരവ് റദ്ദാക്കി. 11 പ്രതികള്‍ക്ക് ശിക്ഷാ ഇളവ് നല്‍കിയതിനെതിരായ ഹര്‍ജികളിലാണ് സുപ്രീംകോടതിയുടെ പരാമര്‍ശം.

പ്രതികള്‍ ജയിലിലേക്ക് പോകണമെന്ന് നിര്‍ദേശിച്ച കോടതി, തെറ്റായ വിവരങ്ങളാണ് ഇളവിനുള്ള അപേക്ഷയില്‍ സമര്‍പിച്ചതെന്നും ചൂണ്ടിക്കാട്ടി. വിചാരണ നടന്ന മഹാരാഷ്ട്രയിലെ സര്‍കാരിനായിരുന്നു അവകാശമെന്നും സുപ്രീംകോടതി പറഞ്ഞു. ജസ്റ്റിസ് ബി വി നാഗരത്‌ന അധ്യക്ഷയായ സുപ്രീംകോടതി ബെഞ്ചാണ് വിധി പറയുന്നത്. നിലവില്‍ വിധി പ്രസ്ഥാവം പുരോഗമിക്കുകയാണ്.

ബില്‍കീസ് ബാനു നല്‍കിയ ഹര്‍ജി നിലനില്‍ക്കുമെന്നും കോടതി വ്യക്തമാക്കി. ശിക്ഷ പ്രതികാര നടപടി അല്ലെന്നാണ് പ്ലേറ്റോ പറഞ്ഞത്. ശിക്ഷാ നടപടി ഒരു മരുന്നാണ്. ഒരു കുറ്റവാളിക്ക് മാറ്റമുണ്ടാകണം എങ്കില്‍ അയാള്‍ക്ക് സ്വാതന്ത്ര്യം ലഭിക്കണം. ഈ തത്വങ്ങളുടെ അടിസ്ഥാനത്തിലാണ് ഹര്‍ജി പരിഗണിച്ചത്. എന്നാല്‍ ബില്‍ക്കീസ് അനുഭവിച്ച് ക്രൂരത കൂടി കണക്കില്‍ എടുക്കണമെന്നും കോടതി ചൂണ്ടിക്കാട്ടി.

ഒരു പ്രതിക്ക് ഇളവ് നല്‍കാവുന്നത് പരിശോധിക്കാനുള്ള സുപ്രീകോടതിയുടെ തന്നെ മുന്‍ ഉത്തരവിനോടും ബെഞ്ച് വിയോജിച്ചു. കുറ്റകൃത്യം നടന്ന സ്ഥലമോ ജയിലില്‍ വാസം അനുഭവിച്ച സ്ഥലമോ ഏത് എന്നത് ഇളവ് നല്‍കാന്‍ കാരണമല്ല. ഗുജറാത് സര്‍കാരിന് ഇളവ് നല്‍കാമെന്ന് ഒരു പ്രതിയുടെ കേസില്‍ സുപ്രീംകോടതി വിധിച്ചത് ഭരണഘടനാ ബെഞ്ചിന്റെ വിധിക്ക് വിരുദ്ധമാണെന്നും കോടതി നിരീക്ഷിച്ചു.

പ്രതിയുടെ മാറ്റത്തിനും നവീകരണത്തിനുമാണ് ശിക്ഷ വിധിക്കുന്നത്. ഇരയായ സ്ത്രീയുടെ അവകാശവും നീതിയും നടപ്പാക്കണം. ഒരു സ്ത്രീ ഏതു വിഭാഗത്തില്‍ പെട്ടതാണെങ്കിലും സമൂഹത്തില്‍ ബഹുമാനം അര്‍ഹിക്കുന്നുവെന്ന് കോടതി പറഞ്ഞു.

കേസില്‍ പ്രതികളെ വിട്ടയച്ചതില്‍ ഗുജറാത് സര്‍കാരിനോട് സുപ്രീംകോടതി വിശദീകരണം ചോദിച്ചിരുന്നു. സാധാരണ കേസുകളുമായി ഈ കേസിനെ താരതമ്യം ചെയ്യാനാകില്ലെന്ന് വ്യക്തമാക്കിയ സുപ്രീം കോടതി, ബില്‍കീസ് ബാനു കേസില്‍ പ്രതികള്‍ കുറ്റം ചെയ്ത രീതി ഭയാനകമെന്ന് ജസ്റ്റിസുമാരായ കെ എം ജോസഫ്, ബി വി നാഗരത്‌ന എന്നിവരടങ്ങിയ ബെഞ്ച് വാദത്തിനിടെ നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു.

2002ലെ ഗുജറാത് കലാപത്തിനിടെ ബില്‍കീസ് ബാനോയെ സംഘം ചേര്‍ന്ന് പീഡിപ്പിക്കുകയും ഏഴ് കുടുംബാംഗങ്ങളെ കൊല്ലുകയും ചെയ്‌തെന്ന കേസില്‍ 11 പ്രതികള്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടിരുന്നു. 2022ല്‍ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ഇവരെ മോചിപ്പിച്ചതിനെതിരെ ബില്‍കീസ് ബാനോയും സി പി എം നേതാവ് സുഭാഷിണി അലിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മഹുവ മൊയ്ത്രയും നല്‍കിയ ഹര്‍ജികളിലാണ് കോടതി വിധി പറഞ്ഞത്. ജസ്റ്റിസ് ബി വി നാഗരത്‌ന അധ്യക്ഷയായ ബെഞ്ചാണു വാദം കേട്ടത്. ശിക്ഷാ ഇളവു നല്‍കിയത് മാനദണ്ഡങ്ങള്‍ പാലിച്ചാണോ എന്നതടക്കമുള്ള വിഷയങ്ങളാണ് കോടതി പരിഗണിച്ചത്.

ജസ്വന്ത്ഭായ്, ഗോവിന്ദ്ഭായ്, ശൈലേഷ് ഭട്ട്, രാധേശ്യാം ഷാ, ബിപിന്‍ചന്ദ്ര ജോഷി, കേസര്‍ഭായ് വൊഹാനിയ, പ്രദീപ് മൊറാദിയ, ബക്ഭായ് വൊഹാനിയ, രാജുഭായ് സോണി, മിതേഷ് ഭട്ട്, രമേഷ് ചന്ദ്രാന എന്നിവരാണ് മോചിതരായത്. 15 വര്‍ഷത്തോളം ജയിലില്‍ കഴിഞ്ഞ പ്രതികളുടെ അപേക്ഷ പരിഗണിച്ചാണ് മാപ്പുനല്‍കി വിട്ടയച്ചത്. ഗുജറാത് കലാപത്തിനിടെ നടന്ന ക്രൂര സംഭവങ്ങളിലൊന്നിലെ പ്രതികളെ വിട്ടയച്ചതിനെതിരെ വ്യാപകപ്രതിഷേധവും ഉയര്‍ന്നിരുന്നു.


SC Verdict | ഗുജറാത് സര്‍കാരിന് തിരിച്ചടി; ബില്‍കീസ് ബാനു കൂട്ടബലാത്സംഗ കേസിലെ പ്രതികളെ വിട്ടയച്ചത് സുപ്രീം കോടതി റദ്ദാക്കി



മുംബൈയിലെ സി ബി ഐ പ്രത്യേക കോടതിയാണ് 2008 ജനുവരി 21ന് ഇവരെ ശിക്ഷിച്ചത്. 15 വര്‍ഷം തടവ് പൂര്‍ത്തിയാക്കിയെന്നും മോചിപ്പിക്കണമെന്നും ആവശ്യപ്പെട്ട് തടവുകാരിലൊരാള്‍ സുപ്രീം കോടതിയെ സമീപിച്ചു. വിഷയം പരിഗണിക്കാന്‍ ഗുജറാത്ത് സര്‍കാരിനോട് കോടതി നിര്‍ദേശിച്ചു. തുടര്‍ന്ന് പഞ്ചമഹല്‍സ് കലക്ടര്‍ സുജാല്‍ മായാത്രയുടെ നേതൃത്വത്തില്‍ സമിതി രൂപീകരിച്ചു. ഈ സമിതിയുടെ ശിപാര്‍ശയുടെ അടിസ്ഥാനത്തിലാണ് സര്‍കാരിന്റെ തീരുമാനം.

ബില്‍കീസ് ബാനു 5 മാസം ഗര്‍ഭിണിയായിരിക്കെയാണ് കലാപകാരികളില്‍ നിന്ന് രക്ഷപ്പെടാന്‍ ബന്ധുക്കളോടൊപ്പം ഒളിച്ചുപോയത്. 2002 മാര്‍ച് മൂന്നിന് അക്രമികള്‍ ഇവരെ കണ്ടെത്തുകയും ഏഴുപേരെ കൊലപ്പെടുത്തുകയും ബില്‍കീസ് ബാനുവിനെ പീഡിപ്പിക്കുകയും ചെയ്തു. ബാനുവിനൊപ്പം ഉണ്ടായിരുന്ന പിഞ്ചുകുഞ്ഞിനെ കണ്‍മുന്നില്‍ വച്ച് കൊലപ്പെടുത്തിയതിനും അവള്‍ സാക്ഷിയായി. മരിച്ചെന്ന് കരുതി ഉപേക്ഷിക്കപ്പെട്ട ബാനുവിനെ മൂന്ന് ദിവസത്തിനുശേഷമാണ് കണ്ടെത്തിയത്.

Keywords: News, National, National-News, Malayalam-News, Supreme Court, Verdict, Release, Bilkis Bano, Molestation Case, Convicts, National News, Gujarat Government, Right, Release, Accused, SC Verdict, Judiciary, Supreme Court Cancels Release Of Bilkis Bano's Convicts By Gujarat.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia