Dog Meat | പട്ടിയിറച്ചി കഴിക്കുന്നതും വില്‍ക്കുന്നതും നിരോധിച്ചുകൊണ്ടുള്ള ബില്‍ പാസാക്കി ദക്ഷിണ കൊറിയ; മാറ്റം വരുത്തുന്നത് നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഭക്ഷണരീതിക്ക്; കാരണമുണ്ട്

 


സോള്‍: (KVARTHA) പട്ടിയിറച്ചി കഴിക്കുന്നതും വില്‍ക്കുന്നതും നിരോധിച്ചുകൊണ്ടുള്ള ബില്‍ പാസാക്കി ദക്ഷിണ കൊറിയ. രാജ്യത്തെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഭക്ഷണരീതിക്കാണ് മാറ്റംവരുത്തുന്നത്. മൂന്നുവര്‍ഷത്തെ ഗ്രേസ് പിരീഡിനുശേഷം നിയമം പ്രാബല്യത്തില്‍വരും. നിയമലംഘനത്തിന് മൂന്നുവര്‍ഷം വരെ തടവും 30 മില്യന്‍ വോണ്‍ അഥവാ 22,800 യുഎസ് ഡോളര്‍ പിഴയും ലഭിക്കും.

Dog Meat | പട്ടിയിറച്ചി കഴിക്കുന്നതും വില്‍ക്കുന്നതും നിരോധിച്ചുകൊണ്ടുള്ള ബില്‍ പാസാക്കി ദക്ഷിണ കൊറിയ; മാറ്റം വരുത്തുന്നത് നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഭക്ഷണരീതിക്ക്; കാരണമുണ്ട്

മൃഗസംരക്ഷണത്തോടുള്ള സാമൂഹത്തിന്റെ കാഴ്ചപ്പാടിലുണ്ടായ മാറ്റം ഉള്‍ക്കൊണ്ടാണ് നീക്കമെന്ന് ഭരണാധികാരികള്‍ പറയുന്നു. ബിലിന് വലിയ പിന്തുണയാണ് പാര്‍ലമെന്റില്‍ ലഭിച്ചത്. നായകളെ കുടുംബാംഗത്തെപ്പോലെ കാണുന്നവരുടെ എണ്ണവും തെക്കന്‍ കൊറിയയില്‍ വര്‍ധിച്ചുവരികയാണ്. ഇതും ഭക്ഷണരീതിക്ക് മാറ്റമുണ്ടാകാന്‍ കാരണമായി.

മാത്രമല്ല, മൃഗസ്‌നേഹിയെന്ന് അറിയപ്പെടുന്ന ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് യൂന്‍ സുക് യോലും ഭാര്യയും ആറ് നായകളെയും എട്ട് പൂച്ചകളെയുമാണ് അടുത്തിടെ ദത്തെടുത്തത്. പട്ടിമാംസ ഉപയോഗത്തെ ശക്തമായി എതിര്‍ത്തിരുന്ന ആളുമായിരുന്നു അദ്ദേഹം. ഇതൊക്കെ പട്ടിമാംസ നിരോധനത്തിന് ആക്കംകൂട്ടിയെന്നാണ് വിലയിരുത്തപ്പെടുന്നത്.

വേനല്‍ക്കാലത്ത് ശാരീരിക കരുത്ത് വര്‍ധിപ്പിക്കാനായാണ് നായകളുടെ മാംസം കൊറിയക്കാര്‍ പണ്ടുമുതലേ ഉപയോഗിച്ചിരുന്നത്. കാലക്രമേണ ഈ ഭക്ഷണരീതി കുറഞ്ഞു. പ്രായമായവരാണ് പട്ടിമാംസം ഇപ്പോഴും കഴിക്കുന്നത്. കഴുത്തില്‍ കയറിട്ട് തൂക്കിയും വൈദ്യുതാഘാതമേല്‍പ്പിച്ചുമാണ് പട്ടികളെ വകവരുത്തുന്നത്. ഇതും പലരെയും മാംസം കഴിക്കുന്നതില്‍നിന്ന് പിന്തിരിപ്പിച്ചു.

സോള്‍ ആസ്ഥാനമായി മൃഗക്ഷേമ അവബോധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സംഘടനയുടെ സര്‍വേയില്‍ പ്രതികരിച്ച 94 ശതമാനംപേരും കഴിഞ്ഞവര്‍ഷം പട്ടിമാംസം ഉപയോഗിച്ചിച്ചിട്ടില്ലെന്ന് വ്യക്തമാക്കി. ഭാവിയില്‍ പട്ടിമാംസം ഉപയോഗിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് 93 ശതമാനംപേരും പറഞ്ഞു.

പട്ടിമാംസം നിരോധിക്കാന്‍ തെക്കന്‍ കൊറിയ പലതവണ ശ്രമം നടത്തിയെങ്കിലും വ്യാപാരികളുടെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്നാണ് ഇതുവരെ നിരോധനം നടപ്പാക്കാതിരുന്നത്. എന്നാല്‍ ഇപ്പോഴത്തെ ബിലില്‍ വ്യാപാരികള്‍ക്ക് നഷ്ടപരിഹാരം ഉള്‍പെടെ വാഗ്ദാനം ചെയ്യുന്നുണ്ട്. 2022 ഏപ്രിലിലെ കണക്കനുസരിച്ച് 1100 ഫാമുകളിലായി 5,70,000 നായകളെയാണ് കൊറിയയില്‍ വളര്‍ത്തുന്നത്. 1600 റസ്റ്റോറന്റുകളാണ് മാംസം ഉപയോഗിക്കുന്നത്.

Keywords:  South Korea passes bill to ban sale and consumption of dog meat: Details about landmark move, South Korea, News, Dog Meat, Banned, South Korea, Parliament, Compensation, Restaurant, World News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia