Follow KVARTHA on Google news Follow Us!
ad

Life Story | മന്ത്രവാദിയും മകനും!

കാര്യങ്ങൾ അന്വേഷിച്ചപ്പോൾ അവളും ഉള്ളുതുറന്ന് എന്നോട് സംസാരിച്ചു, Train Journey, Travel, Life Story, Article
/ കൂക്കാനം റഹ്‌മാൻ

(KVARTHA) വടകരയിൽ നിന്നാണ് വണ്ടി കയറിയത്. തിരക്ക് കുറവായിരുന്നു. കമ്പാർട്ട്മെന്റിൽ കയറുമ്പോൾ ഒരു ചെറുപ്പക്കാരൻ സൈഡ്ബർത്തിൽ കിടക്കുകയാണ്. ചെറിയൊരു ബാഗ് തലയണയാക്കി വെച്ചിട്ടുണ്ട്. കണ്ണൂർ എത്താൻ ആവുമ്പോൾ അവൻ ഞെട്ടി ഉണർന്നു. എവിടെയെത്തിയെന്ന് ധൃതിയോടെ എന്നോട് ചോദിച്ചു. കണ്ണൂർ എത്തി എന്ന് മറുപടി പറഞ്ഞു. അവൻ പ്ലാറ്റ്ഫോമിലേക്ക് ഇറങ്ങി എന്തോ ഭക്ഷണം സാധനം വാങ്ങാൻ ശ്രമിക്കുകയായിരുന്നു. രണ്ടു മൂന്ന് സമൂസയുമായാണ് അവൻ വന്നത്. ഒന്ന് എൻറെ നേരെ നീട്ടി കഴിച്ചോളൂ എന്ന് പറഞ്ഞു. ഞാൻ സ്നേഹപൂർവ്വം നിഷേധിച്ചു. അവൻ ഭക്ഷണം കഴിക്കാൻ തുടങ്ങി. എന്നോട് എന്തൊക്കെയോ അവന് സംസാരിക്കണം എന്നുണ്ട് എന്ന് അവന്റെ മുഖത്ത് നിന്ന് മനസ്സിലായി.
  
Article, Editor’s-Pick, Train, Kookanam Rahman, Rajasthan, Travel, Sorcerer, Sorcerer and the Son.

നീണ്ടുമെലിഞ്ഞ 20 വയസ്സ് തോന്നിക്കുന്ന ചെറുപ്പക്കാരൻ. താടി കൃത്യമായി ഷേവ് ചെയ്തു വച്ചിട്ടുണ്ട്. സംസാരവും വളരെ സ്നേഹത്തോടുകൂടിയാണ് .ഞാൻ അങ്ങോട്ട് ഒന്നും സംസാരിക്കാത്തപ്പോൾ അവൻ എന്നോട് സംസാരിക്കാൻ തുടങ്ങി. 'ഞാൻ മംഗലാപുരത്തേക്ക് പോവുകയാണ്. ഇന്നലെ കോഴിക്കോട് ആയിരുന്നു. കോഴിക്കോട് ബീച്ചിൽ രാത്രി രണ്ടു മൂന്ന് മണി വരെ കറങ്ങി നടന്നു. രാവിലെയാണ് ട്രെയിൻ കിട്ടി ഇതിൽ കയറിയത്. എനിക്കൊരു ആഗ്രഹമുള്ളത് കേരളം മുഴുവൻ കാണണം എന്നാണ്, അത് കഴിഞ്ഞ് ഇന്ത്യ മുഴുക്കെ ഒന്ന് കാണണം', അവൻ സംസാരം തുടർന്നുകൊണ്ടേയിരുന്നു.

ഇടക്ക് കയറി ഞാൻ ചോദിച്ചു എന്താണ് തൻറെ ഈ ആഗ്രഹത്തിന് കാരണം? ഉടനെ മറുപടി വന്നു. 'എന്നെ ചെറുപ്പത്തിൽ എൻറെ ബാപ്പ പുറത്തിറങ്ങാൻ വിട്ടില്ല .നാലാം ക്ലാസ് വരെ മാത്രമേ ഞാൻ സ്കൂളിൽ പോയുള്ളൂ. അതും ഓട്ടോയിലോ ബസ്സിലോ ആണ് എന്നെ അയക്കുക. പുറത്തിറങ്ങി നടക്കാൻ വിടില്ല. നാലാം ക്ലാസിൽ പഠനം നിർത്തിയ ഞാൻ ഖുർആൻ പഠിക്കാൻ തുടങ്ങി. അങ്ങനെ ഖുർആൻ മുഴുവൻ മനപ്പാഠമാക്കി ഹാഫിസ് ബിരുദമെടുത്തു. അത് കഴിഞ്ഞപ്പോൾ എനിക്ക് 16 വയസ് കഴിഞ്ഞിരുന്നു. നാലാംക്ലാസ് വരെ പഠിച്ചത് ഇംഗ്ലീഷ് മീഡിയം സ്കൂളിലാണ്. അവിടേക്ക് വീണ്ടും ഞാൻ ചെന്നു. എസ് എസ് എൽ സി പരീക്ഷയ്ക്ക് എഴുതാൻ അവസരം തരുമോ എന്ന് ചോദിച്ചു.

'നിനക്കിനി പഠിക്കാൻ ആവില്ല' എന്നാണ് അവിടുത്തെ ഹെഡ്മാസ്റ്റർ പറഞ്ഞത്. ഞാൻ ഉറപ്പു കൊടുത്തു എനിക്ക് ആവും. പത്താം ക്ലാസിൽ എന്നെ അഡ്മിറ്റ് ചെയ്യണം, എൻറെ ബാപ്പ നാട്ടിലെ പ്രമുഖനാണ്. എല്ലാവർക്കും അദ്ദേഹത്തെ അറിയാം അതുകൊണ്ട് തന്നെ സ്കൂൾ അധികൃതർ എന്നെ പത്താംക്ലാസിൽ അഡ്മിറ്റ് ചെയ്തു. പഠനം എനിക്ക് എളുപ്പമാണ്. ഞാൻ 70% മാർക്കോടെയാണ് എസ് എസ് എൽ സി പാസായത്. എൻറെ ബാപ്പ നാട്ടിലെ അറിയപ്പെടുന്ന ഒരു മന്ത്രവാദിയാണ്. അതുകൊണ്ടുതന്നെ അദ്ദേഹത്തെ പലരും സമീപിക്കാറുണ്ട്. കുടുംബ കലഹം ഇല്ലാതാക്കാൻ, കളഞ്ഞുപോയ സ്വത്ത് തിരിച്ചു കിട്ടാൻ, കാണാതെ പോയ സ്വർണവും പണവും ലഭ്യമാകാൻ, കുട്ടികൾ ഉണ്ടാവാൻ, ഇങ്ങനെ നിരവധി പരാതിയുമായിട്ടാണ് ആളുകൾ വീട്ടിലേക്ക് വരുന്നത്.

എൻറെ ചെറുപ്പകാലത്ത് ബാപ്പയുടെ ഈ പ്രവൃത്തി എനിക്കിഷ്ടമായിരുന്നില്ല. ഞാൻ അതിനെ വെറുപ്പോടെയാണ് കണ്ടത്, വെറും തട്ടിപ്പാണ് എന്നാണ് എനിക്ക് തോന്നിയത്. പക്ഷേ കാലം കുറെ കടന്നു പോയപ്പോൾ ബാപ്പക്ക് എന്തോ ചില പ്രത്യേക കഴിവുകൾ ഉണ്ട് എന്ന് ഞാൻ മനസ്സിലാക്കി. അതുകൊണ്ട് തന്നെ നിരവധി ആളുകൾ പ്രശ്നപരിഹാരത്തിന് വീട്ടിലേക്ക് വരുന്നതും പ്രശ്നം പരിഹരിച്ചു എന്ന് വിവരം പറയാൻ സന്തോഷത്തോടെ വീട്ടിലേക്ക് വരുന്നതും ഞാൻ കാണാനിടയായി. അപ്പോഴാണ് ഞാനും ബാപ്പയുടെ ഈ പ്രവർത്തിയിൽ സന്തോഷിക്കാൻ തുടങ്ങിയത്.

ബാപ്പക്ക് ചില കഴിവുകൾ ഉണ്ട് എന്നുള്ളതിന് ഒരു ചെറിയ ഉദാഹരണം പറയാം, ഞാൻ വീട്ടിൽ നിന്ന് ഇറങ്ങിയത് മംഗലാപുരം ചെന്ന് ഗോവയിലേക്ക് പോകണം എന്ന് പറഞ്ഞു കൊണ്ടാണ്. പക്ഷേ എനിക്ക് തോന്നി ഒന്ന് കോഴിക്കോട് വരെ പോകാം എന്ന്. അക്കാര്യം വീട്ടിൽ പറഞ്ഞില്ല. കോഴിക്കോട് ബീച്ചിൽ കറങ്ങിക്കൊണ്ടിരിക്കെ വീട്ടിൽ നിന്ന് ബാപ്പ വിളിക്കുന്നു. എന്നോട് പറയുന്നത് 'കോഴിക്കോട് ബീച്ചിൽ ഇങ്ങനെ കറങ്ങി നടക്കാതെ ഉദ്ദേശിച്ച സ്ഥലത്തേക്ക് പോകു' എന്നാണ്, ഇക്കാര്യം ബാപ്പ എങ്ങനെ അറിഞ്ഞു എന്ന് എനിക്ക് ഇപ്പോഴും അറിയില്ല. ആരോടും പറയാതെയാണ് ഞാൻ കോഴിക്കോട് ചെന്നത്. ഇക്കാര്യം ബാപ്പ എങ്ങനെ അറിഞ്ഞു? അതാണ് അദ്ദേഹത്തിനു എന്തോ കഴിവുണ്ട് എന്ന് എനിക്ക് തോന്നുന്നത്. ബാപ്പയുടെ വിദ്യാഭ്യാസത്തെക്കുറിച്ച് ഒന്നും എനിക്കറിയില്ല. അദ്ദേഹം പറഞ്ഞു തന്നത് തങ്ങൾ കുടുംബത്തിൽ പെട്ടതാണ് അദ്ദേഹം എന്നും അവരിൽ നിന്ന് കിട്ടിയ എന്തോ ഒരു സിദ്ധിയാണ് അദ്ദേഹത്തിനുള്ളത് എന്നുമാണ്.

മന്ത്രവാദത്തെക്കുറിച്ചും ഇത്തരം കഥകളെ കുറിച്ചും തീരെ വിശ്വാസമില്ലാത്തവനാണ് ഞാൻ. എങ്കിലും ആ ചെറുപ്പക്കാരന്റെ ഉള്ളിലുള്ള കാര്യങ്ങൾ പുറത്തു വരട്ടെ എന്ന ആഗ്രഹത്താൽ ഞാനെല്ലാം മൂളി കേൾക്കുകയായിരുന്നു. അവൻ വീണ്ടും തുടരുകയാണ്. 'നാട്ടിൽ എവിടെ പോയാലും ബാപ്പയുടെ ആരാധകരുണ്ട്. അവിടെ അവരുടെ കൂടെ താമസിക്കാനുള്ള എല്ലാ സൗകര്യവും എനിക്ക് ചെയ്തു തരും. പക്ഷേ ഞാൻ അതൊന്നും സ്വീകരിക്കാറില്ല. ഒരു കാര്യം ഞാൻ സ്വീകരിച്ചിട്ടുണ്ട്. അത് ഗൾഫുകാരനായ ഒരു വ്യക്തി അദ്ദേഹത്തിൻറെ പ്രശ്ന പരിഹാരത്തിനായി ബാപ്പയെ സന്ദർശിച്ചപ്പോൾ അത് കൃത്യമായി ഭംഗിയായി അവസാനിച്ചത് കൊണ്ട് അദ്ദേഹം എനിക്കൊരു വാക്ക് തന്നിട്ടുണ്ട്. 'എസ്എസ്എൽസി പാസായ ഉടനെ നീ ഗൾഫിലേക്ക് വരിക, ഞാൻ അവിടെ നിനക്കൊരു ജോലി ശരിയാക്കി വെച്ചിട്ടുണ്ട്'.

Article, Editor’s-Pick, Train, Kookanam Rahman, Rajasthan, Travel, Sorcerer, Sorcerer and the Son.

ഇത് കേട്ടപ്പോൾ എൻറെ മനസ്സിലും ലഡു പൊട്ടി, എങ്ങനെയെങ്കിലും ഗൾഫിൽ ചെല്ലണമെന്നും ആ ജോലി സ്വീകരിക്കണമെന്നും എനിക്ക് തോന്നി. വിമാന ടിക്കറ്റ് അടക്കം എല്ലാ കാര്യങ്ങളും അദ്ദേഹം ചെയ്തു. നിർദ്ദേശിച്ച പ്രകാരം ഞാൻ അദ്ദേഹത്തിൻറെ അടുത്തെത്തി. എന്നെ വളരെ ഇഷ്ടത്തോടെയും സ്നേഹത്തോടെയും സ്വീകരിച്ചു. അവിടുത്തെ പള്ളിയിലെ ഇമാം ആയിട്ടാണ് എന്നെ നിശ്ചയിച്ചത്. വളരെ സന്തോഷമായി എനിക്ക്. കാരണം ഞാൻ പഠിച്ചത് തന്നെ എനിക്ക് പ്രയോഗിക്കാൻ കിട്ടിയല്ലോ എന്നുള്ള കാര്യം ഓർത്തപ്പോൾ. മൂന്നു നാല് മാസം കഴിഞ്ഞപ്പോൾ എനിക്ക് വീണ്ടും തോന്നി കുറച്ചുകാലം കഴിഞ്ഞിട്ട് മതി ഈ ജോലി സ്വീകരിക്കുന്നത് എന്ന്. പുറത്തുപോയി നാടു ചുറ്റി കാര്യങ്ങൾ കാണാൻ എനിക്ക് ഇനിയും സാധിക്കണം. അതിനുവേണ്ടിയുള്ള ആഗ്രഹപ്രകാരം ഞാൻ താൽക്കാലികമായി ആ ജോലി ഉപേക്ഷിച്ചു നാട്ടിലെത്തി, വീണ്ടും വരാം എന്ന് ഉറപ്പ് അദ്ദേഹത്തിന് കൊടുത്തിരുന്നു.

അതുകൊണ്ട് എനിക്ക് പൂർണബോധ്യമുണ്ട് ആ ജോലി ഏത് കാലത്ത് പോയാലും എനിക്ക് തന്നെ തിരിച്ചു കിട്ടുമെന്ന്. ഞാൻ സന്തോഷവാനാണ് ആ കാര്യത്തിൽ. അതു കഴിഞ്ഞ് നാട്ടിലെത്തിയപ്പോഴാണ് ഇങ്ങനെ ഓരോ സ്ഥലത്തും കറങ്ങാൻ ഉള്ള ആശ വീണ്ടും തുടങ്ങിയത്. ഞാൻ കറങ്ങുമ്പോൾ സാമ്പത്തികമായി ഒരു സഹായവും ബാപ്പയിൽ നിന്ന് സ്വീകരിക്കാറില്ല. അതിനുപകരം ചെല്ലുന്ന സ്ഥലത്തുള്ള ഏതെങ്കിലും ഹോട്ടലിലോ മറ്റ് സ്ഥാപനങ്ങളിലോ ജോലി ചെയ്യും, ഒന്നോ രണ്ടോ മാസം ജോലി ചെയ്താൽ അവിടെനിന്ന് കിട്ടുന്ന കാശുമായി അടുത്തുള്ള കേന്ദ്രത്തിലേക്ക് യാത്രയാവും. നിങ്ങൾക്ക് അത് കേൾക്കുമ്പോൾ അത്ഭുതം തോന്നുo, പക്ഷേ എൻറെ സത്യസന്ധമായ അനുഭവമാണ് ഞാൻ ഈ പറയുന്നത്.

ഇപ്പോൾ ഞാൻ പോകുന്നത് ഗോവയിലേക്കാണ്. അതുകഴിഞ്ഞ് നോർത്ത് ഇന്ത്യയിലൊക്കെ കറങ്ങണം, അവിടുത്തെ ജനങ്ങളെ കുറിച്ചും പ്രദേശത്തിന്റെ പ്രത്യേകതകളെക്കുറിച്ചും എല്ലാo പഠിക്കണം. അതന്റെ ജീവിത അഭിലാഷമാണ്. അത് സാധിക്കുമെന്ന് തന്നെയാണ് എൻറെ വിശ്വാസം, ഇങ്ങനെ കുറച്ചുകാലം കഴിഞ്ഞാൽ വീണ്ടും എനിക്ക് വാക്ക് തന്നിട്ടുള്ള ജോലിയിലേക്ക് കടക്കണം. ബാപ്പ ആവശ്യവുമായി വരുന്നവരിൽ നിന്ന് സംഭാവന ചോദിച്ചു വാങ്ങാറില്ല. കിട്ടുന്നത് വാങ്ങും, ചിലർ ചെറിയ സമ്മാനങ്ങൾ കൊടുക്കും, മറ്റു ചിലർ വലിയ സമ്മാനങ്ങൾ തന്നെ കൊടുക്കും. അതൊക്കെ സ്നേഹത്തോടെയും സന്തോഷത്തോടെയും ബാപ്പ സ്വീകരിക്കാറുണ്ട്.

എൻറെ ഉമ്മ അക്യുപങ്ചർ പഠിച്ചിട്ടുണ്ട്. അവിടെ വരുന്ന ചിലർ അക്യുപഞ്ചർ ചികിത്സ ചെയ്യാൻ തയ്യാറാവാറുണ്ട്. അവരിൽനിന്ന് ഉമ്മ കൃത്യമായി ഒരു തുക വാങ്ങും. എന്റെ ചേച്ചിയാണെങ്കിൽ ഇപ്പോൾ യൂനാനി പഠിക്കുകയാണ്. കുടുംബത്തിലെ എല്ലാവരും ഈ തരത്തിലുള്ള പ്രവർത്തനങ്ങളുമായാണ് മുന്നോട്ടുപോകുന്നത്. എൻറെ ഈ സഞ്ചാരത്തിനിടയിൽ ഒരു പെൺകുട്ടിയെ പരിചയപ്പെടാൻ ഇടയായി. അതും എന്നെപ്പോലെ ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ഒരു പെൺകുട്ടിയാണ്. ഈയിടെ കൊച്ചി സന്ദർശിച്ചപ്പോൾ അവിടെ വച്ചാണ് അവളെ പരിചയപ്പെട്ടത്. ഞാൻ കാണുന്നത് അവൾ ഒരു സൈക്കിളുമായി സഞ്ചരിക്കുന്നതാണ്. അവളെ പരിചയപ്പെടണമെന്ന് തോന്നി.

കാര്യങ്ങൾ അന്വേഷിച്ചപ്പോൾ അവളും ഉള്ളുതുറന്ന് എന്നോട് സംസാരിച്ചു. 'എൻറെ അമ്മ ഒരു മുസ്ലിമിനെ സ്നേഹിച്ചു വിവാഹം കഴിച്ചതാണ്. അതിൽ ഉണ്ടായ മകളാണ് ഞാൻ. പക്ഷേ പ്രായപൂർത്തിയായപ്പോൾ മുതൽ ഞാൻ അവരോടൊപ്പം താമസിച്ചിട്ടില്ല. അതിനുള്ള കാരണം എന്നെ എൻറെ ബാപ്പ കാണുന്നത് സ്വന്തം മകളെപോലെയല്ല, അതിൽ ഞാൻ അസംതൃപ്തയാണ്, അതുകൊണ്ടുതന്നെ എൻറെ പഠനവും ജീവിതവും ഒക്കെ ഹോസ്റ്റലുകളിലും അതുപോലെ വനിതകൾക്ക് താമസിക്കാൻ സൗകര്യമുള്ള ഇടങ്ങളിലുമാണ്. ആ രീതിയിൽ ജീവിച്ചുപോകുമ്പോൾ എനിക്ക് ഉണ്ടായ ഒരു ആഗ്രഹമാണ് നാട് ചുറ്റി കാണുക എന്നത്.

അതിന് ഞാൻ ഉപയോഗിക്കുന്ന വാഹനമാണ് ഈ കാണുന്ന സൈക്കിൾ. ഒരു തവണ ഞാൻ ഇന്ത്യ മുഴുക്കെ ചുറ്റി സഞ്ചരിച്ചു കഴിഞ്ഞു. വീണ്ടും പോകണം, ആളുകളെ പരിചയപ്പെടണം,സ്ത്രീകൾ അനുഭവിക്കുന്ന പ്രയാസങ്ങളെക്കുറിച്ച് ആളുകളുമായി സംവദിക്കണം, അതെങ്ങനെ ധൈര്യപൂർവ്വം കൈകാര്യം ചെയ്യാമെന്ന് ചർച്ച ചെയ്ത് ബോധ്യപ്പെടുത്തണം. ഇതൊക്കെയാണ് എൻറെ ആഗ്രഹം' എന്ന് അവൾ പറയുമ്പോൾ ഞാൻ കൗതുകത്തോടെയും ആശ്ചര്യത്തോടെയും ആണ് അത് കേട്ടത്.

അതുകൊണ്ടുതന്നെ അവളോട് ഉള്ളാലെ എനിക്കൊരു സ്നേഹം തോന്നി. അതിനെ സ്നേഹമെന്നു മാത്രം പറയാനാണ് ഞാൻ ആഗ്രഹിക്കുന്നത്. അല്ലാതെ അതിനപ്പുറമുള്ള ഒരു ജീവിതം ഞാൻ പ്രതീക്ഷിക്കുന്നില്ല. ഞങ്ങൾക്ക് ആജീവനം ഇതുപോലെയുള്ള ഒരു സുഹൃത്തായി ജീവിക്കണം. അത് സാധിക്കുമോ എന്നറിയില്ല. ഞാൻ എൻറെ ഗോവ യാത്രകഴിഞ്ഞാൽ അടുത്ത രണ്ടുമാസം രാജസ്ഥാൻ എത്തണം. രാജസ്ഥാനിൽ അവൾക്ക് ഒരു പ്രോഗ്രാമുണ്ട്. അവളെ കാണണമെന്നും സംസാരിക്കണമെന്നും ആഗ്രഹമുണ്ട്. ഞങ്ങൾ ഇരുവരും പരസ്പരം സംസാരിച്ച് തീരുമാനത്തിലെത്തിയിട്ടുണ്ട്. ഈ ജീവിതവും അത്ഭുതമായി തോന്നാം കേൾക്കുന്നവർക്ക്, പക്ഷേ ഇതാണ് എനിക്ക് ആഗ്രഹം, ഇതാണ് എന്റെ ചിന്ത. ഈ രീതിയിൽ മുന്നോട്ട് പോകണം എന്നാണ് ആഗ്രഹം.

അതിൽ എൻറെ ബാപ്പയും ഉമ്മയും സഹോദരിയും ഒക്കെ സഹായിക്കുന്നുണ്ട്, സഹകരിക്കുന്നുണ്ട്. ജീവിതം വൃഥാവിൽ കളയുക എന്നതല്ല ഇതിന്റെ ലക്ഷ്യം, പഠിക്കുക എന്നുള്ളതാണ്, മനസ്സിലാക്കുക എന്നുള്ളതാണ്. ആ പഠിച്ചതും മനസ്സിലാക്കിയതും നമ്മുടെ സമൂഹത്തിന് പങ്കുവെക്കുക എന്നത് നല്ലതാണ് എന്നാണ് എൻറെയും അവളുടെയും ഒരേ ആഗ്രഹം. അതുകൊണ്ടാണ് ഞങ്ങൾ ഒന്നാകുന്നത്, ഒന്നിച്ചു ചേർന്ന് പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നത്. വാസ്തവത്തിൽ ഈ കാര്യങ്ങൾ ഒന്നും ഞാൻ ആരോടും പറഞ്ഞിട്ടില്ല .നിങ്ങളുടെ സമീപനവും കേൾക്കാനുള്ള മോഹവും മൂലമാണ് ഇത്രയും പറഞ്ഞത്.

ഇത് ആരോടും പറയണമെന്നോ പ്രചരിപ്പിക്കണമെന്നോ എനിക്ക് ആഗ്രഹമില്ല. നിങ്ങളുടെ മുഖവും രൂപവും സന്തോഷവും ഒക്കെ കണ്ടപ്പോൾ ഇതൊക്കെ പറയണമെന്ന് തോന്നി അതുകൊണ്ട് പറഞ്ഞു എന്ന് മാത്രം'.
ഇത്തരം അനുഭവങ്ങൾ സത്യസന്ധമാണ് എന്ന് വിശ്വസിക്കാൻ പ്രയാസം എങ്കിലും തൃശ്ശൂർക്കാരനായ ചെറുപ്പക്കാരൻ ഇത്രയും പറഞ്ഞത് സത്യസന്ധമാണ് എന്ന് തോന്നുന്നു. അവൻ ഭാവനയിൽ നിന്ന് എടുത്തു പറയാൻ സാധ്യത കുറവാണ്, അനുഭവങ്ങളാണ് അവൻ പറഞ്ഞതെന്ന് എനിക്ക് തോന്നി. പയ്യന്നൂർ എത്തിയപ്പോൾ ഞാൻ ഇറങ്ങി ,വീണ്ടും എവിടെയെങ്കിലും എപ്പോഴെങ്കിലും കാണാം എന്നുള്ള സന്തോഷവും ഞാൻ പങ്കിട്ടു.

Keywords: Article, Editor’s-Pick, Train, Kookanam Rahman, Rajasthan, Travel, Sorcerer, Sorcerer and the Son.

Post a Comment