Follow KVARTHA on Google news Follow Us!
ad

Death Penalty | ബി ജെ പി നേതാവും ഒ ബി സി മോര്‍ച സംസ്ഥാന സെക്രടറിയുമായിരുന്ന അഡ്വ. രണ്‍ജിത് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസില്‍ 15 പ്രതികള്‍ക്കും വധശിക്ഷ; ഇത്രയധികം പേര്‍ക്ക് ഒരുമിച്ച് കൊലക്കയര്‍ വിധിക്കുന്നത് ഇത് ആദ്യം

പ്രതികള്‍ ദയ അര്‍ഹിക്കുന്നില്ലെന്ന് കോടതി Ranjith Sreenivasan Murder Case, Death Penalty, Kerala News
മാവേലിക്കര: (KVARTHA) ബി ജെ പി നേതാവും ഒ ബി സി മോര്‍ച സംസ്ഥാന സെക്രടറിയുമായിരുന്ന അഡ്വ. രണ്‍ജിത് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസില്‍ 15 പ്രതികള്‍ക്കും വധശിക്ഷ വിധിച്ച് കോടതി. മാവേലിക്കര അഡീഷനല്‍ സെഷന്‍സ് കോടതി ജഡ്ജി (ഒന്ന്) വി ജി ശ്രീദേവിയാണ് ശിക്ഷ വിധിച്ചത്.

പ്രതികള്‍ ദയ അര്‍ഹിക്കുന്നില്ലെന്ന് വിധി പ്രസ്താവിച്ചുകൊണ്ട് കോടതി പറഞ്ഞു. ഇത്രയധികം പ്രതികള്‍ക്ക് ഒരുമിച്ച് വധശിക്ഷ വിധിക്കുന്നത് ഇത് ആദ്യമായാണ്. 14 പ്രതികളെയും കോടതിയില്‍ ഹാജരാക്കിയിരുന്നു. പത്താം പ്രതി മുല്ലയ്ക്കല്‍ വട്ടക്കാട്ടുശേരി നവാസ് രോഗബാധിതനായി തിരുവനന്തപുരം മെഡികല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.എല്ലാ പ്രതികളും കുറ്റക്കാരാണെന്ന് ഈ മാസം 20നു കോടതി വിധിച്ചിരുന്നു. തുടര്‍ന്ന് പ്രതികളെയും കേട്ട ശേഷമാണു ശിക്ഷ വിധിക്കുന്നതിനായി ചൊവ്വാഴ്ചത്തേക്കു മാറ്റിയത്. ശിക്ഷ വിധിക്കുന്ന സാഹചര്യത്തില്‍ കോടതി പരിസരത്തു ശക്തമായ സുരക്ഷയാണ് പൊലീസ് ഏര്‍പ്പെടുത്തിയത്. ചെങ്ങന്നൂര്‍, കായംകുളം ഡിവൈഎസ്പിമാരുടെ നേതൃത്വത്തിലാണു കോടതിയില്‍ സുരക്ഷ ഒരുക്കിയത്.Ranjith Sreenivasan murder case: Court awards death penalty to 15 SDPI-PFI workers, Alappuzha, News, Ranjith Sreenivasan Murder Case, Death Penalty, Politics, Crime, Criminal Case, Judge, Kerala News
2021 ഡിസംബര്‍ 19ന് പുലര്‍ചയാണ് ആലപ്പുഴ വെള്ളക്കിണറിലെ കുന്നുംപുറത്ത് വീട്ടില്‍ കയറിയ സംഘം കുടുംബാംഗങ്ങളുടെ മുന്നിലിട്ട് രണ്‍ജിത്തിനെ വെട്ടിക്കൊലപ്പെടുത്തിയത്. 12 അംഗ സംഘം ആറ് വാഹനത്തിലായി എത്തി കൃത്യം നടത്തിയെന്നായിരുന്നു കേസ്. 2021 ഡിസംബര്‍ 18ന് എസ് ഡി പി ഐ സംസ്ഥാന സെക്രടറി അഡ്വ. കെ എസ് ശാന്‍ കൊല്ലപ്പെട്ടതിന്റെ പ്രതികാരമായാണ് കൃത്യം നടന്നതെന്നായിരുന്നു കേസ്.

ആലപ്പുഴ ജില്ലയില്‍ തുടര്‍ചയായി നടന്ന മൂന്ന് രാഷ്ട്രീയ കൊലപാതകങ്ങളില്‍ ഒടുവിലത്തേതായിരുന്നു ഇത്. വയലാറില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ആര്‍ നന്ദുകൃഷ്ണയാണ് ആദ്യം കൊല്ലപ്പെട്ടത്. പ്രതികാരമെന്ന പോലെ പിന്നീട് എസ് ഡി പി ഐ സംസ്ഥാന സെക്രടറി കെ എസ് ഷാനിനെ മണ്ണഞ്ചേരിയില്‍ കൊലപ്പെടുത്തി. അതിന്റെ പിറ്റേന്നു രാവിലെയായിരുന്നു രണ്‍ജീത് വധം.

എസ് ഡി പി ഐ -പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായ ആലപ്പുഴ കോമളപുരം അമ്പനാകുളങ്ങര മാച്ചനാട് കോളനിയില്‍ നൈസാം, മണ്ണഞ്ചേരി അമ്പലക്കടവ് വടക്കേ ചിറപ്പുറം അജ്മല്‍, ആലപ്പുഴ വെസ്റ്റ് മുണ്ടുവാടക്കല്‍ അനൂപ്, ആര്യാട് തെക്ക് അവലൂക്കുന്ന് ഇരങ്ങാട്ട് മുഹമ്മദ് അസ്ലം, മണ്ണഞ്ചേരി ഞാറവേലില്‍ അബ്ദുല്‍ കലാം (സലാം), അടിവാരം ദാറുസബീന്‍ വീട്ടില്‍ അബ്ദുല്‍ കലാം, ആലപ്പുഴ വെസ്റ്റ് തൈവേലിക്കകത്ത് സഫറുദ്ദീന്‍, മണ്ണഞ്ചേരി ഉടുമ്പിത്തറയില്‍ മന്‍ശാദ്, ആലപ്പുഴ വെസ്റ്റ് കടവത്തുശ്ശേരി ചിറയില്‍ ജസീബ് രാജ, മുല്ലക്കല്‍ വട്ടക്കാട്ടുശ്ശേരി നവാസ്, കോമളപുരം തയ്യില്‍വീട്ടില്‍ സമീര്‍, മണ്ണഞ്ചേരി നോര്‍ത്ത് ആര്യാട് കണ്ണറുകാട് നസീര്‍, മണ്ണഞ്ചേരി ചാവടിയില്‍ സക്കീര്‍ ഹുസൈന്‍, തെക്കേവെളിയില്‍ ഷാജി (പൂവത്തില്‍ ഷാജി), മുല്ലക്കല്‍ നൂറുദ്ദീന്‍ പുരയിടത്തില്‍ ശെര്‍നാസ് അശ്‌റഫ് എന്നിവരാണ് പ്രതികള്‍.

ഒന്നു മുതല്‍ എട്ടുവരെയുള്ളവര്‍ നേരിട്ട് കുറ്റകൃത്യത്തില്‍ പങ്കെടുത്തെന്നും ഒമ്പതു മുതല്‍ 12 വരെയുള്ള പ്രതികള്‍ സഹായം നല്‍കിയെന്നും മറ്റുള്ളവര്‍ ഗൂഢാലോചനയില്‍ പങ്കാളികളായെന്നും കോടതി കണ്ടെത്തിയിരുന്നു. കേസില്‍ നൂറോളം സാക്ഷികളെയും ആയിരത്തോളം രേഖകളും നൂറിലധികം തൊണ്ടിമുതലുകളും തെളിവായി ഹാജരാക്കി.

സ്‌പെഷല്‍ പ്രോസിക്യൂടര്‍ പ്രതാപ് ജി പടിക്കല്‍ ആണു പ്രോസിക്യൂഷനു വേണ്ടി ഹാജരായത്. പ്രതികളുടെ സാമൂഹിക അവസ്ഥ സംബന്ധിച്ചു സംസ്ഥാന സര്‍കാര്‍, ജില്ലാ പ്രബേഷന്‍ ഓഫിസര്‍, ജയിലിലെ പെരുമാറ്റം സംബന്ധിച്ചു മാവേലിക്കര സ്‌പെഷല്‍ സബ് ജയില്‍ സൂപ്രണ്ട്, മാനസിക ആരോഗ്യം സംബന്ധിച്ചു സൈക്യാട്രി വിഭാഗം എന്നിവരുടെ റിപോര്‍ട് കോടതി വാങ്ങിയിരുന്നു.

Keywords: Ranjith Sreenivasan murder case: Court awards death penalty to 15 SDPI-PFI workers, Alappuzha, News, Ranjith Sreenivasan Murder Case, Death Penalty, Politics, Crime, Criminal Case, Judge, Kerala News. 

Post a Comment