Nyay Yatra | രാഹുൽ ഗാന്ധി, ഭാരത് ജോഡോ ന്യായ് യാത്ര അന്യായ യാത്ര ആവരുത്; ഇനിയെങ്കിലും ഈ കോമാളി കളി നിർത്തണം

 


_സോണി കല്ലറയ്ക്കൽ_

(KVARTHA) കന്യാകുമാരിയിൽ നിന്ന് കാശ്മീരിലേക്ക് രാഹുൽ ഗാന്ധി നടത്തിയ 4000 കിലോമീറ്റർ പദയാത്രക്ക് ശേഷം ഭാരത് ജോഡോ ന്യായ് യാത്ര എന്ന പേരിൽ മറ്റൊരു പദയാത്ര രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ആരംഭിച്ചിരിക്കുകയാണ്. സംഘപരിവാർ കുരുതിക്കളമാക്കിയ മണിപ്പൂരിൽ നിന്ന് മുബൈയിലേക്ക് ആണ് ഈ യാത്രയുടെ പ്രയാണം. നീതിയും ന്യായവും ഉയർത്തിപിടിച്ചാണ് രാഹുൽ ഗാന്ധി ഈ സ്നേഹ സന്ദേശ യാത്ര നടത്തുന്നത് എന്നാണ് പറയപ്പെടുന്നത്. 66 ദിവസം കൊണ്ട് ഇന്ത്യയുടെ ഹിന്ദി ഹൃദയ ഭൂമിയിലൂടെ 6700 കിലോമീറ്റർ സഞ്ചരിക്കുന്ന യാത്ര 110 ജില്ലകളും രാജ്യത്തെ 15 സംസ്ഥാനങ്ങളിലൂടെയും കടന്ന് പോകും. ഈ യാത്ര മാർച്ചിൽ മുബൈയിൽ സമാപിക്കും.
 
Nyay Yatra | രാഹുൽ ഗാന്ധി, ഭാരത് ജോഡോ ന്യായ് യാത്ര അന്യായ യാത്ര ആവരുത്; ഇനിയെങ്കിലും ഈ കോമാളി കളി നിർത്തണം

രാജ്യത്തിന്റെ ഗതി നിർണ്ണയിക്കുന്ന ദേശീയ മുന്നേറ്റം ആയിരിക്കും ഈ യാത്രയെന്നാണ് കോൺഗ്രസ് നേതാക്കൾ പറയുന്നത്. ഈ അവസരത്തിൽ രാഹുൽ ഗാന്ധിയോടും കോൺഗ്രസ് നേതാക്കളോടും പറയാനുള്ളത് ഭാരത് ജോഡോ ന്യായ് യാത്ര എന്ന പേരൊക്കെ കൊള്ളാം, പക്ഷെ യാത്ര അന്യായമാകരുതെന്നാണ്. കഴിഞ്ഞ ഭാരത് ജോഡോ യാത്ര കൊണ്ട് കോൺഗ്രസ് എന്ത് നേടിയെന്ന് ഒന്ന് ആത്മ പരിശോധന നടത്തുന്നത് നല്ലത് ആയിരിക്കും. രാഹുൽ ഗാന്ധി നടത്തിയ ആദ്യ ഭാരത് ജോഡോ യാത്രയ്ക്കിടയിൽ പല സംസ്ഥാനങ്ങളിൽ നേതാക്കൾ കൊഴിഞ്ഞ് പോയത് രാഹുൽ ഗാന്ധിയും കോൺഗ്രസ് നേതാക്കളും അറിഞ്ഞില്ല.

ജോഡോ യാത്രയ്ക്ക് ശേഷം നടന്ന വിവിധ സംസ്ഥാനങ്ങളുടെ നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ഹിന്ദി ഭൂമിയിൽ കൂടുതൽ നേട്ടം ഉണ്ടാക്കാനും പറ്റിയില്ല. ഒപ്പം കൈയ്യിലുണ്ടായിരുന്ന ഭരണം നഷ്ടപ്പെടുകയുമാണ് ഉണ്ടായത്. ആകെ കോൺഗ്രസിന് ആശ്വാസമായത് കർണ്ണാടക, തെലുങ്കാന സംസ്ഥാനങ്ങളിൽ ഭരണം തിരിച്ചുകിട്ടിയതാണ്. ഇത് രാഹുൽ ഗാന്ധിയുടെയോ ഭാരത് ജോഡോ യാത്രയുടെയോ നേട്ടമാണെന്ന് അവകാശപ്പെടാൻ ബുദ്ധിമുട്ട് ഉണ്ട്. മിടുക്കരായ കഷ്ടപ്പെടുന്ന ഡി.കെ. ശിവകുമാറിനെപ്പോലുള്ള പ്രാദേശിക കോൺഗ്രസ് നേതാക്കന്മാർ ഉണ്ടായിരുന്നതുകൊണ്ട് ഇവിടങ്ങളിൽ കോൺഗ്രസ് രക്ഷപ്പെട്ടുവെന്ന് മാത്രം. അല്ലെങ്കിൽ ഇവിടെയും പാർട്ടി തകർന്ന് തരിപ്പണം ആയേനെ.

ഭാരത് ജോഡോ ന്യായ് യാത്ര കടന്നുപോകുമ്പോൾ അത് കാണാൻ സ്വാഭാവികമായും ആളുകൾ കൂടും . അത് രാഹുൽ ഗാന്ധിയെ കാണാൻ വേണ്ടി മാത്രമാകും. അതുകണ്ടിട്ട് ഭാരത് ജോഡോ ന്യായ് യാത്ര ജനങ്ങൾ എറ്റെടുത്തു, യാത്ര വിജയം ആണെന്ന് പറയുന്നതിൽ യാതൊരു കഴമ്പുമില്ല. ഇതുകൊണ്ട് കോൺഗ്രസ് ദേശീയ തലത്തിൽ ഉണർന്നെഴുന്നേറ്റാൽ മാത്രമേ ഇത് വിജയമാണെന്ന് പറയാൻ പറ്റുകയുള്ളു. അല്ലെങ്കിൽ വെറുതെ ഒരു യാത്രമാത്രം. സമീപകാല അനുഭവങ്ങൾ അത് തന്നെയാണ് പഠിപ്പിക്കുന്നത്. കേരളത്തിൽ ഒഴിച്ച് മറ്റൊരു സംസ്ഥാനങ്ങളിലും ജനങ്ങൾ രാഹുലിൻ്റെ ജോഡോ യാത്ര ഏറ്റെടുകുന്നില്ലെന്നാണ് മനസിലാക്കേണ്ടത്. ഹിന്ദി ഭൂമിയിൽ രാഹുലിന് പിടിച്ചു നിൽക്കാൻ പറ്റിയിരുന്നെങ്കിൽ അദേഹത്തിന് അവിടെ നിന്ന് വയനാട്ടിലേയ്ക്ക് ഒളിച്ചോടേണ്ടി വരില്ലായിരുന്നു.

ഈ ഭാരത് ജോഡോ ന്യായ് യാത്രയെക്കാൾ എത്രയോ ഭേദമായിരുന്നു രാഹുൽ ഗാന്ധി സ്വന്തം തട്ടകമായ അമേഠിയിൽ നിന്നുകൊണ്ട് അവിടെ പ്രവത്തിച്ച് മത്സരിച്ച് വിജയിച്ചു കാണിക്കുന്നത്. അതുവഴി കോൺഗ്രസിന് ഹിന്ദി ഭൂമിയിൽ ഒരു ഇളക്കം തന്നെ ഉണ്ടായേനെ. ഹിന്ദി ഭൂമിയിൽ ആൾക്കൂട്ടം വോട്ട് ആക്കി മാറ്റാനും വോട്ട് സീറ്റ്‌ ആക്കി മാറ്റാനും ഉള്ള സോഷ്യൽ എഞ്ചിനീയറിങ് ആണ് കോൺഗ്രസ്‌ പരിശീലിക്കേണ്ടത്. ഒരു കാലത്ത് കോൺഗ്രസിൻ്റെ കുത്തക സാമ്രാജ്യങ്ങളായിരുന്ന യു.പി യിലും മധ്യപ്രദേശിലും മഹാരാഷ്ട്രയിലും ഒക്കെ കോൺഗ്രസ് ഇന്ന് ഒന്നുമല്ലായിക്കൊണ്ടിരിക്കുകയാണെന്ന് മനസിലാക്കണം. ഇവിടങ്ങളിൽ കളം തിരിച്ചു പിടിക്കാനുള്ള നീക്കങ്ങളാണ് കോൺഗ്രസ് ഇനി ചെയ്യേണ്ടത്. ഇല്ലെങ്കിൽ ഈ ഭാരത് ജോഡോ ന്യായ് യാത്രയൊക്കെ കാവിലെ പാട്ട് മത്സരം പോലെയാകും.

ഇങ്ങനെ പോയാൽ അടുത്ത മൽസരം തുടങ്ങാൻ നീണ്ട അഞ്ച് വർഷം കാത്തിരിക്കണം എന്ന് മാത്രം. അന്ന് ഈ കോൺഗ്രസിലെ എത്ര നേതാക്കൾ ഈ പാർട്ടിയിൽ ഉണ്ടാകുമെന്ന് കണ്ട് അറിയണം. ഇപ്പോൾ അൽപം പച്ചപ്പ് കേരളത്തിൽ മാത്രമാണ്. അത് തകർക്കാൻ ഇവിടെ സിപിഎമ്മും ബിജെപിയും ചേർന്ന് കൈകോർത്തിരിക്കുകയാണെന്ന് തിരിച്ചറിയാനുള്ള വിവേകമാണ് നേതാക്കൾക്ക് വേണ്ടത്. മഹാത്മാഗാന്ധി നടന്നത് വെള്ളക്കാരിൽ നിന്നും ഇന്ത്യയെ മോചിപ്പിക്കാനാണ്. രാഹുൽ നടക്കുന്നത് ഇന്ത്യയെ വീണ്ടും മോദിയുടെ കാൽ കീഴിൽ അടിയറവു വയ്ക്കുന്നതിനാണോ എന്ന് സംശയിക്കുന്നവരാണ് ഏറെയും .


രാഹുലിൻ്റെ ഈ കോമാളി കളി തുടർന്നാൽ കേന്ദ്രത്തിൽ ബി.ജെ.പി സർക്കാർ 500 എം.പി മാരെ സൃഷ്ടിച്ചു കൊണ്ട് 2024 ലും അധികാരത്തിൽ ഏറുമെന്ന് ഉറപ്പാണ്. അങ്ങനെ വരുമ്പോൾ കോൺഗ്രസിന് പ്രതിപക്ഷ നേതൃസ്ഥാനം പോലും ഉറപ്പിക്കാൻ പറ്റിയെന്ന് വരില്ല. ഇത് മോദിയുടെയോ ബി.ജെ.പി സർക്കാരിൻ്റെയോ മിടുക്ക് കൊണ്ടോ ഭരണ നേട്ടം കൊണ്ടോ അല്ല. രാഹുൽ ഗാന്ധിയുടെയും കോൺഗ്രസ് പാർട്ടിയുടെ കോമാളി
കളി കൊണ്ട് മാത്രം. ഇന്ന് ഭരണമാറ്റം ആഗ്രഹിക്കുന്ന ഒരു വലിയ വിഭാഗം ജനത ഇന്ത്യയിലുണ്ട്. കാരണം ഓരോ കുടുംബങ്ങളുടെയും ജീവിത നിലവാരം ദിനം പ്രതി തകരുകയാണ്. ഓരോ ദിവസവും നിത്യോപയോഗ സാധനങ്ങളുടെ വില കൂടി വരുന്നു.

പെടോളിൻ്റെയും ഡീസലിൻ്റെയും പാചകവാതകങ്ങളുടെയും വില കൂടുന്നു. ഇപ്പോൾ പെട്രോളും ഡീസലും പാചക വാതകവും കുറച്ചു ദിവസങ്ങൾ ആയി കൂടാറില്ല. കാരണം മറ്റൊന്നല്ല. ഇനി ഇതൊക്കെ 2024 ലെ തിരഞ്ഞെടുപ്പിന് ശേഷമേ കൂടൂ, അതിനു വേണ്ടിയാണ് ദിനം പ്രതി ഇങ്ങിനെ കൂടിയിരുന്നത്. ചിലപ്പോൾ ഇനി അൽപം കുറഞ്ഞെന്നും വരാം. ഗ്യാസിന്റെ സബ്‌സിഡി എവിടെ പോയി...?. ഇത് ചോദിക്കാൻ ഇവിടെ പ്രതിപക്ഷം ഉണ്ടോ..?. വിദ്ഗ്ദ്ധമായി പാവപെട്ടവനെ കൊള്ളയടിക്കുക, കോർപ്പറേറ്റുകളെ സഹായിക്കുക, ഇതൊക്കെ ജനങ്ങൾക്ക് മനസ്സിലായി. പക്ഷെ, ഇതൊക്ക ഇനി വോട്ടായി കിട്ടണമെങ്കിൽ കോൺഗ്രസും രാഹുൽ ഗാന്ധിയും ചെയ്യേണ്ടത് ഭാരത് ജോഡോ ന്യായ് യാത്ര നടത്തുകയല്ല.

ജനങ്ങളുടെ ന്യായമായ അവകാശങ്ങൾക്കുവേണ്ടി ജനങ്ങളെ കൂടെ നിർത്തി പ്രതിപക്ഷ സമരങ്ങൾ ശക്തിപ്പെടുത്തണം. പ്രതിപക്ഷ കക്ഷിയിലെ എല്ലാ നേതാക്കന്മാരെയും പങ്കെടുപ്പിച്ചുകൊണ്ട്
പ്രതിഷേധങ്ങൾ ശക്തമാക്കണം. ഭാരത് ജോഡോ ന്യായ് യാത്ര കോൺഗ്രസിൻ്റെ നേതൃത്വത്തിൽ മാത്രം നടത്താതെ ഇൻഡ്യാ മുന്നണിയിലെ എല്ലാ കക്ഷികളെയും നേതാക്കന്മാരെയും പങ്കെടുപ്പിച്ചു നടത്തണം. ശരിക്കും കേന്ദ്രഭരണത്തിനെതിരെ ഇപ്പോഴത്തെ ജനവികാരം മുതലക്കുകയാണ് വേണ്ടത്. അതിന് രാഹുൽ ഗാന്ധി ചെയ്യേണ്ടത് ഈ കോമാളി കളി നിർത്തുക, നല്ലൊരു പ്രതിപക്ഷ നേതാവ് ആകുക എന്നതാണ്.

ഒന്നുമല്ലാതിരുന്ന കോൺഗ്രസ് പാർട്ടിയെ സോണിയ ഗാന്ധിയുടെ നേതൃത്വത്തിൽ ഭരണത്തിൽ തിരിച്ചുകൊണ്ടു വന്ന ഒരു ചരിത്രവും കോൺഗ്രസിനുണ്ട്. ശേഷം പത്ത് വർഷം ഇവിടെ കോൺഗ്രസും സംഖ്യകക്ഷികളും ഭരിക്കുകയും ചെയ്തു. അത് രാഹുൽ മറക്കാതിരിക്കുക. ഇനിയെങ്കിലും വിവേകപൂർവ്വം പ്രവർത്തിച്ചാൽ രാഹുൽ ഗാന്ധിയ്ക്ക് ഇന്ത്യയുടെ പ്രധാനമന്ത്രിയാകാം. അല്ലെങ്കിൽ വെറും കോമാളിയായി ചരിത്രത്തിൽ സ്ഥാനം പിടിക്കുകയും ചെയ്യും.

Keywords: Nyay Yatra, Congress, Rahul Gandhi, Politics, Article, Editor’s-Pic, Rahul, Questions, Questions over impact of Rahul's Nyay Yatra.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia