Nitish Kumar | 'ബിജെപി പിന്തുണയോടെ നിതീഷ് കുമാര്‍ ഏഴാം വട്ടവും ബിഹാര്‍ മുഖ്യമന്ത്രിയാകും; സത്യപ്രതിജ്ഞ ഞായറാഴ്ച'

 


പട്ന: (KVARTHA) ബിജെപിയുടെ പിന്തുണയോടെ നിതീഷ് കുമാര്‍ ഏഴാം വട്ടവും ബിഹാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്ന് റിപോര്‍ട്. ഞായറാഴ്ചയായിരിക്കും സത്യപ്രതിജ്ഞയെന്നും പാര്‍ടിവൃത്തങ്ങളെ ഉദ്ധരിച്ച് എന്‍ഡിടിവി റിപോര്‍ട് ചെയ്തു. ബിജെപിക്ക് രണ്ട് ഉപമുഖ്യമന്ത്രിമാര്‍ ഉണ്ടാകും.

ബി ജെ പി നേതാവ് സുശീല്‍ കുമാര്‍ മോദി ഉപമുഖ്യമന്ത്രിയാവുമെന്നും റിപോര്‍ടുകളുണ്ട്. അടഞ്ഞവാതിലുകള്‍ തുറക്കപ്പെടുമെന്നും രാഷ്ട്രീയം സാധ്യതകളുടെ കലയാണെന്നും സുശീല്‍കുമാര്‍ മോദി നടത്തിയ പ്രസ്താവന അഭ്യൂഹങ്ങള്‍ക്ക് ബലം നല്‍കിയിട്ടുണ്ട്.

Nitish Kumar | 'ബിജെപി പിന്തുണയോടെ നിതീഷ് കുമാര്‍ ഏഴാം വട്ടവും ബിഹാര്‍ മുഖ്യമന്ത്രിയാകും; സത്യപ്രതിജ്ഞ ഞായറാഴ്ച'


നിയമസഭ പിരിച്ചുവിടുകയോ തിരഞ്ഞെടുപ്പ് നടത്തുകയോ ചെയ്യില്ല. സത്യപ്രതിജ്ഞയ്ക്കു മുന്നോടിയായി നിതീഷ്, തന്റെ നേതൃത്വത്തിലുള്ള മഹാസഖ്യ സര്‍കാര്‍ പിരിച്ചുവിടുമെന്നും റിപോര്‍ടില്‍ വ്യക്തമാക്കുന്നു. ഇതോടെ ദിവസങ്ങളോളമായി തുടരുന്ന ബിഹാറിലെ രാഷ്ട്രീയ നാടകം ക്ലൈമാക്സിലേക്ക് അടുക്കുകയാണ്. ജനുവരി 29 ന് പൊതുയോഗങ്ങള്‍ ഉള്‍പെടെ എല്ലാ പരിപാടികളും നിതീഷ് കുമാര്‍ റദ്ദാക്കിയിട്ടുണ്ട്.

സംസ്ഥാന ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേര്‍ക്കറുമായി കഴിഞ്ഞയാഴ്ച നിതീഷ് കൂടിക്കാഴ്ച നടത്തിയതോടെയാണ് ബിഹാറിലെ രാഷ്ട്രീയകേന്ദ്രങ്ങളില്‍ പുതിയ അഭ്യൂഹങ്ങള്‍ തല ഉയര്‍ത്തിയത്. നിതീഷ് മടങ്ങിവരാന്‍ തയാറുണ്ടെങ്കില്‍ ബി ജെ പി പരിശോധിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രസ്താവിച്ചതോടെ അതിന് ആക്കം കൂടി. പിന്നാലെയാണ് ബുധനാഴ്ച ജെ ഡി യു സംഘടിപ്പിച്ച കര്‍പൂരി ഠാക്കൂര്‍ അനുസ്മരണവേദിയില്‍ കുടുംബാധിപത്യ രാഷ്ട്രീയത്തിനെതിരെ നിതീഷ് രൂക്ഷവിമര്‍ശനമുയര്‍ത്തിയത്.

സ്വന്തം കുടുംബാംഗങ്ങളെ നേതാക്കളായി വാഴിക്കുന്ന സമീപകാല രീതിക്ക് അപവാദമാണ് കര്‍പൂരി ഠാക്കൂര്‍ എന്നും അദ്ദേഹം ഒരിക്കലും കുടുംബവാഴ്ചയെ പ്രോത്സാഹിപ്പിച്ചിട്ടില്ലെന്നും നിതീഷ് പറഞ്ഞു. തനിക്കും കുടുംബവാഴ്ചയില്‍ താത്പര്യമില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ലാലുപ്രസാദ് യാദവിനെയും കുടുംബത്തെയും ഗാന്ധി കുടുംബത്തെയും ലക്ഷ്യമിട്ടുള്ള വിമര്‍ശനമാണിതെന്നാണ് വ്യാഖ്യാനം.

ജെ ഡി യു- ആര്‍ ജെ ഡി ബന്ധം ഉലയുന്നുവെന്ന സൂചന ദിവസങ്ങളായി സംസ്ഥാനത്ത് ഉയരുന്നുണ്ട്. തേജസ്വി യാദവിനായി മുഖ്യമന്ത്രിപദം ലോക്സഭാ തിരഞ്ഞെടുപ്പിനുമുമ്പ് നിതീഷ് ഒഴിഞ്ഞുകൊടുക്കണമെന്നാണ് 2022-ലുണ്ടാക്കിയ ധാരണ. എന്നാല്‍, ലോക്സഭാ തിരഞ്ഞെടുപ്പിനുമുമ്പ് പദവിയൊഴിയാന്‍ നിതീഷ് തയാറല്ലെന്നാണ് സൂചന. ഇതും സഖ്യം വിടുന്ന തീരുമാനത്തിലേക്ക് നിതീഷിനെ എത്തിച്ചുവെന്നാണ് വിലയിരുത്തല്‍.

ബിഹാറിലെ ലോക്സഭാ സീറ്റ് വിഭജനത്തിലും നിതീഷ് തൃപ്തനല്ല. 17 സീറ്റുകള്‍ ജെ ഡി യുവിന് വേണം. ബാക്കി 23 സീറ്റുകള്‍ ആര്‍ ജെ ഡി യും കോണ്‍ഗ്രസും ഇടതുപാര്‍ടികളുമെല്ലാം ചേര്‍ന്ന് പങ്കിടണമെന്നാണ് നിതീഷിന്റെ നിലപാട്. എന്നാല്‍, ഇക്കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്യണമെന്നാണ് ആര്‍ ജെ ഡി യുടെ ആവശ്യം. ഇതും നിതീഷിനെ ചൊടിപ്പിച്ചിട്ടുണ്ടാകാം.

2022ല്‍ എന്‍ഡിഎ സഖ്യം വിട്ട് ആര്‍ജെഡിക്കൊപ്പം ചേര്‍ന്ന് മുഖ്യമന്ത്രിപദത്തിലെത്തിയ നിതീഷ് വീണ്ടും എന്‍ഡിഎയുടെ ഭാഗമാകുകയാണ്. മുഖ്യമന്ത്രി നിതീഷ്‌കുമാര്‍ നിയമസഭ പിരിച്ചുവിടാന്‍ ശുപാര്‍ശ ചെയ്‌തേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ ബിഹാറില്‍ ചടുല രാഷ്ട്രീയനീക്കങ്ങളാണ് നടക്കുന്നത്. നിതീഷിന്റെ ജനതാദള്‍ യുനൈറ്റഡിനെ (JDU) ഒഴിവാക്കി ഭൂരിപക്ഷം തികയ്ക്കാന്‍ കഴിയുമോയെന്ന കണക്കുകൂട്ടലിലാണു സഖ്യകക്ഷിയായ രാഷ്ട്രീയ ജനതാദള്‍ (RJD) നേതൃത്വം. ജെഡിയു പിന്മാറിയാല്‍ നിലവിലെ നിയമസഭാ അംഗബലമനുസരിച്ചു മഹാസഖ്യത്തിനു കേവല ഭൂരിപക്ഷം തികയ്ക്കാന്‍ എട്ട് എംഎല്‍എമാരുടെ കുറവുണ്ട്.

ആര്‍ജെഡിയുടെ ചാക്കിടല്‍ തടയാനുള്ള മുന്‍കരുതല്‍ നടപടിയെന്നോണം ജെഡിയു എംഎല്‍എമാരോട് അടിയന്തരമായി പട്‌നയിലെത്താന്‍ നിതീഷ് കുമാര്‍ നിര്‍ദേശം നല്‍കി. ബിഹാര്‍ മുന്‍ മുഖ്യമന്ത്രി കര്‍പൂരി ഠാക്കൂറിനു കേന്ദ്ര സര്‍കാര്‍ ഭാരതരത്‌നം പ്രഖ്യാപിച്ചതു ബിജെപി ജെഡിയു സഖ്യം പുനഃസ്ഥാപിക്കുന്നതിന്റെ മുന്നോടിയാണെന്ന വിലയിരുത്തലുണ്ട്.

രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയ്ക്ക് ബിഹാര്‍ അതിര്‍ത്തിയില്‍ നല്‍കുന്ന സ്വീകരണത്തില്‍നിന്നു നിതീഷ് കുമാര്‍ വിട്ടുനിന്നേക്കും. കഴിഞ്ഞദിവസം ഇന്‍ഡ്യ സഖ്യവുമായുള്ള ബന്ധം അവസാനിപ്പിച്ചതായി നിതീഷ് കുമാര്‍ അറിയിച്ചിരുന്നു. ബി ജെ പിയില്‍ ചേരുമെന്നുള്ള വാര്‍ത്ത പ്രചരിക്കുകയും ചെയ്തിരുന്നു. പിന്നാലെയാണ് ഇപ്പോള്‍ ബി ജെ പി പിന്തുണയോടെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്നുള്ള റിപോര്‍ടുകളും പുറത്തുവന്നത്.

രാഷ്ട്രീയ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ആര്‍ജെഡി അധ്യക്ഷന്‍ ലാലു യാദവ് വിശ്വസ്തരായ ഭോല യാദവ്, ശക്തി സിങ് യാദവ് എന്നിവരുമായി ചര്‍ച നടത്തി. പാര്‍ടി എംഎല്‍എമാരും ലാലുവിനെ സന്ദര്‍ശിച്ചു. മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ വസതിയില്‍ ജെഡിയു മുന്‍ അധ്യക്ഷന്‍ ലലന്‍ സിങും മന്ത്രി വിജയ് കുമാര്‍ ചൗധരിയും കൂടിക്കാഴ്ചയ്‌ക്കെത്തി. ബിജെപി സംസ്ഥാന അധ്യക്ഷന്‍ സമ്രാട്ട് ചൗധരിയെയും കേന്ദ്ര മന്ത്രി അശ്വിനി കുമാര്‍ ചൗബെയെയും പാര്‍ടി കേന്ദ്ര നേതൃത്വം കഴിഞ്ഞദിവസം ഡെല്‍ഹിയിലേക്കു വിളിപ്പിച്ചിരുന്നു.

ഇതിനിടെ, ആര്‍ജെഡിയിലെ കുടുംബാധിപത്യത്തിനെതിരെ നിതീഷ് നടത്തിയ പരോക്ഷ വിമര്‍ശനത്തിന് ആര്‍ജെഡി അധ്യക്ഷന്‍ ലാലു യാദവിന്റെ മകള്‍ രോഹിണി ആചാര്യ സമൂഹമാധ്യമത്തിലൂടെ മറുപടി നല്‍കിയതു വിവാദമായിരുന്നു. സോഷ്യലിസ്റ്റ് ആചാര്യന്മാരെന്നു സ്വയം പ്രഖ്യാപിക്കുന്ന ചിലര്‍ കാറ്റിനനുസരിച്ച് ആദര്‍ശം മാറുന്നവരാണെന്നായിരുന്നു രോഹിണിയുടെ ഒളിയമ്പ്. പോസ്റ്റ് പിന്‍വലിച്ചെങ്കിലും നിതീഷിനെ അവഹേളിച്ചുവെന്ന ആരോപണവുമായി ബിജെപി രംഗത്തെത്തി.

Keywords: Nitish Kumar may take oath as JD(U)-BJP Chief Minister in Bihar on Sunday: Sources, Bihar, News, Nitish Kumar, Chief Minister, Oath, BJP, Politics, RJD, JDU, Controversy, National News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia