Follow KVARTHA on Google news Follow Us!
ad

Party Dilemma | എം ടി യും മുകുന്ദനും: സി പി എം ബംഗാളിലെ പാഠം കേരളത്തില്‍ പഠിക്കുമോ?

എംഎന്‍ വിജയന്റെ നേതൃത്വത്തിലുള്ള ഒരു വലിയ വിഭാഗം അടര്‍ന്ന് പോയതിന്റെ ക്ഷീണം പാര്‍ടിക്ക് ഇനിയും മാറിയിട്ടില്ല M T Vasudevan Nair, Mukundan, CPM, Learn
/ഭാമ നാവത്ത്
കണ്ണൂര്‍: (KVARTHA) രണ്ടാം പിണറായി സര്‍ക്കാരിനെതിരെ മലയാളസാഹിത്യത്തിലെ മുന്‍ നിരക്കാര്‍ രാഷ്ട്രീയ വിമര്‍ശനവുമായി രംഗത്തിറങ്ങിയത് സിപിഎമ്മിനെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് ബംഗാളില്‍ നന്ദിഗ്രാം വെടിവയ്പിനെതിരെ ജ്ഞാനപീഠം ജേതാവും എഴുത്തുകാരിയുമായ മഹശ്വേതാ ദേവി ഉയര്‍ത്തിയ പ്രതിഷേധവും സമര പരമ്പരകളും കാല്‍ നൂറ്റാണ്ടോളം നീണ്ട സി പി എം ഭരണത്തെ കടപുഴക്കിയെറിയാന്‍ കാരണങ്ങളിലൊന്നാണെന്നത് ചരിത്ര സത്യമാണ്.

എന്നാല്‍ ബംഗാളില്‍ മഹശ്വേതാ ദേവിയെ പോലെ കേരളത്തില്‍ സി പി എമ്മിനെ പരസ്യമായി എതിര്‍ക്കാനും വിമര്‍ശിക്കാനുമുള്ള ആത്മധൈര്യവും രാഷ്ട്രീയ സത്യസന്ധതയും എം എന്‍ വിജയന് ശേഷം മറ്റാരും കാണിക്കാത്തത് ഈ കാര്യത്തില്‍ പാര്‍ട്ടിക്ക് ആശ്വാസമേകുന്നുണ്ട്. കൃത്യമായ ഇടവേളകളില്‍ സംസ്ഥാനസര്‍ക്കാരിന്റെയും സി പി എമ്മിന്റെയും ഇടതു സംഘടനകളുടെയും കയ്യില്‍ നിന്നും വന്‍ തുകയുള്ള പാരിതോഷികങ്ങള്‍ അടങ്ങിയ പുരസ്‌കാരം ഇവരെ തേടിയെത്താറുണ്ട്.

എം ടിയുടെ സാഹിത്യ ലോകത്തെ കുറിച്ചുള്ള ഫെസ്റ്റ് തന്നെ സി പി എം മുഖപത്രം ദിവസങ്ങളോളം കോഴിക്കോട് നടത്തിയിട്ടുണ്ട്. ഇതിനു സമാനമായാണ് കണ്ണൂരിലും ടി പത്മനാഭനെ പാര്‍ട്ടി കൊണ്ടു നടന്നത്. എത്രയെത്ര അവാര്‍ഡുകള്‍ കഴിഞ്ഞ ഏഴര വര്‍ഷത്തെ പിണറായി ഭരണത്തിനിടെയില്‍ കമ്യൂണിസ്റ്റ് സഹയാത്രികരല്ലാതിരുന്നിട്ടും ഇവര്‍ക്ക് ലഭിച്ചിട്ടുണ്ട്.

മയ്യഴിപ്പുഴയുടെ കഥാകാരനായ എം മുകുന്ദനെയും ഡല്‍ഹി വാസത്തിന് ശേഷം സി പി എമ്മും പുരോഗമന കലാസാഹിത്യ സംഘവും ഏറെ ആഘോഷിച്ച എഴുത്തുകാരിലൊരാളാണ്. എം ടിയെയും ടി പത്മനാഭനെയും അപേക്ഷിച്ച് സി പി എം സാംസ്‌കാരികവേദികളില്‍ സ്ഥിരം സാന്നിധ്യമാണ് എം മുകുന്ദന്‍. സി പി എം സംസ്ഥാന നേതൃത്വത്തോട് ഏറെ അടുത്തു നില്‍ക്കുന്ന എഴുത്തുകാരനും എം മുകുന്ദന്‍ തന്നെയാണ്.

ഡോ. എം ലീലാവതി, പ്രൊഫ: എം കെ സാനു, സച്ചിദാനന്ദന്‍ തുടങ്ങി ഒട്ടേറെ മഹാരഥന്‍മാരായ എഴുത്തുകാര്‍ സി പി എമ്മിനോടൊപ്പം പല വിഷയങ്ങളിലും പ്രതികരിച്ചിട്ടുണ്ട്. ഇതു കൂടാതെ മറ്റു പാര്‍ട്ടികളില്‍ നിന്നും വ്യത്യസ്തമായി സി പി എമ്മിന് പുരോഗമനപരമായി ചിന്തിക്കുന്നുവെന്ന് തോന്നിക്കുന്ന ഒരു സാംസ്‌കാരിക വിഭാഗമുണ്ട്.

അക്കാദമിക് രംഗത്ത് കെ എസ് ടി എയും സാഹിത്യ സംസ്‌കാരികരംഗത്ത് പുരോഗമന കലാ സാഹിത്യ സംഘവും ശാസ്ത്ര രംഗത്ത് പരിഷത്തും നിരന്തരം പ്രവര്‍ത്തനങ്ങള്‍ നടത്തിവരികയാണ്. കേരളത്തിലും പുറത്തുമായി കാക്കത്തൊള്ളായിരം സാംസ്‌കാരിക സംഘടനകള്‍ സി പി എമ്മിന്റെതായിട്ടുണ്ട്. ഇത്രയും വലിയ ഒരു സാംസ്‌കാരിക അപ്രമാദിത്വം പുലര്‍ത്തുന്ന സി പി എം കേരളത്തിലെ എഴുത്തുകാരെയും സാംസ്‌കാരികനായകരെയും തങ്ങളോടൊപ്പം ചേര്‍ത്തു നിര്‍ത്തിയാണ് സഞ്ചരിക്കുന്നത്.

നാലാം ലോക വിവാദങ്ങളുടെ പേരില്‍ സി പി എമ്മില്‍ നിന്നും പുരോഗമന കലാസാഹിത്യ സംഘത്തിന്റെ തലപ്പത്തു നിന്നും എം എന്‍ വിജയന്റെ നേതൃത്വത്തിലുള്ള ഒരു വലിയ വിഭാഗം അടര്‍ന്നു പോയതിന്റെ ക്ഷീണം പാര്‍ട്ടിക്ക് ഇനിയും മാറിയിട്ടില്ല. പഴയ പു.ക.സക്കാരില്‍ വലിയൊരു വിഭാഗം ലക്ഷണമൊത്ത സി പി എം വിമര്‍ശകരായി ചാനലുകളിലും സോഷ്യല്‍ മീഡിയയിലും നിറഞ്ഞു നില്‍ക്കുന്നുമുണ്ട്. ഈ സാഹചര്യത്തിലാണ് കോഴിക്കോട് ലിറ്ററി ഫെസ്റ്റില്‍ എം ടിയുയര്‍ത്തിയ വ്യക്തി പൂജയ്‌ക്കെതിരെയുള്ള വിമര്‍ശനം പാര്‍ട്ടിക്കുള്ളിലും പുറത്തും കൊടുങ്കാറ്റുയര്‍ത്തിയത്.

 പാര്‍ട്ടിയോടൊപ്പം സഞ്ചരിക്കുന്ന എഴുത്തുകാരന്‍ മുഖ്യമന്ത്രിയെ വേദിയിലിരുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബി ജെ പിക്കുമെതിരെ വിമര്‍ശനം നടത്തിയതാണെന്ന് ആശ്വസിക്കുകയാണ് സി പി എം സംസ്ഥാന നേതൃത്വം. എം ടിയുടെ പ്രസംഗം പതിറ്റാണ്ടുകള്‍ക്ക് അദ്ദേഹമെഴുതിയ ലേഖനത്തിന്റെ പകര്‍പ്പാണെന്ന് ചൂണ്ടികാണിച്ചു കൊണ്ടു പാര്‍ട്ടി സൈബര്‍ പോരാളികളും രംഗത്തു വന്നിട്ടുണ്ട്.

എന്നാല്‍ എംടിയുടെ പ്രസംഗം ഇങ്ങനെയൊക്കെ വ്യാഖ്യാനിക്കാമെങ്കിലും എം മുകുന്ദന്‍ വ്യക്തി പൂജ അവസാനിപ്പിക്കണമെന്ന് വളരെ കൃത്യമായി തന്നെ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനെല്ലാം ഉപരിയായി പൊലീസ് യൂത്ത് കോണ്‍ഗ്രസ് വനിതാ പ്രവര്‍ത്തകര്‍ക്കെതിരെ നടത്തിയ ലാത്തിചാര്‍ജ്ജിനെതിരെ ടി പത്മനാഭനും ഡോ. എം ലീലാവതിയും രംഗത്തുവന്നത് സി പി എമ്മിനും സര്‍ക്കാരിനും ക്ഷീണം ചെയ്തിട്ടുണ്ട്.

സിംഗൂരിലും നന്ദിഗ്രാമിലും കര്‍ഷകരെ കുടിയിറക്കാനുള്ള നീക്കത്തിനെതിരെ ആദ്യ പ്രതിഷേധവുമായി രംഗത്തു വന്നത് വംഗനാട്ടിലെ സാംസ്‌കാരികപ്രവര്‍ത്തകരും എഴുത്തുകാരുമായിരുന്നു. ഇതാണ് സി പി എമ്മിനെ വേരോടെ പിഴുതെറിഞ്ഞത്. തുടര്‍ ഭരണം നടക്കുന്ന കേരളത്തിലും ഇതിനു സമാനമായ ഭരണകൂട അക്രമങ്ങളും വ്യക്തി പുജയും നടക്കുന്നുവെന്ന ആരോപണവും ശക്തവുമാണ്. ബംഗാളിലെ പാഠങ്ങള്‍ കേരളത്തില്‍ പഠിച്ചില്ലെങ്കിലുണ്ടാകുന്ന മുന്നറിയിപ്പുകളെ സി പി എം എങ്ങനെ നേരിടുമെന്നതാണ് നിര്‍ണായക ചോദ്യം. എം ടിയും മുകുന്ദനുമൊക്കെ അതിന് കാരണക്കാരായെന്ന് മാത്രം.

Keywords: News, Kerala, Kerala-News, Politics, Politics-News, M T Vasudevan Nair, Mukundan, CPM, Learn, Bengal, Lesson, Kerala, Politics, Party, Political Party, MT and Mukundan, will CPM learn Bengal's lesson in Kerala?.

Post a Comment