Cinema Democracy | ഇവിടെ ഒന്നും കുലുങ്ങിയില്ല! എൽ ജെ പി ഇനിയും സിനിമ ചെയ്യണം; പ്രേക്ഷകർ അത് കാണും അഭിപ്രായം പറയും, കലയിലും വേണ്ടേ ജനാധിപത്യം?

 


 _ഭാമനാവത്ത്_

(KVARTHA) മലയാളത്തിലെ ക്രിയേറ്റിവ് ഡയറക്ടറായ ലിജോ ജോസ് പെല്ലിശേരി സമാന്തര സിനിമയുടെ പാതയിൽ സഞ്ചരിച്ചു അത്ഭുതങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. വാണിജ്യപരമായി വിജയിച്ച സിനിമകളോടൊപ്പം പരാജയപ്പെട്ട സിനിമകളും എൽജെപിയെന്നറിയപ്പെടുന്ന ലിജോയുടെതായിട്ടുണ്ട്. മലയാള സിനിമയിൽ പുതിയൊരു ദൃശ്യഭാഷ സൃഷ്ടിച്ച ആമേൻ എന്ന സിനിമ സാധാരണ പ്രക്ഷേകരെ വരെ തീയേറ്ററിലെത്തിച്ച വമ്പൻ ഹിറ്റുകളിലൊന്നാണ്. പ്രേക്ഷകരുടെ അഭിരുചിക്കനുസരിച്ചു സിനിമ ചെയ്യാൻ തനിക്ക് കഴിയില്ലെന്ന സ്വാതന്ത്ര്യ പ്രഖ്യാപനമാണ് ലിജോയുടെ ഓരോ സിനിമകളും. അതുകൊണ്ടുതന്നെ ഒന്നിനൊന്ന് വ്യത്യസ്തമാണ് ലിജോയുടെ സിനിമകൾ.

Cinema Democracy | ഇവിടെ ഒന്നും കുലുങ്ങിയില്ല! എൽ ജെ പി ഇനിയും സിനിമ ചെയ്യണം; പ്രേക്ഷകർ അത് കാണും അഭിപ്രായം പറയും, കലയിലും വേണ്ടേ ജനാധിപത്യം?

അങ്കമാലി ഡയറീസും ജെല്ലിക്കെട്ടും നൻ പകൽ നേരത്ത് മയക്കവും ഡബിൾ ബാരലുമൊക്കെ കാണുന്ന പ്രേക്ഷകൻ ഒരിക്കലും ഒരു സംവിധായകൻ്റെ തന്നെ ചിത്രങ്ങളാണ് ഇതൊന്നു പറയില്ല. അതിലും വ്യത്യസ്തമാണ് സൂപ്പർ സ്റ്റാർ മോഹൻലാലിനെ മല്ലനാക്കി ഒരു മുത്തശ്ശിക്കഥയുടെ സമയവേഗത്തിൽ പറഞ്ഞ മലൈക്കോട്ടെ വാലിബൻ. മലയാളത്തിലെ മാസ്റ്റർ ക്രാഫ്റ്റ് മാൻ കെ.ജി ജോർജിൻ്റെ പാതയിൽ സഞ്ചരിക്കാനാണ് തനിക്ക് ഇഷ്ടമെന്ന് പല അഭിമുഖങ്ങളിലും എൽ.ജെ.പി തന്നെ പറഞ്ഞിട്ടുണ്ട്. എന്നാൽ ഇലവങ്കോട് ദേശമെന്ന ബിഗ് ബജറ്റ് സിനിമ പൊളിഞ്ഞതാണ് കെ.ജി ജോർജിനെ ഇൻഡസ്ട്രീയിൽ നിന്നും തന്നെ പാർശ്വവൽകരിച്ചത്.
 
Cinema Democracy | ഇവിടെ ഒന്നും കുലുങ്ങിയില്ല! എൽ ജെ പി ഇനിയും സിനിമ ചെയ്യണം; പ്രേക്ഷകർ അത് കാണും അഭിപ്രായം പറയും, കലയിലും വേണ്ടേ ജനാധിപത്യം?

മിനിമം കലക്ഷൻ പോലും നേടാതെ മമ്മുട്ടി ചിത്രം തീയേറ്ററിൽ നിന്നും വിരലിൽ എണ്ണാവുന്ന ദിവസങ്ങൾ കൊണ്ടു ആളു കയറാതെ പെട്ടിയിലായതു കെ.ജിജോർജിനെ സാമ്പത്തിക കുരുക്കിലാക്കി കോടതി പോലും കയറ്റുകയുണ്ടായി. സ്വന്തമായി നിർമ്മിച്ച ഇലവങ്കോട് ദേശം കെ.ജി ജോർജിനെ സാമ്പത്തിക പരാധീനതയിലാക്കിയെന്നു അദ്ദേഹം തന്നെ അവസാന നാളുകളിൽ പറഞ്ഞിട്ടുണ്ട്. എന്നാൽ ഇലവങ്കോട് ദേശം പോലെയല്ല മലൈക്കോട്ടെ വാലിബൻ. ഈ സിനിമഎൽ. ജെ.പി ചെയ്തതത് വൻകിട മൾട്ടി നാഷനൽ സിനിമാ കമ്പനിക്കു വേണ്ടിയാണ്.

രണ്ടു ഭാഗങ്ങളിൽ നിർമ്മിക്കാൻ തീരുമാനിച്ച സിനിമയുടെ ഒന്നാം എപ്പിസോഡാണ് ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ വലിയ തോതിൽ ചർച്ചയായ വാലിബൻ ആദ്യ ദിന കലക്ഷനുകളിലുടെ മുടക്ക് മുതൽ തിരിച്ചു പിടിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നുണ്ടെങ്കിലും നെഗറ്റീവ് റിവ്യൂകൾ ഈ പാൻ ഇന്ത്യൻ ചിത്രത്തെ തളർത്തിയിരിക്കുകയാണ്. മോഹൻലാൽ ഫാൻസുകാർ തന്നെയാണ് ചിത്രത്തിനെതിരെ ആദ്യമേ തിരിഞ്ഞത്. റിലീസിൻ്റെ ഫസ്റ്റ് ഷോയിൽ ഒരു വിജയ് ചിത്രം കാണാനെന്നപോലെ തീയേറ്ററിൽ പോയ തങ്ങളെ വാലിബൻ നിരാശപ്പെടുത്തിയെന്നാണ് ഇവരുടെ പ്രതികരണം.

ഇതിനോടൊപ്പം സോഷ്യൽ മീഡിയയിലെ റിവ്യൂ ബോംബർമാരും ചേർന്നപ്പോൾ വാലിബനെ പ്രതിരോധിക്കാൻ ലിജോയ്ക്കു തന്നെ ഗത്യന്തരമില്ലാതെ രംഗത്തിറണ്ടേണ്ടി വന്നു. തൻ്റെ ചിത്രത്തിനെതിരെ ഹെയ്റ്റ് ക്യാംപയിനാണ് നടക്കുന്നതെന്നാണ് ലിജോയുടെ വാദം. എന്തിനാണ് ചില ഇത്ര വെറുപ്പ് കാണിക്കുന്നതെന്നു തനിക്ക് എത്ര ആലോചിച്ചിട്ടും മനസിലാകുന്നില്ലെന്നാണ് അദ്ദേഹം പറയുന്നത്. പുകഴ്ത്തിക്കോളൂ കുറ്റം പറയേണ്ടയെന്ന ലൈൻ. ഒരു ക്രീയേറ്റിവ് ഡയറക്ടർ എന്ന രീതിയിൽ വിദേശ ഫെസ്റ്റിവലുകളിൽ പ്രദർശിക്കപ്പെടാനും അംഗീകാരം നേടാനും സാധ്യതയുള്ള ചിത്രങ്ങളിലൊന്നാണ് വാലിബനെന്നു നിസംശയം പറയാം. അത്ര മനോഹരമായാണ് ഓരോ നാട്ടിലെയും മല്ലൻമാരെ കീഴ്പ്പെടുത്തി വാലിബൻ മുന്നേറുന്ന സ്വീകൻസുകൾ.

അതിൽ പ്രണയവും യുദ്ധങ്ങളും ചതിയും ഓരോ നാടുകളുടെ വർണങ്ങളും നിറഞ്ഞിരിക്കുന്നുണ്ട്. കണ്ടതെല്ലാം പൊയ് കാണാനിരിക്കുന്നത് നീചം എന്ന ടീസർ തന്നെയാണ് സിനിമയുടെ ആത്മാവ്. മോഹൻലാൽ എന്ന അതുല്യ പ്രതിഭ അത്ഭുതകരമായി നിറഞ്ഞാടിയ ഒരു ചിത്രം തന്നെയാണ് വാലിബൻ. എന്നാൽ ഇതൊക്കെ യാഥാർത്ഥ്യമാണെങ്കിലും ആദ്യനാളുകളിൽ കലക്ഷൻ നേടാനുള്ള വെപ്രാളവും കുരുട്ടുബുദ്ധിയും അണിയറ പ്രവർത്തകർ കാണിച്ചതാണ് തിരിച്ചടിയായത്. മോഹൻലാലിൻ്റെ ഇൻട്രോ സീനിൽ തീയേറ്റർ കുലുങ്ങുമൊന്നൊക്കെ പറഞ്ഞ് അണിയറ പ്രവർത്തകർ സോഷ്യൽ മീഡിയയിലൂടെ നടത്തിയ തള്ളുകൾ അക്ഷരാർത്ഥത്തിൽ വാലിബന് തിരിച്ചടിയായി മാറി.

എന്തോ വലിയ സംഭവമാണെന്ന് ടീസർ കണ്ടു തീയേറ്ററിലെത്തിയ സാധാരണ പ്രേക്ഷകർക്ക് ഒന്നും കുലുങ്ങിയതായി അനുഭവപ്പെട്ടില്ലെന്നു മാത്രമല്ല കയ്യിലുള്ള പണം പോയെന്ന ഫീലുമുണ്ടായി. ഇതാണ് ആദ്യ തീയേറ്റർ റെസ്പോൺസുകളിലൂടെ സോഷ്യൽ മീഡിയയിലുടെ പുറത്തുവന്നത്. വൈകുന്നേരം നാലു മണിക്ക് ചിത്രം റിലീസ് ചെയ്തതാണ് നെഗറ്റീവ് റിവ്യൂവിന് കാരണമായതെന്നും ആറു മണിക്ക് റിലാക്സായി തീയേറ്ററിലെത്തുന്ന പ്രേക്ഷകരുടെ മൈൻഡ് സെറ്റ് മറ്റൊന്നാണെന്ന കണ്ടുപിടിത്തവും ലിജോ നടത്തിയ അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു. എന്നാൽ ഇതു പ്രേക്ഷകരെ അവഹേളിക്കുകയും ചെറുതാക്കുകയും ചെയ്യുന്നതാണെന്ന വിമർശനമാണ് സോഷ്യൽ മീഡിയ ഉയർത്തുന്നത്.

എൽ. ജെ.പി സംവിധാനം ചെയ്ത കഴിഞ്ഞ സിനിമ നൻപകൽ നേരത്ത് മയക്കം ഒരു സമാന്തര കലാമൂല്യമുള്ള സിനിമയാണെന്ന ധാരണ മമ്മൂട്ടി ആരാധകർക്കുണ്ടായിരുന്നു. തിരുവനന്തപുരം ഫിലിം ഫെസ്റ്റിവലിലും തീയേറ്ററുകളിലും ഈ ചിത്രം കണ്ടത് ഗൗരവത്തോടെ സിനിമയെ കാണുന്നവരായിരുന്നു. എസ് ഹരീഷിൻ്റെ മികച്ച കഥയും മമ്മുട്ടിയുടെ ഇരട്ട റോളിലുള്ള സൂക്ഷ്മാഭിനയവും നൻ പകൽ നേരത്ത് മയക്കത്തെ സാമ്പത്തികമായും വിജയിപ്പിച്ചു. എന്നാൽ സോഷ്യൽ മീഡിയയിൽ വലിയ തള്ളില്ലാതെയാണ് കാതലും നൻപകൽ നേരത്ത് മയക്കവും തീയേറ്ററുകളിലെത്തിയത്. ലിജോ ജോസ് പല്ലിശേരിയിൽ പ്രേക്ഷകർക്ക് വിശ്വാസമുണ്ടെന്നായിരുന്നു നൻ പകൽ നേരത്ത് മയക്കത്തിൻ്റെ വിജയത്തിലുടെ തെളിഞ്ഞത്. എന്നാൽ വാലിബനായി സോഷ്യൽ മീഡിയയും ചാനലുകളും ഉപയോഗിച്ചു നടത്തിയ മെഴുകലുകൾ പ്രക്ഷേകരിൽ അമിത പ്രതീക്ഷ സൃഷ്ടിച്ചു. ഇതു ഒടിയനെപ്പോലെ വാലിബനും തിരിച്ചടിയായി.

തനിക്ക് തോന്നും പോലെ സിനിമ ചെയ്യാനുള്ള സ്വാതന്ത്ര്യമുണ്ടെന്ന എൽ.ജെ.പിയുടെ അവകാശവാദത്തെ അംഗീകരിക്കുമ്പോൾ തന്നെ പ്രേക്ഷകർക്കു ഒരു കലാസൃഷ്ടിയെ കുറിച്ചു അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമുണ്ടെന്ന കാര്യവും അനുവദിക്കേണ്ടതുണ്ട്. വാലിബൻ മലയാള സിനിമയിൽ ഉയർത്തുന്ന ഗൗരവകരമായ ചോദ്യങ്ങളിലൊന്ന് അതു തന്നെയാണ്. ചുരുക്കത്തിൽ എൽ.ജെ.പി ഇനിയും സിനിമ ചെയ്യണമെന്നാണ് മലയാള സിനിമാ പ്രേക്ഷകരുടെ ആവശ്യം, പ്രേക്ഷകർ അതു കണ്ടു അഭിപ്രായം പറയും. നല്ലതും മോശവുമായത് തുറന്നു പറയുമ്പോഴാണ് കലാസൃഷ്ടികളിലും ജനാധിപത്യത്തിന് സ്വാതന്ത്രവും ഇടവും ലഭിക്കുക.

വെറുപ്പിൻ്റെ ക്യാംപയിൻ മാത്രമായി അതിനെ ചുരുക്കുമ്പോൾ നഷ്ടമാകുന്നത് ഗൗരവമേറിയ സിനിമാ നിരൂപണങ്ങൾ കൂടിയാണ്. ലിജോയും മോഹൻലാലുമൊക്കെ ഭീമമായ സംഖ്യ വാങ്ങിയാണ് വാലിബൻ ചെയ്തത്. അല്ലാതെ രാഷ്ട്ര സേവനത്തിൽ പങ്കാളികളായതൊന്നുമല്ല. സാധാരണ പ്രക്ഷേകൻ തൻ്റെ കീശയിലുള്ള പണം ചെലവഴിച്ചാണ് സിനിമ കണ്ടത്. ഒരു നാലംഗ കുടുംബം സിനിമ കാണുമ്പോൾ ആയിരത്തിലേറെ രൂപ വരും ചെലവ് അതുകൊണ്ടു തന്നെ തങ്ങൾ രണ്ടര മണിക്കൂർ കണ്ട ചലച്ചിത്രം ഇഷ്ടപ്പെട്ടില്ലെങ്കിൽ അവർ തുറന്നു പറയും. ഇതു ആദ്യത്തെ സംഭവമൊന്നുമല്ല. സുപ്പർ താരത്തെയും ക്രിയേറ്റിവ് ഡയറക്ടറെയും സൃഷ്ടിക്കുന്നതും നില നിർത്തുന്നതും പ്രേക്ഷകർ മാത്രമാണ് അതു മറന്നുപോകരുത് ഏതു ചലച്ചിത്ര ഇതിഹാസമായാലും.

Keywords:  Article, Editor’s-Pick, Movie, Mohanlal, Vaaliban, Malaikottai, Cinema, Lijo Jose Pellissery, Mohanlal starrer Malaikottai Vaaliban gets mixed reviews. < !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia