Mohanlal Responsible | സിനിമകൾ പരാജയപ്പെടുന്നെങ്കിൽ കാരണം മോഹൻലാൽ തന്നെ! ഇനിയെങ്കിലും കോപ്രായങ്ങൾ നിർത്തു!

 


_സോണി കല്ലറയ്ക്കൽ_

(KVARTHA) എന്താ ലാലേട്ടാ... ഇങ്ങനെ ? ഇനിയെങ്കിലും നല്ലൊരു സിനിമ ചെയ്തുകൂടെ...... ഓരോ മലയാളിയും ഇന്ന് നടൻ മോഹൻലാലിനോട് ചോദിക്കുന്ന ഒരു ചോദ്യമിതാകും. കാരണം, കഴിഞ്ഞ കാലങ്ങളിൽ മോഹൻലാൽ സിനിമളുടെ തുടർച്ചയായ പരാജയം ആയിരുന്നു മലയാളികൾ
കാണുന്നത് അതുകൊണ്ട് തന്നെ. അതിന് ഒരു മാറ്റം ഉണ്ടായത് രണ്ടാഴ്ച മുൻപാണ്. നേർ എന്ന സിനിമയുടെ വിജയം വിജയം ഒന്നുകൊണ്ട് തന്നെ. അത് മോഹൻലാലിൻ്റെ വിജയമാണോ അതോ അത് സംവിധാനം ചെയ്ത ജിത്തു ജോസഫ് എന്ന സംവിധായകൻ്റെ വിജയമായിരുന്നോ എന്നാണ്
കണ്ടറിയേണ്ടത്.
 
Mohanlal Responsible | സിനിമകൾ പരാജയപ്പെടുന്നെങ്കിൽ കാരണം മോഹൻലാൽ തന്നെ! ഇനിയെങ്കിലും കോപ്രായങ്ങൾ നിർത്തു!

ഇനി മോഹൻലാൽ പ്രേമികൾ ആക്ഷാംക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ നായകനാകുന്ന സിനിമ 'മലൈക്കോട്ടൈ വാലിബൻ' ജനുവരി 25 ന് ആണ് റിലീസ് ആകുന്നത്. ലിജോ പെല്ലിശേരിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഈ സിനിമയുടെ ട്രെയിലർ ഇതിനോടകം തന്നെ പുറത്തിറങ്ങി കഴിഞ്ഞു. ട്രെയിലർ കണ്ടിടത്ത് തുടങ്ങിയാൽ നിസ്സംശയം പറയാനാവുന്ന കാര്യം ഇതവരെ ദർശിക്കാത്ത കാഴ്ചയുടെ വിരുന്ന് തന്നെയായിരിക്കും ഇതെന്നാണ്. പക്ഷേ, സിനിമ പൂർണ്ണമായും കണ്ടാലെ ഇത് എത്രമാത്രം ശരിയാണെന്ന് പറയാനാവൂ. കാരണം, ഇപ്പോൾ മോഹൻലാൽ സിനിമ എന്ന് പറയുമ്പോൾ മുൻകൂർ ജാമ്യം എടുക്കേണ്ട സ്ഥിതിയാകുന്നു കാര്യങ്ങൾ. വലിയ പ്രതീക്ഷയോടെ വന്നിറങ്ങുന്ന മോഹൻലാൽ ചിത്രങ്ങൾ പലതും പൊട്ടിപാളീസ് ആകുന്ന കാഴ്ചയാണ് ഇതുവരെ കണ്ടിരിക്കുന്നത്.

ഒരു കാലത്ത് മോഹൻലാൽ സിനിമകൾ എന്ന് പറഞ്ഞാൽ മലയാളിയുടെ ഒരോ വീട്ടിലും ഓണസദ്യ എന്ന് പറയുമ്പോലെ അഭിവാജ്യഘടകം ആയിരുന്നു. മലയാളിയ്ക്ക് ഓണസദ്യ ഒഴിച്ചു കൂടാൻ പറ്റില്ലെങ്കിൽ അതുപോലെ തന്നെ മോഹൻലാൽ സിനിമകളും ഒഴിച്ചുകൂടാൻ പറ്റത്തില്ലായിരുന്നു. അത്രമാത്രം ചിരിക്കാനും ചിന്തിക്കാനും നൊമ്പരപ്പെടുത്താനും ഒക്കെ ഉതകുന്ന ഒരു പിടി നല്ല സിനിമകളാണ് മോഹൻലാൽ എന്ന അതുല്യനടൻ മലയാളിക്ക് സമ്മാനിച്ചത്. അക്ഷരാർത്ഥത്തിൽ പറഞ്ഞാൽ മഞ്ഞിൽ വിരിഞ്ഞ പൂക്കളിലൂടെ വില്ലനായി വന്ന മോഹൻലാൽ ശരിക്കും മലയാളി മനസ്സ് കീഴടക്കുകയായിരുന്നു.

മോഹൻലാൽ എല്ലാവർക്കും ഒരോ വിട്ടിലെയും അംഗംപോലെയായി. അമ്മമ്മാർക്ക് മോൻ ആയി. ചെറുപ്പക്കാരികൾക്ക് ഹീറോ പരിവേഷമുള്ള കാമുകനും സഹോദരനുമായി. കുട്ടികൾക്ക് എല്ലാം പ്രിയപ്പെട്ട ലാലേട്ടനായി. 80, 90 കാലഘട്ടത്തിൽ എത്രയോ നല്ല സിനിമകളാണ് മോഹൻലാൽ നായകനായി മലയാളികൾ ആസ്വദിച്ചത്. ടിക്കറ്റ് കിട്ടാതെ തിരിച്ചു പോകേണ്ടി വന്ന എത്രയോ ചിത്രങ്ങൾ ഇവിടെ ഉണ്ടായി. അന്ന് ശരിക്കും പറഞ്ഞാൽ മോഹൻലാൽ എന്ന നടൻ മലയാള സിനിമയെ തന്നെ ഞെട്ടിക്കുകയായിരുന്നു.
മോഹൻലാൽ നായകനാണെങ്കിൽ റിലീസിന് മുൻപ് ചിത്രം വിജയിച്ച അവസ്ഥയായിരുന്നു.
  
Mohanlal Responsible | സിനിമകൾ പരാജയപ്പെടുന്നെങ്കിൽ കാരണം മോഹൻലാൽ തന്നെ! ഇനിയെങ്കിലും കോപ്രായങ്ങൾ നിർത്തു!

ചിത്രം, നാടോടിക്കാറ്റ്, കിലുക്കം, സൻമനസുള്ളവർക്ക് സമാധാനം, കമലദളം, തൂമ്പാനംതുമ്പികൾ, തേത്മാവിൻ കൊമ്പത്ത്, മിഥുനം, ഹിസ് ഹൈനസ് അബ്ദുള്ള, താളവട്ടം തുടങ്ങിയ എത്രയോ മോഹൻലാൽ സിനിമകൾ ഇന്നും മലയാളിയുടെ മനസ്സിൽ ജീവനോടെ പച്ചയായി നിൽക്കുന്നു. ഒപ്പം തന്നെ അന്ന് അതിലെ ഓരോ ഗാനങ്ങളും കുട്ടികൾക്കുപോലും സുപരിചിതമായിരുന്നു. ഇന്ന് പല സിനിമകളും വന്നതും പോകുന്നതും അറിയുന്നില്ല, സംവിധായകർ ആരെന്ന് അറിയുന്നില്ല. നായിക, നായകർ ആരെന്ന് അറിയുന്നില്ല. ആ സമയത്താണ് പഴയകാല നല്ല സിനിമകൾ ഇന്നും പച്ചയോടെ മലയാളിയുടെ മനസ്സിൽ നിറഞ്ഞു
നിൽക്കുന്നത്. അതിലേറെയും മോഹൻലാൽ സിനിമകൾ തന്നെ എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. സിമ്പോളിക് ചിത്രങ്ങളേക്കാൾ എന്നും മോഹൻലാലിനെ പ്രേക്ഷകരുടെ പ്രിയങ്കരനാക്കിയത് കുടുംബചിത്രങ്ങൾ തന്നെയായിരുന്നു.

മമ്മൂട്ടിയൊക്കെ ഒരു വടക്കൻ വീരഗാഥയിൽ അരങ്ങു തകർക്കുമ്പോൾ മോഹൻലാൽ ജനഹൃദയങ്ങളിലേയ്ക്ക് ഇരമ്പി കയറിയത് ബാലേട്ടനിലൂടെയും കീരിടത്തിലൂടെയും ദേവാസുരത്തിലൂടെയും ഒക്കെ
ആയിരുന്നു എന്ന് വേണമെങ്കിൽ പറയാം. മുണ്ടു മടക്കി കുത്തി മീശപിരിച്ച് വരുന്ന ലാലേട്ടൻ പൗരുഷത്തിൻ്റെ പ്രതീകം തന്നെയായിരുന്നു. ഇന്നും മലയാളികളിൽ ഏറ്റവും കൂടുതൽ ആരാധകർ ഉള്ളത് ഒരുപക്ഷേ, ലാലേട്ടന് തന്നെയായിരിക്കും. പക്ഷേ, ഇക്കാലത്ത് അദ്ദേഹത്തിൻ്റെ വകയായി ഒരു നല്ല ചിത്രം കാണാൻ പറ്റുന്നില്ലെന്നത് പരിതാപകരമാണ്. ഏറെ പ്രതീക്ഷയോടെ പ്രേക്ഷകർ കാത്തിരുന്ന ഇടക്കാലത്തെ പല സിനിമകളും പരാജയത്തിലേയ്ക്ക് കൂപ്പുകുത്തുന്ന കാഴ്ചയാണ് കാണാൻ കഴിഞ്ഞത്. ഈ അടുത്ത കാലത്ത് മോഹൻ ലാലിൻ്റെ വകയായി ഇറങ്ങിയ എ ലോണിൻ്റെയും ബ്രോ ഡാഡിയുടെയും ആറാട്ടിൻ്റെയും ഒടിയൻ്റെയും ഒന്നും സ്ഥിതി വ്യത്യസ്തമല്ല. ബ്രോ ഡാഡിയിൽ പൃഥിരാജ് മോഹൻലാലിനെ വെച്ച് ലാഭം ഉണ്ടാക്കിയെന്ന് അല്ലാതെ വലുതായൊന്നും മോഹൻലാലിന് അതിൽ ചെയ്യാൻ ഒന്നും ഉണ്ടായിരുന്നില്ലെന്ന് വേണം പറയാൻ. സായികുമാറോ സിദ്ദിഖോ പോലുള്ള നടന്മാർ അഭിനയിക്കേണ്ട റോളിൽ മോഹൻലാൽ എന്ന അതുല്യ പ്രതിഭ അഭിനയിച്ച് വെറുതെ തരം താണുപോയോ എന്ന തോന്നൽ ഉളവാക്കിയത് മിച്ചം. ഏറെ തിമിർത്ത് ഇറങ്ങിയ ലാലേട്ടൻ ചിത്രം ആറാട്ടിൽ ലാലേട്ടൻ എന്തൊക്കെയാണ് കാണിച്ചു കൂട്ടുന്നതെന്ന് ലാലേട്ടനു പോലും നിശ്ചയമുണ്ടോ എന്ന് അറിവില്ല. തമിഴ് സിനിമയിൽ കാണിക്കുന്ന കോലക്കേടിനെക്കാൾ കഷ്ടം ആയിരുന്നു ആ പടം. തമിഴിൽ ഇതൊക്കെ പറ്റും. പക്ഷേ, മലയാളികൾ സഹിക്കുമോ എന്ന് അറിയില്ല. പ്രത്യേകിച്ച് ഈ കാലഘട്ടത്തിൽ. വലിയ ആഘോഷത്തോടെ ധാരാളം പണം വാരിയെറിഞ്ഞ് നിർമ്മിച്ചെന്ന് പറയപ്പെടുന്ന ഒടിയൻ ഒക്കെ വന്നതും പോയതും അറിഞ്ഞില്ല. ഒടിയനെപ്പറ്റിയൊക്കെ മലയാളി ഇന്ന് മറക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുകയുമാണ്. അത്രകണ്ട് മോശം സിനിമ തന്നെയായിരുന്നു ഒടിയൻ.

ദൃശ്യം, പുലിമുരുകൻ, ലൂസിഫർ തുടങ്ങിയ സിനിമകൾക്ക് ശേഷം ഒരു നല്ല സിനിമ മോഹൻ ലാലിൻ്റെ വകയായി ഇവിടെ ഉണ്ടായിട്ടില്ല എന്നതാണ് സത്യം.
എവിടെയാണ് മോഹൻ ലാലിന് പരാജയം സംഭവിച്ചു കൊണ്ടിരിക്കുന്നതെന്ന് പരിശോധിക്കേണ്ടതാണ്. മോഹൻലാൽ എന്നാൽ മലയാളത്തിലെ
അഭിനയകുലപതി ആണ്. തമിഴിൽ കമലാഹാസനെപ്പോലെയോ ശിവാജി ഗണേഷനെപ്പോലെയൊക്കെ മലയാളത്തിൽ മോഹൻലാലിനെയും
താരതമ്യം ചെയ്യാം. ഏത് റോളും അനായാസമായി കൈകാര്യം ചെയ്യാനുള്ള മെയ് വഴക്കം മോഹൻ ലാലിന് ജന്മസിദ്ധമാണ്. അഭിനയിക്കാൻ
എത്തിയാൽ വളരെപ്പെട്ടെന്ന് മോഹൻലാൽ കഥാപാത്രമായി മാറുന്നു. ഇങ്ങനെ ഒരാളാണ് ഇപ്പോൾ സിനിമയിൽ പരാജയത്തിൻ്റെ കയ്പ്പുനീർ
കുടിച്ചു കൊണ്ടിരിക്കുന്നത്. ഈ രീതിയിൽ പോയാൽ മോഹൻ ലാലിന് പടം ഇല്ലാതാകാൻ അധികം താമസം ഉണ്ടാവുകയില്ല. തൻ്റെ പാളിച്ച
എവിടെയാണെന്ന് മനസിലാക്കി മോഹൻലാൽ തിരിച്ചു വരുകയാണ് വേണ്ടത്.

വല്ലവരും കഥ കേട്ടിട്ട് താൻ അഭിനയിച്ചോളാമെന്ന നിലപാട് മാറ്റി പുതിയ പ്രതിഭകളുടെ കഥകൾ നേരിട്ട് കേട്ട് നല്ലതെന്ന് തോന്നിയാൽ അഭിനയിക്കാൻ തീരുമാനിച്ചാൽ അത് മോഹൻ ലാൽ എന്ന നടനെ വലിയ വിജയത്തിലേയ്ക്ക് ആവും നയിക്കുക. പുതിയ പ്രതിഭകൾക്ക് വളരാൻ ഇവിടെ അവസരം ഒരുങ്ങും. മോഹൻ ലാൽ എന്ന നടൻ്റെ കഴിവിനെ നന്നായി പ്രയോജനപ്പെടുത്താൻ പറ്റുന്ന ഒരുപിടി നല്ല സിനിമകൾ മലയാളത്തിൽ ഇറങ്ങും. അത്തരം സിനിമകൾ പ്രേക്ഷകരുടെ മനസ്സിൽ
എക്കാലവും നിറഞ്ഞു നിൽക്കും.

മലയാളത്തിലെ സിനിമാ താരങ്ങളുടെ സംഘടനയായ അമ്മയുടെ പ്രസിഡൻ്റ് കൂടി ആണ് മോഹൻ ലാൽ. ഈ തിരിക്കിനിടയിൽ അഭിനയവും സംഘടനാ പ്രവർത്തനവും ഒന്നിച്ചു കൊണ്ടുപോകാൻ പറ്റുന്നില്ലെങ്കിൽ തിരക്ക് കുറഞ്ഞ വല്ല നടന്മാരെയും ഭാരവാഹിത്വം ഏൽപ്പിച്ച് സംഘടനയിൽ എളിയ അംഗമായി കഴിയുകയാണ് മോഹൻ ലാലിനെപ്പോലുള്ളവർ ചെയ്യേണ്ടത്. സംഘടനയുടെ വളർച്ചയ്ക്കും മോഹൻ ലാൽ എന്ന നടൻ്റെ വളർച്ചയ്ക്കും ഏറ്റവും ഉചിതം അതു തന്നെ ആയിരിക്കും. മമ്മുട്ടിയും മോഹൻലാലുമൊക്കെ താരസംഘടയിൽ വെറുതെ അംഗങ്ങൾ ആയിരുന്നാലും മതി അവരുടെ വലുപ്പം എല്ലാ ഭാരവാഹിത്വത്തിനും മേലേ ആയിരിക്കും. രണ്ട് പേരെയും
ഒഴിവാക്കിക്കൊണ്ട് ആരൊക്കെ ഭാരവാഹി ആയാലും ശരി മുന്നോട്ടുപോകാനാവില്ല എന്നത് കൊച്ചുകുട്ടികൾക്ക് പോലും അറിയാവുന്ന കാര്യവുമാണ്. പിന്നെ, മമ്മൂട്ടി ഒരിക്കൽ ഒരു അഭിമുഖത്തിൽ പറയുക ഉണ്ടായി മോഹൻലാൽ അഭിനയിച്ച ചിത്രങ്ങൾ മോഹൻ ലാൽ
കാണുന്നതിനെക്കാൾ താനാവും ഏറ്റവും കൂടുതൽ കണ്ടിട്ടിട്ടുണ്ടാവുക എന്ന്. മോഹൻലാൽ തിയേറ്ററിൽ പോയി സിനിമ കാണുകയില്ലെന്ന്
അദ്ദേഹം തന്നെ ഒരിക്കൽ പറയുകയുണ്ടായി. ഇങ്ങനെ നോക്കുമ്പോൾ നമ്മുടെ ലാലേട്ടന് സിനിമയോട് എന്ത് ആർത്ഥതതയാണ് ഉള്ളത്.

ഒന്നും വേണ്ട, കഴിഞ്ഞകാലത്ത് ഇറങ്ങിയ സ്വന്തം സിനിമയെങ്കിലും സമയമെടുത്ത് തിയേറ്ററിലോ അല്ലാതെയോ കണ്ടിരുന്നെങ്കിൽ തുടർച്ചയായി
മോഹൻലാൽ എന്ന അഭിനയ ചക്രവർത്തിയ്ക്ക് ഒരിക്കലും ഇങ്ങനെ മോശപ്പെട്ട സിനിമകൾ ഉണ്ടാകില്ലായിരുന്നു. ലാലേട്ടൻ നശിച്ചു കാണണമെന്ന് ആഗ്രഹിക്കുന്ന ആരോ ആണ് ഇത്രയും മോശപ്പെട്ട സിനിമകളിലേയ്ക്ക് തള്ളിവിടുന്നതെന്ന് വ്യക്തം. സിനിമയെപ്പറ്റി അറിവുള്ളവരും താങ്കളും ചേർന്ന് ഇനിയെങ്കിലും കഥ കേൾക്കുകയും സിനിമ തെരഞ്ഞെടുക്കുകയും ചെയ്യുക. ഒപ്പം സ്വന്തം സിനിമകൾ കാണുകയും ചെയ്യുക. അത് പഴയതും പുതിയതുമായ എല്ലാ സിനിമകളും വേണം. അപ്പോൾ മനസിലാകും ഈ പറഞ്ഞതിൻ്റെ യാഥാർത്ഥ്യം.

Keywords:   Article, Editor’s-Pick, Mohanlal, Movies, Entertainment, Cinema, Failure, Mohanlal is reason for failure of his movies. < !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia