Criticized | ഗവര്‍ണറുടേത് ഷോ, വല്ലാത്ത മാനസികാവസ്ഥയിലെന്നും മന്ത്രി വി ശിവന്‍കുട്ടി; പ്രതികരണം ചിരിയിലൊതുക്കി മുഖ്യമന്ത്രി

 


തിരുവനന്തപുരം: (KVARTHA) എസ് എഫ് ഐയുടെ കരിങ്കൊടി പ്രതിഷേധത്തിനെതിരെ മണിക്കൂറുകളോളം കടത്തിണ്ണയിലിരുന്ന് പ്രതിഷേധിച്ച ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നടപടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മന്ത്രി വി ശിവന്‍കുട്ടി. 

പ്രതിഷേധം 'ഷോ' എന്ന് വിമര്‍ശിച്ച മന്ത്രി ഗവര്‍ണര്‍ വല്ലാത്ത മാനസികാവസ്ഥയിലെന്നും കുറ്റപ്പെടുത്തി. അതേസമയം ഗവര്‍ണറുടെ പ്രതിഷേധത്തെ കുറിച്ചുള്ള മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് പ്രതികരണം ചിരിയിലൊതുക്കുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍.

Criticized | ഗവര്‍ണറുടേത് ഷോ, വല്ലാത്ത മാനസികാവസ്ഥയിലെന്നും മന്ത്രി വി ശിവന്‍കുട്ടി; പ്രതികരണം ചിരിയിലൊതുക്കി മുഖ്യമന്ത്രി


ശിവന്‍കുട്ടിയുടെ വാക്കുകള്‍:

ഗവര്‍ണര്‍ക്ക് പ്രോടോകോള്‍ പ്രകാരമുള്ള സുരക്ഷ പൊലീസ് നല്‍കുന്നുണ്ട്. മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും അതുതന്നെയാണ് നല്‍കുന്നത്. ഞങ്ങളൊക്കെ പോകുമ്പോള്‍ ഒരുപാട് സ്ഥലങ്ങളില്‍ പ്രതിഷേധം ഉണ്ടാകാറുണ്ട്. ഞങ്ങളൊന്നും ചാടി റോഡില്‍ ഇരുന്നിട്ടില്ല. വല്ലാത്ത മാനസികാവസ്ഥയെ തുടര്‍ന്ന് അദ്ദേഹം ഷോ ആണ് നടത്തുന്നത്.

ഗവര്‍ണര്‍ കേരളത്തിനെതിരായ വികാരം ഉണ്ടാക്കാനാണ് നോക്കുന്നത്. ദേശീയ വാര്‍ത്തയാക്കാനാണ് അദ്ദേഹത്തിന്റെ ശ്രമം. ഗവര്‍ണറുടേത് നാലാമത്തെ ഷോ ആണ്. തന്റെ പദവി പോലും നോക്കാതെയുള്ള പ്രകടനമാണ് നടത്തുന്നത്. കേരളത്തെ വെല്ലുവിളിക്കുകയാണ് അദ്ദേഹം- എന്നും മന്ത്രി ശിവന്‍കുട്ടി പറഞ്ഞു.

നിലമേലില്‍ എസ് എഫ് ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചതിനു പിന്നാലെയാണ് കാറില്‍നിന്നു ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പുറത്തിറങ്ങിയത്. കൊട്ടാരക്കര സദാനന്ദപുരത്തെ പരിപാടിക്കായി പോകുകയായിരുന്നു ഗവര്‍ണര്‍. കാറില്‍ നിന്നിറങ്ങിയ ഗവര്‍ണര്‍, 'വരൂ' എന്നു പറഞ്ഞാണ് എസ് എഫ് ഐ പ്രവര്‍ത്തകര്‍ക്കു നേരേ പാഞ്ഞടുത്തത്. പൊലീസിനെ രൂക്ഷമായി ശകാരിക്കുകയും ചെയ്തു.

സംസ്ഥാന പൊലീസ് മേധാവി ഗവര്‍ണറെ നേരിട്ട് ഫോണില്‍ വിളിച്ച് അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തുവെന്നു പറഞ്ഞിട്ടും ചെവിക്കൊള്ളാന്‍ ഗവര്‍ണര്‍ തയാറായില്ല. എന്ത് നടപടി എടുത്തുവെന്ന് നോക്കാന്‍ എഫ് ഐ ആറിന്റെ പകര്‍പ്പ് ലഭിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. റോഡിനു സമീപത്തെ ചായക്കടയുടെ മുന്നില്‍ കസേരിയിട്ടിരുന്നാണ് പ്രതിഷേധം.

ഒടുവില്‍ എഫ് ഐ ആറിന്റെ പകര്‍പ്പ് കയ്യില്‍ കിട്ടിയതോടെ അത് പരിശോധിച്ചശേഷമാണ് ഗവര്‍ണര്‍ പ്രതിഷേധം അവസാനിപ്പിച്ചത്. താന്‍ പ്രതിഷേധിച്ചത് കരിങ്കൊടി കാണിച്ചതിനല്ലെന്നും കാറില്‍ തട്ടി ആക്രമിക്കാന്‍ ശ്രമിച്ചതിനാണെന്നും പിന്നീട് ഗവര്‍ണര്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

മുഖ്യമന്ത്രിക്ക് നേരെയാണ് ഇത്തരമൊരു പ്രതിഷേധം നടന്നതെങ്കില്‍ നടപടി എടുക്കുമായിരുന്നില്ലേ എന്നും ഗവര്‍ണര്‍ ചോദിച്ചു. നവകേരള സദസ് പരിപാടി നടക്കുന്നതിനിടെ എത്രപേര്‍ക്കെതിരെ കേസെടുത്തുവെന്നും ഗവര്‍ണര്‍ ചോദിച്ചു.

ഗവര്‍ണര്‍ക്കെതിരെയുള്ള പ്രതിഷേധത്തില്‍ 17 പേര്‍ക്കെതിരെയാണ് കേസെടുത്തത്. കടുത്ത നടപടികളാണ് എടുത്തിരിക്കുന്നത്. പരാതിയുണ്ടെങ്കില്‍ കൂടുതല്‍ പേര്‍ക്കെതിരെ നടപടി എടുക്കുമെന്നും ഡിജിപി ഉറപ്പുനല്‍കി.

തന്റെ പേഴ്‌സനല്‍ സെക്രടറിയോട് അമിത് ഷായെ വിളിച്ച് സംസാരിക്കാനും പ്രധാനമന്ത്രിയോട് തനിക്ക് സംസാരിക്കണമെന്നും കുത്തിയിരുന്നു കൊണ്ട് ഗവര്‍ണര്‍ ആവശ്യപ്പെട്ടിരുന്നു. പൊലീസിനെതിരേയും ഗവര്‍ണര്‍ ഗുരുതര ആരോപണം ഉന്നയിച്ചു. പ്രതിഷേധക്കാര്‍ക്ക് പൊലീസാണ് സംരക്ഷണമൊരുക്കുന്നതെന്നും പൊലീസ് സംക്ഷണത്തിലാണ് അവരെ അയക്കുന്നതെന്നുമാണ് ഗവര്‍ണര്‍ ആരോപിക്കുന്നത്. പൊലീസ് തന്നെ നിയമം ലംഘിച്ചാല്‍ ആരാണ് നിയമം സംരക്ഷിക്കുന്നത് എന്നും ഗവര്‍ണര്‍ ചോദിച്ചു.

Keywords: Minister V Sivan Kutty Criticized Governor Arif Muhammed Khan, Thiruvananthapuram, News, Minister V Sivan Kutty, Criticized, Governor Arif Muhammed Khan, Politics, Protest, Media, CM Pinarayi Vijayan, Kerala News. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia