India-Maldives Row | ഇന്ത്യയും മാലദ്വീപും തമ്മിലുള്ള പ്രശ്നമെന്ത്? നരേന്ദ്ര മോദിക്കെതിരായ പരാമർശം വിവാദമായതോടെ മാലദ്വീപിലെ 3 മന്ത്രിമാർക്ക് സസ്‌പെൻഷൻ; ഔദ്യോഗിക പ്രസ്താവനയുമിറക്കി

 


മാലി: (KVARTHA) പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയത് വൻ വിവാദമായതിനെ പിന്നാലെ മൂന്ന് മന്ത്രിമാരെ മാലിദ്വീപ് സർക്കാർ സസ്‌പെൻഡ് ചെയ്തു. മറിയം ഷിവുന, മൽഷ, ഹസൻ സിഹാൻ എന്നീ മന്ത്രിമാരെ സസ്‌പെൻഡ് ചെയ്തതായി മാലിദ്വീപ് സർക്കാർ വക്താവ് ഇബ്രാഹിം ഖലീലിനെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
  
India-Maldives Row | ഇന്ത്യയും മാലദ്വീപും തമ്മിലുള്ള പ്രശ്നമെന്ത്? നരേന്ദ്ര മോദിക്കെതിരായ പരാമർശം വിവാദമായതോടെ മാലദ്വീപിലെ 3 മന്ത്രിമാർക്ക് സസ്‌പെൻഷൻ; ഔദ്യോഗിക പ്രസ്താവനയുമിറക്കി

അടുത്തിടെ ലക്ഷദ്വീപ് സന്ദര്‍ശനത്തിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രങ്ങളും വീഡിയോകളും സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിരുന്നു. മാലദ്വീപിന് ബദലായി മറ്റൊരു വിനോദസഞ്ചാര കേന്ദ്രമാണ് ലക്ഷദ്വീപ് എന്ന തരത്തിലുള്ള ചര്‍ച്ചകളും ഇതിനിടെ ഉയർന്നുവന്നു. ഇതിന് പിന്നാലെയായിരുന്നു മാലദ്വീപ് മന്ത്രിമാരുടെ പരാമർശങ്ങൾ. മോദി കോമാളിയും ഇസ്രാഈലിന്‍റെ പാവയും എന്നായിരുന്നു യുവജന ശാക്തീകരണ ഉപമന്ത്രി മറിയം ഷിവുനയുടെ എക്സിലെ പോസ്റ്റ്.

ഇന്ത്യ മാലദ്വീപിനെ ലക്ഷ്യം വെക്കുന്നുവെന്നും ബീച്ച് ടൂറിസത്തില്‍ ഇന്ത്യ വെല്ലുവിളി നേരിടുന്നുണ്ടെന്നും മറ്റൊരു മന്ത്രിയായ അബ്ദുല്ല മഹ്സൂമും എക്‌സിൽ കുറിച്ചിരുന്നു. മന്ത്രിമാരുടെ പരാമര്‍ശങ്ങള്‍ നയതന്ത്രബന്ധത്തെ ബാധിക്കുന്ന ഘട്ടത്തിലേക്ക് നീങ്ങിയപ്പോഴാണ് മാലദ്വീപ് സർക്കാരിന്റെ നടപടിയുണ്ടായിരിക്കുന്നത്. മറിയം ഷിവുനയുടെ പ്രസ്താവന വ്യക്തിഗത അഭിപ്രായം മാത്രമാണെന്നും അത് സര്‍ക്കാര്‍ നയമല്ലെന്നും മാലദ്വീപ് ഭരണകൂടം ഔദ്യോഗിക വിശദീകരണം പുറത്തിറക്കുകയും ചെയ്തു.


സെലിബ്രിറ്റികളും രംഗത്തെത്തി

മറിയം ഷിവുനയുടെ പ്രസ്താവനയ്ക്കെതിരെ നടന്‍ അക്ഷയ്കുമാറിനെ പോലെ ഇന്ത്യയിലെ നിരവധി സെലിബ്രിറ്റികളും സാധാരണക്കാരും അതൃപ്തി പ്രകടിപ്പിച്ച് രംഗത്തുവന്നിരുന്നു. പ്രകോപനമില്ലാത്ത വിദ്വേഷം വെച്ചുപൊറുപ്പിക്കരുതെന്നും ഇന്ത്യയുടെ പ്രാദേശിക ടൂറിസത്തെ പിന്തുണയ്ക്കണമെന്നും അക്ഷയ് കുമാർ ഇന്ത്യക്കാരോട് അഭ്യർത്ഥിച്ചു. മാലദ്വീപ് ബഹിഷ്കരണ ആഹ്വാനം (#BycottMaldives) സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ട്രെൻഡുമായി.

മാലദ്വീപിലേക്കുള്ള യാത്ര നിരവധി ഇന്ത്യന്‍ സഞ്ചാരികള്‍ റദ്ദാക്കി സമൂഹമാധ്യമങ്ങളില്‍ പോസ്റ്റുകളുമിട്ടു. മറുവശത്ത്, മാലിദ്വീപിലെ ഒരു വിഭാഗം ആളുകളും മന്ത്രി മറിയത്തെയും പ്രസ്താവനകൾ നടത്തിയ മറ്റ് നേതാക്കളെയും വിമർശിച്ചു. മുൻ പ്രസിഡന്റ് മുഹമ്മദ് നഷീദ് പ്രസ്താവനയിൽ തന്റെ എതിർപ്പ് പ്രകടിപ്പിക്കുകയും ഇക്കാര്യത്തിൽ സർക്കാരിനെ ശുദ്ധീകരിക്കാൻ ഉപദേശിക്കുകയും ചെയ്തു.


ഇരു രാജ്യങ്ങൾക്കും പിന്നിലെ പ്രശനങ്ങൾക്ക് പിന്നിലെന്ത്?

മാലിദ്വീപും ഇന്ത്യയും തമ്മിലുള്ള ബന്ധത്തിൽ കഴിഞ്ഞ മാസങ്ങളിൽ മാറ്റങ്ങൾ കാണുന്നുണ്ട്. പ്രത്യേകിച്ച് 2023 നവംബറിൽ മുഹമ്മദ് മുയിസു പ്രസിഡന്റായതിന് ശേഷം ഇന്ത്യയുമായുള്ള ബന്ധം വഷളായിരുന്നു. മുയിസുവിന് മുമ്പ്, ഇബ്രാഹിം മുഹമ്മദ് സ്വാലിഹ് ആയിരുന്നു മാലിദ്വീപ്‌ പ്രസിഡണ്ട്. അദ്ദേഹത്തിന്റെ സർക്കാർ 'ഇന്ത്യ ആദ്യം' എന്ന നയം നടപ്പിലാക്കിയിരുന്നു.

'ഇന്ത്യ ഔട്ട്' എന്ന മുദ്രാവാക്യവുമായാണ് മുയിസു തിരഞ്ഞെടുപ്പിൽ മത്സരിച്ചത്. ഇന്ത്യയേക്കാൾ ചൈനയുമായി അടുത്തിടപഴകുന്നതായാണ് മുയിസുവിനെ കണക്കാക്കുന്നത്. മന്ത്രിമാരുടെ ആക്ഷേപകരമായ പ്രസ്താവനയ്ക്ക് ശേഷം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ അകലം ഇനിയും വർധിക്കുമെന്ന ആശങ്കയുണ്ട്.

Keywords: News, News-Malayalam-News, National, National-News, World, Maldives govt suspends 3 ministers after derogatory remarks on PM Modi.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia