Movie Review | മോഹൻലാലിന് പകരം മലൈക്കോട്ടൈ വാലിബനെ അവതരിപ്പിക്കാൻ പറ്റുന്നത് കമലഹാസന് മാത്രം

 


സിനിമാ റിവ്യൂ / സോണി കല്ലറയ്ക്കൽ

(KVARTHA)
ലിജോ ജോസ് പല്ലിശേരി സംവിധാനം ചെയ്ത മോഹൻലാൽ നായകനായ മലൈക്കോട്ടൈ വാലിബൻ നിറഞ്ഞ സദസിൽ പ്രദർശനം തുടരുകയാണ്. മലൈക്കോട്ടെ വാലിബനായി മോഹൻലാൽ ഓരോ സീനിലും നിറഞ്ഞാടുകയാണ് എന്ന് പറയേണ്ടി വരും. ശരിക്കും മോഹൻ ലാൽ എന്ന നടൻ്റെ പകർന്നാട്ടം തന്നെയാണ് ചിത്രത്തിലുടനീളം കാണാൻ കഴിയുക. തെന്നിന്ത്യൻ സിനിമയിൽ ലാലിന് അല്ലെങ്കിൽ കമലഹാസന് മാത്രമേ ഈ വേഷം ചെയ്യാനാവൂ എന്ന് പ്രേക്ഷകർ ചിന്തിച്ചാലും അതിൽ അത്ഭുതപ്പെടാനില്ല. വളരെ വർഷങ്ങൾക്ക് ശേഷമാണ് മോഹൻലാൽ എന്ന നടന് ഇങ്ങനെ ഒരു മികച്ച വേഷം കിട്ടുന്നതെന്ന് പറയേണ്ടി വരും.

Movie Review | മോഹൻലാലിന് പകരം മലൈക്കോട്ടൈ വാലിബനെ അവതരിപ്പിക്കാൻ പറ്റുന്നത് കമലഹാസന് മാത്രം

മോഹൻലാൽ എന്ന നടനോട് ഒരു രീതിയിലും ഇഷ്ടം തോന്നാത്ത കഥാപാത്രങ്ങൾ ആയിരുന്നു കഴിഞ്ഞ കുറെ സിനിമകളായി കണ്ടു വന്നത്. ലൂസിഫറിന് ശേഷം നല്ലൊരു മോഹൻലാൽ സിനിമ ഉണ്ടായിട്ടുണ്ടോ എന്നതും സംശയമാണ്. എന്നാൽ, മലൈക്കോട്ടൈ വാലിബൻ അങ്ങനെയല്ല. ഇതൊരു വമ്പൻ സിനിമ തന്നെയാണ്. മോഹൻലാൽ എന്ന നടനെ എല്ലാ രീതിയിലും ഉപയോഗിച്ച ഇതുപോലെ ഒരു സിനിമ ഈ അടുത്ത കാലത്ത് ഉണ്ടായിട്ടില്ല. ഇങ്ങനെ ഒരു സിനിമ തെരഞ്ഞെടുത്ത മോഹൻലാലും അഭിനന്ദനമർഹിക്കുന്നു.

സ്റ്റാറ്റിക് ഫ്രെമുകൾ സിനിമയിലെ ഫാന്റസി എലിമെന്റിനെ നന്നായി പിന്തുണച്ചിട്ടുണ്ട്. ഒരു ഒരു വിഷ്വൽ ട്രീറ്റ് തന്നെയാണ് ഈ സിനിമ സമ്മാനിക്കുന്നത്. ലിജോയുടെ ഏറ്റവും മികച്ച പരീക്ഷണ ചിത്രങ്ങളിൽ മുന്നിൽ തന്നെയാണ് വാലിബൻ. ലാഗ് ഉണ്ടോ എന്ന് ചോദിച്ചാൽ ലിജോ ജോസ് പെല്ലിശ്ശേരിയുടെ സിനിമകളിൽ ഉണ്ടാവാറുള്ള ലാഗ് ഇതിലും ഉണ്ട് എന്ന് പറയാതെ പറ്റില്ല. പറങ്കികളുമായുള്ള യുദ്ധ ശേഷം കുറച്ചു വലിച്ചു നീട്ടിയതായി തോന്നി. പടം കുറച്ചു കൂടി ട്രിം ചെയ്തിരുന്നു എങ്കിൽ ചെറിയ ലാഗ് ഒഴിവാക്കാമായിരുന്നു. എന്നിരുന്നാലും ലിജോയെ കൊണ്ട് അല്ലാതെ മറ്റാർക്കും ഇത്രയും വ്യത്യസ്തമായ സിനിമകൾ ചെയ്യാൻ പറ്റില്ല എന്നതും സത്യമാണ്.

മമ്മൂട്ടിയുടെ 'നൻപകൽ നേരത്ത് മയക്കം' എന്ന സിനിമ ഒക്കെ അതിന് ഉദാഹരണം തന്നെ. മോഹൻലാൽ എന്ന നടനെ എല്ലാ രീതിയിലും ഉപയോഗിച്ച ഒരു സിനിമയാണ് മലൈക്കോട്ടൈ വാലിബൻ. ഇതൊരു മാസ്റ്റർപീസ് സിനിമയാണ്, പഴയ സിനിമകളിലെ മോഹൻലാൽ ഹീറോയിസത്തെക്കുറിച്ച് നമുക്ക് മറക്കാം. ഇത് സിനിമയ്ക്ക് ശരിക്കും യോജിച്ച മറ്റൊരു തരത്തിലുള്ള അഭിനയമാണ് മോഹൻലാൽ കാഴ്ച വെയ്ക്കുന്നത്. സിനിമയുടെ കഥ പറയുന്നതിനെ വീണ്ടും മാപ്പ് ചെയ്യാൻ പ്രോത്സാഹിപ്പിച്ചതിന് എൽജെപിക്ക് വലിയ അഭിനന്ദനം. വിഷ്വൽസ് അതിശയകരമാണ്. സംവിധായകൻ്റെ മിടുക്ക് എളുപ്പം തിരിച്ചറിയാം. ഗാനങ്ങളും കഥയുമായി പൊരുത്തപ്പെടുന്നു. അതായത് നാടോടി ഗാനങ്ങൾ. എല്ലാ കഥാപാത്രങ്ങളും ശരിക്കും നന്നായി അഭിനയിച്ചിട്ടുണ്ട്, ഇത് ഒരു മലയാളം സിനിമയാണെന്ന് നമ്മൾ മറക്കും. നമ്മൾ എലവേറ്റഡ് ലെവൽ സിനിമ കാണാൻ തയ്യാറാണെങ്കിൽ, ഇത് കാണാൻ ഒരു മികച്ച സിനിമയാണ്.

ഈ സിനിമയിൽ ഒരു കാര്യം ശ്രദ്ധിച്ചാൽ മനസിലാകും. വളരെ അപൂർവമായ സിനിമകൾ പോർച്ചുഗീസ് ഭരണ ഭാഗം കാണിക്കുന്നു. എന്നാൽ ഈ സിനിമയിൽ അത് വളരെ യഥാർത്ഥ വഴി കാണിക്കുന്നു. മികച്ച ദിശ വിഷ്വൽ ഇഫക്റ്റുകളും കാസ്റ്റിംഗും വെൽഡൺ തന്നെ. ആകെ ഒരു പോരായ്മയായി തോന്നിയത് മൂന്ന് കാര്യങ്ങൾ ആണ്. മോഹൻലാലിൻ്റെ ശരീരം ഒരു മല്ലന് യോജിക്കത്തത് പോലെ തോന്നി. പറങ്കി കോട്ടയിലെ കോട്ടവാതിൽ ഒരു നിലവാരവും ഇല്ലാത്തത് ആയിരുന്നു. ആ സീനിൻ്റെ ക്വാളിറ്റി തന്നെ നശിപ്പിച്ചു, പേരടിയുമായിട്ടുള്ള ഇമോഷണൽ സീൻ അത്ര മികച്ചതായി തോന്നിയില്ല. ഹരീഷ് പേരടി നാടക കാലത്തെ ഓർമ്മിപ്പിച്ചു. ഒറ്റവാക്കിൽ, എന്തോ എച്ച്കെട്ടിയ ഫീൽ. മൊത്തത്തിൽ തീയേറ്ററിൽ ഇരുന്ന് കൊണ്ട് ഒരു നാടകം കണ്ട ഫീൽ നൽകാൻ പേരടിക്ക് കഴിഞ്ഞു എന്ന് പറയേണ്ടി വരും. അല്ലാതെ നോക്കിയാൽ തിയറ്റർ എക്സ്പീരിയൻസ് ചെയ്യുന്ന പടമാണ് മലൈകോട്ടൈ വാലിബൻ.

മലയാളത്തിൽ ഇന്നുവരെ കണ്ടിട്ടില്ലാത്ത ഒരു മേക്കിങ് സ്റ്റൈൽ. ഒരു നാടോടി കഥ, അതിനു ചേർന്നതായ വിഷ്വൽസ്. ഒരു പ്രത്യേകതരം നാടകീയത, പിന്നെ ഗംഭീര മ്യൂസിക്, മലയാളത്തിൻ്റെ സ്വന്തം മോഹൻലാലും ചേരുമ്പോൾ പടം സൂപ്പർ തന്നെ. ഈ സിനിമയിലെ ഡയലോഗ് പ്രസൻ്റേഷനെ സംബന്ധിച്ച് ചില വിമർശനങ്ങൾ ഉയർന്നിരുന്നു. അതിനെപ്പറ്റി തോന്നിയ ഒരു കാര്യം ഇതാണ്. ഇതിലെ ഡയലോഗ്സ് പറയുന്നത് വളരെ നാടകീയമായി തോന്നി എന്നുള്ള വിമർശനത്തിന് ഉത്തരം ഈ സിനിമയുടെ റിലീസിനു മുൻപേ സംവിധായകനും മോഹൻലാലും ഒക്കെ ഈ സിനിമയെ പറ്റി പറഞ്ഞതിൽ തന്നെ ഉണ്ട്. ഇത് ഒരു അമർച്ചിത്രകഥ പോലുള്ള സിനിമയാണ്. അമർചിത്രകഥ നമുക്ക് ആദ്യം വായിച്ചു തന്നത് അമ്മയാണ്. പിന്നീട് അക്ഷരം പഠിച്ചു. വായിക്കാൻ പരുവമായപ്പോൾ നമ്മൾ സ്വന്തമായി വായിക്കാൻ തുടങ്ങി.

അമ്മ വായിച്ചു തന്നതും നമ്മൾ സ്വന്തമായി വായിച്ചതും വാലിബനിൽ ഒരോരുത്തരും കേട്ടതും ഒരേ ഭാഷയാണ്. അത് മാത്രമാണ് ഉത്തരം. മോഹൻലാലിന്റെ എല്ലാ ഫൈറ്റുകളും ഒന്നിനൊന്നു മെച്ചം തന്നെയാണ്. മോഹൻലാൽ ഈ സിനിമയിൽ ഒന്നും ചെയ്തില്ല എന്ന് പറയുന്നു. പക്ഷെ ഈ സിനിമയ്ക്ക് ആവശ്യം ആയത് എന്താണോ അത് അങ്ങേര് ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്റെ കണ്ണുകൾ, ഡയലോഗ് ഡെലിവറി എല്ലാം അത്യന്തം ഗംഭീരം തന്നെ. മോഹൻലാൽ ആറാം തമ്പുരാനും ലൂസിഫറും ആകണമെന്ന് വാശി പിടിക്കുന്നവർക്ക് ഈ പടം ഇഷ്ടപ്പെടണമെന്നില്ല. കാരണം, അവർ ഇന്നും പഴയ കാലത്ത് ജീവിക്കുന്നു എന്ന് അർത്ഥം.

അത്ഭുതകഥകളുടെ വർണ്ണക്കാഴ്ചകൾ മിഴിവോടെ അവതരിപ്പിച്ചിരിക്കുന്നു വാലിബനിൽ. തീയേറ്ററിൽ മാത്രം കിട്ടുന്ന ഒരു അപൂർവ്വം ഫാൻ്റസി എക്സ്പീരിയൻസ് ആണ് മലൈക്കോട്ടൈ വാലിബൻ. സുന്ദരമായ നിറക്കൂട്ടുകളിലൊരുക്കിയ, ഇതുവരെ മലയാള സിനിമ കാണാത്ത അനുഭവം. എൽജെപി സിനിമകൾ ഇഷ്ടപ്പെടുന്ന ഒരാളാണോ നിങ്ങൾ, എങ്കിൽ ധൈര്യമായി പോയി കാണാൻ പറ്റുന്ന ഒരു നല്ല സിനിമ തന്നെ ആണ് മലൈക്കോട്ടൈ വാലിബൻ. വെറുതെ റിവ്യൂ ബോമ്പിംഗ് കണ്ട്, ആരും കാണാതെ ഇരിക്കരുത്. അങ്ങനെയെങ്കിൽ നിങ്ങൾക്ക് നഷ്ടപ്പെടുത്തുക ഒരു നല്ലൊരു തീയേറ്റർ എക്സ്പീരിയൻസ് തന്നെ ആയിരിക്കും. കുഞ്ഞു നാളിൽ വായിച്ച പല അമർച്ചിത്രകഥകളുടെയും മുത്തശ്ശിക്കഥകളുടേയുമൊക്കെ ഗംഭീരമായ ആവിഷ്‌കരണം ആണ് മലൈക്കോട്ടൈ വാലിബൻ.

മേക്കിംഗ് ക്വാളിറ്റി കൊണ്ടും അവതരണത്തിലെ വ്യത്യസ്തതകൾ കൊണ്ടും മലയാളികൾ ഇന്നുവരെ കാണാത്ത ഒരുതരം ദൃശ്യാനുഭവം. അതിൽ തന്നെ ഏറ്റവും ഇഷ്ടപ്പെട്ടത് ചിത്രത്തിലെ ഫാന്റസി എലമെന്റ് ആണ്. ലിജോ ജോസ് പെല്ലിശ്ശേരി എന്ന സംവിധായകന്റെ ക്രാഫ്റ്റ് എന്താണെന്നു ആ സീനിൽ നിന്നും മാത്രം വ്യക്തമാണ്. നമുക്കറിയാം പ്രേക്ഷകന് വേണ്ടി സിനിമ എടുക്കാതെ തന്റെ വഴിയേ പ്രേക്ഷകനെ നടത്തുന്ന സംവിധായകനാണ് ലിജോ ജോസ് പെല്ലിശ്ശേരിയെന്ന്. 'മാറാന്‍ ഒരു പ്ലാനും ഇല്ല, ആരെയും ഇംപ്രസ് ചെയ്യിക്കാനും ഇല്ല' എന്നുള്ള അദ്ദേഹത്തിന്റെ മുൻ വാചകം തന്നെ ആണ് മലൈക്കോട്ടൈ വാലിബൻ കണ്ടിറങ്ങുമ്പോഴും മനസിലേക്ക് ആദ്യം വന്നത്. ലിജോ എന്ന സംവിധായകന്റെ സിനിമയിൽനിന്ന് എന്താണോ പ്രതീക്ഷിക്കുന്നത് അത് തന്നെ ആണ് മലൈക്കോട്ടൈ വാലിബനിൽ നിന്നും കിട്ടിയത്.

'ചുരുളി’ക്ക് ശേഷം മധു നീലകണ്ഠന്‍ ഈ സിനിമയ്ക്ക് വേണ്ടി ക്യാമറ ചലിപ്പിക്കുന്നു. അദ്ദേഹം ക്യാമറ ചലിപ്പിക്കുമ്പോൾ രാജസ്ഥാന്‍റെ വരണ്ട ഭൂമികയുടെ ഭംഗി ശരിക്കും ദൃശ്യമാകുന്നു ഈ സിനിമയിൽ. ലോംഗ് ഷോട്ടുകള്‍ തൊട്ട് എക്സ്ട്രീം വൈഡ് ഷോട്ടുകൾ വരെ അതി ഗംഭീരമാണ്. അതിനൊപ്പം തന്നെ വൈൽഡ് വെസ്റ്റ് സിനിമകളെ അനുസ്മരിപ്പിക്കുന്ന കൗ ബോയ് ബി.ജി.എമ്മും പാൻ ഇന്ത്യൻ ഫോക്ക്ലോർ മ്യൂസിക്കും മനോഹരമായി. ബ്ലെൻഡ് ചെയ്ത പ്രശാന്ത് പിള്ളയുടെ സംഗീതവും എടുത്ത് പറയേണ്ടതാണ്. വാലിബൻ റിവ്യൂ രണ്ട് വരിയിലൊതുക്കാം. അതിഗംഭീര ദൃശ്യങ്ങളുടെ മഹാമേളം. ദൃശ്യങ്ങൾ കണ്ടാൽ തന്നെ
കൊടുത്ത കാശ് മുതലാകും. എല്ലാവരും തിയേറ്ററിൽ തന്നെ പോയി സിനിമ കാണുക.

Keywords: News, Movie Review, 'Malaikottai Vaaliban, Mohanlal, Cinema, Lijo Jose Pellissery, Article, Editor’s-Pick, 'Malaikottai Vaaliban' movie review.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia