Anticipatory Bail | മാധ്യമപ്രവര്‍ത്തകയെ അപമാനിച്ചെന്ന കേസില്‍ നടനും ബി ജെ പി നേതാവുമായ സുരേഷ് ഗോപിക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് ഹൈകോടതി

 


കൊച്ചി: (KVARTHA) മാധ്യമപ്രവര്‍ത്തകയെ അപമാനിച്ചെന്ന കേസില്‍ നടനും ബി ജെ പി നേതാവുമായ സുരേഷ് ഗോപിക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് ഹൈകോടതി. അറസ്റ്റ് ചെയ്താല്‍ ജാമ്യത്തില്‍ വിടാന്‍ കോടതി പൊലീസിന് നിര്‍ദേശവും നല്‍കി. ഹര്‍ജിയില്‍ സര്‍കാരിനോട് നിലപാടറിയിക്കാന്‍ കോടതി നിര്‍ദേശിച്ചിരുന്നു. നിലവില്‍ അറസ്റ്റിനുള്ള സാഹചര്യം ഇല്ലെന്ന് സര്‍കാര്‍ കോടതിയെ അറിയിച്ചു.

Anticipatory Bail | മാധ്യമപ്രവര്‍ത്തകയെ അപമാനിച്ചെന്ന കേസില്‍ നടനും ബി ജെ പി നേതാവുമായ സുരേഷ് ഗോപിക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് ഹൈകോടതി
കേസില്‍ ഗുരുതര വകുപ്പുകള്‍ കൂടി ചുമത്തിയ സാഹചര്യത്തിലാണ് സുരേഷ് ഗോപി മുന്‍കൂര്‍ ജാമ്യഹര്‍ജി സമര്‍പ്പിച്ചിരുന്നത്. കേസില്‍ സ്ത്രീത്വത്തെ അപമാനിച്ചെന്ന കുറ്റം (ഐ പി സി സെക്ഷന്‍ 354) കൂടി ചുമത്തിയെന്നും അഞ്ചുവര്‍ഷംവരെ തടവു ലഭിക്കാവുന്ന ജാമ്യമില്ലാത്ത കുറ്റമാണിതെന്നതിനാല്‍ അറസ്റ്റ് ചെയ്യുമെന്ന് ആശങ്കയുണ്ടെന്നും മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പറഞ്ഞിരുന്നു.

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ പണം നഷ്ടപ്പെട്ട നിക്ഷേപകര്‍ക്കുവേണ്ടി കരുവന്നൂരില്‍നിന്ന് തൃശൂരിലേക്ക് പ്രതിഷേധ മാര്‍ച് നടത്തിയതിലുള്ള വൈരാഗ്യമാണ് കേസെടുക്കാന്‍ കാരണമെന്നും ജാമ്യാപേക്ഷയില്‍ ആരോപിച്ചു. പരിപാടി കഴിഞ്ഞ് മടങ്ങുന്നതിനിടെ വഴി തടഞ്ഞ മാധ്യമ പ്രവര്‍ത്തകയെ മാറ്റുക മാത്രമാണ് ചെയ്തതെന്നും മോശമായി പെരുമാറിയിട്ടില്ലെന്നും ഹര്‍ജിയില്‍ പറയുന്നു.

ജനുവരി 17ന് മകളുടെ വിവാഹം ഗുരുവായൂരിലും തിരുവനന്തപുരത്ത് വിരുന്നും നടത്താന്‍ നിശ്ചയിച്ചിട്ടുണ്ട്. സിനിമ-രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ തനിക്ക് മുന്‍കൂര്‍ ജാമ്യം നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.

വാഹന നികുതി വെട്ടിച്ചതുമായി ബന്ധപ്പെട്ട് മറ്റൊരു കേസും തനിക്കെതിരെയുണ്ട്. രാഷ്ട്രീയ താല്‍പര്യങ്ങളാണ് തനിക്കെതിരായ കേസുകള്‍ക്ക് പിന്നിലെന്നും ഹര്‍ജിയില്‍ ബോധിപ്പിച്ചിരുന്നു.

ഒക്ടോബര്‍ 27ന് കോഴിക്കോട്ട് ഹോടെലില്‍ വച്ച് മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയായിരുന്നു പരാതിക്കിടയായ സംഭവം നടന്നത്. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്കിടെ മാധ്യമപ്രവര്‍ത്തകയുടെ ചുമലില്‍ പിടിക്കുകയായിരുന്നു. ഒഴിഞ്ഞുമാറിയ ശേഷവും ഇത് ആവര്‍ത്തിച്ചപ്പോള്‍ മാധ്യമപ്രവര്‍ത്തക കൈ തട്ടിമാറ്റി.

തുടര്‍ന്ന് സ്ത്രീത്വത്തെ അപമാനിക്കുകയും മോശം ഉദ്ദേശ്യത്തോടെ പെരുമാറുകയും ചെയ്ത സുരേഷ് ഗോപിക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് മാധ്യമപ്രവര്‍ത്തക സിറ്റി പൊലീസ് കമീഷണര്‍ക്ക് പരാതി നല്‍കി. നടക്കാവ് സ്റ്റേഷന്‍ പരിധിയില്‍ നടന്ന സംഭവമായതിനാല്‍ പരാതി നടക്കാവ് പൊലീസിന് കൈമാറുകയായിരുന്നു.

സംഭവം വിവാദമായതോടെ വാത്സല്യത്തോടെയാണ് മാധ്യമപ്രവര്‍ത്തകയോട് പെരുമാറിയതെന്നും മാനസിക ബുദ്ധിമുട്ട് അനുഭവപ്പെട്ടിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കുന്നുവെന്നും സുരേഷ് ഗോപി ഫേസ് ബുക് വീഡിയോയിലൂടെ പറഞ്ഞെങ്കിലും പരാതിക്കാരി കേസുമായി മുന്നോട്ട് പോവുകയായിരുന്നു.

കേസുമായി ബന്ധപ്പെട്ട് നവംബറില്‍ സുരേഷ് ഗോപി നടക്കാവ് പൊലീസ് സ്റ്റേഷനില്‍ ഹാജരായിരുന്നു. സംഭവത്തിന്റെ വീഡിയോ ക്ലിപുകള്‍ പരിശോധിച്ച പൊലീസ്, 17 മാധ്യമപ്രവര്‍ത്തകരുടെ മൊഴിയെടുത്തു. സംഭവം നടന്നുവെന്ന് പറയുന്ന ഹോടെലിലെ ജീവനക്കാരുടെയും സെക്യൂരിറ്റി ജീവനക്കാരുടെയും മൊഴികളും രേഖപ്പെടുത്തി.

Keywords:  Kerala HC grants anticipatory bail to Suresh Gopi in woman journalist’s case, Kochi, News, Kerala HC,  Grants Anticipatory Bail, Actor Suresh Gopi, Allegation, Petition, Politics, Kerala News. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia