Youth Award | കേരള ഫോക് ലോര്‍ അകാഡമി യുവപ്രതിഭാ പുരസ്‌കാരം ശരത് കൃഷ്ണന്

 


കണ്ണൂര്‍: (KVARTHA) മയ്യില്‍ പൊറോളം സ്വദേശിയായ ശരത് കൃഷ്ണന് നാടന്‍ പാട്ടില്‍ കേരള ഫോക് ലോര്‍ അകാഡമിയുടെ യുവപ്രതിഭാ പുരസ്‌കാരം ലഭിച്ചു. തായം പൊയില്‍ സഫ്ദര്‍ ഹാശ്മി ഗ്രന്ഥാലയം നിര്‍വാഹക സമിതി അംഗമാണ്.

Youth Award | കേരള ഫോക് ലോര്‍ അകാഡമി യുവപ്രതിഭാ പുരസ്‌കാരം ശരത് കൃഷ്ണന്

ആദിവാസി ഊരുകളില്‍ ഉള്‍പെടെ താമസിച്ച് മണ്‍മറഞ്ഞു പോകുന്ന നാടന്‍ പാട്ടുകള്‍ ശേഖരിച്ച് പുതിയ തലമുറയിലേക്ക് പകര്‍ന്നു കൊടുക്കുന്ന ശ്രമകരമായ പ്രവര്‍ത്തനം തുടരുന്ന ശരത് ഉത്തരകേരളത്തിലെ പ്രധാന നാടന്‍ പാട്ടരങ്ങ് സമിതിയായ കണ്ണൂര്‍ മയ്യില്‍ അഥീന നാടക- നാട്ടറിവ് വീട്ടിലെ പ്രധാന കലാകാരനും പ്രോഗ്രാം കോ-ഓര്‍ഡിനേറ്ററും ആണ്.

കേരള സാംസ്‌കാരിക വകുപ്പ് വജ്ര ജൂബിലി ഫെലോഷിപ് ജേതാവുകൂടിയായ ശരത് കൃഷ്ണന്‍ വജ്ര ജൂബിലി ഫെലോഷിപ് പദ്ധതി ഇരിക്കൂര്‍ ബ്ലോക് കണ്‍വീനറുമാണ്. 2015 മുതല്‍ നാടന്‍ കലാ - നാടന്‍പാട്ട് പരിശീലന രംഗത്ത് പ്രവര്‍ത്തിച്ചു വരുന്ന ശരത് പരിശീലനം നല്‍കിയ ടീമുകള്‍ സമ്മാനങ്ങള്‍ നേടിയെടുക്കുന്നത് തുടര്‍ക്കഥയാണ്.

ജില്ലാ സംസ്ഥാന കേരളോത്സവം, യുവജനക്ഷേമ ബോര്‍ഡ് സംഘടിപ്പിക്കുന്ന സംസ്ഥാന തല നാടന്‍ പാട്ടുമത്സരം 'മണിനാദം', സ്‌കൂള്‍ കലോത്സവം, കണ്ണൂര്‍ യൂനിവേഴ്‌സിറ്റി കലോത്സവം, കുടുംബശ്രീ ഫെസ്റ്റ്, ആശ ഫെസ്റ്റ്, ലൈബ്രറി കൗണ്‍സില്‍ സര്‍ഗോത്സവം, സംസ്ഥാന റവന്യു കലോത്സവം, സംസ്ഥാന എന്‍ ജി ഒ കലോത്സവം, ദേശാഭിമാനി അറിവരങ്ങ്, ഇന്റര്‍പോളി കലോത്സവം, സ്റ്റേറ്റ് ജി സി ഐ ഫെസ്റ്റ്, കുസാറ്റ് സര്‍വകലാശാല കലോത്സവം തുടങ്ങിയ മേളകളിലെല്ലാം ശരതിന്റെ ശിഷ്യര്‍ സമ്മാനങ്ങള്‍ നേടിയെടുത്തിട്ടുണ്ട്.

ഗര്‍ഭ രക്ഷാര്‍ഥം സ്ത്രീകളെ പുരസ്‌കരിച്ച് ഏഴാം മാസത്തില്‍ നടത്താറുള്ള അനുഷ്ടാന പരമായ ഗര്‍ഭ ബലി കര്‍മവുമായി ബന്ധപ്പെട്ട് പുലയ സമുദായക്കാര്‍ പാടി വരുന്ന കെന്ത്രോന്‍ പാട്ട് (ഗന്ധര്‍വന്‍ പാട്ട് ), വയനാട്ടിലെ ആദിവാസി വിഭാഗമായ പണിയര്‍ അവരുടെ ആചാര- അനുഷ്ഠാന- ആഘോഷ വേളകളില്‍ പാടി വരുന്ന വട്ടക്കളിയുടെ പോര്‍ക്കളി പാട്ട്, കണ്ണൂര്‍ ജില്ലയിലെ പുലയ സമുദായക്കാര്‍ക്കിടയില്‍ പാടി വരുന്ന കുറത്തി തെയ്യത്തിന്റെ തോറ്റം, വയനാട്ടിലെ ഗോത്ര വിഭാഗമായ പണിയരുടെ കമ്പള കളി പാട്ട്, മലയ സമുദായത്തിന്റെ ഭൈരവന്‍ പാട്ട്, കൂടാതെ കണ്ണേറ് പാട്ട്, വേടന്‍ പാട്ട്, മരുന്നേറ്റു കുളി പാട്ട്, തച്ചു മന്ത്ര പാട്ട്, മാരന്‍ പാട്ട്, മടയില്‍ ചാമുണ്ഡി അമ്മ തോറ്റം, പുലയ സമുദായത്തിന്റെ കൂളികെട്ട് പാട്ട്, തെയ്യാട്ട് പാട്ട്, ഉച്ചാറ് പാട്ട്, അരവ് പാട്ട്, മാരി തെയ്യത്തിന്റെ തോറ്റം, കാതു കുത്ത് കല്യാണ പാട്ട്, തെരണ്ടു കല്യാണ പാട്ട്, വടക്കു പുറത്തു വിളക്ക് വെച്ചു പാട്ട് തുടങ്ങിയ ഒട്ടനവധി പാട്ടുകള്‍ നിരവധി തവണ വേദിയില്‍ എത്തിച്ചു.

മറ്റു പല മേഖലകളില്‍ നിന്നുമായി പടവെട്ട് പാട്ട്, ചെങ്ങന്നൂര്‍ ആദി പാട്ട്, മരം കൊട്ട് പാട്ട്, കൃഷി പാട്ടുകള്‍, കളി പാട്ടുകള്‍, തുടങ്ങി മുപ്പതില്‍ പരം പാട്ടുകള്‍ ശരത് വേദികളിലെത്തിച്ചു. കേരളത്തിനകത്തും പുറത്തുമായി ഇരുന്നൂറില്‍ പരം സംഘങ്ങളെയും ആയിരത്തില്‍ പരം ശിഷ്യന്മാരെയും ചുരുങ്ങിയ കാലയളവില്‍ സ്വന്തമാക്കാനായതാണ് ശരത്തിന്റെ കലാജീവിതത്തിലെ വലിയ നേട്ടം.

Keywords: Kerala Folk Lore Academy Yuva Pratibha Award to Sarath Krishnan, Kannur, News, Kerala Folk Lore Academy Yuva Pratibha Award, Sarath Krishnan, Winner, Students, Competition, School Fest, Kerala News. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia