Petition | തിരുത്താന്‍ നോക്കേണ്ട, റബര്‍ വിലയിടിവ് വിഷയത്തില്‍ ഒട്ടും പിന്നോട്ടില്ല; നവകേരള സദസില്‍ തോമസ് ചാഴികാടന്‍ എംപി ഉയര്‍ത്തിയ അതേവിഷയം ഉന്നയിച്ച് മുഖ്യമന്ത്രിയെ കണ്ട് നിവേദനം നല്‍കി കേരളാ കോണ്‍ഗ്രസ്(എം) നേതാക്കള്‍

 


കോട്ടയം: (KVARTHA) റബര്‍ വിലയിടിവ് വിഷയത്തില്‍ ഒട്ടും പിന്നോട്ടില്ലെന്ന് തെളിയിച്ച് കേരളാ കോണ്‍ഗ്രസ്(എം) നേതാക്കള്‍. നവകേരള സദസില്‍ പിണറായി വിജയന് മുന്നില്‍ തോമസ് ചാഴികാടന്‍ എംപി ഉയര്‍ത്തിയ അതേവിഷയം തന്നെ ഉന്നയിച്ച് മുഖ്യമന്ത്രിയെ കണ്ട് നിവേദനം നല്‍കിയിരിക്കയാണ് നേതാക്കള്‍.

നവകേരള സദസിനിടെ പാലായില്‍ വച്ചായിരുന്നു റബര്‍ കര്‍ഷകരുടെ പ്രതിസന്ധിയും വിലയിടിവും തോമസ് ചാഴികാടന്‍ എംപി മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തിയത്. എന്നാല്‍ എംപി ഇക്കാര്യം പൊതുമധ്യത്തില്‍ അവതരിപ്പിച്ചത് മുഖ്യമന്ത്രിയെ അസ്വസ്ഥനാക്കിയിരുന്നു. തുടര്‍ന്ന് ചാഴികാടനെ മുഖ്യമന്ത്രി തിരുത്താന്‍ ശ്രമിച്ചത് വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു.

Petition | തിരുത്താന്‍ നോക്കേണ്ട, റബര്‍ വിലയിടിവ് വിഷയത്തില്‍ ഒട്ടും പിന്നോട്ടില്ല; നവകേരള സദസില്‍ തോമസ് ചാഴികാടന്‍ എംപി ഉയര്‍ത്തിയ അതേവിഷയം ഉന്നയിച്ച് മുഖ്യമന്ത്രിയെ കണ്ട് നിവേദനം നല്‍കി കേരളാ കോണ്‍ഗ്രസ്(എം) നേതാക്കള്‍
 
എന്നാല്‍ വിവാദം ചൂടുപിടിക്കുമ്പോഴും ഒരക്ഷരം ഉരിയാടാതെ മാറി നില്‍ക്കുകയായിരുന്നു ജോസ് കെ മാണി അടക്കമുള്ള മുതര്‍ന്ന നേതാക്കള്‍. എന്നാല്‍ ഇപ്പോള്‍ വിഷയത്തില്‍ നിന്നും പിന്നോട്ടില്ലെന്ന് വ്യക്തമാക്കുകയാണ് നേതാക്കള്‍. ഇതിന്റെ ഭാഗമായി തന്നെയാണ് തോമസ് ചാഴികാടനുള്‍പെടെയുള്ള പാര്‍ടി ജനപ്രതിനിധികള്‍ ഒന്നിച്ച് മുഖ്യമന്ത്രിയെ കണ്ടത്.

റബറിന് കിലോഗ്രാമിന് 250 രൂപ ഉറപ്പാക്കണമെന്നാവശ്യപ്പെട്ടാണ് കേരളാ കോണ്‍ഗ്രസ് (എം) പാര്‍ലമെന്ററി പാര്‍ടി നേതാക്കള്‍ ചെയര്‍മാന്‍ ജോസ് കെ മാണി എം പി യുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രിയെ കണ്ട് നിവേദനം നല്‍കിയത്.

റബര്‍ വിലയിടിവ് വിഷയത്തില്‍ പിന്നോട്ടില്ലെന്നും നേതാക്കള്‍ വ്യക്തമാക്കുന്നു. അടുത്ത ബജറ്റില്‍ വില 250 രൂപയാക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെടുന്നു. തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ വിഷയത്തില്‍ പിന്നോട്ട് പോകുന്നത് ദോഷമാകുമെന്ന വിലയിരുത്തലാണ് ഇപ്പോള്‍ നേതാക്കളെ ഇത്തരമൊരു നിവേദനം നല്‍കാന്‍ പ്രേരിപ്പിച്ചതെന്നുള്ള വിലയിരുത്തലുകളും ഉണ്ട്. മുഖ്യമന്ത്രിയും വിഷയത്തില്‍ അനുകൂലമായ പ്രതികരണമാണ് നടത്തിയത്.

കേരളത്തില്‍ റബര്‍ കൃഷി ഇല്ലാതാക്കാന്‍ കേന്ദ്രസര്‍കാര്‍ നടത്തുന്ന ശ്രമങ്ങളെ പ്രതിരോധിക്കേണ്ടത് അനിവാര്യമാണ്. റബര്‍കൃഷിയുമായി മുന്നോട്ടുപോയാല്‍ ജീവിക്കാന്‍ കഴിയില്ലെന്ന കര്‍ഷകരുടെ ആശങ്ക പരിഹരിക്കപ്പെടണം. മുഖ്യമന്ത്രി ഇക്കാര്യത്തില്‍ അടിയന്തിരമായി ഇടപെട്ട് റബറിന് കിലോഗ്രാമിന് 250 രൂപ ഉറപ്പാക്കാന്‍ ആവശ്യമായ തീരുമാനം കൈക്കൊള്ളണമെന്നും നേതാക്കള്‍ അഭ്യര്‍ഥിച്ചു. 250 രൂപയെങ്കിലും ഉറപ്പാക്കിയില്ലെങ്കില്‍ കര്‍ഷകര്‍ റബര്‍ കൃഷി തന്നെ ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതരാകുമെന്നും നേതാക്കള്‍ മുഖ്യമന്ത്രിയെ ബോധ്യപ്പെടുത്തി.

കോംപെറ്റീഷന്‍ കമീഷന്‍ ഓഫ് ഇന്‍ഡ്യ റബര്‍ കംപനികളില്‍ നിന്നും ഈടാക്കാന്‍ നിശ്ചയിച്ചിട്ടുള്ള നഷ്ടപരിഹാരതുക ലഭ്യമാക്കുന്നത് സംബന്ധിച്ച കേസ് സുപ്രീംകോടതി മുമ്പാകെ നടന്നുവരുകയാണ്. ഇതില്‍ സംസ്ഥാനത്തെ കര്‍ഷകരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെടുന്നു.

1947 ലെ റബര്‍ ആക്ട് പരിഷ്‌കരിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. പരിഷ്‌ക്കരിക്കുന്ന നിയമത്തില്‍ റബറിന്റെ അടിസ്ഥാന വില ഉറപ്പുവരുത്താന്‍ ക്ലോസ് ഉള്‍പെടുത്താനുള്ള നിര്‍ദേശം സംസ്ഥാന സര്‍കാര്‍ കേന്ദ്രസര്‍കാരിന് നല്‍കേണ്ടതാണ്. നിലവിലെ നിയമപ്രകാരം റബര്‍ ടാപിംഗ് തൊഴിലാളികള്‍ക്ക് സാധാരണ തൊഴിലാളികള്‍ക്ക് ലഭിക്കുന്ന ആനൂകൂല്യങ്ങള്‍ കൊടുക്കുവാന്‍ വ്യവസ്ഥയില്ല.

പുതിയ നിയമത്തില്‍ റബര്‍ ടാപിംഗ് തൊഴിലാളികള്‍ക്ക് ആവശ്യമായ ആനുകൂല്യങ്ങള്‍ ലഭിക്കുവാനുള്ള നിയമവ്യവസ്ഥകള്‍ കൂടി ഉള്‍പെടുത്തുന്നതിനുള്ള നിര്‍ദേശം സംസ്ഥാന സര്‍കാരിന്റെ ഭാഗത്തുനിന്നും നല്‍കേണ്ടതാണെന്നും നിവേദനത്തില്‍ അഭ്യര്‍ഥിച്ചിട്ടുണ്ട്.

Keywords: Kerala Congress(M) leaders met the Chief Minister and submitted a petition, Kottayam, News, Politics, Kerala Congress(M) Leaders, Visit, Chief Minister, Pinarayi Vijayan, Petition, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia