K C Venugopal | ആലപ്പുഴയുടെ മണ്ണിൽ പോരിനായി ഇറങ്ങുമോ? കേരളത്തിൽ നിന്നുള്ള ഓഫറിനോട് പ്രതികരിക്കാതെ കെ സി വേണുഗോപാൽ

 


/ ഭാമനാവത്ത്
 
കണ്ണൂർ: (KVARTHA) ഏറെ സമ്മർദങ്ങളുണ്ടെങ്കിലും എഐസിസി സംഘടനാ ജെനറല്‍ സെക്രടറി കെ സി വേണുഗോപാല്‍ ലോക്സഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള സാധ്യത കുറഞ്ഞതായി റിപോർട്. കഴിഞ്ഞ തവണ നഷ്ടപ്പെട്ട ആലപ്പുഴ തിരിച്ചു പിടിക്കാന്‍ കെ സി വേണുഗോപാല്‍ ഇറങ്ങണമെന്ന ആവശ്യം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കിടയില്‍ ശക്തമാണെങ്കിലും ദേശീയതലത്തിലെ സംഘടനാ ചുമതലകളുടെ തിരക്കാണ് മത്സരത്തില്‍ നിന്ന് കെ സിയെ പിന്തിരിപ്പിക്കുന്ന ഘടകമെന്ന് അറിയുന്നു. കെ സി ഇല്ലെങ്കില്‍ പകരം ആരെ ആലപ്പുഴയില്‍ മത്സരിപ്പിക്കണമെന്ന ചോദ്യത്തിനുളള ഉത്തരം കണ്ടെത്താനും കോണ്‍ഗ്രസിനായിട്ടില്ല.
  
K C Venugopal | ആലപ്പുഴയുടെ മണ്ണിൽ പോരിനായി ഇറങ്ങുമോ? കേരളത്തിൽ നിന്നുള്ള ഓഫറിനോട് പ്രതികരിക്കാതെ കെ സി വേണുഗോപാൽ

ഒരു മാസം മുൻപ് കെ സി വേണുഗോപാൽ ആലപ്പുഴയിൽ ഇറങ്ങണമെന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരെ സാക്ഷിയാക്കി രമേശ് ചെന്നിത്തല മുന്നോട്ടു വച്ച നിര്‍ദേശം സ്വീകരിക്കാൻ കെ സി വേണുഗോപാല്‍ ഇല്ലെന്ന സൂചനകളാണ് കോണ്‍ഗ്രസ് കാംപിൽ നിന്ന് പുറത്തു വരുന്നത്. ഏതു പ്രതികൂല സാഹചര്യത്തിലും ആലപ്പുഴയില്‍ വേണുഗോപാല്‍ മല്‍സരിച്ചാല്‍ ജയമുറപ്പാണെന്ന് കോണ്‍ഗ്രസുകാരന്നൊടങ്കം അവകാശപ്പെടുന്നുണ്ട്.

എഐസിസി ജെനറല്‍ സെക്രടറി പദത്തിന് പുറമേ രണ്ടാം ഭാരത് ജോഡോ ന്യായ് യാത്രയുടെ നടത്തിപ്പും ഇൻഡ്യ മുന്നണിയുടെ ഏകോപനവും ഉള്‍പ്പെടെ ദേശീയ തലത്തിലെ സംഘടനാ ചുമതലകളുടെ ബാഹുല്യത്തിനിടയില്‍ കെ സിക്ക് ആലപ്പുഴയില്‍ പ്രചാരണ രംഗത്ത് കേന്ദ്രീകരിക്കാനാവില്ലെന്നതാണ് മത്സരത്തില്‍ നിന്ന് പിന്തിരിപ്പിക്കുന്ന പ്രധാന ഘടകം. താന്‍ നേരിട്ട് പ്രചാരണം നിയന്ത്രിച്ചില്ലെങ്കില്‍ ജയിക്കാന്‍ എളുപ്പമല്ലാത്ത മണ്ഡലമാണ് ആലപ്പുഴയെന്ന തിരിച്ചറിവും മറ്റാരെക്കാളും കെ സിക്കുണ്ട്. കഴിഞ്ഞ മൂന്നു മാസത്തിനിടെ കേവലം ഒന്നോ രണ്ടോ തവണ മാത്രമാണ് കെസി ആലപ്പുഴയില്‍ എത്തിയത് എന്നതും മത്സര രംഗത്തേക്ക് അദ്ദേഹം വരില്ലെന്നതിന്റെ സൂചനയായി വിലയിരുത്തപ്പെടുന്നു.

ലോക്സഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനേക്കാള്‍ 2026ല്‍ നടക്കാനിടയുളള നിയമസഭ തിരഞ്ഞെടുപ്പിലൂടെ സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരിച്ചു വരികയാണ് വേണുഗോപാലിന്‍റെ ലക്ഷ്യമെന്ന് കരുതുന്നവരും ഏറെയുണ്ട്. കോണ്‍ഗ്രസില്‍. ഇപ്പോള്‍ രാജസ്താനില്‍ നിന്നുളള രാജ്യസഭ അംഗമായ കെസിയുടെ എം പി എന്ന നിലയിലുളള കാലാവധി അവസാനിക്കുന്നതും 2026ലാണ് എന്നത് മറ്റൊരു യാദൃശ്ചികതയാണ്.
ലോക്സഭയിലേക്ക് വേണുഗോപാല്‍ മല്‍സരിക്കണമെന്ന ആവശ്യമുയര്‍ത്തുന്ന പ്രധാന കോണ്‍ഗ്രസ് നേതാക്കളുടെ ലക്ഷ്യം ആലപ്പുഴയിലെ ജയം മാത്രമല്ല. സംസ്ഥാന രാഷ്ട്രീയത്തില്‍ നിന്ന് അദ്ദേഹത്തെ അകറ്റി നിര്‍ത്തുക കൂടിയാണെന്നാണ് പറയുന്നത്.

കടുപ്പമുള്ളൊരു മല്‍സരത്തിനിറങ്ങി തിരിച്ചടിയുണ്ടായാല്‍ സംസ്ഥാനത്തേക്കുളള കെ സിയുടെ തിരിച്ചു വരവിനെ അത് ബാധിക്കുമെന്ന തിരിച്ചറിവും വേണുഗോപാല്‍ പക്ഷത്തിനുണ്ട്. ഇതൊക്കെയെങ്കിലും ആലപ്പുഴ തിരിച്ചു പിടിക്കാന്‍ കെ സി അല്ലെങ്കില്‍ മറ്റാരെന്ന കാര്യത്തില്‍ കോണ്‍ഗ്രസില്‍ ആശയക്കുഴപ്പം തുടരുകയാണ്. അതുകൊണ്ടു തന്നെ അനുയോജ്യ സ്ഥാനാര്‍ഥിയെ കിട്ടിയില്ലെങ്കില്‍ എത്ര റിസ്കെടുത്തും കെ സിയെ പാര്‍ടിക്കു വേണ്ടി ആലപ്പുഴയിലിറക്കാൻ ഹൈകമാൻഡ് നിർബന്ധിതമായേക്കും.
  
K C Venugopal | ആലപ്പുഴയുടെ മണ്ണിൽ പോരിനായി ഇറങ്ങുമോ? കേരളത്തിൽ നിന്നുള്ള ഓഫറിനോട് പ്രതികരിക്കാതെ കെ സി വേണുഗോപാൽ

Keywords: News, News-Malayalam-News, Kerala, Politics,K C Venugopal, Congress, Kannur, Lok Sabha Election,  Alappuzha, Ramesh Chennithala, Bharat Jodo Nyay Yatra, KC Venugopal may not contest from Alappuzha.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia