Follow KVARTHA on Google news Follow Us!
ad

K S Chithra | കെഎസ് ചിത്ര പറഞ്ഞത് ശരിയോ? 'മലയാളത്തിൻ്റെ വാനമ്പാടി' വെറുതെ കുഴിയിൽ വീഴരുത്

ജനുവരി 22 ന് നെഞ്ചുപൊട്ടുന്ന ഒരു വലിയ വിഭാഗം മനുഷ്യരുണ്ട് ഇവിടെ K S Chithra, Ram temple, Social Media,
_കെ ആർ ജോസഫ് മുണ്ടക്കയം_

(KVARTHA) 'അയോധ്യാ രാമക്ഷേത്രത്തിൻ്റെ പ്രതിഷ്ഠാദിനമായ ജനുവരി 22 ന് എല്ലാവരും ഉച്ചയ്ക്ക് 12.20ന് ശ്രീരാമ ജയരാമ, ജയജയ രാമ എന്ന മന്ത്രം ജപിച്ചുകൊണ്ടിരിക്കണം, അതുപോലെ വൈകുന്നേരം അഞ്ച് മണിക്ക് തിരിയുള്ള വിളക്ക് വീടിൻ്റെ നാനാഭാഗത്തും തെളിയിക്കണം. ഭഗവാൻ്റെ അനുഗ്രഹം പൂർണ്ണമായി എല്ലാവർക്കും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു', എന്ന് കഴിഞ്ഞ ദിവസം പ്രശസ്ത ഗായിക കെ.എസ് .ചിത്ര പറഞ്ഞിരുന്നു . ഇത് ഇപ്പോൾ വലിയ വിവാദമായിരിക്കുകയാണ്. എല്ലാവർക്കും ഈ രാജ്യത്ത് അവരുടെ മതത്തിൽ വിശ്വസിക്കാനും അനുഷ്ഠാനങ്ങൾ നടത്താനും അവകാശമുണ്ട്. അത് നിഷേധിക്കുന്നില്ല. അയോധ്യാ
രാമക്ഷേത്രത്തിൻ്റെ പ്രതിഷ്ഠാ ദിനമായ ജനുവരി 22 ന് നെഞ്ചുപൊട്ടുന്ന ഒരു വലിയ വിഭാഗം മനുഷ്യരുണ്ട് ഈ ഭാരതത്തിൽ. അത് മനസിലാക്കാതെയാണോ മനസിലാക്കിയാണോ ചിത്ര ഇത് പറഞ്ഞതെന്ന് വ്യക്തമല്ല.
 
K S Chithra under social media fire for remarks on Ram temple.

ഇതിന് മുൻപ് അവിടെ ഒരുകൂട്ടം വിശ്വാസികളുടെ ഒരു പള്ളിയുണ്ടായിരുന്നു. ചിലരുടെയൊക്കെ
സ്വാർത്ഥതാല്പര്യ പ്രകാരം അത് പൊളിച്ച് അതിൻ്റെ മുകളിൽ പടുത്തുയർത്തിയതാണ് ഈ ക്ഷേത്രമെന്ന് ചിത്രയെപ്പോലെയുള്ള സെലിബ്രിറ്റികൾ ഓർത്താൽ നന്ന്. മലയാളത്തിൻ്റെ വാനമ്പാടി എന്ന് അറിയപ്പെടുന്ന കെ.എസ് ചിത്രയെയും അവരുടെ പാട്ടിനെയും ജാതിയെയും മതത്തെക്കാളും ഒക്കെ ഇഷ്ടപ്പെടുന്ന വലിയയൊരു ജനത നമ്മുടെ നാട്ടിൽ ഉണ്ട്. ഈ പറയുന്നവരുടെയൊക്കെ പൊതുസ്വത്തായ ചിത്രയെന്ന് ഗായിക ഒരുപക്ഷത്തുനിന്ന് സംസാരിച്ചത് ഒരിക്കലും ശരിയായില്ല. ചിത്ര ഇത് അറിയാതെയാണ് പറഞ്ഞത് എന്നതിൽ എന്തെങ്കിലും കഴമ്പുണ്ടോ..? കഴിഞ്ഞ ദിവസം അയോധ്യയിൽ നിന്നുള്ള അക്ഷതം ആർ.എസ്.എസിൽ നിന്ന് ചിത്ര സ്വീകരിക്കുന്നതിൻ്റെ വീഡിയോ വൈറൽ ആയിരുന്നു. ആ നിലയ്ക്ക് എങ്ങനെ ചിത്രയെ ആളുകൾക്ക് ന്യായീകരിക്കാൻ സാധിക്കും.

ബാബറി മസ്ജിദ് പൊളിച്ചപ്പോൾ മനുഷ്യഹൃദയങ്ങളാണ് ഇവിടെ വെട്ടിമുറിക്കപ്പെട്ടത്. ശരിക്കും നമ്മുടെ നാടിനെ തന്നെ വെട്ടിമുറിക്കുകയായിരുന്നു. ഈ വിഷയം രാജ്യത്തെ സ്നേഹിക്കുന്ന നല്ല മനസ്സുള്ള ഒരു വ്യക്തിയ്ക്കും അംഗീകരിക്കാൻ ആവുന്നതല്ല. അത് അവർ ഏത് മതത്തിൽപ്പെട്ടവർ ആണെങ്കിലും. ചിത്ര മലയാളികളുടെ പൊതുസ്വത്താണ്. ചിത്രയെ ഒരോ മലയാളിയും സ്നേഹിച്ചത് ഒരു മതത്തിൻ്റെ പേരിൽ അല്ല. ചിത്ര ഇവിടെ ഏതെങ്കിലും മതത്തിൻ്റെ വക്കാലത്ത് ഏറ്റെടുക്കുന്നതാണ് പ്രശ്നം. ഭാരതത്തിലെ ഭൂരിപക്ഷം പേരും വെറുക്കുന്ന ഒരു വർഗീയ പാർട്ടി കാട്ടിക്കൂട്ടുന്ന കോപ്രായത്തിന് കുടപിടിക്കാൻ ഇറങ്ങിയാൽ ജനം പ്രതികരിക്കും. അതിനെ ഓർത്ത് ചിത്ര വിഷമിച്ചിട്ട് കാര്യമില്ല. ബാബറി മസ് ജിദ് നിലനിൽക്കുന്നത് സ്വന്തം ഭൂമിയിലാണെന്ന് ഇന്ത്യയിലെ പരമോന്നത കോടതി വ്യക്തമാക്കിയതാണ്. ബാബറി മസ് ജിദ് ഏതെങ്കിലും ക്ഷേത്രം തകർത്ത് നിർമ്മിച്ചതല്ലെന്നും അവർ വിധിയിൽ വ്യക്തമാക്കിയിട്ടുണ്ട്.

ഇപ്പോൾ ഈ ക്ഷേത്രം നിർമ്മിക്കുന്നത് പള്ളിയുടെ സ്ഥലത്ത് ആണ്. അതൊരിക്കലും രാമജന്മ ഭൂമിയാകില്ല. ഒന്ന് അല്ല നൂറ് ക്ഷേത്രങ്ങൾ നിർമ്മിച്ചാലും ഇത് ബാബറിയുടെ ഭൂമിയായി തുടരും. ഈ സത്യം മനസിലാക്കിയവർ ആണ് കെ.എസ്.ചിത്രയ്ക്കെതിരെ പ്രതികരിക്കുന്നത് എന്ന് മനസിലാക്കുക. ഒരു ക്ഷേത്രം പൊളിച്ച് പള്ളി പണിത് അഞ്ചുനേരം നിസ്ക്കരിക്കാൻ എ.ആർ.റഹ് മാൻ പറഞ്ഞാൽ ചിത്ര അയാൾക്ക് പോയി കൈകൊടുക്കുമോ..? അതുപോലെ തന്നെയല്ലെ ഇതും എന്ന് ചിത്ര ചിന്തിച്ചാൽ നന്നായിരുന്നു. അമ്പലത്തിൻ്റെ പണി തീരുമുൻപേ അത് കർമ്മി അല്ലാത്ത ഒരാൾ തുറന്നുകൊടുക്കുകയാണ്. ഇതിനെയൊക്കെ പിന്തുണയ്ക്കുന്ന ചിത്രയോട് സഹതാപം അല്ലാതെ എന്ത് പറയാൻ ആണ്.

കെ.എസ് ചിത്രയും അവരോട് ക്ഷമിച്ചുകൂടെ എന്ന് അഭ്യർത്ഥിക്കുന്ന ആളുകളും എല്ലാം മനസിലാക്കേണ്ട ഒരു വസ്തുതയുണ്ട്. നാളിതുവരെ ആവുന്നത്ര പണിയെടുത്തിട്ടും കേരള ജനതയുടെ മനസിലേയ്ക്ക് പര, മത വെറുപ്പും വിദ്വേഷവും പടർത്താൻ ചില കൂട്ടർ ആഗ്രഹിച്ചതുപോലെ അവർക്ക് ഇതുവരെ സാധിച്ചിട്ടില്ല. അതിനവർ ഇപ്പോൾ കണ്ടെത്തിയ പുതിയ വഴിയാണ് സിനിമാ സാംസ്ക്കാരിക രംഗത്തുള്ള സെലിബ്രിറ്റികളെ
വെറുപ്പിൻ്റെ വിഷവാഹകരാക്കി അത് വഴി കേരളത്തിൽ തങ്ങളുടെ വർഗ്ഗീയ രാഷ്ട്രീയത്തെ വിതയ്ക്കാമെന്നത്. അതിന് അറിഞ്ഞോ അറിയാതെയോ നിന്ന് കൊടുക്കുകയാണ് ചിത്രയുൾപ്പേടെയുള്ള സെലിബ്രിറ്റികൾ. സംഘപരിവാരത്തിൻ്റെ വിഷവാഹകരാകാൻ മുന്നിട്ടിറങ്ങുന്നവർ ഒരിക്കലും മാപ്പ് അർഹിക്കുന്നില്ല.

പതിനായിരക്കണക്കിന് മനുഷ്യരുടെ ചോരചീന്തിയും ആയിരക്കണക്കിന് സ്ത്രീകളുടെ മാനം ചീന്തിയെറിഞ്ഞുമാണ് സംഘപരിവാറുകാർ രാജ്യത്ത് ഹിന്ദുത്വ ഫാസിസത്തിൻ്റെ തേരുതെളിയിച്ചത്. ഗാന്ധിജിയെ വധിച്ചവരാണവർ. അവർ തന്നെയാണ് ബാബറി മസ്ജിദ് തച്ചുതകർത്തതും. ആ പള്ളി തകർത്ത് അവിടെ ഒരു ക്ഷേത്രമുണ്ടാക്കി ആരെ പ്രതിഷ്ഠിച്ചാലും ആ പ്രതിഷ്ഠയും മന്ദിരവും ഫാസിസത്തിൻ്റെ പ്രതീകം മാത്രമാണ്. ആര് വെളുപ്പിച്ചാലും എത്ര ദീപം തെളിച്ചാലും ഹരേ രാമ കൊണ്ട് ശത കോടി അർച്ചന നടത്തിയാലും ഒരൊറ്റ സത്യം മാത്രമേ അവിടെ ആധികാരികമായി അവശേഷിക്കുന്നുള്ളു. ആ നിലത്തെ ഓരോ മൺതരിയും ഒരു മസ്ജിദിൻ്റെ അവകാശ സ്വത്താണ്. ആ വസ്തുതയെ ആധികാരികമായി സ്ഥാപിച്ചത് രാജ്യത്തിൻ്റെ പരമോന്നത കോടതിയാണ്.

പള്ളി തകർത്ത നിലത്ത് രാമന് മന്ദിരം പണിത് ഹരേ രാമ പാടി അക്ഷതവുമായി ക്ഷണിക്കാൻ വരുന്നവരും അവരെ പറഞ്ഞയയ്ക്കുന്നവരും ആരാണെന്ന തിരിച്ചറിവ് പൊതുജനത്തിന് നന്നായിട്ട് ഉണ്ട്. ഇല്ലെങ്കിൽ പൊതുജനം വെറും കഴുതകളാണെന്ന് പറയേണ്ടി വരും. അവർ ഇനി എത്തപ്പെടുന്നത് വലിയ അപകടത്തിലേയ്ക്കാവും. ചിത്രയെപ്പോലുള്ളവരോട് ഒന്നേ പറയാൻ ഉള്ളു, നിങ്ങളുടെ രാഷ്ട്രീയം ഏതുമാകട്ടെ, മനസിൽ നന്മയും സ്നേഹവും മനുഷ്വത്വവും ഉള്ള മലയാളികൾ ചാണകത്തിൽ ചവിട്ടരുതെന്ന് മാത്രം.

Keywords: Article, Editor’s-Pick, K S Chithra, Ram temple, Social Media, K S Chithra under social media fire for remarks on Ram temple.
< !- START disable copy paste -->

Post a Comment